സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവം വര്‍ണാഭമായി
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങള്‍ രൂപപ്പെടുകയും പൊതുവിദ്യാഭ്യാസം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മദ്‌റസ വിദ്യാഭ്യാസ രംഗത്തും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മതനേതൃത്വം തയ്യാറാവണമെന്ന് പി ടി എ റഹീം എം എല്‍ എ അഭിപ്രായപ്പെട്ടു. സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസ പ്രവേശനോത്സവം ഓമശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ വിദ്യാഭ്യാസം സാര്‍വത്രികമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി മതവിദ്യാഭ്യാസം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. ധാര്‍മിക അടിത്തറയുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതില്‍ മദ്‌റസകള്‍ക്ക് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്. ദേശീയ ബോധത്തിലൂന്നിയതും പാരിസ്ഥിതിക സൗഹൃദ സമീപനം പുലര്‍ത്തുന്നതുമായ പാഠഭാഗങ്ങള്‍ മദ്‌റസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.
സി ഐ ഇ ആര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് ഫൈസല്‍ എളേറ്റില്‍, ഷാനവാസ് പറവന്നൂര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ പി അബ്ദുല്‍ മജീദ് മദനി, വാര്‍ഡ് മെമ്പര്‍ ഫാത്തിമ അബു, എം പി മൂസ, പി വി അബ്ദുസ്സലാം, എം എ ഗഫൂര്‍, പി അബൂബക്കര്‍ മദനി, പി അബ്ദുറസാഖ് ഓമശ്ശേരി, എന്‍ എച്ച് ഷൈജല്‍ പ്രസംഗിച്ചു.