10 Tuesday
December 2024
2024 December 10
1446 Joumada II 8

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ കാവിക്കൊടി കെട്ടി സംഘ്പരിവാര്‍


രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി സംഘ്പരിവാര്‍ ഗുണ്ടകള്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ധംനാഥിവെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ചു കയറിയ സംഘ് പ്രവര്‍ത്തകര്‍ ചര്‍ച്ചിന് മുകളില്‍ കാവിക്കൊടി നാട്ടി. പ്രദേശത്തെ മൂന്ന് പള്ളികളിലാണ് ഇത്തരത്തില്‍ അതിക്രമിച്ചു കയറി കൊടി നാട്ടിയത്. രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കാവി കൊടി കെട്ടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ചര്‍ച്ചിലും കൊടി കെട്ടിയതെന്നുമാണ് സംഘ് പ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തുടനീളം ജയ്ശ്രീറാം വിളിക്കാനും രാമനാമജപം ഉരുവിടാനും കാവിക്കൊടി കെട്ടാനും വിവിധ ഹിന്ദുത്വ നേതാക്കള്‍ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ആഹ്വാനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ കെട്ടിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കാവിക്കൊടി കെട്ടുകയും രാമനാമം ജപിക്കുകയും ജയ് ശ്രീറാം വിളികളുമായി അതിക്രമിച്ചു കയറിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Back to Top