ക്രിസ്ത്യാനികളോടും മുസ്‌ലിംകളോടും ചിലത് പറയാനുണ്ട്
ഫാദര്‍ പോള്‍
സാമുദായിക പാരസ്പര്യത്തിന്റെ നീരൊഴുക്കിന് തടയിടുന്ന ചില ദുര്‍വ്യാഖ്യാനങ്ങള്‍ കേരളീയ സാമൂഹിക പരിസരത്ത് അലയടിക്കുന്നുണ്ട്. പരസ്പരം വിശ്വാസത്തോടെയും സഹകരണത്തോടെയും കഴിഞ്ഞിരുന്ന സമൂഹങ്ങളില്‍ അവിശ്വാസത്തിന്റെ കറുത്ത പാടുകള്‍ വീണിരിക്കുന്നു. അവ വളര്‍ന്നു പിടിക്കുന്നത് കേരളീയ ചുറ്റുപാടിന് ചേരുന്നതല്ലെന്ന് എല്ലാവരും പറയുന്നു. ബോധപൂര്‍വമായാലും അല്ലാതെയായാലും വിവാദങ്ങള്‍ സംഭവിച്ചാല്‍ അതു ചര്‍ച്ച ചെയ്തു പരിഹരിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയുമാണ് ആരോഗ്യകരവും സത്യസന്ധവുമായ സമീപനം. പല കോണുകളില്‍ നിന്ന് ഉയരുന്ന അത്തരം നീക്കങ്ങള്‍ പ്രതീക്ഷയുടേതാണ്.
വിവാദങ്ങളും ആരോപണങ്ങളും ദുഖകരമാണ്. അധാര്‍മികമായ വഴിയിലൂടെ ധര്‍മത്തിന്റെയും നീതിയുടെയും വഴിയിലെത്തിച്ചേരുക എങ്ങനെയാണ് എന്ന് എത്ര വട്ടം ആലോചിച്ചിട്ടും പിടികിട്ടാത്ത സംഗതിയത്രെ. കൂടിയിരിക്കാനും ഉള്ളു തുറന്നു ചര്‍ച്ച നടത്താനും അവിശ്വാസത്തിന്റെ സാഹചര്യം കഴുകിക്കളയാനും ആത്മാര്‍ഥമായ ശ്രമം ഉണ്ടാകുമ്പോഴാണ് നാം മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്കുയരുന്നത്.
സമകാലിക വിവാദങ്ങളെ കുറിച്ചും പരസ്പര സഹകരണത്തെ കുറിച്ചും ഓരോ മതങ്ങള്‍ക്കുള്ളിലും നടക്കേണ്ട ആഭ്യന്തരമായ തിരുത്തലുകളെ കുറിച്ചും കൊച്ചി റിന്യൂവല്‍ സെന്ററില്‍ നിന്ന് റവ. ഫാദര്‍ പോള്‍ തേലക്കാട്ട് സംസാരിക്കുന്നു.
(സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍, ലൈറ്റ് ഓഫ് ട്രൂത്ത് എഡിറ്ററാണ് സാമൂഹിക വിമര്‍ശകന്‍ കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ട്. മലയാളം സത്യദീപത്തിന്റെ പത്രാധിപരായി 18 വര്‍ഷം സേവനം ചെയ്തു. പതിനഞ്ചു വര്‍ഷം സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായിരുന്നു.)
പ്രബല ന്യൂനപക്ഷമായ മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ച് ജീവിക്കുന്ന പല പ്രദേശങ്ങളും കേരളത്തിലുണ്ട്. മുസ്ലിം സമൂഹവുമായുള്ള സഹവര്‍ത്തനത്തിന്റെ വ്യക്തിപരമായ അനുഭവങ്ങള്‍?
പത്തു മുപ്പത് വര്‍ഷമായി എല്ലാ ദിവസവും രാവിലെ അഞ്ചു മണി മുതല്‍ നടക്കാന്‍ പോകുന്നത് എറണാകുളം മണപ്പാട്ടിപ്പറമ്പിലാണ്. അവിടെ എല്ലാ ദിവസവും കണ്ടുമുട്ടുന്നത് ഒരുകൂട്ടം മുസ്ലിം അമ്മമാരെയാണ്. അവരും നടക്കാന്‍ വരുന്നവരാണ്. അവരുടെ രാവിലത്തെ അഭിവാദനം കേട്ടാണ് ഞാന്‍ നടക്കാറുള്ളത്.
ഒരു മനുഷ്യന്‍ മറ്റൊരാളെ കണ്ടുമുട്ടുന്ന ഏതു സന്ദര്‍ഭവും നാം അഭിവാദനം ചെയ്യാറുണ്ട്. അഭിവാദനത്തിന്റെ അര്‍ഥം അംഗീകരിക്കുന്നു, ആദരിക്കുന്നു, സ്നേഹപൂര്‍വം ഉള്‍ക്കൊള്ളുന്നു എന്നാണ്. ഇതാണ് മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം.
ഒരു മനുഷ്യന്റെ മുഖം വാക്കു കൊണ്ടു വെളിപ്പെടുത്താതെ അപരനോട് ചോദിക്കുന്നത് ധര്‍മമാണ്. നീതിയാണ്, കാരുണ്യവും നമുക്കുള്ള ആതിഥ്യവുമാണ്. ഇതാണ് മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരവും അര്‍ഥവും.
മുസ്ലിം സമുദായം സമാധാനത്തിന്റെ ആശംസയാണ് നേരാറുള്ളത്. എല്ലാ സംസ്‌കാരത്തിലും അതിന്റേതായ ആശംസാ രീതികളുണ്ട്. യൂറോപ്യന്‍മാര്‍ കൈ കൊടുക്കും, ഇന്ത്യക്കാര്‍ കൈ കൂപ്പും. പരസ്പരം കൊടുക്കുന്ന ആദരവാണ് ഏതൊരാളോടും മതപരമായാലും അല്ലെങ്കിലും മനുഷ്യന്‍ ഒരുപോലെ കൊടുക്കേണ്ട മനുഷ്യത്വത്തിന്റെ സമീപനം. ഇത് രാവിലെ എനിക്കു കിട്ടുന്നത് ഒരുപറ്റം മുസ്ലിം അമ്മമാരില്‍ നിന്നാണ്.
അതോടൊപ്പം, വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിം സംഘടനകളുടെ പല പരിപാടികളിലും സംബന്ധിച്ചിട്ടുണ്ട്. ബലിപെരുന്നാള്‍, ഇഫ്താര്‍ തുടങ്ങിയ ഒത്തുകൂടലുകളിലും എന്നെ ക്ഷണിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അതൊക്കെ മധുരോദാരമായ ആഹാരം വിളമ്പിക്കൊണ്ടും സ്നേഹവും ആതിഥ്യവും പങ്കുവെച്ചുകൊണ്ടുമാണ്. ഞാന്‍ ഇതൊക്കെ താല്പര്യപൂര്‍വം സ്വീകരിക്കാറുണ്ട്.
സഭകളുടെ മുന്‍കൈയോടെ സമുദായാന്തര ബന്ധങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ ഉണ്ടാവാറുണ്ടായിരുന്നു (ഇന്റര്‍ഫെയ്ത്ത് ഇനീഷ്യേറ്റീവുകള്‍). ഇപ്പോള്‍ അത് തീരെ കുറഞ്ഞുവരുന്നുണ്ടോ? ഉണ്ടെങ്കില്‍ കാരണം എന്താവാം?
സമുദായാന്തര ബന്ധങ്ങള്‍ അണയാതെ കാത്തുസൂക്ഷിക്കുകയാണ് ഇരു സമൂഹങ്ങള്‍ എന്ന നിലയ്ക്ക് നാം ചെയ്യേണ്ടത്. അതുപക്ഷെ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ട കാര്യവുമല്ല. നം പൊതു ഇടങ്ങളില്‍ വെച്ചും യാത്രകളിലും പരസ്പരം കണ്ടുമുട്ടുന്നവരാണ്. അവിടെ സമുദായ ഭിന്നത നോക്കാതെ എല്ലാവരെയും ആദരിക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന പുഞ്ചിരിയോടെയുള്ള സമീപനമാണ് നമ്മില്‍ നിന്നുണ്ടാകേണ്ടത്. മതം മറ്റുള്ളവര്‍ക്കു നല്‍കേണ്ട ഏറ്റവും വലിയ ദാനം അതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സാഹോദര്യം കുറയാതിരിക്കാനും പരസ്പരം അന്യരായി കണ്ടുമുട്ടാതെ പോകാതിരിക്കാനുമുള്ള നന്മയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതാണ് സാംസ്‌കാരികമായ മഹത്വം. ഈ ബന്ധം സ്വാഭാവികമായി ഉണ്ടാകേണ്ട കാര്യമാണ്.
വ്യക്തിപരമായി ഇല്ലെങ്കിലും പരസ്പര ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞ ചില സംഭവങ്ങള്‍ കേരളീയ സമൂഹത്തിലുണ്ടായിട്ടുണ്ട്. അത് വേദനാജനകമാണ് എന്നേ ഇപ്പോഴെനിക്കു പറയാന്‍ കഴിയൂ.
ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ സെമിറ്റിക് മതങ്ങളാണ്. വിശ്വാസപരമായി പല വിയോജിപ്പുകള്‍ ഉണ്ടെങ്കിലും പൊതുവായ ഒട്ടേറെ മൂല്യങ്ങള്‍ ഇല്ലേ? വിശ്വാസികള്‍ എന്ന നിലയിലും ന്യൂനപക്ഷ വിഭാഗം എന്ന നിലയിലും ഒരുമിച്ചു നില്‍ക്കാവുന്ന മേഖലകള്‍?
തീര്‍ച്ചയായും ഇസ്ലാമും ക്രൈസ്തവതയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. കത്തോലിക്കരെ സംബന്ധിച്ച് വലിയ പ്രമാണ രേഖയാണ് രണ്ടാം വത്തിക്കാന്‍ സുനഹദോസ്. അത് ഇസ്ലാമിനെ കുറിച്ചു പറയുന്നത്, മുസ്ലിംകളെ ക്രൈസ്തവര്‍ ആദരവോടെ നോക്കിക്കാണുന്നു എന്നാണ്. പരസ്പര ഐക്യത്തിന്റെയും ഒരുമയുടെയും മണ്ഡലങ്ങള്‍ അത് ചൂണ്ടിക്കാണിക്കുന്നുണ്ട്. പഴയ നിയമവുമായുള്ള ബന്ധമാണ് അതിലേറ്റവും പ്രധാനം. പൊതുവായ ഗ്രന്ഥമാണത്. അതില്‍ അബ്രഹാം പ്രവാചകനെ (ഇബ് റാഹിം) കുറിച്ചു പറയുന്നുണ്ട്. ആദമിനെ കുറിച്ചും മോസസിനെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഇതെല്ലാം പൊതുവായ പൈതൃകമാണ്.
പ്രവാചകനായ യേശുക്രിസ്തുവിനെ കുറിച്ചാണ് ഇസ്ലാം മതം വിശദീകരിക്കുന്നത്. യേശുവിന്റെ അമ്മ മറിയത്തെ കുറിച്ച് മഹത്തരമായ കാഴ്ചപ്പാടുകളാണ് രേഖപ്പെടുത്തുന്നത്. അതോടൊപ്പം പ്രാര്‍ഥനയെയും സകാത്തിനെയും ദാനധര്‍മത്തെയും നോമ്പിനെയും ആത്മവിശുദ്ധിയെയും ബലിയെയും കുറിച്ചുമൊക്കെ മഹത്തരമായ കാഴ്ചപ്പാടുകളാണ് ഇസ്ലാം മതവും ക്രിസ്തു മതവും ഊന്നിപ്പറയുന്നത്.
ഒരു പൈതൃകം നമുക്കിടയിലുണ്ടെന്ന് പരസ്പരം തിരിച്ചറിയുന്നില്ല. ആ വിധം പരസ്പര സൗഹാര്‍ദത്തോടെയും സാഹോദര്യത്തോടെയും കഴിയാനാവണം. ഏറ്റവും പ്രധാനമായി, ഈയടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എഴുതിയ വിശ്വലേഖനമാണ്. അതിന്റെ തലക്കെട്ട്, നാം സഹോദരന്മാര്‍ എന്നാണ്. ആദമിന്റെ മക്കളാണ് നാം എന്നത് നമ്മുടെ പൊതുവിശ്വാസമാണ്. ഒരു ദൈവത്തിലുള്ള വിശ്വാസത്തിനു പുറത്ത് എല്ലാവരെയും സഹോദരന്മാരും സഹോദരിമാരുമായി കാണുക എന്നത് നമ്മുടെ വിശ്വാസത്തിന്റെ, ദര്‍ശനത്തിന്റെ മഹത്വപരമായ വീക്ഷണമാണ്.
പരസ്പര ബഹുമാനത്തോടെയും ആദരവോടെയും അവ ഉള്‍ക്കൊള്ളാന്‍ നമുക്കു പരിശ്രമിക്കാം. പാരസ്പര്യം കണ്ടെത്തി, മഹത്വപൂര്‍ണമായ ആധാരങ്ങളെ അനുധാവനം ചെയ്തുകൊണ്ട് കൂടുതല്‍ മൂര്‍ത്തമായ, സമ്മേളനപരമായ, സംയുക്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയണം.
എല്ലാ മതങ്ങളിലും ഒരു ചെറിയ തീവ്രധാര ശക്തിപ്പെടുന്നുണ്ട്. തീവ്രവാദപ്രവണത മതങ്ങള്‍ക്കും മനുഷ്യരാശിക്കും സമൂഹത്തിനും ആപത്താണ്. അതിനെ എങ്ങനെ നേരിടാം?
മതം, മനുഷ്യര്‍ക്കു ലഭിച്ച വലിയ അനുഗ്രഹമാണ്. അതേസമയം അത് അപകടകാരിയുമാകാം. മതത്തെ കുറിച്ച് ഹെററ്റികല്‍ എസ്സേയ്സ് എന്ന പേരില്‍ (Heretical essays in the philosophy of history) യാന്‍ പടോക്ക (Jan Patocka) എന്ന ചെക് ചിന്തകന്‍ (ചെക് വസന്തത്തിന്റെ കാലത്തുള്ള എഴുത്തുകാരന്‍) പറയുന്നത്, മതത്തിനകത്ത് കടന്നുവരാന്‍ സാധ്യതയുള്ള കാര്യമാണ് എക്സ്റ്റസി- അഥവാ ഉന്മാദം. മതം ഉന്മാദമാകുമ്പോഴാണ് അത് വിഷവും പൈശാചികവുമാകുന്നത്.
ചില ഉദാഹരണങ്ങള്‍ നോക്കാം: ബാബരി മസ്ജിദ് പൊളിച്ചവരെ നാം ടി വിയില്‍ കണ്ടിട്ടുണ്ട്. അതു പൊളിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അനുഭവം ഉന്മാദമാണ്. അത് മതത്തിന്റെ അപകടരമായ ഭാവമാണ്.
2015 ഏപ്രിലില്‍ ഐ എസ് തീവ്രവാദികള്‍ ഈജിപ്ഷ്യന്‍ ക്രൈസ്തവരെ കടല്‍ത്തീരത്തുവച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയത് നാം കണ്ടിരിക്കുന്നു. അതും ഉന്മാദമാണ്. പഴയ കാലത്ത് കേരളത്തില്‍ കോഴിയെ വെട്ടിയുള്ള പൂജകളുണ്ടായിരുന്നു. അതിലേര്‍പ്പെടുന്നവര്‍ വല്ലാത്ത ഉന്മാദാവസ്ഥയിലാണ്. മദ്യപിച്ചിട്ടാണവര്‍ ഈ പൂജ ചെയ്യുന്നത്. മതം ചിലപ്പോള്‍ ഉന്മാദമായി മാറാം. മതത്തിലെ അനുഷ്ഠാനങ്ങള്‍, സൂക്ഷിച്ചില്ലെങ്കില്‍ ഉന്മാദത്തിന്റെ തലത്തിലേക്ക് എത്തിച്ചേരാമെന്നര്‍ഥം.
മതം പിന്നെ എന്താണ് എന്ന് എന്നോടു ചോദിച്ചാല്‍ ഒറ്റ കാര്യമാണ്, അത് ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം മറന്ന മതമാണ് അപകടകരമാകുന്നത്. മതം ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമാണ്. അത് അതേ വിധത്തില്‍ പ്രയോഗിക്കേണ്ടത് സഹോദരന്മാരും സഹോദരികളുമായുള്ള ബന്ധത്തിലാണ്.
അപരനോട് കാണിക്കേണ്ട ഉത്തരവാദിത്തമാണ്, ദൈവത്തോടുള്ള എന്റെ ഏറ്റവും വലിയ വിളിയായി ഞാന്‍ കാണേണ്ടത്. ഈ ഉത്തരവാദിത്തം മറന്നാല്‍ അവിടെ ദൈവ വിളി ചോര്‍ന്നുപോയി.
ഒരാള്‍ മുറിവേറ്റ് റോഡില്‍ കിടക്കുന്നതു കണ്ടാല്‍ എനിക്ക് ദൈവം നല്‍കുന്ന ഉത്തരവാദിത്തം അവനെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. ഒരുവന്‍ മരണാസന്നനായി കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഏതു വിധേനെയും രക്ഷിക്കുകയാണ്, ആഹാരം കിട്ടാതിരിക്കുമ്പോള്‍ ഭക്ഷണം നല്‍കുകയാണെന്റെ ഉത്തരവാദിത്തം. മാനവരോടുള്ള ഈ ദൗത്യം ഉത്തരവാദിത്ത പൂര്‍ണമായി നിര്‍വഹിക്കുമ്പോള്‍ ദൈവത്തെയാണ് സേവിക്കുന്നത് എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.
ഉന്മാദത്തിന്റെ മണ്ഡലത്തില്‍ നിന്ന് ഉത്തരവാദിത്തത്തിന്റെ മണ്ഡലത്തിലേക്ക് മതത്തെ മാറ്റാനുള്ള പരിശ്രമമാണ് നടക്കേണ്ടത് എന്നു ഞാന്‍ കരുതുന്നു. അങ്ങനെ വരുമ്പോള്‍ ഈ തീവ്രവാദ ചിന്തകളെല്ലാം മാറി മനുഷ്യസ്നേഹപരമായി മതം മാറുമെന്നു വിശ്വസിക്കുന്നു.
കേരളത്തിലെ ക്രൈസ്തവ സഭകളെ കുറിച്ച് മുസ്ലിംകള്‍ മിക്കവാറും അജ്ഞരാണ്. കേരളത്തിലെ സഭകളെ കുറിച്ച് ചുരുക്കി പറയാമോ?
കേരളത്തില്‍ കത്തോലിക്കാ സഭയ്ക്കു കീഴില്‍ മൂന്നു സഭകളാണുള്ളത്. സുറിയാനി- സീറോ മലബാര്‍, (ഇവയുടെ അനുഷ്ഠാനങ്ങള്‍ പൗരസ്ത്യമാണ്), ലത്തീന്‍ സഭ (പശ്ചാത്യ പാരമ്പര്യം അനുധാവനം ചെയ്യുന്നു), ക്ലിമിസ് ബാവ നേതൃത്വം നല്‍കുന്ന മലങ്കര സഭ (വെസ്റ്റ് സിറിയന്‍ രീതികളാണ് അവര്‍ പിന്തുടരുന്നത്). ഇവരെല്ലാം യേശുക്രിസ്തുവില്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നവരാണ്.
ക്രിസ്തു എനിക്കാരാണെന്നു ചോദിച്ചാല്‍, മനുഷ്യന്‍ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമായി. ദൈവം ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരവും യേശുക്രിസ്തുവാണ് എന്നാണ്. അത് വ്യക്തമാക്കാന്‍ ഏറ്റവും മനോഹരമായി യേശു പറഞ്ഞ നല്ല ശമരിയാക്കാരന്റെ കഥയുണ്ട്: റോഡില്‍ അടിയേറ്റ് വീണു കിടക്കുന്ന ഒരു മനുഷ്യന്‍. അതിലേ പുരോഹിതനും അമ്പലവാസിയും ശമരിയാക്കാരനായ യഹൂദനും പോകുന്നു. മൂന്നാമത്തെ മനുഷ്യനാണ് ഈ വീണുകിടക്കുന്ന മനുഷ്യനെ സത്രത്തിലെത്തിച്ച് പരിചരിക്കുന്നത്. തന്റെ സഹോദരന്‍ ആരാണെന്ന് യേശുവിനോടു ചോദിച്ചപ്പോള്‍ പറഞ്ഞ കഥയാണിത്. ശേഷം യേശു ചോദിച്ചു, ആരാണ് ഈ മുറിവേറ്റവന് സഹോദരനായി വര്‍ത്തിച്ചത്? നല്ല മനുഷ്യന്‍ എന്നാണുത്തരം.
ഇതു തന്നെയാണ് ക്രിസ്ത്യാനിയായ എന്നെ സംബന്ധിച്ച് ബാധകമായ ഏക പ്രമാണം. ഞാന്‍, ദൈവത്തെ കണ്ടുമുട്ടേണ്ടതും പരിചരിക്കേണ്ടതും അപരന്റെ മുഖത്താണ്. അപരന്റെ മുഖത്ത് ദൈവത്വം കാണുമ്പോള്‍ അവനാണ് ക്രിസ്തു, അവനാണ് ഈശ്വരന്‍ എന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുമ്പോഴാണ് ഞാന്‍ നല്ല വിശ്വാസിയാകുന്നത്, നല്ല ക്രൈസ്തവനാകുന്നത്.
ഈ അപരന്‍ ആരുമാകാം. അയല്‍ക്കാരനോ അന്യനോ പരദേശിയോ സ്വജാതിയില്‍ പെട്ടവനോ അല്ലാത്തവനോ ആകാം. ജാതീയത, ദേശീയത തുടങ്ങിയവയെല്ലാം ആപേക്ഷികമാണ്. അതിനപ്പുറം ഏതു മനുഷ്യനെയും സ്നേഹിക്കാനുള്ള വിശ്വമാനവികതയാണ് അതെന്നോട് ആവശ്യപ്പെടുന്നത്.
ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധത്തിനു അടുത്തിടെ വലിയ തോതില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. ഈ അകല്‍ച്ചയുടെ അടിസ്ഥാന കാരണങ്ങള്‍ എന്തെല്ലാമാകാം?
പരസ്പരമുള്ള അകല്‍ച്ചകള്‍ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. അകല്‍ച്ചയുണ്ടാക്കുന്ന പദ പ്രയോഗങ്ങളാണ് വ്രണപ്പെടുന്നതായി ഇവിടെ മാറിയിട്ടുള്ളത്. അത്തരം പ്രയോഗങ്ങള്‍ തെറ്റാണ്, പാടില്ലാത്തതാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷെ, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അവ സൗഹാര്‍ദപരമായും മാന്യമായും പറയാനും കേള്‍ക്കാനും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്താനും രണ്ടു കൂട്ടരും പരിശ്രമിക്കണം. അതാണ് സത്യസന്ധമായ നിലപാട്.
രണ്ടാമത്, സമുദായങ്ങള്‍ ഇടപഴകി ജീവിക്കുമ്പോള്‍ സ്പര്‍ധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് അസൂയയാണ്. മുസ്ലിംകള്‍ വളരുന്നതില്‍ ക്രിസ്ത്യാനികള്‍ക്ക് അസൂയയുണ്ടാകുന്നുണ്ടോ എന്ന് എനിക്കിപ്പോള്‍ സംശയമുണ്ട്. അറേബ്യന്‍ നാടുകളില്‍ നിന്ന് കാഷ് സമ്പാദിച്ച് അവര്‍ ഒത്തിരി വളര്‍ന്നു, സമ്പന്നരായി, വസ്തുക്കള്‍ വാങ്ങിക്കാന്‍ തുടങ്ങി. അതു കാണുമ്പോള്‍ മനക്കടി ഉണ്ടാകുന്ന ക്രിസ്ത്യാനി ഉണ്ടോ എന്നെനിക്കു സംശയമുണ്ട്.
അങ്ങനെ ഉണ്ടാകുമ്പോള്‍ അതിന്റെ അധികാരികള്‍ അത് വിവേചിക്കാന്‍ പഠിക്കണം. ഈ സ്പര്‍ധ മാനുഷികമായ ബലഹീനതയാണ്. അയല്‍ക്കാരന് കാറോ വലിയ വീടോ ഉണ്ടാകുമ്പോള്‍ എനിക്കത് ഇല്ലെങ്കില്‍, അവന്‍ സമ്പാദിച്ചതിനെ കുറിച്ച് ചികയാനും കുറ്റം പറയാനും ഞാന്‍ തുടങ്ങും. അവന്റെ കാറിന് എന്തെങ്കിലും അപകടം പറ്റിയാല്‍ എനിക്കു സന്തോഷമുണ്ടാവുകയും ചെയ്യും. അത് നന്മയല്ല, ക്രൈസ്തവവും മതാത്മകവുമല്ല. മനുഷ്യത്വപരവുമല്ല.
മറ്റൊരാളെ മായ്ച്ചു കളഞ്ഞ് ഞാന്‍ വലിയവനാകാന്‍ നോക്കരുത്. മറിച്ച് അവന്‍ വലുതാകുമ്പോള്‍ അതംഗീകരിക്കാനുള്ള മനസ്സുണ്ടാകുമ്പോഴാണ് മനുഷ്യന്‍ മഹത്വത്തിലേക്കു വളരുന്നത്. മറ്റുള്ളവരെ ഇല്ലാതാക്കി വലുതാകാന്‍ ശ്രമിക്കുന്നത് യുദ്ധത്തിന്റെയും അശ്വമേധ യാഗത്തിന്റെയും പരിപാടിയാണ്. എന്റെ കുതിരയെ ആരു പിടിച്ചു കെട്ടിയാലും ഞാന്‍ യുദ്ധം ചെയ്യുമെന്നു പറയുന്ന സമീപനമാണത്.
ബൈബിളിലൊരു കഥയുണ്ട്: സോളമന്റെ അടുക്കല്‍ രണ്ടു സ്ത്രീകള്‍ ഒരു കുട്ടിയുമായി വരികയും ഉടമസ്ഥത അവകാശപ്പെടുകയും ചെയ്യുന്നു. സോളമന്‍ ഒടുവില്‍ പറഞ്ഞു, കുട്ടിയെ നെടുകെ വെട്ടി പങ്കുവെക്കാമെന്ന്. അപ്പോള്‍ ഒരു സ്ത്രീക്കൊരു വിഷമവുമില്ല. എന്നാല്‍ മറ്റേ സ്ത്രീ പറഞ്ഞത്, തനിക്കു കുട്ടിയെ വേണ്ട; അവള്‍ക്കു കൊടുത്തേക്കൂ എന്നാണ്. ഒരു സ്ത്രീക്ക് കുട്ടിയെ കൊലപ്പെടുത്തുന്നതില്‍ ഒരു വിഷമവുമില്ലാത്തതെന്തുകൊണ്ടാണ്? തുല്യരായ രണ്ടു പേരില്‍ ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തുന്നതില്‍ പോലും വിഷമമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. ഈ തരം സമീപനങ്ങള്‍ ഉണ്ടായിക്കൂടാ. ആരെയും ബലിമൃഗങ്ങളാക്കരുത്.
ഗള്‍ഫ് പണത്തെ കുറിച്ച് പലരും പരാതി രൂപേണ പറയുന്നുണ്ട്. എനിക്കവരോടു ചോദിക്കാനുള്ളത്, ജോലി ചെയ്തും മറ്റും പണം സമ്പാദിക്കാന്‍ ഗള്‍ഫില്‍ ധാരാളം സൗകര്യമുണ്ടായത് മുസ്ലിംകള്‍ക്കു മാത്രമല്ലല്ലോ? 25 ലക്ഷം മലയാളികള്‍ ഗള്‍ഫിലുണ്ട്. അതില്‍ ക്രിസ്ത്യാനികളും മുസ്ലിംകളും ഹിന്ദുക്കളുമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിനല്ല, എല്ലാവര്‍ക്കും അതുകൊണ്ട് ഗുണമാണ് ഉണ്ടായിട്ടുള്ളത്.
മറ്റുള്ളവര്‍ വലുതാകുന്നതുകൊണ്ട് നമുക്കു നഷ്ടമല്ല നേട്ടമാണ് ഉണ്ടാവുക. എല്ലാവരെയും അംഗീകരിച്ചും ആദരിച്ചും മുന്നോട്ടുപോകുമ്പോഴാണ് സമൃദ്ധിയും സമാധാനവും നന്മയും ഉണ്ടാകുന്നത് എന്ന് ചിന്തിക്കാന്‍ കഴിവില്ലാത്ത കൂപമണ്ഡൂകങ്ങളെ പോലുള്ളവരാണ് ഈ സ്പര്‍ധയുമായി സമൂഹത്തില്‍ ജീവിക്കുന്നത്.
വെറുപ്പിനതീതമായി മനുഷ്യത്വം വളരാനും പരസ്പരം ആദരിക്കാനും പഠിപ്പിക്കാനാണ് നേതാക്കന്മാര്‍ ശ്രമിക്കേണ്ടത്. സ്പര്‍ധയുടെ പ്രചാരകരായി മാറുമ്പോള്‍ അവര്‍ നേതാക്കളല്ല, നയിക്കപ്പെടുന്ന, ആള്‍ക്കൂട്ടത്തിന്റെ ഇരകളായി മാറുകയാണ് ചെയ്യുന്നത് എന്ന് ഓര്‍ക്കുക. അപ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്നവരായി ചുരുങ്ങിപ്പോവുകയാണ്.
കേരളത്തിലെ മത വിശ്വസികള്‍ക്ക് പരസ്പരം മനസ്സിലാക്കാനും യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്താനും സ്നേഹവും ഐക്യവും ശക്തമാക്കാനും ഒരു സ്ഥിരം വേദി എന്ന ആശയത്തെ കുറിച്ച്?
കോവിഡ് കാലം വന്നതിനു ശേഷമാണ് മുസ്ലിംകള്‍ ഉള്‍പ്പെടെ സഹോദരങ്ങളുമായി ഒന്നിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാതായത്. യോജിക്കാവുന്ന പല മണ്ഡലങ്ങളും നമുക്കു ചുറ്റുമുണ്ട്. രാഷ്ട്രീയം അതിലൊന്നാണ്. സാഹിത്യത്തില്‍ എല്ലാവര്‍ക്കും ഒന്നിക്കാനാകും. ന്യൂനപക്ഷം എന്ന നിലയില്‍ കൈകോര്‍ക്കാന്‍ സാധിക്കും.
ഒന്നിക്കാവുന്ന മണ്ഡലങ്ങള്‍ കണ്ടെത്തുകയും പരസ്പരം മത്സരിക്കാനും കൊച്ചാക്കാനും ശ്രമിക്കാതെ, മറ്റുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വലുതാകാനാണ് ശ്രമങ്ങളുണ്ടാകേണ്ടത്. നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഔന്നത്യം ഉണ്ടാകുന്നത് എപ്പോഴാണ്?
എന്റെ ആഹാരം നിനക്കു പങ്കുവെക്കുമ്പോള്‍ എന്റെ വിശപ്പു മാറിയില്ലെങ്കിലും എനിക്ക് ഔന്നത്യവും മഹത്വവുമുണ്ടാകുന്നു. പരസ്പര ബന്ധത്തിലൂടെയാണ് മഹത്വം ഉണ്ടാകുന്നത്. ബന്ധത്തിന്റെ ഊഷ്മളതയും മതാത്മതകയും കാത്തുസൂക്ഷിക്കാനും നൂറു നൂറ് അവസരങ്ങളുണ്ടാക്കുക. അതിനുള്ള വേദികളും സമ്മേളനങ്ങളുമൊക്കെ ഉണ്ടാക്കുകയും ആ വഴികളുപയോഗിച്ച് മനുഷ്യത്വത്തിലൂടെ വളരാനും ശ്രമിക്കുക.
ഇപ്പോള്‍ കേരളത്തില്‍ മുസ്ലിം- ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ ചേരിതിരിവ് ഇല്ലാതാക്കാന്‍ കൂട്ടായി ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്?
മതാന്തര സംവാദങ്ങളുണ്ടാവണം. എന്തെങ്കിലും പ്രശ്നങ്ങള്‍ എവിടെയെങ്കിലും ഉണ്ടായാല്‍ അതു മനസ്സിലാക്കി പരസ്പരം ഇടപെടാനും സൗഹാര്‍ദത്തിന്റെ വഴിയില്‍ മുന്നോട്ടു പോകാനുമുള്ള സംരംഭങ്ങളും താല്പര്യത്തോടെയുള്ള പരിശ്രമങ്ങളും ഉണ്ടാവട്ടെ. പ്രശ്നം ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കണം. വന്നുഭവിച്ചാല്‍ അതു പരിഹരിക്കാന്‍ വേണ്ടി സത്യസന്ധമായി ഇറങ്ങിത്തിരിക്കാനുള്ള മനോഭാവം ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം.
പറഞ്ഞവസാനിപ്പിക്കാനാഗ്രഹിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. നമ്മളൊക്കെ സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ്. ഞാന്‍ ക്രൈസ്തവ സംസ്‌കാരത്തിനകത്തു ജീവിക്കുന്നു. പക്ഷെ അപ്പോള്‍ തന്നെ, ക്രൈസ്തവ സമുദായത്തിനകത്തുള്ള കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാനും ഞാന്‍ ധൈര്യം കാണിക്കാറുണ്ട്. അത് ഒരു കൗണ്ടര്‍ കള്‍ച്ചറാണ്. സംസ്‌കാരത്തിനകത്ത് വളര്‍ന്നുവരേണ്ട കൗണ്ടര്‍ കള്‍ച്ചര്‍! അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ എല്ലാവരെയും ആദരിക്കാന്‍ പഠിക്കണം.
മുസ്ലിം സമുദായത്തിനു കേടു പറ്റുന്ന ഒരു വാക്ക് ഒരു ക്രിസ്ത്യാനി പറഞ്ഞാല്‍, എടാ, അങ്ങനെ പറയല്ലേ എന്നു പറയാനുള്ള സത്യസന്ധത ക്രിസ്ത്യാനിയായ ഞാന്‍ കാണിക്കണം. എന്റെ മതത്തിലുണ്ടാകുന്ന അരുതായ്മകളെ ചൂണ്ടിക്കാണിക്കുകയാണത്. അതാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.
ഇത്തരുണത്തില്‍ ഓര്‍ക്കേണ്ട കാര്യം, ഇന്റേണല്‍ ക്രിട്ടിസിസം (ആഭ്യന്തര വിമര്‍ശനം) ഏതു മതസമൂഹത്തിലും ഉണ്ടാകേണ്ടതാണ് എന്നാണ്. അതില്ലാതെ പോകുമ്പോള്‍, അകത്ത് തിരുത്തല്‍ ശക്തിയാകാന്‍ കഴിയാതെ പോകുമ്പോള്‍, നാം ധാര്‍മികമായി ദുര്‍ബലരാകുന്നു. അതിനുള്ള ശക്തിയും ആര്‍ജവവും എല്ലാ സംസ്‌കാരങ്ങളിലും സമുദായങ്ങളിലും വളരണം. ഈഴവന്‍ തെറ്റു ചെയ്താല്‍, മുസ്ലിം തെറ്റു ചെയ്താല്‍ അതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനുള്ള ആത്മധൈര്യവും ധാര്‍മികതയും അതിനകത്തുള്ളവര്‍ കാണിക്കണം. അതിനുള്ള സര്‍ഗാത്മക ബോധവും ധാര്‍മിക കരുത്തും നമ്മള്‍ക്കുണ്ടാകണം.
ഒറ്റ വാചകത്തില്‍ പറയട്ടെ: ധാര്‍മികത എന്നു പറയുന്നത് ഒരു വിമര്‍ശനവുമാണ്. ശരിയും തെറ്റും വേര്‍തിരിക്കാനുള്ള വിവേകത്തിന്റെ വിമര്‍ശനം അതിലുണ്ടാകും. തെറ്റ് സ്വന്തം വീട്ടില്‍ കണ്ടാലും കൈ പിടിക്കാനും തിരുത്താനുമുള്ള ധാര്‍മികമായ കരുത്തും ധീരതയും എല്ലാവരും കാണിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ മതം ഗൗരവമായി എടുക്കുന്നത്.
മതത്തെ കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല നിര്‍വചനം, റിലീജ്യന്‍ ഈസ് വാട്ട് യു ഡു വിത്ത് യുവര്‍ ഓണ്‍ സോളിറ്ററിനെസ്. എന്റെ ഏകാന്തതയോടുള്ള എന്റെ പ്രതികരണമാണ് എന്റെ മതം! അത് ആള്‍ക്കൂട്ടത്തിന്റെ ആരവമല്ല, എന്റെ മനസ്സാക്ഷിയുടെ സ്വരമാണ്. ഈ മനസ്സാക്ഷി തെറ്റാണെന്നു പറയുന്നത് ചെയ്യാതിരിക്കാനും ചൂണ്ടിക്കാണിക്കാനുമുള്ള ഉത്തരവാദിത്തം പ്രവാചക സ്വഭാവമാണ്. അത് നമുക്കെല്ലാവരിലുമുണ്ട്. പ്രവാചക മതത്തില്‍ പെട്ട നമുക്ക് പ്രവാചക വരം ലഭിച്ചിട്ടുണ്ട്. അത് ആവശ്യമായ സ്ഥലങ്ങളില്‍ ഉത്തരവവാദിത്തത്തോടെ ഉപയോഗിക്കാന്‍ പഠിക്കുക.
മുസ്ലിം സഹോദരങ്ങളോട് താങ്കള്‍ക്ക് പറയാനുള്ളത് എന്താണ്?
സ്നേഹത്തിന്റെയും ആദരവിന്റെയും കാര്യങ്ങളാണ് എനിക്കു പറയാനുള്ളത്. ഞാന്‍ എന്റെ സമുദായത്തോട് ചിലപ്പോഴൊക്കെ കോപിച്ചിട്ടുണ്ട്, പ്രതികരിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പാല ബിഷപ്പിന്റെ പ്രസ്താവന തെറ്റാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുപോലുള്ള കാഴ്ചപ്പാട് എല്ലാവര്‍ക്കുമുണ്ടാകണം എന്നാണ് എല്ലാ മതത്തിന്റെ അനുയായികളോടും മറ്റുള്ളവരോടും എനിക്കു പറയാനുള്ളത്.