19 Friday
April 2024
2024 April 19
1445 Chawwâl 10

കൃസ്ത്യൻ- മുസ്ലിം ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ആസൂത്രിതമാണ്

സക്കറിയ /കമല്‍റാം സജീവ്‌


? കോവിഡ്- 19 മനുഷ്യരാശിയെ സംബന്ധിച്ച് ഒരു പാരഡൈം ഷിഫ്റ്റാണ്. ഈ മാതൃകാ മാറ്റത്തിനു വിധേയമായ ലോകക്രമത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും അടക്കമുള്ള വൈജ്ഞാനിക- ബൗദ്ധിക മേഖലകളെല്ലാം ഗൗരവമായ വിചാരങ്ങളിലാണ്. പോസ്റ്റ്‌കോവിഡ് എന്ന് പറയാന്‍ പറ്റും എന്ന ഉറപ്പില്ലാത്തതിനാല്‍ ‘ലോംഗ് കോവിഡ്’ എന്നാണ് ഇക്കോണമിസ്റ്റ് വാരിക ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. കോവിഡാനന്തര ലോകത്തെ, അല്ലെങ്കില്‍ കോവിഡിനൊപ്പമുള്ള ഭാവിയെ എഴുത്തും വായനയും എങ്ങനെയാണ് രൂപപ്പെടുത്താന്‍ പോകുന്നത്?
ആശയവിനിയമ മേഖലയില്‍ കോവിഡ് നിര്‍ണായകങ്ങളായ രണ്ട് വഴിത്തിരിവുകള്‍ സൃഷ്ടിച്ചു എന്നു തോന്നുന്നു. അച്ചടിയില്‍നിന്ന് ഡിജിറ്റലിലേക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന് അത് വേഗത കൂട്ടി. ഒപ്പം, ഡിജിറ്റലില്‍ നടന്നുകൊണ്ടിരുന്ന എഴുത്തിനും വായനക്കുമൊപ്പം സൂം പോലെയുള്ള ആപ്പുകളിലൂടെ ദൃശ്യചര്‍ച്ചകള്‍ സ്ഥാനം പിടിച്ചു. ഇപ്പോള്‍ ക്ലബ്ഹൗസ് പോലെയുള്ള സംസാരപദ്ധതികളും വന്നെത്തി. ഇവയുടെ പ്രചാരം അതിവേഗവും അതിശക്തവുമാണ്.
മറ്റൊരു ദൂരവ്യാപക വഴിമാറ്റം വിദ്യാര്‍ഥികള്‍ക്കുണ്ടായതാണ്. അവരുടെ പഠനസംബന്ധിയായ എഴുത്തും വായനയും ഫോണിന്റെ അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിലേക്ക് ഏതാണ്ട് പൂര്‍ണമായും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. അവര്‍ എത്രമാത്രം അച്ചടി മാധ്യമത്തിലേക്ക് തിരികെപ്പോകും എന്ന് കണ്ടറിയണം. അതേസമയം, ഡിജിറ്റല്‍ മാധ്യമങ്ങളുടെ മേല്‍ക്കൈ സൃഷ്ടിക്കുന്നത് മാരക വിപത്തുകളാണ്. ആസൂത്രിതമായി വര്‍ഗീയവിഷം നിറച്ച പ്രചാരണങ്ങളും പ്രതികരണങ്ങളും അതില്‍ നിറയുന്നു. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നെന്നേക്കുമായി തകര്‍ക്കാന്‍ വര്‍ഗീയ വിഷജീവികള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തര പരിശ്രമം നടത്തുകയാണ്. അതിനിരയാകാന്‍ തയാറായി നില്‍ക്കുന്ന മൂഢരായ വ്യക്തികളും ധാരാളം.

? വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ജാരപര്‍വം’ എന്ന കഥയില്‍, നട കയറുമ്പോള്‍ ചിറ്റപ്പന്‍ പറയുന്നുണ്ട്; ‘വക്കച്ചാ, നിനക്കറിയാമോ? മരണം കള്ളനെപ്പോലെയല്ല വരുന്നത്. ജാരനെപ്പോലെയാണ്.’ ചിറ്റപ്പന്‍ ഒന്നു നിര്‍ത്തി തുടരുന്നത്; ‘ദൈവവും ജാരനെപ്പോലെയാണ് വരുന്നത്’ എന്നാണ്! എവിടെയും മരണത്തെക്കാണുന്ന ഭയമെന്ന ഭീകരതയെ ബ്രില്യന്റായി കഥയില്‍ എഴുതിയ താങ്കള്‍ക്ക്, ചുറ്റിലും മരണം, ഒളിഞ്ഞും മറഞ്ഞുമല്ലാതെ ഒരു സാധാരണ പരിപാടിയായി നില്‍ക്കുന്നത് പേടിപ്പിക്കുന്നില്ലേ? ഈ കോവിഡ് കാലത്ത് സക്കറിയയെ ഏറ്റവും ഭയപ്പെടുത്തിയതോ ആശങ്കയിലാക്കിയതോ ആയ ഒരു സംഭവമോ ചിന്തയോ പങ്കുവെക്കാമോ?
മരണം നമ്മുടെ തൊട്ടടുത്തുകൂടി, ഒരുപക്ഷെ, നമ്മെ ഉരസി കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിയല്‍ ജീവിതത്തെ സ്‌നേഹിക്കുന്ന ആരെയും കിടിലം കൊള്ളിക്കും. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ മരണം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത് കാണുന്നത്. യുദ്ധ ദുരന്തം അനുഭവിച്ചിട്ടുള്ള ജനതകളെയോര്‍ത്താല്‍ – തൊട്ടടുത്തു തന്നെയുള്ള ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, അരനൂറ്റാണ്ടുമുമ്പ് ബംഗ്ലാദേശ് – ഈ മഹാമാരി ഒന്നുമല്ല എന്ന് നമുക്കറിയാം. തൊട്ടടുത്ത വലയങ്ങളിലെ വ്യക്തികള്‍ മറഞ്ഞുപോയത് നടുക്കി. വീടിനുപുറത്തെ ലോകത്തെവിടെയും, ഏറ്റവും അപ്രതീക്ഷിതങ്ങളായ ഇടങ്ങളിലും തടയാനാവാത്ത ഒരു ശത്രു പതിയിരിപ്പുണ്ട് എന്ന അറിവ് ജീവിതത്തെ സംബന്ധിച്ച എല്ലാ ഉറപ്പുകളെയും ചീന്തിയെറിയുന്നു.

? ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, ശാരീരിക അകലം പാലിക്കല്‍, സാമൂഹിക ജീവിതത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ എന്നിവ കോവിഡിനോടുള്ള പ്രാഥമികമായ പ്രതികരണങ്ങളായിരുന്നു. എന്നാല്‍, ഈ ആരോഗ്യ പ്രതിരോധ പ്രക്രിയകളെ ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തടക്കം, റലാീരൃമര്യ റശരമേീേൃവെശു എന്നൊരു ബൈനറിയെ, കോവിഡ് കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ടോ?
‘യുദ്ധകാലാടിസ്ഥാനത്തില്‍’ എന്നൊരു പദമുണ്ടല്ലോ. അത് പ്രയോഗിക്കപ്പെട്ടു കഴിഞ്ഞാല്‍ നടപ്പിലുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇല്ലാതാകുന്നു. കോവിഡിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത് എന്നു പറയാം. ഈ നിയന്ത്രണങ്ങളെ വ്യവസ്ഥാപിതമാക്കാന്‍ ആഗ്രഹിക്കുന്ന ഭരണകൂടങ്ങളുണ്ടാകും – ഇന്ത്യയിലടക്കം. എന്റെ ഓര്‍മ ശരിയാണെങ്കില്‍, മോദി സര്‍ക്കാറും യു പി സര്‍ക്കാറും കോവിഡിനെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. പ്രബലരായ ബി ജെ പി ഇതര രാഷ്ട്രീയ ശക്തികള്‍ പല സംസ്ഥാനങ്ങളിലും ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ ഒരു തുറന്ന സ്വേച്ഛാധിപത്യം എന്തു പേരിലാണെങ്കിലും പ്രായോഗികമാണോ എന്ന് സംശയിക്കണം. എന്റെ ഉറച്ചവിശ്വാസം- ഇത് തെറ്റാണോ എന്ന് കാലം തെളിയിക്കട്ടെ – ഒരു തള്ളവിരലിനടിയില്‍ ഒതുങ്ങുന്ന രാഷ്ട്രമല്ല ഇന്ത്യ. ഗാന്ധിജി 500 ലേറെ നാട്ടുരാജ്യങ്ങളെയും നൂറുകണക്കിന് സംസ്‌കാരങ്ങളെയും ഇന്ത്യ എന്ന ആശയത്തിന്റെ കുടക്കീഴില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം താനറിയാതെ നമുക്ക് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള നൂറുകണക്കിന് മുനകളുള്ള ഒരു ആയുധം തരികയായിരുന്നു. അതിന്റെ മൂര്‍ച്ച പോയിട്ടില്ല എന്നാണ് എന്റെ വിശ്വാസം.

? തുടര്‍ച്ചയായി രണ്ടുതവണ കേന്ദ്രത്തില്‍ ബി ജെ പിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞു. എന്നാല്‍, ഈ രണ്ടു ടേമുകളില്‍ ഇതുവരെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനവിധി പൊതുവെ ബി ജെ പിക്കെതിരാണ് എന്നു തന്നെ പറയാം, പ്രത്യേകിച്ച് ഈയിടെ നടന്ന കേരളം, തമിഴ്‌നാട്, ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയം പോലും ഉന്നയിക്കാനാകാതെ, മതവും ദൈവവും പ്രചാരണ വിഷയമാക്കിയാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി മത്സരിച്ചത്. കേരളം പോലൊരു സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാനെന്ന വിധം, കുഴല്‍പ്പണത്തിന്റെ പോലും ഒഴുക്കുണ്ടായതായി ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തു വരുന്നു. ജനവിധി മാത്രമല്ല, നോട്ടുനിരോധനം പോലുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധം മുതല്‍, കോവിഡ് ലോക്ക്ഡൗണ്‍ മുതല്‍, കര്‍ഷക സമരം മുതല്‍, കോവിഡ് വാക്‌സിന്‍ വിതരണം വരെ പല തലങ്ങളില്‍ ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ സംസ്ഥാന തലങ്ങളില്‍ രൂക്ഷമായ രാഷ്ട്രീയ എതിര്‍പ്പ് രൂപപ്പെടുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഫെഡറലിസം എന്ന ഇന്ത്യയുടെ ഭരണഘടനാപരമായ സത്തക്കെതിരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ ആക്രമണത്തെ നോക്കിക്കാണുമ്പോള്‍. ഫെഡറലിസം എന്ന വികേന്ദ്രീകൃതമായ ഒരു രാഷ്ട്രീയാസ്തിത്വം സംരക്ഷിച്ചു നിര്‍ത്തുന്നതിലും കേന്ദ്ര ഭരണകൂടത്തിന്റെ ആക്രമണോത്സുകതയെ നേരിടുന്നതിലും പ്രാദേശിക തലങ്ങളില്‍ രൂപപ്പെടുന്ന രാഷ്ട്രീയപ്രതിരോധങ്ങള്‍ എത്രമാത്രം സമര്‍ഥമാണ്?
പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ ശക്തികള്‍ക്കു മാത്രമേ ഫെഡറല്‍ സംവിധാനത്തെ രക്ഷിക്കാനും സ്വേച്ഛാധിപത്യമോഹിയായ ഏതൊരു കേന്ദ്രഭരണകൂടത്തിനുമെതിരെ പ്രതിരോധം സൃഷ്ടിക്കാനും കഴിയൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം കാണിച്ചുതരുന്ന വസ്തുതയാണത്. മോദിയുടെ വളര്‍ച്ചക്കു മുന്നില്‍ എല്ലാം കൈവിട്ടുപോയി എന്ന പ്രതീതി ശക്തമായിക്കൊണ്ടിരുന്നപ്പോഴാണ് ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും സംശയ ലേശമില്ലാത്ത നിര്‍ണായകമായ പ്രതിരോധം ഉയര്‍ന്നുവന്നത്. പുതുച്ചേരിയില്‍ എ ഐ ഡി എം കെയുടെ സാരിയില്‍ തൂങ്ങി ബി ജെ പി സംഖ്യാബലമുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രിയെ കസേരയിലിരുത്താനല്ലാതെ മന്ത്രിസഭയുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഇന്ത്യാ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മോദി എത്രമാത്രം പര്യാപ്തനാണ് എന്നു സംശയിക്കണം. കാരണം, മോദിക്ക് മോദി മാത്രമേയുള്ളൂ. അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടത്, ഒരു യോഗിയെ കാഴ്ചക്കാരനാക്കി നിര്‍ത്തിക്കൊണ്ട്, മോദി തന്നെയായിരുന്നു എന്നോര്‍ക്കുക.
? ലക്ഷദ്വീപ് സംഘ്പരിവാറിന്റെയും കോര്‍പറേറ്റുകളുടെയും ഒരു ഉന്നമാണ്. എന്നാല്‍, ദ്വീപ് ജനതയ്ക്ക് ജനാധിപത്യപരമായ ഒരു ചെറുത്തു നില്‍പിലേക്ക് എങ്ങനെ അവരുടെ ജീവിതത്തെ വികസിപ്പിക്കാനാകും?
സത്യം പറഞ്ഞാല്‍ എനിക്ക് ഉത്തരമില്ല. ദ്വീപുകാരെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കും മുമ്പുതന്നെ കേന്ദ്രത്തിലെ ഭരണകൂടങ്ങള്‍ ലക്ഷദ്വീപിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നില്ല എന്നും മനസ്സിലാകുന്നില്ല. അവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരെ ആരൊക്കെയോ ചേര്‍ന്ന് വര്‍ഷങ്ങളായി ചൂഷണം ചെയ്യുന്നുണ്ട് എന്നു തോന്നുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിനെ കേന്ദ്രീകരിച്ചുള്ള വിവിധ കോര്‍പറേറ്റ് പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമിക്കപ്പെട്ട ഒരു പ്രൊജക്റ്റ് മാനേജര്‍ മാത്രമാണ്. അയാളെ ഹിന്ദുത്വ പ്രൊജക്ടുകളും കൂടി ഏല്‍പ്പിച്ചിരിക്കുന്നു എന്നുമാത്രം. അവിടുത്തെ, ഞാന്‍ മനസ്സിലാക്കുന്നത് ശരിയെങ്കില്‍ രാഷ്ട്രീയ തിരിച്ചറിവുകള്‍ തീരെക്കുറവായ ജനതയെ, പ്രക്ഷോഭത്തിലേക്കും മറ്റും തിരിച്ചുവിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിഞ്ഞു കൂടാ. ഈ ധാരണ തന്നെ ഒരുപക്ഷെ തെറ്റായിരിക്കാം.

? ഇടതുപക്ഷത്തിന്റെ പ്രതിപക്ഷത്തായിരുന്നു സക്കറിയ എപ്പോഴും. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്, ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തിന് ആഹ്വാനം ചെയ്തു കൊണ്ട് താങ്കള്‍ ദേശാഭിമാനിയില്‍ എഴുതി. പ്രതിപക്ഷത്തു നിന്ന് ഭരണപക്ഷമായ ഇടതുപക്ഷത്തേക്ക് താങ്കള്‍ മാറിയതിനെക്കുറിച്ച് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്താണ് പ്രതിപക്ഷത്തു നിന്ന് രാജിവെയ്ക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്? ഇടതു സര്‍ക്കാരിലെ പ്രതീക്ഷ എന്തൊക്കെയാണ്? കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഭരണപക്ഷത്തിന്റെയും വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ ഭാവിയെക്കുറിച്ച് എന്തു പറയുന്നു?
ഞാന്‍ എല്ലാ ഭരണകൂടങ്ങളുടെയും പ്രതിപക്ഷത്ത് നില്‍ക്കുന്നവനാണ്. നാളെ സാഹിത്യകാരന്മാരുടെ ഒരു ഭരണകൂടം നിലവില്‍ വന്നാലും ഞാനതിനെതിരെ നിലകൊള്ളും. കാരണം, അധികാരം വല്ലാത്ത ഒരിടപാടാണ്. അത് അശുദ്ധമാക്കാത്തവരില്ല. ഞാന്‍ ഏതെങ്കിലുമൊരു പക്ഷത്താണെങ്കില്‍ അത് ഇടതുപക്ഷമാണ്. പക്ഷെ, തീര്‍ച്ചയായും അതിന്റെയര്‍ഥം ഇടതുപക്ഷ പാര്‍ട്ടികളുടെയൊപ്പമാണെന്നല്ല. മാര്‍ക്‌സ് മുന്നോട്ടുവച്ച, ഗാന്ധിജി മുന്നോട്ടു വെച്ച, യേശു ഉയര്‍ത്തിപ്പിടിച്ച, തോറോ വിശ്വസിച്ച, ചില സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചില രീതികളില്‍ നിലവിലുള്ള, ഇടതുപക്ഷമാണ്.
കേരളത്തില്‍ ഇന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഭാവിയോടനുബന്ധിച്ച ഒരാവശ്യമാണ്. ഇടതുപക്ഷത്തിന് ഒരു അഖിലേന്ത്യാ സാന്നിധ്യമില്ല എന്നത് ശരി തന്നെ. പക്ഷെ, കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യം അതിനാല്‍ തന്നെ – അതിന്റെ എല്ലാ വലുതും ചെറുതുമായ വീഴ്ചകളോടും കൂടി- കേന്ദ്രം ഭരിക്കുന്ന ഫെഡറല്‍ വിരുദ്ധ, മതേതരത്വ – ജനാധിപത്യ വിരോധിയായ ഭരണകൂടത്തിനെതിരെയുള്ള വളരെ പ്രധാനപ്പെട്ട പ്രതിരോധങ്ങളിലൊന്നാണ്. ഇപ്പോഴുള്ള ഭരണകൂടം ജനങ്ങള്‍ക്കു വേണ്ടി നല്ലതു ചെയ്യുമെന്ന് ഞാന്‍ ഹൃദയപൂര്‍വം പ്രതീക്ഷിക്കുന്നു.
വി ഡി സതീശന്റെയും കെ സുധാകരന്റെയും വരവ് ഒരു നല്ല ശകുനമായാണ് ഞാന്‍ കാണുന്നത്. പക്ഷെ, കോണ്‍ഗ്രസിന്റെ ജനിതകങ്ങളിലുള്ള ആത്മഹത്യാ പ്രവണതയെ നേരിടാന്‍ അദ്ദേഹത്തിനും കഴിയുമോ? അതിലെ നിര്‍ലജ്ജരായ അവസരവാദികളെ എങ്ങനെ കൈകാര്യം ചെയ്യും?

? കോണ്‍ഗ്രസിന്റെ തിരിച്ചുവരവാഗ്രഹിച്ച് സക്കറിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത വോട്ട് ഷെയര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ തന്നെ നേതാക്കളുടെ അഭിപ്രായത്തില്‍ പൊട്ടന്‍ഷ്യല്‍ ബി ജെ പി ക്കാര്‍ ഏറ്റവും കൂടുതലുള്ള പാര്‍ട്ടി കൂടിയാണത്. കേരള രാഷ്ട്രീയം കോണ്‍ഗ്രസിനെ ഏതുതരത്തിലാണ് ഇനി ഉള്‍ക്കൊള്ളുക?
അത് കോണ്‍ഗ്രസ് അതിനെത്തന്നെ രക്ഷിക്കാനായി എന്തു ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. സ്ഥാനമോഹികളെയും ദ്രവ്യാര്‍ത്തിയുടെ മൂര്‍ത്തീകരണങ്ങളെയും മാറ്റിനിര്‍ത്തി, താരതമ്യേനയെങ്കിലും മലയാളികളോട് കൂറുപുലര്‍ത്തുന്ന, വര്‍ഗീയതയുടെ പ്രലോഭനങ്ങളില്‍ – ശബരിമലക്കാര്യത്തില്‍ സംഭവിച്ച പരിഹാസ്യമായ അബദ്ധം പോലെ – ചെന്നുവീഴാത്ത, കൃത്യമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിയെ സംഘടനാ തെരഞ്ഞെടുപ്പു നടത്തി ചുവട്ടില്‍ നിന്ന് പൊക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ആ കോണ്‍ഗ്രസ് കേരളത്തിന് ഒരു നല്ല സമ്പാദ്യമായിരിക്കും. പക്ഷെ, ഭയങ്കരമായ ഒരു ഭൂത- പ്രേത ഉച്ചാടനം അതിനാവശ്യമായി വരും. ആരത് ചെയ്യും? ഡല്‍ഹിയിലെ ഉത്തരവുകള്‍ നോക്കിയിരുന്നാല്‍, അടുത്ത തവണയും മറ്റാരെങ്കിലും അധികാരത്തില്‍ വരുന്നത് കോണ്‍ഗ്രസിന് കണ്ടിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് ഒരു നല്ല പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെ ചുരുക്കം. പക്ഷെ, എല്ലാ കോണ്‍ഗ്രസുകാരും ബി ജെ പിയിലേക്ക് ചേക്കേറും തുടങ്ങിയ പ്രചാരണങ്ങള്‍ അസംബന്ധമാണ്. നേതാക്കളുടെ ഹൃദയങ്ങളിലില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ മറ്റൊരു കോണ്‍ഗ്രസ് ബാക്കിനില്‍ക്കുന്നുണ്ട്.
? സക്കറിയയുടെ സത്യപ്രതിജ്ഞ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:
‘നീ ദൈവത്തില്‍ അവിശ്വസിക്കുന്നോ?’
‘അവിശ്വസിക്കുന്നേന്‍.’
‘സത്യം?’
‘ദൈവത്താണ സത്യം’
‘ആമേന്‍’
2006-ല്‍ അഡ്വ. എം എം മോനായിയും ഐഷ പോറ്റിയും എം എല്‍ എമാരായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിണറായി വിജയന്‍ സെക്രട്ടറിയായ അന്നത്തെ പാര്‍ട്ടി ശാസിച്ചു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന് നിരക്കാത്ത നടപടിയെന്നാണ് സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചത്. പിന്നീട്? ഐഷ പോറ്റിക്ക് ദൃഢപ്രതിജ്ഞ എടുക്കേണ്ടി വന്നു. ഇത്തവണ നിരവധി എം എല്‍ എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും പാര്‍ട്ടി അത് അംഗീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല എന്ന എം വി ഗോവിന്ദന്റെ ‘കണ്ടുപിടുത്തം’ ചേര്‍ത്തു വായിച്ചാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ ഈ മാറ്റത്തെ എങ്ങനെ വ്യാഖ്യാനിക്കാം?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത്തരം അപ്രധാന വിശദാംശങ്ങള്‍ക്ക് വില കല്‍പ്പിക്കാതായി എന്നര്‍ഥം. എം വി ഗോവിന്ദന്‍ പറഞ്ഞത് ശരിയാണ്; ദൈവം ദൈവത്തിന്റെ വഴിക്ക്, പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് എന്ന നിലപാടാണത്. ദൈവവിശ്വാസികള്‍ക്ക് പാര്‍ട്ടിയിലിടമില്ല തുടങ്ങിയ നിലപാടുകള്‍ സ്റ്റാലിനിസ്റ്റ് കാലത്ത് വന്നുചേര്‍ന്നതാണ്. എനിക്കറിയാവുന്ന പല പൂജാരിമാരും കമ്യൂണിസ്റ്റുകാരാണ്. ഇന്ത്യയിലെ ഏറ്റവും പരിപാവനമായ ഒരു ഹിമാലയന്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ മലയാളിയായ പൂജാരിയുടെ മേശപ്പുറത്തു കിടക്കുന്നത് ദേശാഭിമാനിയാണ്. ഈ വൈരുധ്യാത്മകത മനസ്സിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമല്ലേ? ഇവിടുത്തെ മതങ്ങളുടെ അഹങ്കാരത്തേക്കാള്‍ വളരെ വലിയ ഒരു അഹങ്കാരത്തെയാണ് കേരള ഭരണകൂടം കേന്ദ്രത്തില്‍ നേരിടുന്നത്. ഇവിടുത്തെ മതങ്ങളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി സാമാന്യം പഠിച്ചു കഴിഞ്ഞു – 1957 മുതല്‍ 64 വര്‍ഷമായില്ലേ അത് ഈ കളത്തില്‍ കളിക്കാന്‍ തുടങ്ങിയിട്ട്. ജാതികളുടെ കാര്യമെടുത്താല്‍, വെള്ളാപ്പള്ളി നടേശനും ജി സുകുമാരന്‍ നായരും അന്തിമ വിശകലനത്തില്‍, കടലാസ് പുലികള്‍ പോലുമല്ല എന്നും രണ്ടു മൂന്ന് പത്രങ്ങളുടെയും ചാനലുകളുടെയും നിര്‍മിതിയാണെന്നും അറിയാത്തയാളാണോ പിണറായി വിജയന്‍?

? അതിസൂക്ഷ്മമായ ഇക്കോ വ്യൂഹങ്ങളെ കഥകളില്‍ അനായാസമായി സന്നിവേശിപ്പിച്ചിട്ടുള്ള കഥാകൃത്താണ് സക്കറിയ. പാരിസ്ഥിതികമായി കേരളം അതീവ ഗുരുതരമായ അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം നേരിട്ട ദുരന്തങ്ങള്‍ പോലും നയപരിപാടികളിലെ ഒരു പാഠമായി അന്നും തുടര്‍ന്നും ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിനു മുന്നിലില്ല. പാരിസ്ഥിതിക അനുഭവങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന കമ്യൂണിസ്റ്റ് യാഥാസ്ഥിതികത കേരളത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കും?
പരിസ്ഥിതിയോടുള്ള പിണറായി 1.0 ന്റെ സമീപനം ഉദാസീനതകളും അലംഭാവങ്ങളും മൗനസമ്മതങ്ങളും നിറഞ്ഞതായിരുന്നു. ഈ അലംഭാവം തുടര്‍ന്നാല്‍ അത് കേരളത്തിന്റെ വര്‍ത്തമാന കാലത്തെയും ഭാവിയെയും ഗുരുതരമായ രീതികളില്‍ ബാധിക്കും. പുരോഗതി നേടിയ സമൂഹങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം തന്നെ പരിസ്ഥിതി – അധിഷ്ഠിതമാണ്. ‘യാഥാസ്ഥിതികത’ എന്ന വാക്ക് ശരിയാണ്. സി പി എം ചെയ്യുന്നത് പരിസ്ഥിതിയെ സംബന്ധിച്ച ഏറ്റവും ആധുനികവും ജീവന്മരണ പ്രാധാന്യമുള്ളതുമായ തിരിച്ചറിവുകളുടെ നേരെ കണ്ണടയ്ക്കലാണ്. പുരോഗതിയും പരിസ്ഥിതിയും പരസ്പര വിരുദ്ധങ്ങളല്ല. പാശ്ചാത്യ രാജ്യങ്ങളിലെ നിത്യസന്ദര്‍ശകരായ ഇടതുപക്ഷ നേതാക്കള്‍ അവിടെയെങ്ങനെയാണ് പരിസ്ഥിതിയും വികസനവും ഒന്നുചേര്‍ന്ന് പോകുന്നത് എന്ന് കാണാത്തവരുമല്ല. പക്ഷെ, ഇവിടെയവര്‍ ഒരു ഫ്യൂഡല്‍, പ്രതിലോമകാരിയായ സമീപനമാണ് പരിസ്ഥിതിയോട് അവലംബിക്കുന്നത്.
കാരണം, ലളിതമാണ്: പരിസ്ഥിതിക്ക് അനുകൂലമായ നയങ്ങള്‍ ഇടതുപക്ഷത്തുതന്നെയുള്ള പരിസ്ഥിതി ചൂഷക ലോബികള്‍ക്ക് എതിരാവും. മണല്‍വാരല്‍ മാഫിയകള്‍ ഇതിന്റെ കുപ്രസിദ്ധമായ ഉദാഹരണങ്ങളിലൊന്നു മാത്രമാണ്. മുതലാളിത്തമായിരുന്നു ഒരിക്കല്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നശീകരണ ശക്തി. അതിനു പോലും മാനസാന്തരം വന്നു. അപ്പോഴിതാ, ഇടതുപക്ഷം അതേ മനഃശാസ്ത്രം വച്ചുപുലര്‍ത്തുന്നവരായിത്തീര്‍ന്നിരിക്കുന്നു.
ഇത് പരിസ്ഥിതിയോടുള്ള സമീപനത്തിന്റെ ഒരു വശം മാത്രമാണ്. മറുവശത്ത് സംസ്‌കാര ചിത്തരായ ആരെയും നാണം കെടുത്തും വിധം പരിസ്ഥിതി മലിനീകരണം നാടിനെ വിഴുങ്ങി. കേരളം ചീഞ്ഞളിയുന്ന വഴിയോര മാലിന്യക്കൂമ്പാരങ്ങളുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യപ്രവാഹങ്ങളായിത്തീര്‍ന്ന പുഴകളുടെയും നാടായി മാറി. വിനോദസഞ്ചാരം ഒരേയൊരു സാമ്പത്തിക ലൈഫ് ലൈന്‍ ആയിത്തീര്‍ന്നിട്ടുള്ള ഒരു സമൂഹമാണ്, ഏതൊരു പരിസ്ഥിതിയാണോ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്, അതിനെ മാലിന്യങ്ങള്‍ കൊണ്ട് വിരൂപവും വിഷമയവുമാക്കിത്തീര്‍ക്കുന്നത്. മലയാളികളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന സ്രോതസ്സ് അഴുകിച്ചീഞ്ഞ പരിസരങ്ങളാണ് എന്ന് ഏത് ശിശുവിനും മനസിലാകേണ്ടതാണ്. കേരളത്തിലൊട്ടാകെ, സമഗ്രവും ശാസ്ത്രീയവും ജനജീവിതത്തെ ബാധിക്കാത്തതുമായ രീതിയിലുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മാലിന്യസംസ്‌കരണശാലകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ്, തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ട് നാലുമണിക്കൂറില്‍ ഓടിച്ചെല്ലാനുള്ള അസ്വഭാവികമായ തത്രപ്പാടിനേക്കാള്‍ പ്രധാനം. പക്ഷെ, എവിടെയോ ഇടതുപക്ഷത്തിന് മാരകമായ പിഴവ് സംഭവിച്ചിരിക്കുന്നു. മൂക്കുപൊത്താതെ വഴി നടക്കാവുന്ന ഒരു കേരളമായിരുന്നു അത് മലയാളികള്‍ക്ക് നല്‍കേണ്ട സ്വപ്‌നങ്ങളിലൊന്ന്. പക്ഷെ, പരിസ്ഥിതി വിരുദ്ധ പഴയ സ്റ്റാലിനിസ്റ്റ് ഭൂതം അതിനെ വിട്ടുപോയിട്ടില്ല.

? ലൈംഗികതയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന യാഥാസ്ഥിതിക നിലപാടിനെ വിമര്‍ശിച്ചതിന് മുമ്പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ താങ്കളെ ശാരീരികമായി ആക്രമിച്ചു. ഇന്ന് വിമര്‍ശനങ്ങളെ വെര്‍ബല്‍ ഹിംസ ചെയ്യുന്ന സൈബര്‍ സംഘങ്ങള്‍ വ്യാപകമാണ്. സെക്യുലര്‍ എന്നും ഇടതുപക്ഷം എന്നുമുള്ള രീതിയില്‍ പ്രത്യക്ഷപ്പെടുന്നവര്‍ തന്നെ പച്ചയായ വര്‍ഗീയതയും മനുഷ്യ വിരുദ്ധതയും പ്രകടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയക്ക് ഉണ്ടെന്നു പറയുന്ന ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ബഹുസ്വര ലോകത്തെ ഇടതുപക്ഷം അടക്കമുള്ള പ്രത്യയ ശാസ്ത്രങ്ങളുടെ സാന്നിധ്യത്തെ എങ്ങനെ വിലയിരുത്തുന്നു?
എല്ലാ ജനാധിപത്യ സംരംഭങ്ങളെയും പോലെ സോഷ്യല്‍ മീഡിയയെയും അതിവേഗമാണ് ജനാധിപത്യവിരുദ്ധ, വര്‍ഗീയ, പ്രതിലോമ വിഭാഗങ്ങള്‍ കൈയേറിയത്. ജനാധിപത്യത്തിന്റെ ദുഃഖകരമായ യാഥാര്‍ഥ്യമാണത്. ഇന്ത്യയടക്കം എത്രയോ രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ മൃദുലതകളെയും സൗകര്യങ്ങളെയും ഉപയോഗിച്ചാണ് സ്വേച്ഛാധിപത്യ – ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെയും സമൂഹത്തിലെ വിഭാഗീയതകളെയും മാധ്യമങ്ങളുടെ അവസരവാദത്തെയും മതാന്ധതകളെയും ആസൂത്രിതമായി ഉപയോഗിക്കാന്‍ അവര്‍ വിദഗ്ധരാണ്. ഇടതുപക്ഷത്തിന്റെ സൈബര്‍ പട്ടാളക്കാരുടെ സാംസ്‌കാരിക വിലയിടിവിനേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് വര്‍ഗീയവാദികളുടെ കൂസലില്ലാത്ത വിഷം വമിക്കലുകളെയാണ്.
ഇന്ന് പലരും ശ്രദ്ധിച്ചു കഴിഞ്ഞതു പോലെ, വര്‍ഗീയവാദികള്‍, കേരളത്തില്‍ ഒരു വമ്പിച്ച ക്രിസ്ത്യന്‍- മുസ്‌ലിം സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്ന ഭീകരാക്രമണതുല്യമായ ശ്രമങ്ങള്‍ ഉദാഹരണം. സോഷ്യല്‍ മീഡിയയാണ് അതിന്റെ പ്രധാന പ്ലാറ്റ്‌ഫോം. കേരളത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിയേക്കാവുന്ന ഈ ഭീകരതയെ പിന്തുണയ്ക്കുന്ന കൂലിപ്പട്ടാളക്കാരും ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ചില ക്രൈസ്തവ പുരോഹിതന്മാര്‍. കേരളത്തെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ സി പി എമ്മിന്റെ കൂലിപ്പട്ടാളത്തിന്റെ ആക്രമണങ്ങളേക്കാള്‍ ആശങ്കയോടെ കാണുന്നത് ഈ പ്രതിഭാസമാണ്. നിര്‍ഭാഗ്യവശാല്‍ ഇത്രമേല്‍ ആപത്ക്കരവും സര്‍വനാശകരവുമായ ഒരു പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനെ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയും കണ്ടതായിപ്പോലും നടിക്കുന്നില്ല. ഭരണകൂടവും അങ്ങനെത്തന്നെ. ഇത് നമ്മെ ഒരു വമ്പിച്ച ആപത്തിലേക്കെത്തിക്കാന്‍ വഴിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനെ ഇതുവരെ ഏറ്റെടുത്ത് എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്നില്ല എന്നതാണ് താല്‍ക്കാലികമായ രജതരേഖ.

? വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായി. ആര്‍ട്ടിനെയും ആര്‍ട്ടിസ്റ്റിനെയും ഒന്നായി കാണണമെന്നും അതിന്റെ ആവശ്യമില്ല എന്നുമുള്ള രണ്ട് വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഒപ്പം മീ റ്റൂ പ്രസ്ഥാനവും അതിന്റെ ചരിത്രവും പരിഗണിക്കപ്പെടാതെ പോകുന്ന ലൈംഗികാക്രമണ ആരോപണങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്ന ആരോപണങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. താങ്കളുടെ പക്ഷം ഏതാണ്?
ആര്‍ട്ട് ആര്‍ട്ടിസ്റ്റില്‍ നിന്ന് വിഭിന്നമാണോ എന്ന ചോദ്യം വളരെ സാമാന്യവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. ആര്‍ട്ടിസ്റ്റിന്റെ സ്വകാര്യ ജീവിതം ആര്‍ട്ടില്‍ നിന്ന് വിഭിന്നമാണോ എന്നതാണ് ചോദ്യം. ആര്‍ട്ടിസ്റ്റുകളുടെ സ്ത്രീകളോടുള്ള സമീപനമടക്കമുള്ള സ്വകാര്യതകളെ സദാചാരപരമോ പ്രത്യയശാസ്ത്രപരമോ ആയ അളവുകോലു കൊണ്ട് അളന്നാല്‍ ഒരുപക്ഷേ, വളരെ ചുരുക്കം ആര്‍ട്ടിസ്റ്റുകളേ ആ കണക്കെടുപ്പില്‍ വിജയിക്കൂ. വൈരമുത്തുവിന്റെ കാര്യത്തിലെന്ന പോലെയുള്ള ഒരു സ്ത്രീപക്ഷ കണക്കെടുപ്പ് കാണുക. ആരോപണ വിധേയനാകുമ്പോള്‍ മാത്രമേ ഒരാള്‍ അത്തരമൊരു ചുഴിഞ്ഞു നോട്ടത്തിന് വിധേയനാകുന്നുള്ളൂ. പക്ഷെ, ഒരിക്കലും ആരോപണ വിധേയനാകുന്നില്ലെങ്കിലോ? ഒരുപക്ഷേ, വേണ്ടത് പുരസ്‌കാരങ്ങളോ മറ്റ് പദവികളോ നല്‍കപ്പെടും മുമ്പ് സ്ത്രീകളോടുള്ള ബന്ധങ്ങളെ സംബന്ധിച്ച് ഒരു സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധിതമാക്കുകയാണ്. സ്ത്രീകളില്‍ നിന്ന് തുറന്ന ആരോപണം നേരിട്ട – കോടതിയില്‍ വരെ എത്തിച്ചേര്‍ന്നവയുണ്ട് – എത്രയോ വ്യക്തികള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് യാതൊരു കോട്ടവുമില്ലാതെ നിലകൊള്ളുന്നു. അപ്പോള്‍, വൈരമുത്തുവിന്റെ കാര്യത്തിലെന്ന പോലെയുള്ള ഒറ്റതിരിഞ്ഞ പ്രതികരണങ്ങള്‍ക്ക് അവ്യക്തതയുണ്ട്. എന്നുവെച്ച്, മീ റ്റൂ പ്രതിനിധീകരിക്കുന്ന സ്ത്രീപക്ഷ പ്രതിരോധം അപ്രസക്തമായിത്തീരുന്നില്ല. അതിന്റെയുപയോഗം കൂടുതല്‍ ആലോചനാപൂര്‍വം വേണമെന്ന് തോന്നുന്നു.

? ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ് സക്കറിയ. കൊറോണക്കാലം താങ്കളുടെ യാത്രകളെയും തടഞ്ഞിട്ടുണ്ടാവുമല്ലോ. ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സക്കറിയയ്ക്ക് യാത്രികനായ എഴുത്തുകാരനായ സക്കറിയയോട് എന്താണ് തോന്നുന്നത്?
കഴിഞ്ഞ വര്‍ഷം ഞാന്‍ കരുതി വെച്ചിരുന്ന യാത്രകളുടെ മേല്‍ ഒരു ഇരുമ്പുമുഷ്ടി വന്നു വീണതു പോലെയായിരുന്നു കോവിഡിന്റെ വരവ്. ആ യാത്രകളെ പ്രത്യാശാപൂര്‍വം ഈ വര്‍ഷത്തേക്ക് മാറ്റി സ്ഥാപിച്ചു. അതും വഴുതിപ്പോകുന്നത് ഞാന്‍ കാണുന്നു. പക്ഷേ, ഞാന്‍ നിരാശനാവാന്‍ വിസമ്മതിക്കുന്നു. ഞാന്‍ എന്നോടു തന്നെ പറയുന്നത്, കോവിഡ് തീര്‍ന്നാലുടന്‍ പുറപ്പെടാം എന്നാണ്, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം. കോവിഡ് എല്ലാ മനുഷ്യര്‍ക്കും ഏല്‍പ്പിച്ച ഏറ്റവും വലിയ ആഘാതങ്ങളിലൊന്ന് ഈ ബന്ധനാവസ്ഥയാണ്. രാജ്യത്തിനു പുറത്തേക്ക് എന്നല്ല, വീടിനു പുറത്തേക്ക് പോകാന്‍ സാധ്യമല്ലാത്ത അവസ്ഥ. എല്ലാ വാഹനങ്ങളും നിലച്ചു. വിമാനങ്ങള്‍ പറക്കുന്നില്ല, കപ്പലുകള്‍ നങ്കൂരമിട്ടു. തീവണ്ടി ഓടാത്ത അവിശ്വസനീയമായ ഒരിന്ത്യയെ നാം കാണുന്നു. എന്നിലെ യാത്രക്കാരന്‍ കുണ്ഠിതനാണ്. പക്ഷേ, ആശ വെടിയാത്തവനാണ്. കോവിഡിനും ഒരു അവസാനമുണ്ട്, തീര്‍ച്ച.

? സക്കറിയ ഇപ്പോഴും പേപ്പറിലാണ് എഴുതുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു. മലയാളത്തിലെ പുതിയ എഴുത്തുകാര്‍ പലരും കോവിഡ് കാലത്തു പോലും ഡിജിറ്റലാവാന്‍ തയ്യാറായിട്ടില്ല. കോവിഡ് കാല വീട്ടിലിരിപ്പില്‍ താങ്കള്‍ ഡിജിറ്റലായോ? ആവിഷ്‌കാരങ്ങളുടെ മാധ്യമം വളരെപ്പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ്. ഡിജിറ്റല്‍ മീഡിയയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യരൂപങ്ങള്‍ എങ്ങനെയായിരിക്കും ഇനിയുള്ള കാലത്ത് വായിക്കുന്നവരിലേക്ക് എത്തുക? എങ്ങനെയാണ് സ്വീകരിക്കപ്പെടുക?
ഞാന്‍ കടലാസില്‍ എഴുതുന്നത് ഡിജിറ്റലാകാനുള്ള വിസമ്മതം കൊണ്ടല്ല, നീണ്ട വര്‍ഷങ്ങളിലെ ശീലം കൊണ്ട് എഴുത്തിന് സ്വഭാവികമായ ഒരു ഒഴുക്കും വേഗതയും ലഭിക്കുന്നതുകൊണ്ടാണ്. അതേസമയം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എഴുത്തുകള്‍ ഞാന്‍ ഡിജിറ്റലായാണ് ചെയ്യുന്നത്. ഇംഗ്ലീഷ് പൂര്‍ണമായും അങ്ങനെത്തന്നെ. ഇംഗ്ലീഷ് കടലാസിലെഴുതിയാലാണ് നീങ്ങുന്നില്ല എന്ന തോന്നല്‍. ഡിജിറ്റല്‍ മീഡിയയാണ് ഭാവി സാഹിത്യത്തിന്റെ പാരായണ പ്രതലം എന്ന് വിശ്വസിക്കണം. കടലാസ് ഉടനടി അപ്രത്യക്ഷമാകുകയില്ലെങ്കിലും ഡിജിറ്റല്‍ ഇനിയും മുന്‍കൈ നേടും.
വിദ്യാര്‍ഥികളുടെ ഒരു തലമുറ അതിലേക്ക് മാറിക്കഴിഞ്ഞുവെന്നത് നിര്‍ണായകമാണ്. അതുപോലെ തന്നെ പ്രധാനമാണ് അതിന്റെ ആഗോളമായ നിരന്തര സാന്നിധ്യം. പാലായിലിരുന്ന് ആദ്യ കഥയെഴുതുന്ന യുവാവിന്റെ രചനയുടെ ലോകം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നില്ല, തത്സമയം തന്നെ ആഗോളമായിത്തീരുന്നു – വായിക്കപ്പെട്ടാലും ഇല്ലെങ്കിലും. ഇതൊരു വമ്പിച്ച വിപ്ലവമാണ്. എഴുത്തുകാര്‍ ഇന്ന് മുന്നില്‍ കാണേണ്ടത് തങ്ങളുടെ തൊട്ടുമുമ്പിലെ ഭാഷാ സമൂഹത്തിനപ്പുറത്ത് ലോകത്തിന്റെ വിദൂരകോണുകള്‍ വരെ പരന്നു കിടക്കുന്ന ഒരു വായനാസമൂഹത്തെയാണ്. ഇന്ത്യയിലെ ദാരിദ്ര്യം അവസാനിക്കാതെ ഒരു ഡിജിറ്റല്‍ വിപ്ലവം സാധ്യമല്ല. അതുകൊണ്ട്, ഇന്ത്യയില്‍ വന്‍തോതിലുള്ള മാറ്റത്തിന് ഇനിയും സമയമെടുത്തേക്കും. പക്ഷെ, സാഹിത്യം ഡിജിറ്റല്‍ പാതയിലൂടെ അതിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു, പണ്ട് ഓലയില്‍ നിന്ന് കടലാസിലേക്ക് യാത്ര ചെയ്തതു പോലെ.

? 23 വര്‍ഷം മുമ്പുള്ള ഒരു അഭിമുഖത്തില്‍ ആള്‍ദൈവങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍, ‘മതപരമായ അധഃപതനങ്ങളുടെ നടുക്ക് സത്യസായി ബാബ റീസണബ്‌ളായ നിലപാടുള്ള ഒരാളാണെ’ന്ന് താങ്കള്‍ പറഞ്ഞു. പിന്നീടുള്ള ചോദ്യങ്ങളും സക്കറിയയുടെ ഉത്തരവും ഇങ്ങെനെ ആയിരുന്നു.
ചോദ്യം: ഏതാണ്ട് ഇതേ തിയറി തന്നെയാണ് അമൃതാനന്ദമയിയുടെ കാര്യത്തിലും സക്കറിയ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.
ഉത്തരം: അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്റെ മുഴുവന്‍ തിസീസും ഇതിനകം പറഞ്ഞു കഴിഞ്ഞതാണ്. അമൃതാനന്ദമയിയില്‍ നിന്ന് ഹൈന്ദവ ഫാസിസത്തെ പിന്തുണക്കുന്ന ഒരു വാക്കു പോലും നേടിയെടുക്കാന്‍ ഇതുവരെ സംഘപരിവാരത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചോദ്യം: അമൃതാനന്ദമയി ഹൈന്ദവ ഫാസിസത്തെ പിന്തുണക്കുന്ന ഒരു വാക്കു പോലും ഉരിയാടിയിട്ടില്ലെന്ന് സക്കറിയ ന്യായീകരിക്കുന്നു. പക്ഷേ, ഹൈന്ദവ ഫാസിസം അമൃതാനന്ദമയിയെ ഉപയോഗപ്പെടുത്തുന്നു എന്നതല്ലേ നേര്?
ഉത്തരം: അവരുടെ ആശ്രമവും വേദികളും കയ്യേറിയിട്ടാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ അവരെ ഉപയോഗപ്പെടുത്തുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ്, താങ്കളുടെ മറ്റ് പല അഭിമുഖങ്ങളുടെ കൂട്ടത്തില്‍ ഈ അഭിമുഖവും ശേഖരിക്കപ്പെട്ടു. പക്ഷേ, ഈ ചോദ്യവും ഉത്തരവും എടുത്തു കളയുകയല്ല താങ്കള്‍ ചെയ്തത്. പകരം, ‘എന്റെ ഈ നിലപാടുകളില്‍ പിന്നീട് മാറ്റമുണ്ടായി എന്നും അമൃതാനന്ദമയിയെ സംഘപരിവാരം ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ട’തായും ഫുട്ട് നോട്ടായി ചേര്‍ത്തു. ബൗദ്ധികമായ സംവാദങ്ങളിലെ സത്യസന്ധതക്ക് നല്ലൊരു ഉദാഹരണമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഏതാണ്ട് കാല്‍നൂറ്റാണ്ടിനിപ്പുറം നമ്മള്‍ വീണ്ടും സംസാരിക്കുമ്പോള്‍ കേരളത്തിന്റെ മത-ജാതി ബോധങ്ങള്‍ കൂടുതല്‍ ധ്രുവീകൃതവും ഭയാനകവുമായി മാറിയിരിക്കുന്നു. മതസ്പര്‍ശിയും ദൈവകേന്ദ്രീകൃതവും ആവണം രാഷ്ടീയം എന്ന ചിന്താധാര നാള്‍ക്കുനാള്‍ മേല്‍ക്കൈ നേടുന്നുണ്ട്. ഒരു പോസിറ്റീവ് നോട്ടില്‍ ഈ സംഭാഷണം നമുക്ക് അവസാനിപ്പിക്കാന്‍ കഴിയുമോ?

അമൃതാനന്ദമയിയുടെ കാര്യം ഓര്‍മിപ്പിച്ചതിന് നന്ദി. വാസ്തവത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാം കണ്ടത് രാഷ്ട്രീയത്തെ മതസ്പര്‍ശിയും ദൈവകേന്ദ്രീകൃതവുമാക്കാനുള്ള ശ്രമം പൊതുവില്‍ പരാജയപ്പെടുന്നതല്ലേ? മത- ജാതി ബോധങ്ങളെ കൂടുതല്‍ ധ്രുവീകരിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ആദ്യം സൂചിപ്പിച്ച ക്രിസ്ത്യന്‍- മുസ്‌ലിം സംഘട്ടന നിര്‍മാണ ശ്രമം അതിനൊരു ഉദാഹരണം. അതെ, അപകടം നമ്മെ തുറിച്ചുനോക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ഭരണകൂടവും ഒട്ടനവധി ബുദ്ധിജീവികളും അതിനെ അവഗണിക്കുന്നതായാണ് കാണുന്നത്.
മാധ്യമങ്ങള്‍ പ്രത്യേകിച്ചും, ക്രൂരതയോടെ, ഹൃദയശൂന്യമായി, മലയാളികളോട് അവര്‍ക്ക് പകയുള്ളതുപോലെ വര്‍ഗീയതക്ക് വളം വെക്കുന്നു. പക്ഷെ, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം കേന്ദ്ര ഏജന്‍സികളോട് കൈകോര്‍ത്ത് പിടിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കിണഞ്ഞു പരിശ്രമത്തെയും മലയാളികള്‍ തിരസ്‌കരിച്ചുവെന്നാണ് തെളിയിക്കുന്നത്. അതാണ് എന്റെ അഭിപ്രായത്തില്‍ നമുക്ക് എത്തിച്ചേരാവുന്ന പൊസിറ്റീവ് നോട്ട്.
കടപ്പാട്:
ട്രൂകോപ്പി വെബ്‌സിന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x