ചോദ്യങ്ങള്‍ അധികരിക്കരുത്
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ അബ്ദുര്‍റഹ്മാനുബ്‌നുസഖ്ര്‍(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഞാന്‍ നിങ്ങളോട് വിലക്കിയ കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക. ഞാന്‍ നിങ്ങളോട് കല്‍പിച്ച കാര്യങ്ങള്‍ നിങ്ങളുടെ കഴിവനുസരിച്ച് പ്രാവര്‍ത്തികമാക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിക്കാനിടയായത് അവരുടെ അധികരിച്ച ചോദ്യങ്ങളും നബിമാരോടുള്ള വിയോജിപ്പുമായിരുന്നു (ബുഖാരി, മുസ്‌ലിം)
മതനിയമങ്ങളുടെ ലക്ഷ്യവും രൂപവും സംക്ഷിപ്തമായി വിവരിക്കുന്ന തിരുവചനമാണിത്. മതപരമായ നിര്‍ദേശങ്ങള്‍ വളരെ എളുപ്പമുള്ളതും പ്രയാസരഹിതമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതുമാണ്. അല്ലാഹു നിങ്ങള്‍ക്ക് പ്രായസമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവന്‍ എളുപ്പമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യസാധ്യമല്ലാത്ത യാതൊന്നും അല്ലാഹു നിയമമാക്കിയിട്ടില്ല. ഓരോ വ്യക്തിയുടെയും കഴിവും ശേഷിയും വ്യത്യസ്തമായിരിക്കുക സ്വാഭാവികമാണ്. എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന നിയമങ്ങള്‍ മാത്രമേ മതനിയമങ്ങളായി അവതരിപ്പിച്ചിട്ടുള്ളൂ. ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല” (2:286) എന്ന ഖുര്‍ആന്‍ വചനം ഇത് വ്യക്തമാക്കുന്നു.
മനുഷ്യസമൂഹത്തിന് നന്മയായ എല്ലാ കാര്യങ്ങളും അനുവദനീയമാക്കുകയും വ്യക്തി-കുടുംബ-സാമൂഹിക ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്പിക്കുകയും ചെയ്തതില്‍ നിന്നു ഇസ്‌ലാം നല്‍കുന്ന നന്മയുടെ വെളിച്ചം നാം ഗ്രഹിക്കുന്നു. വിരോധിച്ചവ പാടെ വെടിയുവാനും കല്‍പനകള്‍ പരമാവധി പ്രാവര്‍ത്തികമാക്കാനുമുള്ള നിര്‍ദേശം അല്ലാഹുവിന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. യാതൊരു തരത്തിലുമുള്ള നിര്‍ബന്ധവും ചെലുത്താതെ സ്വന്തം താല്‍പര്യത്തോടെ ചെയ്യുകയെന്നതാണ് ഇസ്‌ലാമിക നിര്‍ദേശങ്ങളുടെ ലക്ഷ്യം. ആത്മാര്‍ഥത അവിടെയാണ്. അപ്പോഴാണ് മനഃപ്രായസമില്ലാതെ നന്മകള്‍ ചെയ്യാനും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാനും മനസ്സ് പ്രേരിതമാവുന്നത്.
നന്മ തിന്മകള്‍ തീരുമാനിച്ചത് ദൃശ്യവും അദൃശ്യവും അറിയുന്ന ലോകരക്ഷിതാവാണ്. അതിനെ സ്വീകരിക്കുകയെന്നതാണ് വിശ്വാസികളുടെ ബാധ്യത. അതിനപ്പുറത്തേക്കുള്ള അനാവശ്യ സംശയങ്ങളും അധികരിച്ച ചോദ്യങ്ങളും അസ്ഥാനത്താണ്. ഭക്തരില്‍ ഏറ്റവും ഭക്തനായ നബി തിരുമേനിയുടെ നടപടപിക്രമങ്ങളാണ് നമ്മുടെ ജീവിതവഴി. കാരണം, അത് ഖുര്‍ആനിക നിര്‍ദേശങ്ങളുടെ പ്രാവര്‍ത്തിക രൂപമത്രെ. അതിനപ്പുറത്തേക്കുള്ള ഭക്തി പ്രവാചക നിന്ദയാണ്. പ്രാവര്‍ത്തികമാക്കുക പ്രയാസകരവും. പ്രവാചകനോടുള്ള സ്‌നേഹം അവിടുത്തെ നടപടിക്രമങ്ങളെ പിന്‍തുടരുകയും അദ്ദേഹം വിലക്കിയതിനെ നിരാകരിക്കലുമത്രെ. അതിന് പുറമെയുള്ള ചോദ്യങ്ങള്‍ അനാവശ്യമാണ്.
”സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെട്ടാല്‍ നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിക്കുന്ന സമയത്ത് നിങ്ങളവയെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെടുകയും ചെയ്യും. അവയെക്കുറിച്ച് അല്ലാഹു മാപ്പ് നല്‍കിയിരിക്കുന്നു” (5:101) എന്ന വിശുദ്ധവചനം അനാവശ്യവും ഉപകാരപ്രദമല്ലാത്തതുമായ ചോദ്യങ്ങളുടെ ദൂഷ്യഫലത്തെ സൂചിപ്പിക്കുന്നു. അത്തരം ചോദ്യങ്ങളും പ്രവാചകന്മാര്‍ കൊണ്ടുവന്നതിനോടുള്ള വിയോജിപ്പും മുന്‍ഗാമികളുടെ നാശത്തിന് ഹേതുവായിരുന്നു എന്നത് ഗൗരവമര്‍ഹിക്കുന്നതാണ്.