തലച്ചോറില്‍ ചിപ്, കമ്പ്യൂട്ടറും മൊബൈലും ചിന്തയനുസരിച്ച് പ്രവര്‍ത്തിക്കും
കീബോര്‍ഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോള്‍ തന്നെ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറും മൊബൈല്‍ ഫോണും യാഥാര്‍ഥ്യമാകുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വയര്‍ലെസ് ചിപ് (ഇംപ്ലാന്റ്) സ്ഥാപിച്ചു. റോബട്ടിക് സര്‍ജറിയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു. തലച്ചോറില്‍നിന്നുള്ള ന്യൂറോണ്‍ സിഗ്‌നലുകള്‍ ചിപ് പിടിച്ചെടുത്ത് വയര്‍ലെസായി കമ്പ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തും. ഉദാ: മൊബൈലില്‍ ഒരു പാട്ടിടണമെന്നു ചിന്തിച്ചാല്‍ മതി, ന്യൂറോണ്‍ സിഗ്‌നല്‍ ആപ്പിലെത്തി നിങ്ങള്‍ക്കുവേണ്ടി പാട്ട് പ്ലേ ചെയ്യാനുള്ള നിര്‍ദേശം നല്‍കും. ഫോണില്‍ തൊടുക പോലും വേണ്ട. ടെലിപ്പതിയെന്നാണ് ഈ സാങ്കേതികവിദ്യയ്ക്കു മസ്‌ക് പേരിട്ടിരിക്കുന്നത്. മുടിനാരിഴയേക്കാള്‍ നേര്‍ത്ത 64 ചെറുനാരുകളാണ് ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങള്‍ ഒപ്പിയെടുക്കുന്നത്. വയര്‍ലെസായി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്.