28 Wednesday
January 2026
2026 January 28
1447 Chabân 9

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്‌

സി കെ ഹംസ ചൊക്ലി

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത് ജമാഅത്ത് അമീര്‍ പി മുജീബുറഹ്മാന്‍ നടത്തിയ പ്രസംഗത്തിന്റെ സുപ്രധാന പോയന്റ് മുസ്ലിം സംഘടനകളുടെ ഐക്യമായിരുന്നു. തുടര്‍ന്ന് പ്രസംഗിച്ച ഡോ. ഫസല്‍ ഗഫൂര്‍ ഇതിനെ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെടേണ്ട ആവശ്യവും കൂടി ചേര്‍ത്തുപറഞ്ഞു. ഈ കാര്യം സമുദായം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുസ്ലിം സംഘടനകളുടെ യോജിപ്പിന് എതിര്‍ നില്‍ക്കുന്ന സംഘടനകളെ തല്‍ക്കാലം പുറത്തുനിര്‍ത്തി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള സംഘടനകളെങ്കിലും യോജിപ്പിന്റെ സാധ്യതകളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ മുമ്പോട്ടുവരണം.
ഇയ്യിടെ ഒരു പണ്ഡിതന്‍ പ്രസംഗിക്കുകയാണ്. വിഷയം ‘തബ്ലീഗുകാരുടെ തൊലിയുരിഞ്ഞു’. വേറൊരു മുഖാമുഖം പരിപാടിയുടെ വിഷയം ‘വഹാബികളെ മലര്‍ത്തിയടിച്ചു’ മറ്റൊരു പണ്ഡിതന്‍ പ്രസംഗിക്കുന്നു. ‘ബൈത്തുല്‍ മുഖദ്ദസ് ജൂതര്‍ പിടിച്ചടക്കിയാലും ഹമാസിന്റെ കയ്യില്‍ കൊടുത്തുകൂടാ. കാരണം അവര്‍ ശീഅകളാണ്’.
മുജാഹിദ് സമ്മേളനത്തില്‍ വേറിട്ടൊരു പ്രസംഗം കൂടി കേള്‍ക്കാനിടയായി. ഡോ. അനില്‍ മുഹമ്മദിന്റെതായിരുന്നു അത്. നമുക്ക് സംഘടനകളുടെ കുറവില്ല. പണ്ഡിതരുടെയോ നേതാക്കളുടെയോ കുറവില്ല. അത് മതരംഗത്തായാലും രാഷ്ട്രീയരംഗത്തായാലും. പക്ഷെ ആര്‍ ആരെയാണ് തോല്‍പിക്കേണ്ടത് എന്നാണ് നോക്കേണ്ടത്. ഈ കൊച്ചുസമുദായം വാ പൊളിച്ചുനില്‍ക്കുകയാണ്. തുടച്ചുനീക്കപ്പെടുന്നതിന് മുമ്പ് ആരാണ് രക്ഷിക്കാന്‍. പടച്ചവന്‍ തുണ.

Back to Top