ചിന്തകള്‍ക്ക് തിരികൊളുത്തിയ ധിഷണാശാലി
കെ പി സകരിയ്യ
എം എസ് എം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. എം എസ് എം പ്രതിനിധി എന്ന നിലക്ക് കെ എന്‍ എം പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവായിരുന്നു. കെ പി മുഹമ്മദ് മൗലവിയായിരുന്നു അന്ന് കെ എന്‍ എം ജനറല്‍ സെക്രട്ടറി. അക്കാലം തൊട്ട് കെ എന്‍ എം പ്രവര്‍ത്തക സമിതിയില്‍ ഡോ. അബ്ദുറഹ്മാന്‍ സാഹിബ് അംഗമായിരുന്നു. അന്ന് തുടങ്ങിയതാണ് ഡോക്ടറുമായുള്ള ബന്ധം.
ഐ എസ് എം, എം എസ് എം ഭാരവാഹികളെ വിളിച്ച് ലോക മുസ്‌ലിം ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ടായിരുന്നു. അക്കാലത്ത് ബി ബി സി അടക്കമുള്ള ലോക വാര്‍ത്താചാനലുകളിലുള്ള വാര്‍ത്തകള്‍ കൈമാറും. പീഡിതരായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും പ്രേരണ ചെലുത്തുമായിരുന്നു. പ്രശസ്തനായ ഒരു ഡോക്ടറായിരുന്നിട്ടും അദ്ദേഹത്തിന്റെ സാധാരണ പ്രവര്‍ത്തന തലം പണക്കാരോടും പ്രമുഖരോടുമൊപ്പമായിരുന്നില്ല. അദ്ദേഹം വ്യക്തികള്‍ക്ക് കല്‍പിച്ചിരുന്ന മൂല്യം അവരിലെ ആത്മാര്‍ഥത, സത്യസന്ധത, നിഷ്‌കളങ്കത എന്നിവ ആസ്പദിച്ചായിരുന്നു. ഡോക്ടര്‍ എന്നും സത്യസന്ധനായിരുന്നു. അദ്ദേഹം ഗുരുവും മാര്‍ഗദര്‍ശിയും പ്രചോദകനുമായിരുന്നു.
1992, പാലക്കാട് മുജാഹിദ് സമ്മേളന കാലം. സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം പാലക്കാട് ചേരുന്നുണ്ട്. യോഗത്തിലേക്ക് മുതിര്‍ന്ന സംഘടനാ നേതാക്കളെയും കൊണ്ട് ഒരു വാഹനം പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. അലി അന്‍വാരി കുനിയിലും ഈ വാഹനത്തില്‍ പോകുന്നുണ്ട്. അക്കാലത്ത് സലഫിയില്‍ ഖാദിയാനിസത്തെ സംബന്ധിച്ച് ഒരു സ്‌പെഷ്യല്‍ പഠന ക്യാമ്പ് നടന്നിരുന്നു. അതിന്റെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്നതിനാല്‍ അലി അന്‍വാരി നിര്‍ബന്ധിച്ചുവെങ്കിലും ഞാന്‍ പോയില്ല. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു. സലഫിയ്യയില്‍ നിന്ന് പോയ വാഹനം അപകടത്തില്‍ പെട്ടു. പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും അവരെ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നുണ്ടെന്നും അറിയിച്ചു.
ഞാന്‍ ഉടനെ ഫോണെടുത്തു ഡോക്ടര്‍ അബ്ദുറഹ്മാന്‍ സാഹിബിനെ വിളിച്ചു. ഡോക്ടര്‍ പറഞ്ഞു: ഞാന്‍ ഉടനെ പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെടും. സകരിയ്യ അവിടെയുള്ളവരെയും കൂട്ടി എത്രയും പെട്ടന്ന് അവിടെയെത്തുക. ഞാന്‍ അവിടെയെത്തുന്നതിന് മുമ്പേ ഡോക്ടര്‍ അവിടെയെത്തി ഹോസ്പിറ്റലിലെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആ അപകടത്തില്‍ കുഞ്ഞാലി മദനി മരണപ്പെട്ടു. അലി അന്‍വാരിക്കും അലി അബ്ദുറസാഖ് മദനിക്കും ഗുരുതരമായ പരിക്കേറ്റു. ഉമര്‍ മൗലവിക്ക് ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നു. അലി അന്‍വാരിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. അന്നേരം വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍ മൗലാനയില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ അബ്ദുറഹ്മാന്‍ ഡോക്ടര്‍ കാറെടുത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോയി അവിടുത്തെ വിദഗ്ധനായ ഡോക്ടറെ കൊണ്ടുവന്നു ഓപ്പറേഷന്‍ നടത്തിച്ചു. പിന്നാലെ വിദഗ്ധമായ ചികിത്സയ്ക്കു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകേണ്ടിയിരുന്നു. ഉടനെ ഒരു ആംബുലന്‍സ് വരുത്തി എല്ലാ സംവിധാനങ്ങളോടും കൂടി അലി അന്‍വാരിയെ അതില്‍ കയറ്റി ഡോക്ടര്‍ അബൂബക്കര്‍ (ചെമ്മാട്) സാഹിബിനോടും എന്നോടും ആ വാഹനത്തില്‍ കയറാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്താന്‍ പറഞ്ഞു. പിന്നാലെ അലി അബ്ദുറസാഖ് മദനിയേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുളള ഏര്‍പ്പാടുകള്‍ ചെയ്തു. ഹോസ്പിറ്റല്‍ തന്നെ ഏറ്റെടുത്തു കൊണ്ടുള്ള ഡോക്ടറുടെ ഇടപെടലും നീക്കവുമെല്ലാം ഇന്നും അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പ്രത്യുല്‍പന്നമതിത്വം എന്നത് അവസരോചിതം ഇടപെടാനുള്ള കഴിവാണ്. ഡോക്ടര്‍ തന്റെ ചിന്തയിലും പ്രവൃത്തിയിലും പ്രത്യുല്‍പന്നമതിയായിരുന്നു.
ഡോക്ടറുടെ ചിന്തയുടെ രണ്ടു വിദ്യാസന്താനങ്ങളാണ് നോബിള്‍ പബ്ലിക് സ്‌കൂളും എയ്‌സ് പബ്ലിക് സ്‌കൂളും. ലോകത്തെവിടെ വിദ്യാഭ്യാസത്തെപ്പറ്റി എന്തെല്ലാം ട്രെയിനിങ്ങുകള്‍ നടക്കുന്നുണ്ടോ അതെല്ലാം ഡോക്ടര്‍ വീക്ഷിക്കുകയും വലിയ പണം ചെലവാക്കി സ്വയം ട്രെയിനിങ് നേടുകയും ചെയ്യുമായിരുന്നു. വിദ്യാഭ്യാസത്തെ പറ്റിയുള്ള ആധുനിക ചിന്തകള്‍ അടങ്ങുന്ന പുതിയ പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കൈവശപ്പെടുത്തുക പതിവായിരുന്നു. ഐപാഡ് രംഗത്ത് വന്ന കാലം. അന്ന് പണ്ഡിതന്മാര്‍ക്കും സംഘാടകര്‍ക്കുമൊന്നും അത് പരിചിതമല്ലായിരുന്നു. അന്ന് ഡോക്ടര്‍ ഒരു ഐപാഡുമായി മര്‍ക്കസുദ്ദഅ്‌വയില്‍ വന്നു. അദ്ദേഹം പറഞ്ഞു: ഇതില്‍ വിദ്യാഭ്യാസ-മെഡിക്കല്‍ മേഖലയിലെയും ഇതര വൈജ്ഞാനിക മേഖലകളിലെയും നിരവധി ഗ്രന്ഥങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള വലിയ ലൈബ്രറിയുണ്ട്. ഞാന്‍ അന്ന് തന്നെ തീരുമാനിച്ചു ഐപാഡ് കൈവശപ്പെടുത്തണമെന്ന്. പിന്നീട് ഈ സാങ്കേതികത ജീവിതത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ടോണി ബുസാന്‍ കണ്ടെത്തിയ മൈന്‍ഡ് മാപ്പിങ്ങ്, ഹാര്‍വാര്‍ഡ് ഗാര്‍ഡ്‌നറുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്നിവ ഡോക്ടര്‍ മുഖേനയാണ് നമുക്കിടയില്‍ പ്രസരിച്ചത്.
സമൂഹത്തിന്റെ മാറ്റത്തിന് പ്രധാനമായും അധ്യാപകര്‍, നേതാക്കള്‍, പണ്ഡിതന്മാര്‍, ഖത്തീബുമാര്‍ എന്നിവരെ മാറ്റിയെടുക്കുകയാണ് വേണ്ടത് എന്ന് ഡോക്ടര്‍ അഭിപ്രായപ്പെടാറുണ്ടായിരുന്നു. ഇവമിഴല ഇഹമ ൈ ഇവമിഴല ടീരശല്യേ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി നാം സംഘടിപ്പിച്ച ടഋഋ ഇഛച എന്ന അധ്യാപകസംഗമം ഡോക്ടര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു. പല ഘട്ടങ്ങളിലായി സംഘടിപ്പിച്ച സ്‌കോളേഴ്‌സ് മീറ്റ്, ഖത്തീബ് കോണ്‍ഫറന്‍സ് എന്നിവയും ഈ മാര്‍ഗത്തിലുള്ള പ്രയാണമായിരുന്നു. ണഛഛഉ, എഞഡകഠ, ഘഋഅഎ, ഞഛഛഠ എന്നീ പേരുകളില്‍ സംഘടനാ ഭാരവാഹികള്‍ക്കായി നടത്തിയ പരിശീലന ഒത്തുചേരലുകളും ഈ ഒരു ചിന്തയുടെ പ്രാവര്‍ത്തിക രൂപമായിരുന്നു.
എല്ലാ വിഭാഗങ്ങളുടെയും ഗുണമേന്മ വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി ഒരു സ്ഥിരം വേദി വേണമെന്ന ഡോക്ടറുടെ ആശയത്തിന്റ പ്രായോഗിക രൂപമായിരുന്നു ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി’ എന്ന സംവിധാനത്തിന്റെ സ്ഥാപനം. വൈജ്ഞാനിക പ്രസന്നത നിലനിര്‍ത്തുന്നതിനായി മാസംതോറും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഭിന്ന വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും ഐ ക്യുവിന്റെ ആഭിമുഖ്യത്തില്‍ നടത്തിയതില്‍ ഡോക്ടറുടെ നിര്‍ദ്ദേശവും പ്രേരണയുമാണുണ്ടായിരുന്നത്.
2018, സംഘടന പുനസംഘടിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഡോക്ടര്‍ പ്രത്യേകമായി മുന്നോട്ടുവെച്ച ആശയം വളരെ സുപ്രധാനമായിരുന്നു. മൂല്യങ്ങള്‍ (്മഹൗല)െ മുറുകെ പിടിക്കുന്ന സ്ഥാപനങ്ങളും സംഘടനകളും മാത്രമേ വിജയകരമായി മുന്നോട്ടു പോവുകയുള്ളുവെന്ന് ചില പ്രശസ്തമായ സ്ഥാപനങ്ങളുടെ ഉദാഹരണം നിരത്തിവെച്ച് പ്രധാന സംഘാടകരോട് സംവദിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണ ആത്മാര്‍ഥതയുള്ള സാധാരണക്കാരാണ് അതിനെ ശക്തിപ്പെടുത്താന്‍ മുമ്പിലുണ്ടായിരിക്കുക എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
നല്ല കാര്യങ്ങളുടെ തുടക്കക്കാരനാവുകയും അതില്‍ പോപ്പുലാരിറ്റി ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത പ്രകടമാക്കി അതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നതില്‍ ഡോക്ടറുടെ പങ്ക് അവിസ്മരണീയമാണ്. സ്ഥിരമായി പ്രതിഫലം വന്നുചേരുന്ന ജാരിയായ സ്വദഖയായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. എന്നാല്‍ അവ മുഖേന ‘ഫോട്ടോമാനിക്’ ആയി മാറുന്ന പ്രവണതയില്‍ നിന്ന് ബഹുദൂരം അകലെയായിരുന്നു ഡോക്ടറുടെ പ്രവര്‍ത്തന പ്രതലം. ഐ എം ബി, പാലിയേറ്റിവ് കെയര്‍, കെയര്‍ ഹോം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഇസ്‌ലാമിക് ട്യൂട്ടോറിയല്‍, ജി ഡി ട്രസ്റ്റ് എന്നിവയുടെയെല്ലാം സ്ഥാപനത്തിലും പ്രയാണത്തിലും ഡോക്ടറുടെ ചിന്താ മുദ്രകളും നേതൃത്വപരമായ പങ്കും ഒരു ശിലയിലും കൊത്തിവെക്കാതെ കുടികൊള്ളുന്നുണ്ട്. അഴിഞ്ഞിലം ഐ എച്ച് ഐ ആറിന്റെ പിന്നില്‍ ബുദ്ധിപരവും സാമ്പത്തികവുമായ നിര്‍ലോഭ പിന്തുണ അദ്ദേഹം നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ ചിന്തയുടെ ആധാരം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യല്‍, നല്ല പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കല്‍, ലോകമാന്യതയിലൂടെ പ്രതിഫലം നഷ്ടപ്പെടാതിരിക്കല്‍ എന്നിവയായിരുന്നു. ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള നിഷ്‌കാമ കര്‍മ ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. സൂറത്തുയാസീനിലെ വാക്യം അദ്ദേഹത്തിന്റെ ജീവിത പ്രമാണമായിരുന്നു: ”തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവരുടെ മുന്‍ചെയ്തികളും അവയുടെ അനന്തര ഫലങ്ങളും നാം എഴുതിവയ്ക്കും. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തിവയ്ക്കും.” (വചനം 12)
നബിയുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ പ്രചോദനവുമായിരുന്നു. മുന്‍ദിര്‍ബ്‌നു ജരീര്‍ (റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമികമായ ഒരു നല്ല കാര്യത്തിന്റെ തുടക്കക്കാരനായാല്‍ അവന് അതിന്റെ പ്രതിഫലമുണ്ട്. അതിന് ശേഷം അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവുമുണ്ട്. അവരുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തന്നെ. (മുസ്‌ലിം 1017). നാഥാ, നീ അദ്ദേഹത്തിന്റെ സദ്കര്‍മങ്ങള്‍ക്ക് സ്വര്‍ഗം നല്കി അനുഗ്രഹിക്കേണമേ. (ആമീന്‍)