28 Thursday
March 2024
2024 March 28
1445 Ramadân 18

ചിന്തകള്‍ ചന്തമുള്ളതാവട്ടെ!

ഡോ. മന്‍സൂര്‍ ഒതായി


ആനപ്പക എന്ന പ്രയോഗം കേട്ടിട്ടില്ലേ? ആനകളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവ ആ പക മനസ്സില്‍ സൂക്ഷിക്കുമത്രേ. വര്‍ഷങ്ങള്‍ കഴിഞ്ഞാലും നോവിച്ച കാര്യം മറന്നുപോവില്ല. തിരിച്ചടിക്കാന്‍ സന്ദര്‍ഭമൊത്തു വന്നാല്‍ ആന പകരം വീട്ടും. ഈ ചൊല്ലു പോലെയാണ് ചില മനുഷ്യരുടെ അവസ്ഥ. മറ്റുള്ളവരോടുള്ള വെറുപ്പും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഊണിലും ഉറക്കിലും ജോലിസ്ഥലത്തും മാത്രമല്ല, വിനോദ വിശ്രമ വേളകളില്‍ പോലും സഹജീവികളോടുള്ള അരിശവും അമര്‍ഷവും കലര്‍ന്ന ചിന്തകള്‍ കൊണ്ടുനടക്കും.
മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. ഹൃദയത്തില്‍ അല്‍പമെങ്കിലും ഈര്‍ഷ്യതയുണ്ടാവുന്നതില്‍ നിന്നും ദൈവത്തോട് രക്ഷചോദിക്കുന്നത് സത്യവിശ്വാസികളുടെ ഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നു. ”സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ.” (വി.ഖു 59:10)
സ്‌നേഹം, കരുണ, വാത്സല്യം, വിട്ടുവീഴ്ച തുടങ്ങിയ സല്‍ഗുണങ്ങളാണ് നമ്മുടെ ഹൃദയത്തെ നിര്‍മലമാക്കുന്നത്. കര്‍മങ്ങളിലൂടെ അവയുടെ പ്രകാശമുണ്ടാവുമ്പോള്‍ ജീവിതം മനോഹരമാകുന്നു. മനസ്സില്‍ വെറുപ്പും വിദ്വേഷവും പേറി നടന്നാല്‍ ജീവിതം ദുസ്സഹമാവുകയും ചെയ്യും. കാരണം, കോപവും പകയും ആളിക്കത്തുന്ന മനസ്സ് സദാ ചഞ്ചലമായിരിക്കും. സ്വസ്ഥതയും ശാന്തിയും അവിടെയുണ്ടാവില്ല. കഠിനമായ ഹൃദയത്തില്‍ സന്തോഷവും സംതൃപ്തിയും പ്രവേശിക്കുകയുമില്ല.
ഓരോ ദിവസവും ആയിരക്കണക്കിന് ചിന്തകളാണ് നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നത്. സന്തോഷവും ആനന്ദവും ആശ്വാസവും അനുഭവപ്പെടുന്ന ചിന്തകള്‍, വേദനയും സങ്കടവും നിരാശയും സൃഷ്ടിക്കുന്ന ചിന്തകള്‍, ഉന്മേഷവും ഊര്‍ജസ്വലതയുമേകുന്ന ചിന്തകള്‍, വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന ചിന്തകള്‍… ചിന്തകളെ മൊത്തത്തില്‍ വിലയിരുത്തിയാല്‍ ഭൂരിപക്ഷവും പ്രയോജനമില്ലാത്തവയാണ്. പലതും നമ്മെ തകര്‍ക്കുന്നവയുമാണ്. അതിനാല്‍ ശരീരവും മനസ്സും വികാരങ്ങളും വിചാരങ്ങളുമെല്ലാം മലിനപ്പെടുത്തുന്ന ചിന്തകളെ നാം നിയന്ത്രിച്ചേ മതിയാകൂ.
ശരീരത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും നാം ഏറെ പ്രാധാന്യം നല്‍കാറുണ്ട്. ശരീരത്തിന് അപകടം വരുത്തുന്ന സന്ദര്‍ഭങ്ങള്‍ നാം സൂക്ഷിക്കാറുണ്ട്. പഴകിയതോ രുചിഭേദം വന്നതോ ആയ ഭക്ഷണങ്ങള്‍ നമുക്ക് വേണ്ടേ വേണ്ട. എങ്കില്‍ നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും നല്‍കുന്ന പോഷണം എന്തുകൊണ്ട് നല്ലതാക്കിക്കൂടാ? ദുഷിച്ചതും നാറിയതും വിഷം പുരണ്ടതുമായ ചിന്തകളെ എന്തിന് മനസ്സില്‍ ചുമക്കണം? പ്രയാസങ്ങളില്‍ ക്ഷമിച്ചും പ്രശ്‌നങ്ങള്‍ പരിഹരിച്ചും മാപ്പ് നല്‍കിയും നമുക്ക് മനസ്സിലെ ഭാരങ്ങള്‍ ഇറക്കിവെക്കാം. ഹൃദയത്തെ മലീമസമാക്കുന്ന, മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകളെ ബോധപൂര്‍വം തടയാം.
മനുഷ്യന്റെ ചിന്തയും സംസാരവും പ്രവൃത്തിയുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സിന് നല്‍കുന്ന ഇന്‍പുട്ട് നന്നാകുമ്പോള്‍ ഔട്ട്പുട്ട് തീര്‍ച്ചയായും മെച്ചപ്പെടും. വിശ്വാസവും വിശുദ്ധിയും നിറഞ്ഞ മനസ്സില്‍ നിന്ന് സല്‍ഫലങ്ങളുള്ള പ്രവര്‍ത്തനങ്ങളേ ഉണ്ടാവൂ. അത്തരം ആളുകള്‍ ശാന്തമായ മനസ്സിന്റെ ഉടമകളായിരിക്കും. അവര്‍ ആകര്‍ഷകമായ ജീവിതം നയിക്കുകയും ചെയ്യും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x