30 Friday
January 2026
2026 January 30
1447 Chabân 11

ചൈന ഷിന്‍ജിയാങില്‍ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം- യു എന്‍


ചൈന ഷിന്‍ജിയാങ് പ്രവിശ്യയില്‍ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്ന് യു എന്‍. ഉയിഗൂര്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ചാണ് യു എന്‍ പരാമര്‍ശം. ചൈനയുടെ എതിര്‍പ്പ് മറികടന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് യു എന്‍ പുറത്തുവിട്ടത്. പാശ്ചാത്യ രാജ്യങ്ങളാണ് റിപ്പോര്‍ട്ടിനു പിന്നിലെന്നായിരുന്നു ചൈനീസ് ആരോപണം. ചൈന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യു എന്‍ അറിയിച്ചു. ദേശീയ സുരക്ഷാ നിയമം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈന ഉപയോഗിച്ചു. ഏകപക്ഷീയമായ തടങ്കല്‍ സംവിധാനമാണ് പ്രദേശത്ത് നിലനിന്നിരുന്നതെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവിശ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ലൈംഗികമായ അതിക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. യു എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബാസൂത്രണത്തിലും ജനന നിയന്ത്രണത്തിലും വിവേചനപരമായ നയമാണ് ചൈന പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ യു എന്‍ കുറ്റപ്പെടുത്തുന്നുണ്ട്. അനധികൃതമായി തടവില്‍ പാര്‍പ്പിച്ച മുഴുവന്‍ പേരെയും ചൈന വിട്ടയക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. അതേസമയം, എത്രത്തോളം പേര്‍ ചൈനയില്‍ തടവിലുണ്ടെന്നതു സംബന്ധിച്ച് യു എന്നിന് കൃത്യമായ വിവരങ്ങളില്ല. 12 മില്യണ്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലുണ്ടെന്നാണ് കണക്ക്.

Back to Top