27 Saturday
July 2024
2024 July 27
1446 Mouharrem 20

കുട്ടികള്‍ വഴിതെറ്റുന്ന സാഹചര്യം ഉണ്ടാവരുത്


കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം കൗമാരക്കാരികള്‍ ഗര്‍ഭിണികളാവുന്നതിലേക്ക് നയിക്കുന്നുവെന്നും ഇതിനു തടയിടണമെന്നുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. 13 വയസ്സുള്ള പെണ്‍കുട്ടിയുടെ 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിനായുള്ള ഹരജി പരിഗണിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം വില്ലനായിരിക്കുന്നത് ഇന്റര്‍നെറ്റില്‍ സുലഭമായ അശ്ലീല കാഴ്ചകളും വെബ്‌സൈറ്റുകളുമാണ്. ഇതില്‍ നിത്യസന്ദര്‍ശകരായി മാറുന്ന കുട്ടികള്‍ വഴിതെറ്റിപ്പോവുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും പ്രലോഭനങ്ങളുമാണ് ഇത്തരം സൈറ്റുകളിലൂടെ ലഭിക്കുന്നത്. ലൈംഗികതയെക്കുറിച്ച് യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലാത്ത കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നു. സ്വന്തം രക്തബന്ധത്തിന്റെ വില പോലും മനസ്സിലാകാത്ത വിധം ആഴമേറിയ വീഴ്ചയാണ് സംഭവിക്കുന്നത്. കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങളില്‍ മിക്കതിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണ്. എന്നാല്‍, ഇരകളും പ്രതികളും ഒരേ വീട്ടില്‍ നിന്നാകുന്ന സാഹചര്യത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്ന നിരവധി അതിക്രമങ്ങള്‍ ഉണ്ടാവാം. ഗര്‍ഭധാരണം തടയുന്ന വിധത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കലാണ് ഇതിനു പരിഹാരമെന്നു കരുതുന്ന ലിബറല്‍ ചിന്തകരുണ്ടാവാം. കുടുംബം എന്ന സ്ഥാപനത്തെത്തന്നെ തകര്‍ത്തു കളയുന്ന ലിബറല്‍ കാഴ്ചപ്പാടിനോട് മതവിശ്വാസികള്‍ക്ക് യോജിക്കാനാവില്ല. അടുത്ത ബന്ധുക്കളില്‍ നിന്നുണ്ടാവുന്ന ലൈംഗിക പ്രലോഭനങ്ങള്‍ തീര്‍ച്ചയായും ചൂഷണത്തിന്റെയും അധികാരത്തിന്റെയും വഴിയിലാണ് നടക്കുന്നത്. അതിനാല്‍ തന്നെ സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചുള്ള അറിവ് നല്‍കല്‍ പരിഹാരമേയല്ല, മറിച്ച് അത്തരം സാഹചര്യങ്ങളിലേക്ക് പോകുന്നതിനെ തടയുന്ന ബോധവത്കരണമാണ് വേണ്ടത്.
സോഷ്യല്‍ മീഡിയകളും ഇന്റര്‍നെറ്റും തുറന്നിടുന്ന വിശാലമായ ലോകത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘അമ്മ അറിയാന്‍’ എന്ന പദ്ധതി ഈ മേഖലയിലെ അനിവാര്യമായ കാല്‍വെപ്പാണ്. മക്കളുടെ കമ്പ്യൂട്ടര്‍-മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. മാതാപിതാക്കളുടെ തലമുറയ്ക്ക് പരിചിതമല്ലാത്ത സാങ്കേതികവിദ്യ എന്ന നിലയില്‍ മക്കളെ പൂര്‍ണമായും ആശ്രയിക്കുന്ന സ്ഥിതി ഉണ്ടാവരുത്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള പാസ്‌വേഡുകളും ബാങ്കിങ് വിവരങ്ങളും പങ്കുവെക്കാന്‍ പാടുള്ളതല്ല. മക്കള്‍ക്കാണ് കൂടുതല്‍ അറിയുക എന്ന ന്യായത്തില്‍ എല്ലാം അവര്‍ക്ക് കൈമാറുന്ന സാഹചര്യമുണ്ടാവരുത്. ഒന്ന് ശ്രമിച്ചാല്‍ പഠിച്ചെടുക്കാവുന്ന കാര്യങ്ങള്‍ സ്വയം പഠിക്കാന്‍ മാതാപിതാക്കളില്‍ ഒരാളെങ്കിലും സന്നദ്ധരാവണം. മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടാവണം. കോവിഡ് കാലത്തെപ്പോലെ ഇന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ഡിജിറ്റലല്ല. എന്നാല്‍ മൊബൈലിനെ പാടേ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പ്രക്രിയ സാധ്യവുമല്ല. അതിനാല്‍ തന്നെ സൈബര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള പ്രായോഗികവും സാങ്കേതികവുമായ നടപടികള്‍ സ്വീകരിക്കണം. മൊബൈല്‍ ഉപയോഗം നിഷേധിക്കുകയല്ല വേണ്ടത്, മറിച്ച്, അതിന് സുതാര്യമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുക. മൊബൈലും കമ്പ്യൂട്ടറുമെല്ലാം വീട്ടിലെ പൊതുഇടങ്ങളില്‍ വെച്ച് ഉപയോഗിക്കാന്‍ ശീലിപ്പിക്കുക, സ്‌ക്രീന്‍ അഡിക്ഷന്‍ ഉണ്ടാകുന്ന വിധത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കരുത്, ഗൂഗിള്‍ ഫാമിലി ലിങ്ക് ഉപയോഗിച്ച് ആവശ്യമായ പാരന്റല്‍ കണ്‍ട്രോള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സൈബര്‍ രംഗത്തെ പ്രമുഖര്‍ നല്‍കുന്നത്.
അതോടൊപ്പം തന്നെ മക്കള്‍ക്ക് ധാര്‍മിക ബോധവും ശിക്ഷണവും നല്‍കുക, ആരാധനാനിഷ്ഠയും ഭക്തിയും വളര്‍ത്തുന്ന സാഹചര്യം വീട്ടില്‍ സൃഷ്ടിക്കുക, മക്കളുടെ സൃഹൃത്തുക്കള്‍ ആരെന്നത് അറിഞ്ഞിരിക്കുക, ധാര്‍മിക ബോധമുള്ള വിദ്യാര്‍ഥി സംഘങ്ങളില്‍ സജീവമാകാന്‍ അവരെ പ്രേരിപ്പിക്കുക, അല്ലാഹുവിലുള്ള വിശ്വാസം രൂഢമൂലമാകാന്‍ സഹായകമാകുന്ന വിധത്തില്‍ ജീവിതശൈലി ക്രമീകരിക്കുക, വിവാഹത്തിലൂടെയല്ലാത്ത ഏത് തരത്തിലുള്ള ലൈംഗിക ബന്ധവും തിന്മയാണെന്ന ചിന്ത ഉറപ്പിക്കുക, ലൈംഗിക ആഭാസങ്ങള്‍ ഉള്ളടങ്ങിയ വീഡിയോകളെയും സിനിമകളെയും ലളിതമായി കാണാതെ, അതിനെപ്പറ്റി ബോധവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മതസംഘടനകളുടെ ഭാഗത്തുനിന്ന് നല്‍കാനാവുന്നത്. മതബോധവും സൈബര്‍ സാക്ഷരതയും ഒരുമിച്ചുകൊണ്ടുള്ള ശിക്ഷണം വീട്ടില്‍ നിന്നുതന്നെ നല്‍കണമെന്നാണ് സമകാലിക സംഭവങ്ങള്‍ നമ്മോട് പറയുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x