ബിരുദം തടഞ്ഞതില്‍ പ്രതിഷേധിച്ച് ചിക്കാഗോ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍
ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ നിന്നു വിട്ടുനിന്ന് വിദ്യാര്‍ഥികള്‍. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചും ചില വിദ്യാര്‍ഥികളുടെ ബിരുദം തടഞ്ഞുവെച്ചതിനെതിരെയുമായിരുന്നു ചിക്കഗോ യൂനിവേഴ്‌സിറ്റിയിലെ പ്രതിഷേധം. ചടങ്ങില്‍ നിന്നു ഇറങ്ങിവന്ന വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുകയായിരുന്നു. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് മുദ്രവാക്യം വിളിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഇതുമായി ബന്ധപ്പെട്ട് പരിപാടിയും സംഘടിപ്പിച്ചു. ഫലസ്തീന്‍ പതാകകളുമായാണ് വിദ്യാര്‍ഥികള്‍ ചിക്കാഗോയിലെ തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസമാണ് യൂനിവേഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ബിരുദം തടഞ്ഞുവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഇത്തരത്തില്‍ ബിരുദം തടഞ്ഞുവെച്ചതെന്ന് ഇവരെ അറിയിച്ചതായി യൂനിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി കൂട്ടായ്മ അറിയിച്ചു.