2 Wednesday
July 2025
2025 July 2
1447 Mouharrem 6

ചെറു സംഘങ്ങളില്‍ വിശ്വാസമര്‍പ്പിച്ച നേതാവ്‌

ഡോ. കെ ടി അന്‍വര്‍ സാദത്ത്‌


കര്‍മനിരതമായ ഒരു ആയുഷ്‌ക്കാലം; ഡോക്ടര്‍ കെ അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വേറിട്ട കാഴ്ചപ്പാടുകളോടെ കണിശമായ നിലപാടുകളില്‍ ഊന്നി സംസാരിക്കാന്‍ ഇനി ഡോക്ടറില്ല. നിശബ്ദമായി ഡോക്ടര്‍ തുടങ്ങിവെച്ച പലതും വളര്‍ന്നു പന്തലിച്ച് ഒരു ജനതക്ക് ആകമാനം അനുഭവവേദ്യമായിരിക്കുന്നു. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണ സംരംഭങ്ങള്‍ എന്നിങ്ങനെ ഡോക്ടറുടെ കയ്യൊപ്പു പതിഞ്ഞ പ്രത്യേക ഇടങ്ങള്‍ ഇസ്‌ലാഹീ പ്രവര്‍ത്തന രംഗത്ത് കണ്ടെത്താന്‍ സാധിക്കും. ഇസ്‌ലാഹിന്റെ വൈവിധ്യത്തെ പ്രവര്‍ത്തനപഥത്തില്‍ സ്വീകരിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാം. കൈവെച്ച മേഖലകളെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് ഡോക്ടറുടെ പ്രവര്‍ത്തന മഹിമ.
പ്രതീക്ഷ നഷ്ടപ്പെട്ട് വീടുകളുടെ നാല് ചുമരുകള്‍ക്കുള്ളില്‍ വേദന തിന്ന് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് രോഗികള്‍ക്കാണ് പാലിയേറ്റിവ് പ്രസ്ഥാനം ആശ്വാസമായത്. തുടക്കക്കാരനാണെങ്കിലും അതെല്ലാം തന്നില്‍ തന്നെ കെട്ടിക്കിടക്കണമെന്ന് ഡോക്ടര്‍ ഒരിക്കലും ആഗ്രഹിച്ചില്ല. നന്മകളെ പടര്‍ന്നുപരക്കാന്‍ അഴിച്ചുവിട്ട ഡോക്ടറുടെ തീരുമാനം ഒരു വലിയ ശരിയാണ്. അതുകൊണ്ടു തന്നെയാണ് പാലിയേറ്റിവ് ഒരു പൊതുജന പങ്കാളിത്തമുള്ള സംരംഭമായതും ആയിരക്കണക്കിന് ആളുകള്‍ക്ക് അത്താണിയായതും.
വലിയ സദസ്സുകളില്‍ സംസാരിക്കാന്‍ എന്നെ വിളിക്കരുത്, മറിച്ച് ചെറിയ ചെറിയ കൂട്ടങ്ങളോട് സംവദിക്കാന്‍ ഞാന്‍ വന്നുകൊള്ളാമെന്ന് ഡോക്ടര്‍ പറയാറുണ്ടായിരുന്നു. തന്റെ ചിന്തകളെ സഫലമാക്കാവുന്ന വിധത്തില്‍ കൈമാറ്റം ചെയ്യപ്പെടണമെന്ന് അദ്ദേഹം വളരെയേറെ ആഗ്രഹിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിനെ ആന്തരികാര്‍ഥത്തിലേക്ക് ഇറങ്ങിചെന്ന് പഠിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് അതായിരുന്നു പലപ്പോഴും പ്രാമുഖ്യത്തോടെ പറയാനുണ്ടായിരുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനുള്ള പണം പ്രവര്‍ത്തകരുടെ അധ്വാന വിഹിതത്തില്‍ നിന്ന് കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ‘സനാബില്‍’ പദ്ധതിയുടെ തുടക്കം അങ്ങനെയായിരുന്നു.
റേഡിയോ ഇസ്‌ലാമിന്റെ അനന്തസാധ്യതകളെ തിരിച്ചറിഞ്ഞ ഡോക്ടര്‍ നിര്‍ലോഭം സാമ്പത്തിക സഹായങ്ങള്‍ അതിന്നായി നല്‍കിയിരുന്നു. ഇടക്കിടെ ചില ഓര്‍മപ്പെടുത്തലുകള്‍ക്കായി വിളിച്ചിരുന്ന അദ്ദേഹം അവസാനം സംസാരിച്ചത് മര്‍കസുദ്ദഅ്‌വയില്‍ സ്റ്റുഡിയോ നിര്‍മാണം നടന്നുകൊണ്ടിരുന്ന സമയത്താണ്. സ്റ്റുഡിയോയുടെ ക്വാളിറ്റിയില്‍ യാതൊരു കോംപ്രമൈസും ചെയ്യരുത്, ഏറ്റവും മികച്ച രീതിയില്‍ അത് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി. ഡോക്ടറുടെ ആഗ്രഹം പോലെ തന്നെ മികച്ച ഒരു സ്റ്റുഡിയോ പണികഴിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്.
പണക്കാര്‍ക്ക് സംഘടനയില്‍ അമിത പ്രധാന്യം നല്‍കരുതെന്ന് ഡോക്ടര്‍ ഒരിക്കല്‍ പറഞ്ഞു. സംഘടനാ സ്ട്രക്ചറിലൂടെ സാധാരണ പ്രവര്‍ത്തകരായി കയറി വന്നവരാണെങ്കില്‍ അവര്‍ക്ക് ജനാധിപത്യരീതിയിലൂടെ കൊടുക്കാവുന്ന സ്ഥാനങ്ങള്‍ നല്‍കാമെന്നും അതല്ലാതെ അവരുടെ പണം മാനദണ്ഡമാക്കി സ്ഥാനമാനങ്ങള്‍ പതിച്ചുനല്‍കരുതെന്നും അദ്ദേഹം താക്കീത് നല്‍കുകയുണ്ടായി. കെ പി മുഹമ്മദ് മൗലവിയായിരുന്നു ഡോക്ടറുടെ ഊര്‍ജം. പലപ്പോഴും സംസാരങ്ങള്‍ക്കിടയില്‍ കെ പി കടന്നുവരും. കെ പിയില്‍ ഡോക്ടര്‍ കണ്ട ഗുണങ്ങള്‍ പുതുതലമുറക്ക് കൈമാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ കൂടിയാലോചനയുടെ ഗൗരവം അദ്ദേഹം പലതവണ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിരുന്നു. ഐ എസ് എമ്മുകാരിലാണ് പ്രതീക്ഷ, നിങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന് അദ്ദേഹം ഉണര്‍ത്താറുണ്ടായിരുന്നു.
സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തിയ ഡോക്ടര്‍ സംഘടനാ നേതൃത്വത്തിന് എന്നും മാതൃകയാണ്. ഡോക്ടര്‍ സംസാരിക്കുമ്പോഴൊക്കെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അത് ആ വ്യക്തിത്വത്തിന്റെ ദൈവപ്രീതിയിലുള്ള താല്‍പര്യം ബോധ്യപ്പെടുത്തുന്നതാണ്. ആളുകളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കരുത്, ആവശ്യത്തിലധികം ഫോട്ടോ താല്‍പര്യം കാണിക്കരുത്, സംഘടനയുടെ പൊതുഫണ്ട് ഒരിക്കലും സ്വന്തം കയ്യിലായി പോകരുത്, സംഘടന ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തന്ന സ്ഥാനം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത്.
റേഡിയോ ഇസ്‌ലാമിലൂടെ പുറത്തുവരണമെന്ന് ഡോക്ടര്‍ ആഗ്രഹിച്ച ഒരു പരിപാടിയുണ്ട്. ആ പ്രോഗ്രാമിന് ആവശ്യമായ പുസ്തകം അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്നും അതിന്റെ ഫോട്ടോകോപ്പി നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡോക്ടറുടെ ആ ആഗ്രഹം റേഡിയോയിലൂടെ നടപ്പിലാക്കണം. സര്‍വാധിനാഥനായ തമ്പുരാനേ, അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം പൊറുത്തുകൊടുക്കേണമേ. സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അദ്ദേഹത്തെ നീ ആദരിക്കേണമേ. അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തിയ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവരായി ഞങ്ങളെ നീ മാറ്റിത്തീര്‍ക്കേണമേ. (ആമീന്‍).

Back to Top