സമൂഹ ഇഫ്താറൊരുക്കി ചെല്‍സി
ഇംഗ്ലീഷ് കളിമൈതാനങ്ങളില്‍ പുതിയ ചരിത്രമെഴുതി വിഖ്യാത പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി. മുസ്‌ലിംകളുടെ പുണ്യമാസമായ റമദാനില്‍ സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സമൂഹ ഇഫ്താറൊരുക്കിയാണ് വേറിട്ട മാതൃക സൃഷ്ടിച്ചത്. ഇഫ്താറിലേക്ക് സ്വന്തം ആരാധകര്‍ക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് ഒരു ക്ലബ് നേരിട്ട് ഇഫ്താര്‍ ഒരുക്കുന്നത്. ചെല്‍സിയുടെ ആദ്യ കറുത്ത വംശജനായിരുന്ന പോഹ കനോവില്‍ ആയിരുന്നു ഇഫ്താറിലെ മുഖ്യാഥിതി. ഒരു ഫുട്ബാള്‍ ക്ലബ് ആത്മീയതയും പാരമ്പര്യവും പൈതൃകവും മനസ്സിലാക്കണമെന്നും ഈ ഇഫ്താര്‍ അത്തരത്തിലുള്ള ആഘോഷമാണെന്നും പരിപാടിയില്‍ സംസാരിച്ച ചെല്‍സി ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡാനിയല്‍ ഫിങ്കെല്‍സ്റ്റീന്‍ പറഞ്ഞു. ‘റമദാന്‍ ടെന്റ് പ്രൊജക്റ്റ്’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ക്കിടയില്‍ തറയിലാണ് നോമ്പ്തുറ വിഭവങ്ങള്‍ നിരത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആരാധകരെല്ലാം നോമ്പു തുറയില്‍ പങ്കെടുക്കാനെത്തിയിരുന്നു.