28 Thursday
November 2024
2024 November 28
1446 Joumada I 26

Chat GPTയുടെ കാലത്ത് മനുഷ്യബുദ്ധി എന്തു ചെയ്യണം?

ജൗഹര്‍ കെ അരൂര്‍


വിവരസാങ്കേതിക രംഗം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ ഇടപെടുന്ന സര്‍വ മേഖലകളിലും അത് കൈകടത്തിക്കഴിഞ്ഞു. സാങ്കേതികതയോട് ചേര്‍ന്നു സഞ്ചരിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും ഇക്കാലത്ത് മനുഷ്യനില്ല.
ഇലോണ്‍ മസ്‌കിന്റെ OpenAI എന്ന കമ്പനി പുറത്തിറക്കിയ ChatGPT എന്ന ചാറ്റ് ബോട്ട് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ChatGPT തുടങ്ങി ഒരാഴ്ചക്കകം പത്ത് ലക്ഷത്തിലധികം ആളുകള്‍ ഉപയോഗിച്ചുതുടങ്ങിയെന്നാണ് കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്‌മെന്‍ അവകാശപ്പെടുന്നത്. ആഗോളതലത്തില്‍ ഇത്രമേല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ തക്ക എന്ത് പ്രത്യേകതയാണ് ഇവമഏേജഠക്കുള്ളത് എന്ന് പരിശോധിക്കുമ്പോള്‍ അത്ഭുതകരമായ ചില കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
ആകാശത്തിനു താഴെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്ന ഒരു ആത്മസുഹൃത്തിനോട് സംസാരിക്കുന്നതുപോലുള്ള ഒരു ഫീല്‍ ChatGPTക്ക് നല്‍കാന്‍ കഴിയുന്നു എന്നതാണ് അതിന്റെ ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത. ഉദാഹരണത്തിന് എങ്ങനെ ബിരിയാണിയുണ്ടാക്കാം എന്ന് നാം ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പലരാല്‍ തയ്യാറാക്കപ്പെട്ടു അപ്‌ലോഡ് ചെയ്യപ്പെട്ട റെസിപ്പികളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ഇന്‍ഡക്‌സുള്ള ലിങ്കുകളാണ് നമുക്കു മുന്നില്‍ ഗൂഗിള്‍ തുറന്നിടുക. അതില്‍ നിന്ന് നമുക്ക് ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുത്ത് നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം.
എന്നാല്‍ ChatGPTയോട് ഇതേ കാര്യം നാം ചോദിച്ചാല്‍ ഒരു ആത്മസുഹൃത്ത് ബിരിയാണി ഉണ്ടാക്കുന്ന രൂപം നമുക്ക് വിവരിച്ചുതരുന്നതുപോലെ നമുക്ക് വിവരിച്ചുതരും. ഇടയില്‍ വരുന്ന സംശയങ്ങള്‍, വിഷയവുമായി ബന്ധപ്പെട്ട ഉപചോദ്യങ്ങള്‍ എല്ലാം തന്നെ ഒരു വാട്‌സ്ആപ്പ് ചാറ്റിലെന്നപോലെ ChatGPTയുമായി ചര്‍ച്ച ചെയ്യാന്‍ സാധിക്കും. ലോകോത്തര കമ്പനികളുടെ സി ഇ ഒമാര്‍ അടക്കമുള്ള ഈ രംഗത്തെ ബുദ്ധിജീവികളൊക്കെ ChatGPTയെ ഒരു വിപ്ലവകരമായ മാറ്റമായിട്ടാണ് കാണുന്നത് എന്ന് അവരുടെ റിവ്യൂകളില്‍ നിന്ന് വ്യക്തമാകും.
അലക് റാഡ്‌ഫോര്‍ഡും സഹപ്രവര്‍ത്തകരും എഴുതി, 2018 ജൂണ്‍ 11ന് പ്രസിദ്ധീകരിച്ച സ്വാഭാവിക ഭാഷാ മോഡലിനെക്കുറിച്ചുള്ള ഒരു പ്രബന്ധം ഒരു ഭാഷാ മോഡലിന് പൊതുവിജ്ഞാനം നേടാന്‍ കഴിയുമെന്ന് വെളിപ്പെടുത്തി. ഒരു വാചകത്തിലെ വാക്കുകള്‍ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് മെഷീന്‍ ലേണിങ് ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഈ പ്രബന്ധം വിശദീകരിക്കുന്നു. മേല്‍നോട്ടമില്ലാതെ പരിശീലിപ്പിക്കുന്ന മെഷീന്‍ ലേണിങ് ഭാഷാ മാതൃകയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പ്രബന്ധത്തിന്റെ ചുവടുപിടിച്ചാണ് OpenAI ലബോറട്ടറി വിവിധ GPT മാതൃകകള്‍ നിര്‍മിച്ചിരിക്കുന്നത്. ലാഭേച്ഛയില്ലാതെയാണ് ഛുലിഅക ഗവേഷണ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്.
നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഗവേഷണങ്ങള്‍ തുടങ്ങിയ കാലം മുതല്‍ കമ്പ്യൂട്ടറുകള്‍ക്ക് മനുഷ്യര്‍ക്ക് സാധ്യമാകുന്നതുപോലെയുള്ള ഭാഷാ സ്വാധീനം നല്‍കാന്‍ സാധിക്കുമോ എന്നു ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്.
ഇതിനായി വിവിധ തരം ഭാഷാ മാതൃകകളെപ്പറ്റി പഠിക്കുന്ന നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് (NLP) എന്ന ഒരു ഉപശാഖ തന്നെ ഈ വിഷയത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഒരു മനുഷ്യ ഭാഷയെ കമ്പ്യൂട്ടര്‍ മോഡലുകളാക്കി മാറ്റുക എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രവര്‍ത്തനമാണ്. നമ്മള്‍ പറയുന്ന ഓരോ വാക്കും അതിനു മുമ്പുള്ളതും പിന്നീട് വരുന്നതുമായ വാക്കുകളോട് ചേര്‍ത്തുവച്ചാണ് ഒരു ആശയമായി നാം ആവിഷ്‌കരിക്കുന്നത്.
സന്ദര്‍ഭത്തിനനുസരിച്ച് വരുന്ന വാക്കുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഒരു ഭാഷാ മാതൃക നമ്മുടെ തലച്ചോറിനുള്ളില്‍ പരിശീലിപ്പിച്ചുവെച്ചിട്ടുണ്ട്. തലച്ചോറിനുള്ളില്‍ ലഭ്യമായ വലിയൊരു പദസഞ്ചയത്തില്‍ നിന്ന് ഏറ്റവും ഉചിതമായ ഒരു വാക്കായിരിക്കും ഒരാള്‍ പറയുക. ഓരോ തവണയും നമ്മള്‍ സംസാരിക്കുമ്പോള്‍ ആ മോഡലിനുള്ളില്‍ നിന്ന് ഉചിതമായ പദങ്ങള്‍ സന്ദര്‍ഭത്തിനനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കാനുള്ള കഴിവാണ് ഒരാളുടെ ഭാഷാ സ്വാധീനം. കവികള്‍ക്കും എഴുത്തുകാര്‍ക്കും പ്രസംഗകര്‍ക്കും ഒക്കെ ഈ കഴിവ് കൂടുതലായിരിക്കും.
മനുഷ്യന്റെ ഭാഷയെ വിശകലനം ചെയ്ത് ആശയങ്ങളെ മാത്രം കണ്ടെത്തി പല തരത്തിലുള്ള പ്രോസസിംഗുകളും നടത്താന്‍ കഴിവുള്ള സാങ്കേതികവിദ്യകള്‍ ഗവേഷകര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്താലാണ് പലപ്പോഴും നമുക്ക് തര്‍ജമ, ടെക്സ്റ്റ്-ടു-സ്പീച്ച്, സ്പീച്ച്-ടു-ടെക്സ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ മൊബൈല്‍ ഫോണിലും മറ്റും ലഭിക്കുന്നത്. ഇത്തരത്തില്‍ മനുഷ്യരെപ്പോലെ സന്ദര്‍ഭോചിതം വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നിര്‍മിതബുദ്ധി സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ChatGPTയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ജനറേറ്റീവ് പ്രീട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍ (GPT) എന്ന ഭാഷാ മാതൃകയാണ് ഈ സംവിധാനത്തിന് സഹായകമാവുന്നത്.

കേവലം ബിരിയാണി റെസിപ്പിയിലോ ട്രാന്‍സ്‌ലേഷനിലോ ഒതുങ്ങുന്നതല്ല ChatGPTയെന്ന സംവിധാനത്തിന്റെ സ്വാധീനം. ഉദാഹരണത്തിന് നമുക്കൊരു വിഷയത്തില്‍ ഒരു കവിത എഴുതണം, അല്ലെങ്കില്‍ കഥ എഴുതണം, അല്ലെങ്കില്‍ പ്രബന്ധം എഴുതണം- ഇങ്ങനെ മനുഷ്യന്റെ ഭാവനയിലൂടെ മാത്രം പുറത്തുവന്നിരുന്ന ഇത്തരം ക്രിയേറ്റീവ് പ്രോഡക്ടുകള്‍ മുഴുവന്‍ ChatGPTയിലൂടെ നിമിഷനേരം കൊണ്ട് നമുക്ക് ലഭ്യമാകും.
ഇംഗ്ലീഷില്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് വളരെ വേഗത്തിലും കൃത്യവുമായ പ്രതികരണങ്ങള്‍ ChatGPT- നല്‍കുന്നുണ്ടെങ്കിലും മലയാളം പോലുള്ള ഭാഷകളില്‍ ഉള്ളവ അല്‍പം സാവധാനത്തിലാണെന്നു മാത്രമല്ല, പ്രത്യേകിച്ച് യാതൊരു അര്‍ഥവുമില്ലാത്തവയുമാണ്. ലേഖനങ്ങള്‍ക്ക് വലിയ തെറ്റു പറയാന്‍ പറ്റില്ലെങ്കിലും മലയാളത്തില്‍ എഴുതുന്ന കവിതയൊക്കെ ശുദ്ധ അബദ്ധമാണ്. ഒരു മൂന്നാം തലമുറ ചാറ്റ് എന്‍ജിനായ ജിപിടി-3 ഏകദേശം 17,500 കോടി ഘടകങ്ങള്‍ ഉപയോഗിച്ച് പരിശീലനം നല്‍കപ്പെട്ടതാണ്. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനങ്ങള്‍ അനായാസം ചെയ്യാന്‍ കഴിയുന്ന ഇതിന്, വാക്യഘടന മനസ്സിലാക്കുക, ജീവചരിത്രപരമായ ഉപന്യാസങ്ങളും കാല്‍പനിക കവിതകളും രാഷ്ട്രീയ വിമര്‍ശനങ്ങളും എഴുതുക, ഗണിത സമവാക്യങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുക എന്നീ ക്രിയകളും ചെയ്യാന്‍ കഴിയും.
ഒരു ആശയം നല്‍കിയാല്‍ അതിനു യോജിച്ച വെബ്‌സൈറ്റ് ഉണ്ടാക്കാനുള്ള കോഡ് സൃഷ്ടിക്കുക, സ്‌പ്രെഡ്ഷീറ്റുകളില്‍ പ്രവര്‍ത്തിച്ച് പ്രവചനങ്ങള്‍ നടത്തുക, നമുക്ക് ആവശ്യമുള്ള ഒരു വിവരം ക്രോഡീകരിച്ച് നല്‍കുക, വിവിധ ഭാഷകളിലേക്ക് തര്‍ജമ നടത്തുക ഇത്യാദിയെല്ലാം ചെയ്യുന്ന ഒരു ട്രാന്‍സ്‌ഫോമര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ഇത്. പരസ്പരബന്ധമില്ലാത്ത മറുപടികള്‍ ചിലപ്പോള്‍ തരുമെങ്കിലും ChatGPTയുടെ കഴിവിനെ അക്കാദമിക സമൂഹം കരുതലോടെയാണ് സമീപിക്കുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ അറിവുകളും ആശയവിനിമയങ്ങളും നല്‍കി പരിശീലിപ്പിച്ചിരിക്കുന്ന ഈ സങ്കേതത്തിന് മനുഷ്യനേക്കാള്‍ മെച്ചമായ കൃതികള്‍ സൃഷ്ടിക്കാനാവുന്നതില്‍ അത്ഭുതമില്ല. ഒരു കോളജ് വിദ്യാര്‍ഥിയെക്കാള്‍ മെച്ചമായി ഇതിന് എഴുതാനാവും. ഇത് ഏതെങ്കിലും ഒരുകൂട്ടം ഉത്തരങ്ങള്‍ സ്റ്റോര്‍ ചെയ്ത് അത് എടുത്തുതരുന്ന ഒരു സംവിധാനമേ അല്ല. ഒരു മനുഷ്യന്‍ എങ്ങനെയാണോ ഇതെല്ലാം തയ്യാറാക്കുന്നത് അതുപോലെത്തന്നെ യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം ChatGPT തയ്യാറാക്കി നല്‍കും.
ഓഫീസ് അസിസ്റ്റന്റ് പോലുള്ള ജോലി മേഖലകള്‍ അപ്രസക്തമാക്കാന്‍ ChatGPT- കാരണമാകുമെന്ന് തൊഴില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മെയില്‍ കമ്പോസ് ചെയ്യല്‍, കണ്‍സെപ്റ്റ് നോട്ട് തയ്യാറാക്കുക, കാര്യങ്ങള്‍ സംഗ്രഹിക്കുക തുടങ്ങിയവയാണല്ലോ അത്തരം തസ്തികയിലുള്ളവരുടെ പ്രധാന ജോലി. ഇതെല്ലാം ChatGPT വഴി വളരെ നിസ്സാരമായി ചെയ്യാന്‍ സാധിക്കും. കോഡിങും പ്രോഗ്രാമിങ് പോലും ചെയ്യാന്‍ കഴിവുള്ളതാണ് ഈ ടെക്നോളജി. എങ്കിലും പ്രോഗ്രാമിങ് തലത്തിലൊക്കെ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരെ ഇത് ബാധിക്കാന്‍ സാധ്യത കുറവാണ്. കാരണം എന്തു തരത്തിലുള്ള പ്രോഗ്രാമാണ് നിര്‍മിക്കേണ്ടതെന്ന് അറിയുന്നത് അവര്‍ക്ക് മാത്രമാണല്ലോ. എങ്കിലും ചെറിയ രീതിയില്‍ ഇത് എല്ലാ മേഖലയെയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
ഇതിനെ ഒരിക്കലും ഗൂഗിളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഗൂഗിള്‍ നല്‍കുന്നത് ലൈവായിട്ടുള്ള ഡാറ്റയാണ്. പക്ഷേ ChatGPT ട്രെയിന്‍ഡ് ആയിട്ടുള്ള ഡാറ്റയാണ് നല്‍കുന്നത്. 2021 വരെയാണ് ChatGPT ട്രെയിന്‍ ചെയ്തത് എന്നാണ് ലഭ്യമായ വിവരം. ഈ ഒരു കാലത്തിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ChatGPTക്ക് കഴിയണമെന്നില്ല. പക്ഷേ, ഇത് റിസര്‍ച്ച് ഫേസിലുള്ള ഒരു ടെക്‌നോളജി ആയതുകൊണ്ട് ഇത് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ടുവരും.
ഇനിയുള്ള കാലം ഡിജിറ്റല്‍ അസിസ്റ്റന്റുമാരുടേതായിരിക്കും എന്നതിന്റെ വലിയ ഒരു സൂചനയാണ് ChatGPT എന്ന് നമുക്ക് നിസ്സംശയം പറയാം. പേഴ്‌സണല്‍ അസിസ്റ്റന്റായിട്ടു പോലും നമുക്ക് ChatGPTയെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ പല മേഖലകളിലെയും തൊഴിലിനെ ഇത് സാരമായിത്തന്നെ ബാധിക്കും.
ടെക്‌നോളജികളുടെ മുന്നേറ്റത്തെ ചെറുത്തു തോല്‍പിക്കുക അസാധ്യമാണ്. അതുകൊണ്ട് ടെക്‌നോളജികളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും ആ മാറ്റങ്ങളില്‍ നമുക്കുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇനിയുള്ള കാലം നമ്മുടെ അതിജീവനത്തിന്റെ ഗതിനിര്‍ണയിക്കുക.
(വിവരങ്ങള്‍ക്ക് കടപ്പാട്:
ജിജോ പി ഉലഹന്നാന്‍,
ഒമര്‍ അബ്ദുസ്സലാം)

Back to Top