‘മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുക’: ചാള്‍സ് മൂന്നാമന് ലോക പണ്ഡിതവേദിയുടെ നിര്‍ദേശം

ധാര്‍മികതയിലും മൂല്യങ്ങളിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഏതൊരു സമൂഹത്തിന്റെയും നന്മ അളക്കുന്നതെന്ന് ലോക പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖറദാഗി. ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റ ചാള്‍സ് മൂന്നാമനോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖറദാഗി ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ‘ഞങ്ങളുടെ എപ്പോഴത്തെയും നിലപാട് സുതാര്യമായി പ്രവര്‍ത്തിക്കുകയും പരിഷ്‌കരണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനിക്കുകയും ചെയ്യുകയെന്നതാണ്. സമൂഹങ്ങളുടെ നന്മ വംശത്തിലോ പരമ്പരയിലോ അല്ല. മറിച്ച്, അവരുടെ ധാര്‍മികതയിലും മൂല്യങ്ങളിലുമാണ്. ഇതാണ് ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റ ചാള്‍സ് മൂന്നാമനോട് എനിക്ക് പറയാനുള്ളത്’ -ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖറദാഗി ട്വിറ്ററില്‍ കുറിച്ചു. 73-കാരനായ ചാള്‍സ് മൂന്നാമന്‍ സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകള്‍ കൊണ്ട് ശ്രദ്ധേയനാണ്. ചാള്‍സ് രാജാവ് ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പഠിക്കുകയും മുസ്ലിം നേതാക്കള്‍ക്കുള്ള കത്തുകളില്‍ അറബിയില്‍ ഒപ്പിടുകയും ചെയ്തതായി ‘എഴുപതിലെ ചാള്‍സ്: ചിന്തകള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍’ എന്ന റോബര്‍ട്ട് ജോബ്സന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
