2 Wednesday
July 2025
2025 July 2
1447 Mouharrem 6

‘യഥാര്‍ഥ ചരിത്രത്തെ പിഴുതു മാറ്റാന്‍ അനുവദിക്കില്ല’

ഡോ. കെ കെ എന്‍ കുറുപ്പ് / ഡോ. കെ ടി അന്‍വര്‍ സാദത്ത്‌


മലബാര്‍ സമരത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിച്ച ഒരു സന്ദര്‍ഭമാണിത്. ആ മഹത്തായ പോരാട്ടത്തെ ദേശീയ പ്രസ്ഥാന ചരിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. ഈ ഘട്ടത്തില്‍ മലബാര്‍ സമരത്തെ സൂക്ഷ്മമായി പഠന വിധേയമാക്കുന്ന ഒരു ഗ്രന്ഥ പരമ്പര താങ്കളുടെ നേതൃത്വത്തില്‍ പുറത്തു വരികയാണല്ലോ. ഈ ഗ്രന്ഥത്തിന്റെ പ്രസക്തിയും സവിശേഷതകളും എന്തൊക്കെയാണ്?
ആറു വാള്യങ്ങളിലായി നാല്‍പതിലധികം ചരിത്രകാരന്‍മാരും ഗവേഷകരും ഒന്നിക്കുന്ന ഒരു ബൃഹദ് പ്രൊജക്ടാണ് യുവത ബുക്‌സ് പുറത്തിറക്കുന്ന ‘1921 മലബാര്‍ സമരം’ എന്ന ഗ്രന്ഥപരമ്പര. ഗവേഷണാത്മകമായ ശൈലിയിലും രീതിശാസ്ത്രത്തിലും നടത്തിയ ഈ പഠനത്തിന് ബ്രിട്ടീഷ് ഔദ്യോഗിക രേഖകള്‍, വിവിധ ഭാഷാപത്രങ്ങള്‍, അക്കാദമികവും അനക്കാദമികവുമായ മുന്‍ പഠനങ്ങള്‍, ആത്മകഥകള്‍, ഡയറിക്കുറിപ്പുകള്‍, വാചിക ഉപാദാനങ്ങള്‍ എന്നിവയാണ് പ്രധാന അവലംബങ്ങള്‍. ഇതുവരെ മലബാര്‍ കലാപത്തെ പറ്റി വന്ന മെറ്റീരിയല്‍സും ഡോക്യുമെന്റ്‌സും അഭിപ്രായങ്ങളും പഠനങ്ങളുമെല്ലാം തന്നെ ഇതിന്നായി റിവ്യൂ ചെയ്തിട്ടുണ്ട്.
മലബാര്‍ സമരത്തെ പറ്റി അഭിപ്രായ ഭിന്നതകള്‍ ധാരാളമുണ്ട്. സമരത്തിന്റെ പ്രേരണ വര്‍ഗീയപരമായിരുന്നുവെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. രാഷ്ട്രീയ സമരമായിരുന്നുവെന്ന്് വിശദീകരിച്ചവരുണ്ട്. എന്നെപ്പോലെയുള്ളവര്‍ ഇതൊരു കാര്‍ഷിക സമരത്തിന്റെ സ്വഭാവമുള്ള രാഷ്ട്രീയ സമരമാണെന്ന് വിചാരിക്കുന്നു. ഈ വാദഗതികളുടെ നിജസ്ഥിതി എന്താണെന്ന് വിശകലനം ചെയ്യാനുള്ള ക്രോഡീകരിച്ച ശ്രമം ആരും ഇതുവരെ നടത്തിയിട്ടില്ല.
ആര്‍ എച്ച് ഹിച്ച്‌കോക്ക് എന്ന ബ്രിട്ടീഷുകാരനായ ഡിവൈഎസ്പി എഴുതിയ മലബാര്‍ റെബല്ല്യന്‍ എന്ന പുസ്തകം വളരെയധികം പ്രചാരത്തിലുള്ള ഔദ്യോഗിക പ്രസിദ്ധീകരണമാണ്. ഹിച്ച്‌കോക്കിന്റെയും ടി എല്‍ സ്‌ട്രെയ്ഞ്ച്, ജി ആര്‍ എഫ് ടോട്ടന്‍ഹാം തുടങ്ങിയ കൊളോണിയല്‍ ഉദ്യോഗസ്ഥരുടെയും രചനകളെ മുന്‍നിര്‍ത്തിയാണ് ഐ സി എച്ച് ആര്‍ പോലുള്ള സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് രാജിനെതിരെ രംഗത്തിറങ്ങിയ 387 യോദ്ധാക്കളുടെ പേരുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ചരിത്ര പണ്ഡിതന്‍മാര്‍ ഒന്നിച്ചിരുന്ന് മറുപടി നല്‍കേണ്ടതുണ്ട്. യുവത ബുക്‌സിന്റെ ശ്രമം അത്തരത്തിലുള്ള ഒന്നാണ്. ആത്മത്യാഗം ചെയ്ത ഈ ചരിത്രപുരുഷന്‍മാരുടെ പേരുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്യുമെന്ന് ഞങ്ങളാരും മുന്‍കൂട്ടി കണ്ടതല്ല. സാന്ദര്‍ഭികമായി യുവത ബുക്‌സിന്റെ ഈ പരിശ്രമം അനിവാര്യമായിരുന്നു എന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഈ അതുല്യ പോരാട്ട ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തണമെന്നേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളൂ.
ഒരു നൂറ്റാണ്ട് മുമ്പ് നടന്നതാണെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് മലബാര്‍ സമരം. ഇത് തികഞ്ഞ സ്വാതന്ത്ര്യസമര പോരാട്ടം തന്നെയായിരുന്നു. വസ്തുതകളിലൂടെ ഇത് പൊതുജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ വികല ചിത്രീകരണം നടത്തി സ്വാധീനമുറപ്പിക്കാന്‍ വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് യഥാര്‍ഥ സംഭവങ്ങള്‍ അന്വേഷിച്ച് സത്യസന്ധമായി അവതരിപ്പിക്കുകയെന്നത് രാജ്യതാല്‍പര്യമായി ഞങ്ങള്‍ കാണുന്നു.

ഏതൊക്കെ തലങ്ങളെയാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്. ആറു വാള്യങ്ങളിലെ സമഗ്ര രചനയെന്ന് പറയുമ്പോള്‍ അതില്‍ കടന്നുവരുന്ന ഭാഗങ്ങള്‍ ഏതൊക്കെയാണ്?
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലബാറിന്റെ സൗഹൃദ സംസ്‌കൃതിയില്‍ വിള്ളലുണ്ടാക്കി മതത്തെ രാഷ്ട്രീയവത്കരിക്കുകയും മതവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മലബാര്‍ മണ്ണിലേക്കിറക്കുകയും ചെയ്ത പോര്‍ച്ചുഗീസ് അധിനിവേശം മുതലുള്ള ചരിത്രമെങ്കിലും വിശകലനം ചെയ്യാതെ മലബാര്‍ സമരത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണം സമഗ്രമാവുകയില്ല. കടലും കടലോരവുമായി ഇണങ്ങി ജീവിച്ചിരുന്ന മലബാറിലെ മാപ്പിളമാര്‍ മലബാര്‍ തീരങ്ങളിലെ പോര്‍ച്ചുഗീസ് അധിനിവേശത്തോടെ മലബാറിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഉള്‍വലിയുകയും ജന്മിമാരുടെ പാടത്തെ പണിക്കാരായും പിന്നീട് വെറും പാട്ടക്കാരും കുടിയാന്മാരുമായി മാറുകയും ചെയ്തു.
തുടര്‍ന്ന് മലബാറില്‍ രൂപപ്പെട്ട ജന്മി-കുടിയാന്‍ ഭൂബന്ധങ്ങള്‍, ഈ ഭൂബന്ധങ്ങളില്‍ മൈസൂര്‍ ഭരണകാലത്ത് ഉണ്ടായ മാറ്റങ്ങള്‍, 1792ല്‍ ബ്രിട്ടീഷ് ആധിപത്യത്തോടെ മലബാറില്‍ രൂപപ്പെട്ട ജന്മി-സ്‌റ്റേറ്റ് ബാന്ധവം, കുടിയായ്മ പ്രശ്‌നങ്ങള്‍, കാര്‍ര്‍ഷിക കലാപങ്ങള്‍, കര്‍ഷക കലാപകാരികള്‍ക്ക് വീര്യം പകര്‍ന്ന ആത്മീയനേതൃത്വം, കലാപകാരികളോടും ആത്മീയ നേതൃത്വത്തോടുമുള്ള ബ്രിട്ടീഷ് സമീപനങ്ങള്‍, കര്‍ഷക കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, അവയോടുള്ള ഗവണ്‍മെന്റ് സമീപനങ്ങള്‍, മലബാറിലെ ദേശീയ പ്രസ്ഥാനം, ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയ വിവിധ വിഷയങ്ങളും വിശകലന വിധേയമാക്കേണ്ടതുണ്ട്. 1498 മുതല്‍ 1921 ഉള്‍പ്പടെ മലബാറിലുണ്ടായ അധിനിവേശ-പ്രഭുത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും അപഗ്രഥിക്കുകയാണ് ഈ പഠനത്തിന്റെ ഒന്നാം വാള്യം.
1921 ആഗസ്ത് മുതല്‍ 1922 ഫെബ്രുവരി വരെയുള്ള മലബാര്‍ സമരത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള അന്വേഷണമാണ് രണ്ടാം വാള്യം. ബ്രിട്ടീഷ് മലബാറിന്റെ തെക്കന്‍ താലൂക്കുകളായ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലും കോഴിക്കോട് താലൂക്കിലെ ചിലയിടങ്ങളിലുമുണ്ടായ ഒരു സംഭവമായിട്ടാണ് മലബാര്‍ സമരത്തെ പൊതുവെ പരിചയപ്പെടുത്താറുള്ളത്. ഈ താലൂക്കുകളില്‍തന്നെ ഒട്ടേറെ പ്രാദേശങ്ങളിലുണ്ടായിട്ടുള്ള സംഭവങ്ങളും, ഇന്നത്തെ തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും നീലഗിരി പ്രദേശങ്ങളിലുമൊക്കെയുണ്ടായ അലയൊലികളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ടതുണ്ട്.
മലബാറിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ മലബാര്‍ സമരത്തിന്റെ അനന്തരഫലങ്ങളെ സമഗ്രമായും വിമര്‍ശനാത്മകമായും അവതരിപ്പിക്കുന്ന വാള്യമാണ് മൂന്നാമത്തേത്. സമരാനന്തര ഭൂമികയില്‍ നിന്നുകൊണ്ട് കേരളത്തിന്റെ, വിശേഷിച്ച് മലബാറിന്റെ ഒരു നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക തലങ്ങളെയും ജാതി, മത, ലിംഗ വ്യവഹാരങ്ങളെയും ഈ ഭാഗം വിശകലനം ചെയ്യുന്നു.
മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്ത സമര നായകരെക്കുറിച്ചുള്ള അന്വേഷണമാണ് നാലാം വാള്യം. സമര നായകരായി ചരിത്രത്തില്‍ ഇടം കിട്ടിയവരെ ഇകഴ്ത്തിയും അവരുടെ ജീവിതത്തെ മായ്ച്ച്കളഞ്ഞും അല്ലാത്തവര്‍ക്ക് ഇടം നല്‍കാതെയും ചരിത്രത്തോട് അനീതി കാണിക്കുന്ന കാലമാണിത്. ആലി മുസ്‌ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, എം പി നാരായണ മേനോന്‍, സീതി കോയ തങ്ങള്‍ തുടങ്ങി വിരലിലെണ്ണാവുന്നവരുടെ പേരുകള്‍ മാത്രമാണ് 1921ലെ സമര നായകരുടെ പട്ടികയില്‍ പൊതുവെ കാണപ്പെടുന്നുള്ളൂ. ഇതിനപ്പുറം പൊതു നായകരോടൊപ്പം ചേര്‍ന്നുനിന്നവരും പ്രാദേശികമായി നേതൃത്വം കൊടുത്തവരുമായ ഒട്ടനവധി ത്യാഗജീവിതങ്ങള്‍ അടയാളപ്പെടുത്തേണ്ടതുണ്ട്.
സമരത്തിന് ആദ്യാവസാനം നേതൃത്വത്തില്‍ തന്നെയുണ്ടായിരുന്ന ‘സമരത്തിന്റെ മാതാവ്’’മാളു ഹജ്ജുമ്മയുടെയും (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇണ) മറ്റു സ്ത്രീരത്‌നങ്ങളുടെയും സമരജീവിതത്തെയും ചരിത്രത്തോട് ചേര്‍ത്ത് വെക്കേണ്ടതുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകളും അവരുടെ ആശയധാരകളും സമരത്തെ ഏതുവിധം സ്വാധീനിച്ചു എന്ന അന്വേഷണവും ആവശ്യമാണ്.
1921-ലെ മലബാര്‍ സമരത്തെ അധികരിച്ച് ഇതുവരെ വന്നിട്ടുള്ള ആവിഷ്‌കാര രൂപങ്ങളെ കുറിച്ചുള്ള പഠനമാണ് അഞ്ചാം വാള്യം. കഥ, കവിത, പാട്ട്, നോവല്‍, സിനിമ, നാടകം, ചിത്രം, ശില്പം തുടങ്ങിയ സര്‍ഗസൃഷ്ടികളിലെ മലബാര്‍ സമരത്തിന്റെ പ്രതിനിധാനമാണ് ഈ വാള്യം ചര്‍ച്ച ചെയ്യുന്നത്. സമരത്തെകുറിച്ച് ജനമനസ്സുകളില്‍ നിലനില്‍ക്കുന്ന ധാരണകളധികവും ഇത്തരം ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുത്തിയവയാണ്. ഇത്തരം ആവിഷ്‌ക്കാരങ്ങളുടെ ചരിത്രപരതയും ആധികാരികതയും വസ്തുനിഷ്ഠതയും പരിശോധിക്കേണ്ടതാണ്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട വിവിധ സ്മാരകങ്ങളെ കുറിച്ചുള്ള അന്വേഷണവും ഈ ഭാഗത്തുണ്ട്.
മലബാര്‍ സമരത്തെക്കുറിച്ചുള്ള വ്യത്യസ്തമായ സ്രോതസുകളുടെ സമാഹാരമാണ് ആറാം വാള്യം. ഏറെ വാഗ്വാദങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിഷയീഭവിച്ച മലബാര്‍ സമരം പോലുള്ള ചരിത്ര സംഭവങ്ങളുടെ പുനര്‍നിര്‍മിതിയില്‍ ഔദ്യോഗിക രേഖകളും വാമൊഴികളും സ്രോതസുകളാക്കുന്നതിന്റെ ശരിതെറ്റുകളെ ഈ വാള്യം വിശകലനം ചെയ്യുന്നു. ഇങ്ങനെ മലബാര്‍ സമരത്തെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ ചരിത്രം പൊതുവായനക്ക് സമര്‍പ്പിക്കുക എന്നതാണ് ആറ് വാള്യങ്ങളുള്ള ഈ ഗ്രന്ഥ പരമ്പരയുടെ ലക്ഷ്യം.

ഈ ഗ്രന്ഥ പരമ്പരയുടെ പ്രധാന ഊന്നല്‍ എന്തിനാണ്? ഒരു നൂറ്റാണ്ടോളമായി ഈ സമരത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ നടക്കുമ്പോള്‍, ഈ ഗ്രന്ഥപരമ്പര പുതുതായി എന്തെല്ലാം അന്വേഷണങ്ങളാണ് നടത്തുന്നത്?
പ്രത്യയശാസ്ത്രപരമായി മലബാര്‍ സമരത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് ഈ പഠനം അന്വേഷിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്നിട്ടുള്ള പോരാട്ടത്തില്‍ പങ്കുകൊണ്ടവരെ കുറിച്ച വിശദമായ അന്വേഷണത്തിന് ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതുപോലെതന്നെ ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതിന് സഹായകമായിട്ടുണ്ടോയെന്നും ഹിന്ദു-മുസ്‌ലിം മതമൈത്രിക്ക് കാരണമായിട്ടുണ്ടോയെന്നും ഈ പഠനം പരിശോധിക്കുന്നുണ്ട്. ഡോ. കെ ഗോപാലന്‍ കുട്ടിയുടെ ഖിലാഫത്തിനെ കുറിച്ചുള്ള അന്വേഷണം സുവിദിതമായിട്ടുള്ള ഗവേഷണമാണ്. ഇങ്ങനെ അനേകം പേര്‍ എഡിറ്റര്‍മാരായും ധാരാളം ചരിത്രകാരന്‍മാര്‍ എഴുത്തുകാരുമായി മലബാര്‍ സമരത്തെ കുറിച്ച് മറ്റൊരു പരമ്പര പുറത്തുവന്നതായി എനിക്കറിയില്ല.

മലബാര്‍ സമരത്തെ നമ്മള്‍ വീണ്ടും പഠന വിധേയമാക്കുമ്പോള്‍ ഒരു ചരിത്രകാരന്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
രേഖകളില്ലാതെ ചരിത്രകാരന് ചരിത്രം രചിക്കാന്‍ സാധിക്കുകയില്ല. ഇതിനെ പറ്റിയുള്ള ഒരു പ്രധാന വെല്ലുവിളി 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് നാമിറങ്ങുന്നത് എന്നതാണ്. അക്കാലത്ത് വാര്‍ത്താമാധ്യമങ്ങളില്‍ വന്നിട്ടുള്ള മുഴുവന്‍ വാര്‍ത്താകുറിപ്പുകളെയും കണ്ടെത്തി ഈ രചന നിര്‍വഹിക്കുകയെന്നത് ദുഃസാധ്യമാണ്. മദ്രാസ്, കല്‍ക്കട്ട, ലണ്ടന്‍ ആര്‍ക്കൈവ്‌സുകളിലാണ് ഇതിന്റെ രേഖകളുള്ളത്. ഏകദേശം നാല്‍പതിനായിരത്തോളം മലയാളികള്‍ക്ക് സമരത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിലധികം പേജുകളില്‍ ഇതിന്റെ രേഖകള്‍ കിടക്കുന്നുണ്ടെന്ന് കൂടി മനസ്സിലാക്കണം. ഓരോ ആളുടെയും പേരും വിചാരണാ വിവരങ്ങളും ക്രോഡീകരിക്കുകയെന്നത് വളരെയധികം സാമ്പത്തിക ചെലവ് വരുന്ന കാര്യവുമാണ്. വലിയ സാമ്പത്തിക ചെലവ്, രേഖകളുടെ ലഭ്യതക്കുറവ്, പത്രറിപ്പോര്‍ട്ടുകള്‍ തേടിയെടുക്കാനുള്ള പ്രയാസം ഇതൊക്കെ ഇന്ന് നേരിടുന്ന വെല്ലുവിളികളാണ്.
സമരത്തിന്റെ വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ചെടുത്ത ചേരിതിരിവിന്റെ ആശയ പരിസരവും വലിയ വെല്ലുവിളിയാണ്. മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമാണെന്ന് ആളുകളുടെ മനസ്സില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഈ അടിച്ചേല്‍പ്പിച്ചിരിക്കുന്നതിനെ ശരിയായി, സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവരികയാണ്. ഇന്നത്തെകാലത്ത് ചരിത്രകാരന്‍മാര്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് ഈ എതിര്‍പ്പുകളും ഭീഷണികളും.

പല തരം പരിപ്രേക്ഷ്യങ്ങളില്‍ മലബാര്‍ സമരം വായിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. താങ്കള്‍ ഈ സമരത്തെ സമീപിക്കുന്നത് എങ്ങനെയാണ്?
എന്തുകൊണ്ട് വടക്കെ മലബാറില്‍ ഈ സമരം പൊട്ടിപ്പുറപ്പെട്ടില്ല. വംശീയ ഹത്യയാണ് അല്ലെങ്കില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ വടക്കെ മലബാറിലും സമരമുണ്ടാകേണ്ടതായിരുന്നില്ലേ? അവിടെയും മുസ്‌ലിം സമൂഹമുണ്ടായിരുന്നില്ലേ? അതുപോലെ പാലക്കാട് ജില്ലയിലെ മുസ്‌ലിംകളുള്ള മറ്റ് പ്രദേശങ്ങളിലും കലാപം ഉണ്ടാകാമായിരുന്നില്ലേ. പക്ഷേ അവിടെയൊന്നും പ്രക്ഷോഭം നടക്കാതെ ഒരു പ്രത്യേക ഏരിയയിലാണ് ഇതുണ്ടാകുന്നത്. സമരമുണ്ടായിട്ടുള്ള ഈ പ്രദേശങ്ങളില്‍ കാലങ്ങളായുള്ള ജന്മി-കുടിയാന്‍ പ്രശ്‌നങ്ങളെ ഇതോടൊപ്പം പഠിക്കേണ്ടതുണ്ട്. അപ്പോള്‍ സമരത്തിന്റെ യഥാര്‍ഥ കാരണത്തിലേക്ക് എത്താന്‍ സാധിക്കും.
കാര്‍ഷിക കലാപമാണെന്ന് പറയുമ്പോള്‍ ഇതിനെ വിലകുറച്ചു കാണിക്കുകയാണെന്ന് ചിലര്‍ പറയാറുണ്ട്. ഒരിക്കലുമല്ല. കൊളോണിയല്‍ രാജ്യങ്ങളിലെല്ലാം വാസ്തവത്തില്‍ സമരം ചെയ്തിട്ടുള്ളത് കര്‍ഷകരാണ്. കൊളോണിയല്‍ ഭരണം ഏറ്റവും പ്രധാനമായി ബാധിച്ചിട്ടുള്ളത് കര്‍ഷകന്റെ ജീവിതത്തെയും ഉല്‍പാദനത്തെയുമാണ്. അങ്ങനെ നോക്കുമ്പോള്‍ കൊളോണിയല്‍ ഭരണത്തിന്റെ അതിരൂക്ഷമായ കാരണങ്ങളാണ് കാര്‍ഷിക കലാപത്തിന്റെ പശ്ചാത്തലം ഒരുക്കിയതെന്ന് പറയാം. അതുകൊണ്ട് കൊളോണിയല്‍-ജന്മിത്ത വിരുദ്ധ വികാരങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന സമരമായിരുന്നുവെന്നതാണ് എന്റെ സമീപനം.
അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് കൃത്യമായ നേതൃത്വമോ ദിശ നിര്‍ണയിക്കുന്നവരോ ഉണ്ടായി കൊള്ളണമെന്നില്ല. ഫ്രഞ്ച് വിപ്ലവത്തെ ആദ്യം ബൂര്‍ഷാ റെവല്യൂഷന്‍ എന്നാണ് ഞങ്ങളൊക്കെ പഠിച്ചതും പഠിപ്പിച്ചതും. എന്നാല്‍ രണ്ടാം ലോകമാഹായുദ്ധത്തിന് ശേഷം 1950-കളില്‍ വന്ന വ്യാഖ്യാനം അത് അപ്പത്തിനു വേണ്ടിയുള്ള ബ്രഡ് റെവല്യൂഷന്‍ ആയിരുന്നുവെന്നാണ്.
അപ്പോള്‍ ഒരേ വിപ്ലവത്തെ രണ്ടോ മൂന്നോ തലത്തില്‍ വ്യാഖ്യാനിക്കുന്നത് പോലെ മലബാര്‍ സമരത്തെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും കാര്‍ഷിക പ്രശ്‌നങ്ങളുടെ ഭാഗമായും ഒരു റീജ്യണില്‍ പ്രത്യേകിച്ച്, നെല്ല് ഉല്‍പാദിപ്പിക്കുന്ന ഏരിയയില്‍ നടന്ന സമരമായും കാണാവുന്നതാണ്. വില്യം ലോഗന്‍ ഈ അഭിപ്രായക്കാരനാണ്.
മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ സൗമേന്ദ്രനാഥ ടാഗോര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത് പീപ്പിള്‍സ് റിവോള്‍ട്ട് എന്നാണ്. ഏതുതരത്തിലും നിങ്ങള്‍ക്ക് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷേ, മതമൗലികവാദികള്‍ ഇന്ന് പ്രചരിപ്പിക്കുന്നത് പോലെ ഇതൊരു മത സമരമായി കാണാവുന്ന വിധത്തില്‍ അല്ലായെന്നാണ് എനിക്ക് പറയാനുള്ളത്. ബ്രിട്ടീഷ്-ജന്മി വിരുദ്ധ സമരമായി ഇതിനെ കാണണമെന്നാണ് എന്റെ അഭ്യര്‍ഥന.

രാജ്യത്തിന്റെ ആധികാരിക ചരിത്ര ഗവേഷണ സ്ഥാപനങ്ങള്‍, ലോക ശ്രദ്ധ നേടിയ മലബാര്‍ സമരത്തെ വെട്ടി നീക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്?
വര്‍ഗീയത സര്‍ക്കാറിന്റെ അജണ്ടയായി മാറുന്നുവെന്നതാണ് അത് നല്‍കുന്ന മെസേജ്. ഈ സമരത്തെ ഇന്ദിരാ ഗാന്ധിയും മറ്റും സ്വാതന്ത്ര്യ സമരമായാണ് അംഗീകരിച്ചത്. അന്നത്തെ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന വിധത്തില്‍ അതിനെതിരായിട്ടുള്ള ഒരു പ്രവര്‍ത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. മലബാര്‍ സമരത്തെ ഇനി ആര്‍ക്കും ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. സമരം നടന്നു കഴിഞ്ഞു. അത് വസ്തുതയാണ്. ആഖ്യാനപരമായി അതിനെ വക്രീകരിക്കാനേ ഇനി തരമുള്ളൂ. അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ മെഷിനറികളെ ഉപയോഗിച്ച് അത്തരത്തിലുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്നുവെന്നത് അപകടകരമാണ്. സമരത്തിന്റെ പല സ്മാരകങ്ങളെയും അധികാരം ഉപയോഗിച്ച് അവര്‍ക്ക് പൊളിച്ചുനീക്കാവുന്നതാണ്. അതിനെല്ലാം തയ്യാറായി മതമൗലിക വാദികളുടെ കേന്ദ്രമായി സര്‍ക്കാര്‍ മാറുന്നുവെന്നതില്‍ വിഷമമുണ്ട്. നമ്മുടെ രാജ്യത്ത് ദാരിദ്ര്യമുണ്ട്, പാര്‍പ്പിടമില്ലായ്മയുണ്ട്. അതുപോലെ ആരോഗ്യ പ്രശ്‌നങ്ങളും വിദ്യാഭ്യാസമില്ലായ്മയുമുണ്ട്.
ഇങ്ങനെ അനേകം പ്രശ്‌നങ്ങളെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയൊന്നും അഡ്രസ് ചെയ്യാതെ ഇത്തരത്തില്‍ പേര് നീക്കല്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായത് കൊണ്ട് രാജ്യത്തിനെന്താണ് മെച്ചം. വെറും ചരിത്രപരമായ ഹുങ്ക് പ്രകടിപ്പിക്കാന്‍ സാധിക്കും എന്നതില്‍ കവിഞ്ഞ് ഇതിലൂടെ യാതൊന്നും നേടാനില്ല. ഒരു ഗവണ്‍മെന്റ് ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് ബലമായി വിശ്വസിക്കുന്ന ചരിത്ര ഗവേഷകനാണ് ഞാന്‍. എന്നെ ചരിത്രം പഠിപ്പിക്കുന്നത് അതാണ്.

‘മലബാര്‍ സമരം’ പരമ്പരയുടെ ജോലികള്‍ പുരോഗമിക്കുകയാണല്ലൊ. ഈ പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും?
ഒരുപാട് പ്രാതികൂല്യങ്ങള്‍ക്കിടയിലാണ് ഈ പ്രൊജക്ട് നാം മുന്നോട്ടു കൊണ്ടുപോവുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകളെ നേരില്‍പോയി കണ്ട് അഭിമുഖം നടത്താന്‍ കഴിയാതെയിരിക്കുകയാണ്. പ്രസ് പൂട്ടിക്കിടന്നു. ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ വന്നതുകൊണ്ട് പബ്ലിക്കേഷന്റെ തിയ്യതി നീണ്ടുപോയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളുമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്. ഈ വര്‍ഷാവസനത്തോടെ ആറു വാള്യങ്ങളും വായനക്കാരുടെ കൈകളിലെത്തും. ഇനി വരാനുള്ള നൂറോ ഇരുന്നൂറോ വര്‍ഷം ഈ ചരിത്ര ഗ്രന്ഥം അതിന്റെ ദൗത്യം നിര്‍വഹിച്ചു നിലനില്‍ക്കട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അതിന്നായി പ്രാര്‍ഥിക്കുകയാണ്.

Back to Top