21 Thursday
November 2024
2024 November 21
1446 Joumada I 19

ചരിത്രത്തെ ആറ്റിക്കുറുക്കിയ കവിത

ജമാല്‍ അത്തോളി

1921- A POETIC RECOLLECTION
DR. KKN KURUP
SCINTILLA BOOKS


ഒരു കിണര്‍ കുഴിക്കുക, ഒരു മരം നടുക, ഒരു കവിത എഴുതുക, സ്വര്‍ഗത്തിലേക്ക് പോവൂക എന്ന വിശാല വിശദീകരണ വിഹായസ്സുള്ള മറാഠി പഴഞ്ചൊല്ല് ആദ്യതാളില്‍ രേഖപ്പെടുത്തിയ ഒരു പുസ്തകം, ഉള്ളടക്കത്തിന്റെ ആശയഗഹനതയിലേക്ക് ഊളിയിടാന്‍ അത് മനസ്സിനെ കൊതിപ്പിക്കുന്ന മുഖക്കുറിപ്പായി.
പ്രമുഖ ചരിത്രപണ്ഡിതന്‍ ഡോ.കെ കെ എന്‍ കുറുപ്പ് എഴുതിയ 1921 A Poetic recollection എന്നതാണ് കൃതി. മലബാര്‍ കലാപമെന്നും മാപ്പിളലഹളയെന്നും കര്‍ഷകസമരമെന്നുമൊക്കെ തരംപോലെ പ്രശംസിച്ചോ, നൃശംസിച്ചോ നിറം കൊടുത്ത, പലവിധം പലരാല്‍ വിശേഷിപ്പിക്കപ്പെട്ട ഒരു അതുല്യ ചരിത്രത്തിന്റെ കവിതാഖ്യാനമാണിത്. അന്ധന്മാര്‍ ആനയെ കണ്ടപോലെ പാര്‍ശ്വവീക്ഷണം കൊണ്ടും കളര്‍ കണ്ണടവെച്ച ദൃഷ്ടിദോഷംകൊണ്ടും അപൂര്‍ണപ്പെടുത്തുകയും മലിനീകരിക്കപ്പെടുകയും ചെയ്ത 1921ന്റെ ചരിത്രത്തിന്റെ ഏടുകളെ സമാനതകളില്ലാത്ത ഉള്‍ക്കാഴ്ചകൊണ്ടും കവിത്വത്തിന്റെ സാന്ദ്രത കൊണ്ടും ഗ്രന്ഥകര്‍ത്താവ് ഉജ്വലമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
പ്രസ്തുത സമരത്തിന്റെ പ്രചോദനാത്മകമായ ഒരു പുനര്‍വായനയാണ് നമുക്കിതില്‍ സാധിതമാകുന്നത്. കൊളോണിയല്‍ ചൂഷണങ്ങള്‍ക്കെതിരെയുള്ള പടപ്പുറപ്പാടും അടിമത്തങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവാഞ്ഛയും അതൊരു ജനതയെ എത്രമാത്രം ത്രസിപ്പിച്ചോ, അതേ വര്‍ധിതവീര്യത്തോടെ ആറ്റിക്കുറുക്കിയ വരികളില്‍ കവി അടയാളപ്പെടുത്തുന്നു.
കാവ്യാത്മകമായ ചരിത്രാഖ്യാനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കൊച്ചു പ്രദേശത്ത് ആറുമാസക്കാലം മാത്രം നീണ്ടുനിന്ന ഒരു സമരത്തെക്കുറിച്ച്, നൂറ്റാണ്ടൊന്ന് കഴിഞ്ഞിട്ടും അക്കാദമികവും അല്ലാത്തതുമായ ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സജീവ വിഷയമാകുന്ന മലബാര്‍ സമരത്തെക്കുറിച്ച്, ഹ്രസ്വവും ബൃഹത്തുമായ അനവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയും ഇപ്പോഴും പിറന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചിന്തിക്കുന്നവരെ ഏറെ ചിന്തിപ്പിക്കുന്ന ഒരത്ഭുത ചരിത്രത്തെക്കുറിച്ച് ഇങ്ങനെ ഒരു ചമല്‍ക്കാരം വ്യക്തമായും ലളിതമായും വിരചിച്ചവരാരുമില്ല. ഭൂതകാലത്തിന്റെ ആഖ്യാന ശാസ്ത്രത്തില്‍ ഒരു പുതുവഴി വെട്ടിത്തെളിച്ചിരിക്കുകയാണ് ഗ്രന്ഥകാരന്‍ എന്ന പ്രസാധകരുടെ പ്രസ്താവം വെറും വാക്കല്ല എന്ന് സന്ദേഹ ലേശമെന്യേ പറയാന്‍ കഴിയുന്നതതുകൊണ്ടുകൂടിയാണ്.
വായനക്കാരന്റെ ചേതനയെയും ആകാംക്ഷയെയും ഉണര്‍ത്തുന്ന രചനാശൈലി, ഒപ്പം ചരിത്രകുതുകികളുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. സംഭവങ്ങളുടെ നാള്‍വഴികള്‍ എണ്ണിപ്പറയുന്ന രീതിയിലല്ലാതെ, ഒരു കവിതയുടെ എല്ലാ ചാരുതയോടും ചേരുവയോടുംകൂടി അവതരിച്ചിരിക്കുന്നു. എന്നാല്‍ 1921ന്റെ സര്‍വ പരിക്കുകളെയും പ്രകമ്പനങ്ങളെയും സ്പന്ദിക്കുന്ന പരിഛേദനകള്‍ ആവാഹിക്കുകയും കലാപനാളുകളിലെ സ്പന്ദിക്കുന്ന പരിഛേദനകള്‍ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നാഴികക്കല്ലുകള്‍ ഒന്നും നഷ്ടമായിട്ടില്ല. ഒരു വെള്ളിത്താളിലെ വെള്ളത്തുള്ളിയില്‍ പ്രതിഫലിക്കുന്ന ചുറ്റിലുമുള്ള ലോകം പോലെ ആറ്റിക്കുറുക്കിയ ചരിത്രത്തെ അനുഭവവേദ്യമാക്കുന്ന രചനാകൗശലം. ഇവിടെയാണ് കവിയായ ചരിത്രകാരന്റെയും ചരിത്രകാരനായ കവിയുടെയും വിജയം.
ഈ ഗ്രന്ഥത്തിലെ 34 കവിതകളിലോരോന്നും കലാപത്തിന്റെ വ്യത്യസ്ത വഴിത്താരകളെക്കുറിച്ച് അവബോധം പ്രദാനം ചെയ്യുന്നു. നിഗൂഢമായ വക്രദൃഷ്ടികളില്‍ അകപ്പെട്ടതിനെയെല്ലാം അനാവരണം ചെയ്യുന്നു. ആമുഖത്തില്‍ പറഞ്ഞതുപോലെ നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ മനോഘടനയെ നശിപ്പിക്കാനധ്വാനിക്കുന്നവര്‍ക്ക് ലഭിച്ച ചരിത്രത്തിന്റെ തിരിച്ചടികള്‍ ഈ കവിതകള്‍ ഓര്‍മപ്പെടുത്തും. പത്രദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും ഇപ്പോള്‍ വരുന്ന ചര്‍ച്ചകളില്‍ ഒരു വിഭാഗത്തെ ധ്രുവീകരിക്കാന്‍ ഇടയാക്കുന്ന ശ്രമങ്ങള്‍ മനപ്പൂര്‍വം ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും ഈ കൃതി പലതലങ്ങളില്‍ വായിക്കപ്പെടും.
ഈ കവിതാസമാഹാരത്തിലെ ചില രചനകള്‍ അന്നത്തെ ദുരവസ്ഥയുടെ നേര്‍ക്കാഴ്ചകളാണെങ്കില്‍ മറ്റു ചിലത് സമരത്തിന്റെ ചിത്രീകരണമാണ്. വേറെ ചിലത് കൊളോണിയല്‍ വാഴ്ചയോടുള്ള ദേഷ്യപ്പെടലും. ഇനിയും ചിലത് സാമൂഹിക അസമത്വ തീവ്രത വിവരിക്കുന്നവയുമാണ്. ചിലതോ ബ്രിട്ടീഷ് രാജിന്റെ ക്രൂരതകളെക്കുറിച്ചാണ്. Kill, Kill, Kill എന്ന കവിതയില്‍; അധികാര ആക്രോശത്തോട് വംശഹത്യക്കൊരുമ്പെട്ടവരോട് കവി ചോദിക്കുന്നതുപോലെ What they have done they desired freedom. ‘ഇരകള്‍ ചെയ്ത തെറ്റെന്താണ്? അവര്‍ സ്വാതന്ത്ര്യം അഭിലഷിച്ചുപോയതാണോ? എന്നാണ് സമകാല അധിനിവേശക്കാരോട് നമുക്കും ഉറക്കെ ചോദിക്കാനുള്ളത്. വംശഹത്യ എന്നുതന്നെ ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ച അക്രമിയോടുള്ള ഈ രോഷംകൊള്ളല്‍ ഏതുകാലത്തെയും അടക്കിഭരിക്കലിന്റെ അപ്പോസ്തലന്മാര്‍ പ്രതീക്ഷിക്കുക.
കലാപം നിമിത്തമായ ചില സാംസ്‌കാരിക സാഹിത്യനിര്‍മിതിയും ഈ പുസ്തകത്തില്‍ വിഷയമാവുന്നു. പടപ്പാട്ടുകള്‍ ഒരുദാഹരണം. പ്രത്യേകം പരാമര്‍ശിക്കേണ്ട മറ്റൊരു രചനയാണ് story of chathan and savithri എന്ന ശീര്‍ഷകത്തില്‍ കവി വിവരിക്കുന്ന മഹാകവി കുമാരനാശാന്റെ രചന. കാവ്യഭംഗിക്കൊട്ടും കോട്ടം തട്ടാതെ മലപ്പുറം ജില്ലാ രൂപീകരണം പോലും ഈ ഗ്രന്ഥത്തില്‍ വിഷയീഭവിച്ചിരിക്കുന്നു. അതേസമയം ചില നിലയും നിലപാടുകളും തെളിച്ച് പറയാന്‍ രചയിതാവ് ഒട്ടും മടിക്കുന്നില്ല.
വര്‍ഗീയതയുടെ പാഷാണം പുരട്ടി അന്നും ഇന്നും ഫാസിസ്റ്റുകള്‍ അകറ്റിമാറ്റാന്‍ ശ്രമിക്കുന്ന ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ ഒരേ മനസ്സിന്റെ സ്വാതന്ത്ര്യദാഹത്തോടെ ഒന്നിച്ചുയര്‍ത്തുന്ന ഖിലാഫത്തിന്റെ പതാക അതിസുന്ദരമായി Rebellion of 1921 എന്ന കവിതയില്‍ പാറിപ്പറക്കുന്നുണ്ട്.
ജാതിഭേദവും വര്‍ണവെറിയുമില്ലാതെ ഒരു യുനിഫോം ധരിച്ച് സര്‍വവിധമായ വിദ്യാഭ്യാസത്തിലേക്കും ഒന്നിച്ചു മുന്നേറുന്ന പുതുതലമുറയെക്കണ്ട പ്രത്യാശയോടെയാണ് 1921 a poetic narration എന്ന ഈ കവിതാസമാഹാരം സമാപിക്കുന്നത് എന്നത് എടുത്തുപറയാതെ വയ്യ. യുവത ബുക്‌സിന്റെ ഇംപ്രിന്റ് ആയ രെശിശേഹഹമ ഒരു മിന്നല്‍പിണര്‍പോലെ പ്രോജ്വലമായ ദൗത്യമാണ് ഈ പുസ്തകത്തിന്റെ പ്രസാധനത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.

Back to Top