25 Sunday
January 2026
2026 January 25
1447 Chabân 6

ചര്‍ച്ചയിലേക്ക് ക്ഷണം സ്വീകരിച്ചതോ അവസരം ചോദിച്ചുവാങ്ങിയതോ?

മുഹമ്മദ് കക്കാട്‌

2023 ജനുവരി 14ന് ഡല്‍ഹിയില്‍ നടന്ന ആര്‍ എസ് എസ്-മുസ് ലിം സംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍ തുടരുകയാണ്. ചര്‍ച്ച സന്ദര്‍ഭോചിതമായില്ലെന്ന് അഭിപ്രായപ്പെട്ടവരോടും പ്രതിഷേധിച്ചവരോടും ആശങ്ക അറിയിച്ചവരോടുമെല്ലാം ജമാഅത്തുകാര്‍ പറഞ്ഞുവരുന്നത്, നല്ലൊരു അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ്. അതായത് ആര്‍ എസ് എസിന്റെ ക്ഷണം സ്വീകരിക്കുകയായിരുന്നുവെന്ന്. അല്ലാതെ അവിടേക്ക് വിളിക്കാതെ കയറിച്ചെന്നതല്ല. അവസരം ചോദിച്ചുവാങ്ങിയതുമല്ല. മുജാഹിദ് സമ്മേളനത്തിലേക്ക് ബി ജെ പി നേതാവിനെ ക്ഷണിച്ചത് പള്ളി മിമ്പറില്‍ വരെ ജമാഅത്ത് വിമര്‍ശിച്ചതിന് ഇതിലൂടെ ന്യായീകരിക്കുകയുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തിനെതിരെ ആര്‍ എസ് എസിന്റെ പുതിയൊരു വെളിപ്പെടുത്തലുണ്ടായി. ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്നതുപോലെ, ആര്‍ എസ് എസ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയെ ചര്‍ച്ചക്ക് ക്ഷണിച്ചതല്ല; ജമാഅത്ത് നേതാക്കള്‍ ഇങ്ങോട്ടുവന്നതാണ്. മതമൗലികവാദം ഉപേക്ഷിച്ചാലേ ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച സാധ്യമാകൂ എന്നും ആര്‍ എസ് എസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ആരാണ് കളവ് പറയുന്നത്? ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണം. ആര്‍ എസ് എസ് നേതാക്കളെ ചെന്നുകണ്ട സംഘത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ മാത്രമല്ല, മറ്റു സംഘടനാ പ്രതിനിധികളുമുണ്ട്. അതല്ല ഇവിടത്തെ സംശയം. കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയതോ, അതല്ല അവസരം ചോദിച്ചു വാങ്ങിയതോ? എന്നിട്ടെന്തുണ്ടായി എന്നും വ്യക്തമാക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ എന്ത് വിട്ടുവീഴ്ച ചെയ്താകും ചര്‍ച്ച രണ്ടാംഘട്ടവും നടക്കാനിരിക്കുന്നത്?
ഇതിനിടെ നാനാഭാഗത്തു നിന്നുമുണ്ടായ പ്രതിഷേധത്തിനിടെ ആര്‍ എസ് എസ് ചര്‍ച്ചയില്‍ മുസ്‌ലിം ലീഗിനെയും ചേര്‍ത്തുപിടിക്കാന്‍ ജമാഅത്ത് ശ്രമിച്ചുനോക്കി. അതും വിഫലമായി. മുസ്‌ലിംലീഗ് ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ തീവ്രവാദ സംഘടനയല്ല ലീഗെന്നും അതിനാല്‍ ലീഗ് എം എല്‍ എ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതായും ലീഗുമായി സഹവര്‍ത്തിത്വത്തോടെ നീങ്ങണമെന്നാണ് താല്‍പര്യമെന്നും ആര്‍ എസ് എസ് നേതാക്കള്‍ പറയുകയും ചെയ്തു.
ഇതിനിടെ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ നേതാക്കളുടെ വിലയിരുത്തലുകളുമെല്ലാം മുസ്‌ലിം ലീഗിന്റെ ആനുകാലിക നിലപാടുകളെ സ്വാഗതം ചെയ്യുന്നതും ലീഗിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും അംഗീകരിച്ചുകൊണ്ടുള്ളതുമായിരുന്നു.
പക്ഷേ, മാധ്യമത്തിന്റെ ഒരെഴുത്തുകാരനു മാത്രം വ്യത്യസ്ത അഭിപ്രായം. സി എച്ച് മുഹമ്മദ് കോയയോടൊപ്പം മുസ്‌ലിം ലീഗും മണ്ണടിഞ്ഞെന്ന്! ഇത്രത്തോളം വസ്തുതാവിരുദ്ധമായി ഒരാള്‍ക്ക് എഴുതാന്‍ കഴിയുന്നതെങ്ങനെ? ഇതാണോ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിപ്രായം? അതല്ല, മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയില്‍ ജമാഅത്തിന് വല്ല അങ്കലാപ്പുമുണ്ടോ? ഏതായാലും ജമാഅത്തെ ഇസ്‌ലാമി കുറേ സംഗതികള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

Back to Top