ചന്ദ്രിക നവതി ആഘോഷിക്കുമ്പോള്‍
ഇന്ന് നിലനില്‍ക്കുന്ന, മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രമാണ് ചന്ദ്രിക. മലബാര്‍ സമരാനന്തരം അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്ന ഒരു സമുദായം, സാമ്പത്തികമായോ സാമൂഹികമായോ അഭിവൃദ്ധിപ്പെടുന്നതിന് മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത് ഒരു മാധ്യമ സംരംഭമാണ് എന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യസമരം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്ന ആ കാലത്ത്, ഒരു സമുദായത്തിന് പ്രത്യാശ നല്‍കാന്‍ പത്രപ്രവര്‍ത്തനം അനിവാര്യമാണ് എന്ന് തിരിച്ചറിവുണ്ടായി. കെ എം സീതി സാഹിബ്, സി പി മമ്മുക്കേയി, ഹാജി സത്താര്‍ സേട്ട് തുടങ്ങിയവര്‍ തലശ്ശേരിയില്‍ നിന്ന് തൊടുത്തുവിട്ട അക്ഷരപ്രകാശം മുസ്ലിം സമുദായത്തിന് ദിശാബോധം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1934-ലാണ് ചന്ദ്രിക ആരംഭിക്കുന്നത്.
മുസ്ലിം സമുദായത്തിന് അഭിമാനബോധവും അവകാശ ബോധവും ഉണ്ടാക്കുക എന്നത് അക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. അതാണ് ചന്ദ്രികയുടെ ചരിത്രപരമായ ദൗത്യം. ചന്ദ്രിക ആദായത്തിന് വേണ്ടി നടത്തുന്ന ബിസിനസ് സ്ഥാനപമല്ല; ജനസേവനം നടത്തുന്ന പൊതുസ്ഥാപനമാണ് എന്ന സി എച്ച് മുഹമ്മദ് കോയയുടെ പ്രസ്താവന സാധാരണ ഉദ്ധരിക്കപ്പെടുന്നത് ഈ ചരിത്രപരമായ ദൗത്യം ഓര്‍മിപ്പിക്കുന്നതിനാണ്. വര്‍ഗീയത, ശരീഅത്ത് വിരുദ്ധ പ്രചരണങ്ങള്‍, മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന വിഭാഗീയ പ്രവണതകള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹ്യസന്ദര്‍ഭങ്ങളില്‍ കൃത്യമായ നിലപാട് പറയാനും പഠിപ്പിക്കാനും ചന്ദ്രികക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന, മുസ്ലിം ലീഗ് ഒരു മതേതര പാര്‍ട്ടിയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തന്നെ ചന്ദ്രിക സാധിച്ചെടുത്ത പ്രത്യയശാസ്ത്ര അടിത്തറയുടെ വിജയമാണ്. മതേതരത്വമെന്നാല്‍ മതനിഷേധമാണെന്നും സാമുദായിക സ്വത്വത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ വര്‍ഗീയതയാണെന്നുമുള്ള പ്രചരണങ്ങളെ സൈദ്ധാന്തികമായി നേരിട്ടത് ചന്ദ്രികയിലെ ധിഷണാശാലികളാണ്. പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി, റഹീം മേച്ചേരി, എം ഐ തങ്ങള്‍ തുടങ്ങിയ പ്രതിഭാധനരായ ചിന്തകരും ബുദ്ധിജീവികളുമാണ് ആ ദൗത്യം ഏറ്റെടുത്തത്. ഈ പ്രത്യയശാസ്ത്ര അടിത്തറക്ക് പിന്‍ബലം നല്‍കുന്നതില്‍ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിനും വലിയ പങ്കുണ്ട് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമുദായം അക്ഷരങ്ങളിലൂടെ മുന്നോട്ട് വരിക എന്നത് സര്‍ഗാത്മകമായ രാഷ്ട്രീയ പ്രതിരോധമാണ്. അക്ഷരങ്ങളും സാഹിത്യവുമെല്ലാം സവര്‍ണ സംസ്‌കാരത്തിന് മാത്രം മുഖ്യധാര എന്ന പരിവേഷം നല്‍കിയിരുന്ന ഒരു കാലത്ത്, വീഴാതെ പിടിച്ചുനില്‍ക്കാന്‍ ചന്ദ്രികക്ക് സാധിച്ചു. മാപ്പ് പറച്ചിലോ കീഴ്‌പ്പെടലോ ഇല്ലാതെ പോരാടാന്‍ ഉറച്ചുകൊണ്ട്, വക്കം മൗലവി തുടങ്ങി വെച്ച കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സമ്പന്നമായ പൈതൃകം നമുക്ക് മാതൃകയാണ്. നിരവധി വെല്ലുവിളികളിലൂടെയാണ് മാധ്യമങ്ങള്‍ ഇന്ന് കടന്നുപോകുന്നത്. ഭരണകൂട വിമര്‍ശനങ്ങളെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന ഒരു കാലമാണ്.
കോര്‍പ്പറേറ്റ്‌വത്കരണവും മോദി ഭക്തിയും സമം ചേര്‍ത്തെടുത്ത മാധ്യമപ്രവര്‍ത്തനമാണ് ഇന്ന് സജീവമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് പരമ്പരാഗത മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഭരണകൂട വാഴ്ത്തലുകളോ സ്തുതിപാഠക വാര്‍ത്തകളോ ഇല്ലാതെ പത്രപ്രവര്‍ത്തനം സാധ്യമാണ് എന്ന മാതൃക കേരളത്തിലെ മീഡിയ സമൂഹത്തിന് കാണിച്ചു കൊടുക്കാന്‍ ചന്ദ്രികക്ക് കഴിയും. കാരണം, ആദായത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു പത്രമല്ല അത് എന്നതുതന്നെയാണ് ഏറ്റവും വലിയ ചാലകശക്തി. തൊണ്ണൂറ് വയസ്സ് പിന്നിട്ടിട്ടും ചന്ദ്രികയെ ആരും മുത്തശ്ശിപത്രം എന്ന് വിളിക്കാത്തത് അതുകൊണ്ടാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍, കേരളത്തിലെ മുസ്ലിം ലീഗ് അതിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിന് കൂടുതല്‍ സന്നാഹങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഒരു പത്രവും ഒരു വാരികയുമാണ് അതിന്റെ മുതല്‍ക്കൂട്ട്. അതുകൊണ്ട് തന്നെ ചന്ദ്രികയുടെ ഈ ചരിത്രപരമായ ദൗത്യവും ഉത്തരവാദിത്തവും ഏറ്റവും നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുക മുസ്ലിം ലീഗിന് തന്നെയാണ്. സമുദായത്തിന്റെ ശബ്ദമായി തുടരാന്‍ ചന്ദ്രികക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.