ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പി
ഹാറൂന്‍ കക്കാട്
കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അത്യപൂര്‍വ പ്രതിഭയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ശ്രദ്ധേയമായ പല പരിഷ്‌കരണ സംരംഭങ്ങളുടെയും ഉപജ്ഞാതാവായ അദ്ദേഹം കേരളത്തിന്റെ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ എന്ന നാമത്തില്‍ ഖ്യാതി നേടി. മതവിഷയങ്ങള്‍ക്കു പുറമേ ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി ഒട്ടുമിക്ക ശാസ്ത്രശാഖകളിലും അവഗാഹം നേടിയ അദ്ദേഹം ഉജ്ജ്വല പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. അറബി, ഉര്‍ദു, ഫാരിസി, സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയവ കൈകാര്യം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം.
1855-ല്‍ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത പൊന്മുണ്ടം ആദൃശ്ശേരിയിലെ മുത്താട്ട് മൊയ്തീന്‍കുട്ടിയുടെയും ചാലിലകത്ത് ഫാത്തിമയുടെയും മകനായാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ഉമ്മ ഫാത്തിമയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. മാതൃപിതാവ് ഖുസയ്യ് ഹാജി, അമ്മാവന്‍ അലി ഹസന്‍ മൗലവി തുടങ്ങിയവരുടെ ശിക്ഷണം മതചിട്ടകളോട് ബാല്യത്തിലേ അടുപ്പമുണ്ടാക്കാന്‍ ഇടയാക്കി.
ജ്യേഷ്ഠസഹോദരന്‍ കുട്ട്യാമു സാഹിബിന്റെ സഹായത്തോടെ കോഴിക്കോട് സ്‌കൂളില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരുന്നു. കോഴിക്കോട് മുഖദാര്‍, തിരൂരങ്ങാടി നടുവില്‍ എന്നിവിടങ്ങളിലെ പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം പൊന്നാനി ദര്‍സില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ വിദ്യാര്‍ഥിയായി. മലബാറില്‍ നിന്ന് ആദ്യമായി ഇവിടേക്ക് പഠനത്തിനെത്തിയത് അദ്ദേഹമായിരുന്നു. ലത്തീഫിയ്യ കോളജില്‍ കുറച്ചു കാലം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടിയിലേക്ക് തിരിച്ചെത്തി. അവിടെ പള്ളി നിര്‍മിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം അതിനായി ഒരു തറ പണിതു. കുറേ കാലം ഓല മേഞ്ഞ ചെറുപുരയായി നിലകൊണ്ടതിനാല്‍ തറമ്മല്‍ പള്ളി എന്ന പേരിലാണിത് അറിയപ്പെട്ടത്. ഇവിടെയായിരുന്നു ആദ്യമായി അദ്ദേഹം ദര്‍സ് തുടങ്ങിയത്. പിന്നീട് ദര്‍സ് മയ്യഴിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടത്തെ സേവനത്തിനിടയില്‍ അദ്ദേഹത്തിന് പുളിക്കലിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെ പുതിയ തട്ടകത്തില്‍ അദ്ദേഹം കര്‍മനിരതനായി.
ഇതിനിടെ പള്ളിയുടെ ഖിബ്‌ലയുടെ ദിശ ശാസ്ത്രീയ രീതിയില്‍ അദ്ദേഹം പരിശോധിച്ചപ്പോള്‍ സാരമായ അപാകതകള്‍ ബോധ്യമായി. ഇതേ തുടര്‍ന്ന് ഇതര പള്ളികളുടേതും പരിശോധിച്ചു. അവിടെയും ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി. ഈ കണ്ടെത്തലുകളാണ് കേരളത്തില്‍ ഏറെ ചര്‍ച്ചയായ, സംവാദങ്ങള്‍ക്ക് നിമിത്തമായ ‘ഖിബ്‌ല ഐന്‍’ വിവാദം. ജ്യോതിശാസ്ത്രത്തില്‍ തല്‍പരനായിരുന്ന അദ്ദേഹം അദ്‌റാം പട്ടണത്തിലെ അഹ്മദ് സലീം സാഹിബിന്റെ ശിക്ഷണത്തില്‍ ഇവ്വിഷയകമായി അവഗാഹം നേടിയിരുന്നു.
കോഴിക്കോട്ടു നിന്ന് 22 ഡിഗ്രി വടക്കു പടിഞ്ഞാറായാണ് കഅ്ബ സ്ഥിതിചെയ്യുന്നത്. ഇതേ ഡിഗ്രിയില്‍ കൃത്യമായി കഅ്ബയുടെ നേരെ തിരിഞ്ഞാലേ നമസ്‌കാരം ശരിയാവൂ എന്നായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നിഗമനം. ഇത് മലബാറില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് നിമിത്തമായി. കഅ്ബ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് തിരിഞ്ഞാല്‍ തന്നെ നമസ്‌കാരം സാധുവാകും എന്നായിരുന്നു മറ്റു പണ്ഡിതരുടെ വാദം. അവസാനം ഇവ്വിഷയകമായി പുളിക്കല്‍ പ്രദേശത്ത് മുഖാമുഖം അരങ്ങേറി. തന്റെ നിഗമനങ്ങളെ വിവരിച്ചുകൊണ്ട് അദ്ദഅ്‌വ എന്ന ഗ്രന്ഥം അദ്ദേഹം പുറത്തിറക്കി. ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതന്മാര്‍ ഇവ്വിഷയകമായി നല്‍കിയ ഫത്‌വകള്‍ സമാഹരിച്ച് അറബിമലയാള ഭാഷയില്‍ തുഹ്ഫത്തുല്‍ അഹ്‌സാബ് എന്ന ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിച്ചു.
കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ രാജശില്‍പിയാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മതപഠനത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ആ കര്‍മയോഗി സഹിച്ച ത്യാഗങ്ങള്‍ വിവരണാതീതമാണ്. അന്ധവിശ്വാസങ്ങളാല്‍ ഇരുളടഞ്ഞ കേരളത്തിന്റെ മണ്ണില്‍ പരിഷ്‌കരണത്തിന്റെ വെളിച്ചം പ്രകാശിതമാക്കാനുള്ള വഴി വൈജ്ഞാനിക വിപ്ലവമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജീവിതകാലത്തിന്റെ വലിയൊരു ഭാഗം അതിനായി അവിരാമം പോരാടി. ഈ അന്വേഷണ യാത്ര ചെന്നെത്തിയത് വാഴക്കാട് പ്രദേശത്താണ്. അവിടെ അധ്യാപകനായിരുന്ന ചെറുശ്ശേരി അഹ്മദ്കുട്ടി മൗലവിയും അധികാരിയായ കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജിയുമാണ് അദ്ദേഹത്തെ വാഴക്കാട്ടേക്ക് ക്ഷണിച്ചത്. 1871-ല്‍ കൊയപ്പത്തൊടി മുഹമ്മദ്കുട്ടി സാഹിബിന്റെ വഖ്ഫ് സ്വത്തിന്റെ ബലത്തില്‍ ആരംഭിച്ച വാഴക്കാട് പള്ളി ദര്‍സില്‍ 1908-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അധ്യാപകനായി എത്തിയതോടെ പുതിയ ചരിത്രം പിറവിയെടുക്കുകയായിരുന്നു.
1913 ജനുവരി ഒന്നിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ‘വാഴക്കാട് മദ്‌റസ ദാറുല്‍ ഉലൂം എന്ന വിവിധ വിദ്യാലയ നിയമങ്ങള്‍’ എന്ന പേരില്‍ പുതിയ മദ്‌റസാ പാഠ്യപദ്ധതി തയ്യാറാക്കി. കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ ശാസ്ത്രീയ കുതിപ്പിന് ഇത് അടിത്തറയിട്ടു. പത്തു വര്‍ഷ തുടര്‍പഠനം ലക്ഷ്യമാക്കിയുള്ള കരിക്കുലവും സിലബസുമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വികസിപ്പിച്ചത്. പഠനസമയ പുനഃക്രമീകരണം, പ്രവേശനത്തിന് പ്രായപരിധി, മദ്‌റസയില്‍ ലൈബ്രറി സംവിധാനം, വാര്‍ഷിക പരീക്ഷ, ഭാഷാപഠന നിഘണ്ടു, പത്രം, വ്യത്യസ്ത ക്ലാസുകളാക്കി വിദ്യാര്‍ഥികളെ തരം തിരിക്കല്‍, ഹാജര്‍ പട്ടിക, ലീവ് ലെറ്റര്‍, ബെഞ്ച്, ഡെസ്‌ക്, മേശ, ബ്ലാക്ക്‌ബോര്‍ഡ്, ഗ്ലോബ്, മാപ്പുകള്‍ തുടങ്ങിയ എല്ലാ പരിഷ്‌കരണങ്ങളുടെയും ഉപജ്ഞാതാവായി അദ്ദേഹം മദ്‌റസാ പ്രസ്ഥാന ചരിത്രത്തില്‍ ഇടം നേടി.
ശക്തമായ എതിര്‍പ്പുകളും കടുത്ത വിയോജിപ്പുകളും ഇതിനെതിരില്‍ നാനാഭാഗത്തു നിന്നും ഉയര്‍ന്നു. വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും ബോര്‍ഡില്‍ എഴുതുന്നതും മായ്ക്കുന്നതും വഖ്ഫ് സ്വത്ത് മദ്‌റസാ പഠനത്തിന് ഉപയോഗിക്കുന്നതും ഹറാമാണെന്ന വാദം വരെ ഉണ്ടായി. അങ്ങനെ എല്ലാറ്റിനെയും അതിജീവിച്ച് അദ്ദേഹം മാതൃകകള്‍ പണിതു. എന്നാല്‍ ദര്‍സില്‍ പഴയ രീതി തന്നെ തുടരണമെന്ന തീരുമാനം വന്നതോടെ 1914ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടു നിന്ന് കോഴിക്കോട് ജില്ലയിലെ നല്ലളത്തേക്ക് യാത്രയായി. അവിടെ മുല്ലവീട്ടില്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് മദ്‌റസ സ്ഥാപിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കി. അതോടൊപ്പം അവിടെ ഒരു പ്രസ് സ്ഥാപിച്ച് മദ്‌റസാ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അറബിമലയാള ലിപി പരിഷ്‌കരിക്കുന്നതില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. നല്ലളത്ത് ജോലി ചെയ്യുന്ന സമയത്ത് ഇതിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തു. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ തുഹ്ഫത്തുല്‍ അഖ്‌യാറിലൂടെ തുടക്കമിട്ട അറബിമലയാള ലിപി പരിഷ്‌കരണം അദ്ദേഹത്തിന് ആത്മവീര്യം പകര്‍ന്നു. സൂറത്തുല്‍ ഹുറൂഫ്, അക്ഷരമാല എന്നീ ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായ അദ്ദേഹത്തിന്റെ രചനകളാണ്. സ്വലാഹുല്‍ ഇഖ്‌വാന്‍ ദ്വൈവാരിക ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തയ്യാറാക്കിയ പരിഷ്‌കൃത ലിപിയിലാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ എല്ലാ അക്ഷരങ്ങള്‍ക്കും ലളിതമായ അറബിമലയാള ലിപി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ പരിഷ്‌കരണത്തോടെയായിരുന്നു.
മികച്ച നിരവധി രചനകള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. തുഹ്ഫത്തുല്‍ അഹ്ബാബ്, തസ്‌ലീഹു അദ്ഹാനില്‍ ഇഖ്‌വാന്‍ ഫീ തഅ്‌ലീമി, സബാനെ ഹിന്ദുസ്ഥാനി, രിസാലത്തുല്‍ മാരിദീനി വ്യാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തിന്റെ ആഴം അദ്ദേഹത്തിന്റെ ഉജ്വലമായ ധൈഷണികതയുടെ തെളിവാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതിയതിനാലാണ് കെ എം മൗലവിക്ക് കാതിബ് എന്ന പേര് ലഭിച്ചത്.
മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ ആശയങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി രംഗത്തുവന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ അദ്ദേഹം അവരെ നേരിട്ടു. കണ്ണൂര്‍ അറയ്ക്കല്‍ രാജയുടെ സാന്നിധ്യത്തില്‍ ഇവ്വിഷയകമായി നടന്ന സംവാദത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഖാദിയാനിസം പ്രചരിപ്പിക്കുന്ന തുഹ്ഫത്തുല്‍ മലബാര്‍ എന്ന ഗ്രന്ഥത്തിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കൃത്യമായ ഖണ്ഡനമെഴുതുകയും ചെയ്തു.
നല്ലളത്തു നിന്ന് 1917-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടേക്ക് പോയി. അവിടെ നവോത്ഥാന സംരംഭങ്ങളില്‍ വ്യാപൃതനായിരിക്കേ, 1919-ല്‍ 63-ാം വയസ്സില്‍ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട തിരൂരങ്ങാടി തറമ്മല്‍ പള്ളി ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം ഖബറടക്കിയത്.