ചാലിലകത്തിന്റെ ദീര്‍ഘവീക്ഷണവും മദ്‌റസാ പ്രസ്ഥാനത്തിന്റെ വിജയവും
ഡോ. ഐ പി അബ്ദുസ്സലാം
കേരളത്തില്‍ മുസ്ലിം സമൂഹം യാഥാസ്ഥിതികതയുടെ കരങ്ങളിലും അന്ധവിശ്വാസങ്ങളുടെ തടവറകളിലും വിശ്രമിക്കുന്ന സമയത്താണ് നവോത്ഥാന സംരംഭങ്ങള്‍ നടക്കുന്നത്. മതവും വിശ്വാസവും ചില കര്‍മങ്ങളില്‍ മാത്രം പരിമിതപ്പെട്ട കാലത്ത് കഠിന പ്രയത്‌നത്തിലൂടെയാണ് യഥാര്‍ഥ ഇസ്ലാമിക ആശയങ്ങളിലൂടെ സാമൂഹിക പരിഷ്‌കരണം സാധ്യമാക്കിയത്. ഇന്ന് കേരള മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത എല്ലാ പുരോഗതിയും ഇത്തരം പ്രയത്‌നങ്ങളുടെ പിന്തുടര്‍ച്ചയാണ്. സാമൂഹിക ബഹിഷ്‌കരണവും മതഭ്രഷ്ടും പണ്ഡിതന്മാര്‍ക്കും നേതാക്കന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലരെ മതവിരുദ്ധരായി മുദ്രകുത്തി. കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സമുദായം ഇന്ന് കാണുന്ന പുരോഗതി നേടിയെടുത്തത്. മത വിദ്യാഭ്യാസത്തെ ഓത്തുപള്ളികളില്‍ പരിമിതപ്പെടുത്തുകയും മതപണ്ഡിതന്മാര്‍ ചൊല്ലി കൊടുക്കുന്നത് കാണാപ്പാഠം പഠിക്കുകയും ചെയ്യുന്ന ഒരു സംവിധാനമായിരുന്നു 1800 കള്‍ വരെ കേരളത്തില്‍ നിലനിന്നിരുന്നത്. ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ച നവോത്ഥാന നായകര്‍ രംഗത്തിറങ്ങി. അതിന്റെ തുടക്കം ചാലിലകത്തില്‍ നിന്നും ദാറുല്‍ ഉലൂമില്‍ നിന്നുമായിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
1885-ല്‍ തിരൂരങ്ങാടിയിലാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം വിവിധ പള്ളിദര്‍സുകളില്‍ നിന്ന് മതവിദ്യാഭ്യാസം നേടി. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഹാജി അനായാസേന കൈകാര്യം ചെയ്തിരുന്നു. വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തില്‍ പഠിക്കുന്ന കാലത്ത് ഹാജിയുടെ ധിഷണ അധ്യാപകരുടെയും സഹപാഠികളുടെയും ശ്രദ്ധ കവര്‍ന്നിരുന്നു. മലയാളഭാഷയില്‍ പാണ്ഡിത്യം നേടുകയും വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വ്യാകരണത്തെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്തിരുന്നു. മലയാള ഭാഷ ആര്യ ഭാഷയാണെന്നും അതിന്റെ പഠനം നിരുത്സാഹപ്പെടുത്തുകയും ചെയ്ത കാലത്താണ് താന്‍ പടുത്തുയര്‍ത്തിയ മദ്റസ പ്രസ്ഥാനത്തിലും മദ്റസ സിലബസിലും മലയാളഭാഷക്ക് വലിയ പ്രാധാന്യം ഹാജി നല്‍കിയത്. നല്ല ഭാഷ സംസാരിക്കണം, നല്ല ഭാഷയില്‍ എഴുതണം, നല്ല ഭാഷയിലൂടെ ആശയവിനിമയം നടത്തണം… ഇതായിരുന്നു അദ്ദേഹത്തിന്റെ ആശയം. വിദ്യാര്‍ഥികളെ തന്റെ ആശയപ്രകാരം പ്രചോദിപ്പിക്കുകയും ആവശ്യമായ ശിക്ഷണം നല്‍കുകയും ചെയ്യുന്നതില്‍ ഹാജി വിജയിച്ചു എന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ബോധ്യപ്പെടുത്തിയത്.
അറബി, ഉറുദു, പേര്‍ഷ്യന്‍ സാഹിത്യങ്ങള്‍ ഒരേ പോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഹാജിക്ക് ഉണ്ടായിരുന്നു. മതം പഠിക്കുന്ന ഏതൊരാളും ഭൗതികജ്ഞാനവും സാഹിത്യവും, ശാസ്ത്ര വിഷയങ്ങളും ആഴത്തില്‍ പഠിക്കണമെന്ന് ഹാജി ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ തന്റെ അധ്യാപന കാലത്ത് പള്ളിദര്‍സുകളില്‍ നിന്ന് മദ്റസകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരുമ്പോള്‍ അവരില്‍ പൗരബോധം വളര്‍ത്താനും രാജ്യസ്‌നേഹം കൊണ്ടുവരാനും ഇതര മതസ്ഥരോട് സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുമെന്ന് ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ചാലിലകത്ത്. ആധുനിക കരിക്കുലങ്ങളോടും നൂതനമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടും യോജിച്ച് ഒരു പുതിയ മതപഠന സംവിധാനം കൊണ്ടുവരികയായിരുന്നു ഹാജി ചെയ്തത്. അതിനുവേണ്ടി തന്റെ മദ്റസയില്‍ ഗ്ലോബുകള്‍, ജീവജാലങ്ങളുടെ ചിത്രങ്ങള്‍, വിദേശ രാജ്യങ്ങളിലെ ഗ്രന്ഥങ്ങള്‍, വിവിധ ഡിക്ഷ്ണറികള്‍ എല്ലാം സ്വരൂപിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇന്നത്തെ ആധുനിക ലാബുകളോട് കിടപിടിക്കുന്ന ലാബുകള്‍ വരെ സ്ഥാപിച്ചിരുന്നതായി കാണാം.
ഇ കെ മൗലവി തന്റെ ഗുരുവര്യനെ ഓര്‍ക്കുന്നിടത്ത് ഇങ്ങനെ പറയുകയുണ്ടായി: ‘ഒ ചന്തുമേനോന്റെ ഇന്ദുലേഖ എന്ന പുസ്തകം അദ്ദേഹം വായിക്കുകയും വിദ്യാര്‍ഥികളോട് വായിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിലൂടെയാണ് ഞങ്ങള്‍ക്ക് മലയാള പത്രങ്ങള്‍ വായിക്കാനും മലയാള സാഹിത്യങ്ങള്‍ മനസ്സിലാക്കാനും അവസരം ഉണ്ടായത്.’
അതിപുരാതനമായ പഠനരീതി മാറ്റി എഴുതുകയും ക്ലാസ്മുറികളും ഇരുന്നു പഠിക്കാന്‍ ആവശ്യമായ ബെഞ്ചും ഡെസ്‌കും ബോര്‍ഡും ചോക്കും ആദ്യമായി ഉപയോഗിച്ച വ്യക്തി കൂടിയാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മദ്റസ പാഠപുസ്തകങ്ങള്‍ സ്വയം രചിക്കുകയും അത് സ്വന്തം പ്രസ്സില്‍ പ്രിന്റ് ചെയ്യുകയും കുട്ടികള്‍ക്ക് കൈമാറുകയും ചെയ്തു. നിലവിലുണ്ടായിരുന്ന സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ മുഴുവനും പൊളിച്ചെഴുതി പുതിയ വിദ്യാഭ്യാസ പദ്ധതിയാണ് ചാലിലകത്ത് മുന്നോട്ട് വെച്ചത്. കടുത്ത എതിര്‍പ്പുകളും വിമര്‍ശനങ്ങളും വാഗ്വാദങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അതിനെയെല്ലാം മറികടന്ന് പൗരപ്രമുഖരായ വ്യവസായികളുടെ സഹായത്തോടുകൂടി 1871 ല്‍ വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിച്ചു. അന്ന് അത് അറിയപ്പെട്ടത് തന്മിയത്തുല്‍ ഉലൂം എന്ന പേരിലായിരുന്നു.
സ്ത്രീകള്‍ക്ക് എഴുത്തും വായനയും നിഷേധിക്കപ്പെട്ട, ബ്ലാക്ക് ബോര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതി മായ്ച്ചാല്‍ പവിത്രതയ്‌ക്കെതിരാണെന്നു കരുതിയിരുന്ന സന്ദര്‍ഭത്തിലാണ് ചാലിലകത്ത് തന്റെ മദ്റസാ പ്രസ്ഥാനം ആരംഭിക്കുന്നത്. നൂതനമായ അദ്ദേഹത്തിന്റെ ആശയത്തോട് പൂര്‍ണ പിന്തുണ നല്‍കാന്‍ അന്നത്തെ ഉല്‍പതിഷ്ണുക്കളായ ദാറുല്‍ ഉലൂമിന്റെ നേതാക്കന്മാര്‍ക്ക് കഴിഞ്ഞു. അങ്ങനെയാണ് ഇന്ന് കേരളത്തില്‍ പതിനായിരക്കണക്കിന് മദ്റസകളും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും പതിനായിരക്കണക്കിന് അധ്യാപകരും നിലകൊള്ളുന്ന ഈ സംവിധാനം നിലവില്‍ വരാന്‍ കാരണമായത്.
ശാസ്ത്രീയ പാഠ്യപദ്ധതിയും കരിക്കുലവും നിര്‍മിക്കാന്‍ അക്കാലഘട്ടത്തിലെ അറിവുകള്‍ക്കിടയില്‍ നിന്നുകൊണ്ട് ചാലിലകത്തിനെ പോലെയുള്ള ആളുകള്‍ക്ക് സാധിച്ചു എന്നതാണ് ഇന്ന് മുസ്ലിം സമുദായം നേടിയിട്ടുള്ള വിദ്യാഭ്യാസ പുരോഗതിയും സാംസ്‌കാരിക വളര്‍ച്ചയും വൈജ്ഞാനിക ഉന്നമനവും ധാര്‍മികമായ അടിത്തറയും എന്ന് പറയുന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല.
ദാറുല്‍ ഉലൂമിന്റെ പിറവി
മലബാറിലെ ന്യൂനപക്ഷ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എന്തുണ്ട് പരിഹാരം എന്ന ചിന്തയില്‍ നിന്നാണ് മതവിദ്യാഭ്യാസം പള്ളിദര്‍സുകളില്‍ തുടക്കം കുറിച്ചത്. പൊന്നാനിയില്‍ മഖ്ദൂമി പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പള്ളിദര്‍സുകള്‍ അന്നത്തെ മലബാറിലെ മുസ്ലിം മതവിദ്യാഭ്യാസത്തിന്റെ പ്രഥമ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടത്. ശേഷം 1871 ല്‍ വാഴക്കാട്ടെ ഉദാരമനസ്‌കരും സമ്പന്നരുമായ കൊയപ്പത്തൊടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മത വിദ്യാഭ്യാസ കേന്ദ്രമാണ് ദാറുല്‍ ഉലൂം. മലബാറിലെ മുസ്ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന സമയത്താണ് ദാറുല്‍ ഉലൂം പിറവിയെടുക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലും വിവിധ പരീക്ഷണത്തിലും വലഞ്ഞ ഒരു സമൂഹത്തിന്റെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ചിന്തിക്കാന്‍ അന്നത്തെ പണ്ഡിത നേതൃത്വത്തിന് സാധിച്ചിരുന്നു. ഇതിനുദാഹരണമാണ് ദാറുല്‍ ഉലൂം.
മുസ്ലിം സമുദായം മതം മാത്രം പഠിച്ചാല്‍ മതിയാവില്ലെന്നും ഇന്ത്യയിലെ ഇതര മതവിഭാഗങ്ങള്‍ക്കിടയിലും സാമൂഹിക രാഷ്ട്രീയ മേഖലയിലും പുരോഗതി പ്രാപിക്കണമെങ്കില്‍ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും അത്യാവശ്യമാണ് എന്ന തിരിച്ചറിവാണ് തന്മിയത്തുല്‍ ഉലൂം മദ്റസ എന്ന നാമകരണത്തില്‍ വാഴക്കാട് പുതിയ മതപഠന വേദി രൂപപ്പെട്ടത്. മത വിഷയത്തോടൊപ്പം ഭൗതിക വിഷയങ്ങളും അറബി ഭാഷയോടൊപ്പം മലയാള ഭാഷ, സംസ്‌കൃതം, ഉറുദു ഭാഷകളും പഠിക്കണമെന്ന് അവര്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. ഇതിനോടൊപ്പം തന്നെ സയന്‍സും ഹിസ്റ്ററിയും പഠിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കി. അക്കാലഘട്ടത്തില്‍ ലഭ്യമായ പുസ്തകങ്ങളും പഠനോപകരണങ്ങളും സംഘടിപ്പിക്കുകയും പ്രാപ്തരും കഴിവുറ്റതുമായ അധ്യാപകരെ പ്രസ്തുത വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ ചുമതല നല്‍കുകയും ചെയ്തു. ഇത് ഒരു പുതിയ വിപ്ലവം ആയിരുന്നു. സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടു, വിമര്‍ശനങ്ങളെ പ്രവര്‍ത്തനങ്ങളിലൂടെ അതിജയിച്ചു കൊണ്ടാണ് ചാലിലകത്തും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ വിജയം കണ്ടത്.
ഇതിനുശേഷം മണ്ണാര്‍ക്കാടും പുളിക്കലും അരീക്കോടും ഫറോക്കും എടവണ്ണയിലും സമാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവന്നു. മൗലാനാ ചാലികത്ത് തുടങ്ങിവെച്ച നവീന മത വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാഴക്കാട് ദാറുല്‍ ഉലൂം അറബി കോളേജ് ഗ്രന്ഥശാലയില്‍ അപൂര്‍വം ഗ്രന്ഥങ്ങള്‍ സമാഹരിച്ച് പഠിതാക്കളും ഗവേഷകരും ആയ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ ഇത്തരം ചിന്തകള്‍ പ്രചോദനമായിട്ടുണ്ട്.
യാഥാസ്ഥിതിക സമൂഹം അറബിയല്ലാത്ത അല്ലെങ്കില്‍ അറബി മലയാളമല്ലാത്ത മറ്റൊരു ഭാഷ പഠിക്കരുതെന്ന് മതവിധി നല്‍കിയപ്പോള്‍ ചാലിലകത്ത് തന്റെ കര്‍മത്തിലൂടെ അതിന്നെതിരേ പോരാടുകയാണ് ചെയ്തത്. കൂടെ ചേര്‍ത്ത് പറയേണ്ട മറ്റൊന്ന് പെണ്‍കുട്ടികള്‍ക്ക് ഭൗതിക കലാലയങ്ങള്‍ നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ചാലിലകത്ത് തന്റെ പെണ്‍മക്കളെ മുഴുവനും സ്‌കൂളുകളില്‍ ചേര്‍ത്ത് പഠിക്കാനുള്ള അവസരം നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ആ കാലത്ത് ധീരമായ ചെറുത്തുനില്‍പ്പിലൂടെയാണ് അദ്ദേഹം തന്റെ പെണ്‍മക്കളെ പഠിപ്പിച്ചത്. ഇതിന്റെ പേരില്‍ താന്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തില്‍ നിന്ന് ധാരാളം വെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പക്ഷേ സമൂഹത്തിലെ നവോത്ഥാന ചിന്തകള്‍ ഉള്ള പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സഹായത്തോടെ അദ്ദേഹം തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.
അന്നു വിമര്‍ശിച്ചവരൊക്കെ വലിയ വലിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സ്ഥാപിക്കുന്ന മത്സരത്തിലാണ് ഇപ്പോള്‍. പ്രൈമറി സ്‌കൂള്‍ മുതല്‍ യൂണിവേഴ്‌സിറ്റി വരെ സ്ഥാപിക്കുകയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചിരുന്ന് പഠിക്കാനുള്ള അവസരങ്ങളും നല്‍കി. മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ആധുനിക ശാസ്ത്ര ഗവേഷണ വിഷയങ്ങള്‍ പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന് പിന്നില്‍ ചാലിലകത്തിന്റെ ഇടപെടലുകളുടെ സ്വാധീനമുണ്ട് എന്ന് പറയാന്‍ കഴിയും.
ഉത്തരേന്ത്യയിലെ ദാറുല്‍ ഉലൂം ദയൂബന്ദ് സ്ഥാപിതമായ അതേ സമയത്ത് തന്നെയാണ് വാഴക്കാട് ദാറുല്‍ ഉലൂമും ഉദയം ചെയ്തത്. ദയൂബന്ദില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അറിവ് തേടിയെത്തിയപ്പോള്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവ് തേടി ധാരാളം വിദ്യാര്‍ഥികള്‍ എത്തി. സ്വാതന്ത്ര്യ സമര സേനാനികളും പ്രഗല്‍ഭരായ പണ്ഡിതന്മാരും ദാറുല്‍ ഉലൂമിന്റെ ശിഷ്യന്മാരാണ്. കേരള മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ച കെഎം മൗലവിയും ഈ കെ മൗലവിയും ഇ മൊയ്തു മൗലവിയും ഡോ. മുഹിയുദ്ദീന്‍ ആലുവായും ഈ സ്ഥാപനത്തിന്റെ വിദ്യാര്‍ഥികളായിരുന്നു.
വ്യവസ്ഥാപിതമായ സിലബസ്, കരിക്കുലം, പാഠപുസ്തകം, ടൈം ടേബിള്‍, ഹാജര്‍ പട്ടിക, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ആക്ടിവിറ്റീസ്, പഠന ഉപകരണങ്ങള്‍, ചാര്‍ട്ടുകള്‍, മാപ്പുകള്‍, പാഠപുസ്തകങ്ങള്‍ പോലുള്ളവ ചാലിലകത്തിന്റെ മദ്റസയുടെ പ്രത്യേകതകളായിരുന്നു. ഇതില്‍ പലതും പൈതൃകങ്ങളായി ഇന്നും ദാറുല്‍ ഉലൂമില്‍ സൂക്ഷിക്കുന്നുണ്ട്.
മദ്‌റസ പരിഷ്‌കരണം
ചാലിലകത്ത് അന്ന് തുടങ്ങിവച്ച മദ്റസ പരിഷ്‌കാരങ്ങള്‍ ഇന്നും നവോത്ഥാനത്തിന്റെ പിന്‍മുറക്കാര്‍ തുടരുന്നു. അക്കാലത്ത് കാലഘട്ടത്തിനനുസരിച്ച് ചിന്തിക്കാനും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും അവര്‍ കഠിനാധ്വാനം ചെയ്തു. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയും കാലത്തിന് മുമ്പില്‍ ഉണ്ടായ പുരോഗതിയും കണ്ട് മദ്റസ സിലബസിനെയും കരിക്കുലത്തെയും വിഭാവനം ചെയ്ത പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്നും മാറാതെ പഴയതില്‍ തന്നെ തുടരുകയും ചെയ്യുന്നവരുണ്ട്.
ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ട വിദ്യാഭ്യാസ പ്രസ്ഥാനമാണ് സി ഐ ഇ ആര്‍. മത വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണാത്മകമായ ചിന്തകളിലൂടെ വിദ്യാര്‍ഥി മനസ്സുകളില്‍ ധാര്‍മിക അവബോധം സൃഷ്ടിക്കാന്‍ അനുസൃതമായ കരിക്കുലം തയ്യാറാക്കുകയും മാനവിക- ദേശീയോദ്ഗ്രഥന ചിന്തകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സാമൂഹിക ബോധവും പൊതു വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടും അധാര്‍മികതയ്‌ക്കെതിരെയുള്ള ചിന്തയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യത, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സഹജീവിസ്‌നേഹം, ഭീകര പ്രവര്‍ത്തനങ്ങളുടെ അപകടം, ട്രാഫിക് നിയമങ്ങള്‍ പോലുള്ള പൊതു വിഷയങ്ങളില്‍ വിദ്യാര്‍ഥികളില്‍ ഉണ്ടാവേണ്ട ചിന്തകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം മദ്റസകളില്‍ നിന്ന് പുറത്തു വരുന്ന വിദ്യാര്‍ഥികള്‍ വിഭാഗീയത, വര്‍ഗീയത, അധാര്‍മികത, സാംസ്‌കാരിക ജീര്‍ണത തുടങ്ങിയവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രാപ്തരായിരിക്കും.
കുഞ്ഞുമനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിക്കയറ്റുന്ന ഈ സന്ദര്‍ഭത്തില്‍ അതിനെതിരെ മദ്റസ പാഠപുസ്തകങ്ങളില്‍ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മാതൃക സൃഷ്ടിക്കുകയാണ് സി ഐ ഇ ആര്‍ ചെയ്തത്. അധ്യാപകര്‍ക്ക് പരിശീലനവും രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ മത വിദ്യാഭ്യാസത്തില്‍ ഇടപെടാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.