ചാക്കിട്ടുപിടിത്തവും മാഞ്ഞുപോകുന്ന കേസുകളും
മുഹമ്മദ് റോഷന്‍
തിരഞ്ഞെടുപ്പ് അട്ടിമറികള്‍ രാജ്യത്ത് ഇപ്പോള്‍ അത്ഭുതമുളവാക്കുന്ന ഒരു സംഗതിയേ അല്ല. ഏതു നേരവും ആരും ബി ജെ പിയിലേക്കു കാലു വെക്കാവുന്ന അവസ്ഥയാണ്‌രാജ്യത്തുള്ളത്. അഴിമതികളില്‍ മുങ്ങി നീരാടിയവരാണ് ഇങ്ങനെ മറുകണ്ടം ചാടിയവരിലധികവും എന്നതാണ് കൗതുകകരം. ബി ജെ പിയോട് ചേരുന്നതോടെ അവരുടെ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുന്നു എന്നത് മറ്റൊരു കൗതുകം.
മധ്യപ്രദേശില്‍ കമല്‍ നാഥിന്റെ സര്‍ക്കാരിനെ താഴെയിറക്കി ബി ജെ പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും കോണ്‍ഗ്രസ് നേതാവായിരിക്കെ ഭൂമി വില്‍പ്പനയ്ക്കിടെ കൃത്രിമ രേഖയുണ്ടാക്കിയതിന് ഇ.ഡിയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസെടുത്തിരുന്നു. എന്നാല്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഈ കേസ് അവസാനിപ്പിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഷിന്‍ഡെ വിഭാഗം ശിവസേനക്കൊപ്പം പോയതോടെ എന്‍ സി പിയുടെ അജിത് പവാറിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. 2019ല്‍ മഹാ വികാസ് അഗാഡി അധികാരത്തില്‍ എത്തിയപ്പോള്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും സര്‍ക്കാര്‍ മാറിയപ്പോള്‍ തുടരന്വേഷണം വേണമെന്ന് നിലപാടെടുത്തു. എന്നാല്‍ അജിത് പവാര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നപ്പോള്‍ അന്വേഷണം നിലച്ചു. അഴിമതിയുടെ കറ പുരണ്ടവരെ ഇ ഡിയെ കാണിച്ച് വരുതിയിലാക്കുകയാണ് ബി ജെ പി.