ചാക്കീരി അഹ്മദ്കുട്ടി ദീര്‍ഘദര്‍ശിയായ സമുദായ നേതാവ്
ഹാറൂന്‍ കക്കാട്
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ചാക്കീരി അഹ്മദ്കുട്ടി സാഹിബ് വിടപറഞ്ഞിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സാമുദായിക വിഷയങ്ങളില്‍ കൂര്‍മബുദ്ധിയോടെയുള്ള സൂത്രധാരനും ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആസൂത്രകനുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇച്ഛാശക്തിയുള്ള നേതാവായിരുന്നു ചാക്കീരി അഹ്മദ്കുട്ടി സാഹിബ്. കേരള മുസ്ലിംകളുടെ ധൈഷണികവും ഭൗതികവുമായ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി തന്റെ അധികാരം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം യാത്രയായത്.
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂരിലെ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും പള്ളിയാളി വിരിയത്തിന്റെയും മകനായി 1912-ലാണ് ചാക്കീരി അഹ്മദ്കുട്ടി സാഹിബിന്റെ ജനനം. പ്രശസ്ത മാപ്പിളപ്പാട്ട് കവിയായിരുന്നു പിതാവ് മൊയ്തീന്‍കുട്ടി സാഹിബ്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബാല്യത്തിലേ അഹ്മദ്കുട്ടി സാഹിബിനെ ആകര്‍ഷിച്ച ഒരു മേഖലയായിരുന്നു. പരിചിതരുടേയും അല്ലാത്തവരുടേയും ദുരിതങ്ങള്‍ അകറ്റാനുള്ള ത്വരയായിരുന്നു അദ്ദേഹത്തിനെ എപ്പോഴും നയിച്ചിരുന്നത്.
പതിനേഴാം വയസ്സില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായിയായി കര്‍മരംഗത്ത് സജീവമായി. രാഷ്ട്രീയ രംഗത്ത് ചെറിയ പ്രായത്തില്‍ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നാട്ടില്‍ ശ്രദ്ധേയനായി. കോട്ടക്കല്‍ പി സി സി പ്രസിഡന്റായി നേതൃരംഗത്തേക്ക് ഉയര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിപ്രായ സംഘട്ടനങ്ങള്‍ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍ നിന്ന് പിരിഞ്ഞു. 1939-ല്‍ തന്റെ പ്രവര്‍ത്തന തട്ടകമായി മുസ്ലിംലീഗിനെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. മലബാര്‍ മേഖലകളില്‍ ലീഗിന്റെ ശാഖകള്‍ രൂപീകരിക്കാന്‍ തുടങ്ങിയ കാലത്ത് ഏറനാട് കേന്ദ്രീകരിച്ച് നടന്ന സംഘടനയുടെ ചടുലമായ നീക്കങ്ങള്‍ അദ്ദേഹത്തെ പ്രത്യേകം ആകര്‍ഷിച്ചു. വൈകാതെ അദ്ദേഹം ഏറനാട്ടിലെ മുസ്ലിംലീഗിന്റെ കരുത്തനായ നേതാവായി മാറി.
1932-ല്‍ ചാക്കീരി അഹ്മദ്കുട്ടി സാഹിബ് ഏറനാട് താലൂക്ക് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് കോണ്‍ഗ്രസ് നേതാവും പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവുമായി പ്രവര്‍ത്തിച്ച സാധു പി അഹ്മദ്കുട്ടി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പാണക്കാട് പൂക്കോയ തങ്ങള്‍ അക്കാലത്ത് കോണ്‍ഗ്രസുകാരനായിരുന്നു. താലൂക്ക് ബോര്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇതിന് വഴിയൊരുക്കിയത് ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു.
കേരളം രൂപീകരിക്കുന്നതിന് മുമ്പ് കോട്ടക്കല്‍ ഫര്‍ക്ക എന്ന പേരില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കുറ്റിപ്പുറം ഉള്‍ക്കൊള്ളുന്ന പ്രദേശം. 1952-ല്‍ മദ്രാസ് സംസ്ഥാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ ഫര്‍ക്കയില്‍ നിന്നുള്ള ജനപ്രതിനിധിയായത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെ ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു. കുഞ്ഞുണ്ണി നെടുങ്ങാടിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.
കേരളം രൂപീകരിച്ചതിന് ശേഷം 1957-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം നിയോജക മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചു. 1970, 1977 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ചാക്കീരി അഹ്മദ്കുട്ടി സാഹിബിലൂടെ മുസ്ലിം ലീഗ് മണ്ഡലം നിലനിര്‍ത്തി. 1964-1969 കാലയളവില്‍ വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
1948 കാലഘട്ടത്തില്‍ മുസ്ലിംലീഗിലേക്ക് വരാന്‍ പലര്‍ക്കും ഭയം നിലനിന്നിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഭരണകൂട ഭീകരത ലീഗ് പ്രവര്‍ത്തകരെ പല നിലയിലും വേട്ടയാടിയ സമയമായിരുന്നു അത്. പല കരിനിയമങ്ങളും പ്രവര്‍ത്തകരുടെ പേരില്‍ ചാര്‍ത്തപ്പെട്ടു. പാണക്കാട് പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടു. ആ സമയത്താണ് മലപ്പുറത്ത് ഒരു ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംലീഗ് എം എല്‍ എ ആയിരിക്കേ മരണമടഞ്ഞ അഹമ്മദ്കുട്ടി ഹാജിയുടെ സ്ഥാനത്തേക്ക് മദിരാശി അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പായിരുന്നു അത്. മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെട്ട ആ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കണം എന്ന് ശക്തമായി വാദിച്ചത് ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു.
ഭയവിഹ്വലരായ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ചങ്കൂറ്റത്തോടെ ധൈര്യം പകര്‍ന്നു. എം പി എം ഹസ്സന്‍കുട്ടി കുരിക്കള്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി. 1950 ഒക്ടോബര്‍ 28-നു നടന്ന വോട്ടെടുപ്പില്‍ ഹസ്സന്‍കുട്ടി കുരിക്കള്‍ വിജയിച്ചു. മുസ്ലിംലീഗിന്റെ ശക്തമായ തിരിച്ചുവരവിന് നിമിത്തമായ ഈ ഐതിഹാസിക വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു. ആത്മവീര്യം പകര്‍ന്ന് അണികളെ സുസജ്ജരാക്കാനുള്ള അനിതര സാധാരണമായ വൈഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും മുസ്ലിംലീഗിനെ ചങ്കൂറ്റത്തോടെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
1973-ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരക്കാരനായി പാര്‍ട്ടി നിയോഗിച്ചത് ചാക്കീരി അഹ്മദ്കുട്ടി സാഹിബിനെയാണ്. സര്‍വരാലും സുസമ്മതനായ കഴിവുറ്റ നേതാവ്.
തുടര്‍ന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ, നിരവധി ശ്രദ്ധേയമായ മാതൃകാപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം വളരെയധികം പ്രയത്‌നിച്ചു. വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ കെട്ടിടം അനുവദിച്ചത് ഇക്കാലത്തായിരുന്നു. ഇപ്പോള്‍ മുപ്പതിനായിരത്തിലധികം അംഗന്‍വാടികളുള്ള ഐ സി ഡി എസ് പ്രൊജക്ട് 1975- ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത് അദ്ദേഹമാണ്. അറബിക് കോളജ് അധ്യാപകര്‍ക്ക് ഡയറക്ട് പേയ്‌മെന്റ് സമ്പ്രദായം നടപ്പില്‍ വരുത്തിയതും വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് കൊണ്ട് സോഷ്യല്‍ വെല്‍ഫെയര്‍ എന്ന പുതിയ വകുപ്പ് രൂപീകരിച്ചതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
1977 മാര്‍ച്ച് 19-നു നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്നു അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി അദ്ദേഹം ചുമതലയേറ്റു. പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു രാഷ്ട്രീയ പ്രതിസന്ധി സംജാതമായ സമയത്ത് ചാക്കീരി അഹമദ്കുട്ടി സാഹിബായിരുന്നു സ്പീക്കര്‍. തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സി എച്ച് മുഹമ്മദ് കോയ സാഹിബ് മുഖ്യമന്ത്രി ആയി. ഈ മന്ത്രിസഭയുടെ അണിയറശില്പി ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു.
കേരള ജനതയുടെ സാമൂഹിക മുന്നേറ്റത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നിസ്വാര്‍ത്ഥമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1993 ഒക്‌ടോബര്‍ 1-ന്, 81-ാം വയസ്സില്‍ മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവായി കേരളം അടയാളപ്പെടുത്തിയ ചാക്കീരി അഹ്മദ്കുട്ടി സാഹിബ് നിര്യാതനായി. ചേറൂര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.