8 Friday
August 2025
2025 August 8
1447 Safar 13

ചാടാനായി കുഴിനിര്‍മിക്കുകയാണ് യുവത്വം

ലുബൈബ് പച്ചീരി

എല്ലാം ഇപ്പോള്‍ ഡിജിറ്റലായിരിക്കുന്നു. മൊബൈല്‍ ഫോണിലേക്ക് തല കുമ്പിട്ടിരിക്കുന്ന അവസ്ഥയിലാണ് എല്ലാവരും. ഇവയ്ക്കിടയില്‍ വലിയ കെണികള്‍ പതിയിരിപ്പുണ്ട്. ഒരു അനുഭവം പങ്കുവെക്കാം: ഞാന്‍ ജോലി ചെയ്യുന്ന കടയില്‍ എപ്പോഴും വരുന്ന ഒരു സഹോദരന്‍ ഒരിക്കല്‍ പറഞ്ഞു: 25,000 രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അയക്കണം. എനിക്ക് ലോട്ടറി അടിച്ചു, 25 ലക്ഷം. അത് കിട്ടണമെങ്കില്‍ അവര്‍ക്ക് ആദ്യം ഈ പൈസ കൊടുത്ത് എന്റെ അക്കൗണ്ട് ആക്റ്റീവാക്കണം. ഇതിനു മുമ്പ് തന്നെ 7000 രൂപ അവന്‍ അയച്ചുകൊടുത്തിരുന്നു. ഞാന്‍ പറഞ്ഞു: ആ മെസേജ് ഒന്ന് കാണിച്ചുതന്നേ. ഞാന്‍ നോക്കട്ടെ. ഏതോ ഒരു നമ്പറില്‍ നിന്ന് ഒരു പോസ്റ്ററും വോയ്‌സ് ക്ലിപ്പും വന്നിരിക്കുന്നു. ലോട്ടറി അടിച്ചു എന്ന് പറഞ്ഞപ്പോഴേക്കും ഇവന്‍ അത് വിശ്വസിച്ചു. ഞങ്ങള്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.
ഇതാണ് നമ്മുടെ സോഷ്യല്‍ മീഡിയ വഴി നടന്നുകൊണ്ടിരിക്കുന്നത്. ആളുകളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള കെണികള്‍ ധാരാളമുണ്ട്. ഓണ്‍ലൈന്‍ സാധനങ്ങള്‍ ‘ഓഫര്‍’ എന്നു കേള്‍ക്കുമ്പോള്‍ ഒന്നും നോക്കാതെ ഓടിച്ചാടുന്നവരാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനു പിന്നാലെ വരുന്ന അപകടങ്ങളെ അവര്‍ ഓര്‍ക്കുന്നില്ല. നമ്മള്‍ സാധാരണ വാങ്ങുന്ന വിലയില്‍ നിന്നു കുറവ് കണ്ടാല്‍ നമുക്ക് മനസ്സിലാക്കിക്കൂടേ ഇതില്‍ എന്തെങ്കിലും തട്ടിപ്പ് ഉണ്ടാകുമെന്ന്. ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഇഷ്ടിക ലഭിച്ച സംഭവമുണ്ടായിട്ടുപോലും ‘ഇനി അഥവാ ബിരിയാണി കൊടുത്താലോ’ എന്ന മനോഭാവത്തിലാണ് ആളുകള്‍. ഫോണില്‍ വരുന്ന ഒടിപി പോലും യാതൊരു സങ്കോചവും കൂടാതെ പങ്കുവെക്കുന്ന മാനസികാവസ്ഥയിലേക്ക് നമ്മുടെ മനോനില മാറിയിട്ടുണ്ട്. അതിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാമാന്യ യുക്തി നഷ്ടപ്പെട്ടുപോയിരിക്കുന്നു.
യുവതലമുറ റമ്മികളിലും മറ്റു ഗെയിമുകളിലും ചടഞ്ഞുകൂടിയിരിക്കുന്നു. ചിന്തിക്കാന്‍ സമയമില്ല. ഗെയിമിനു വേണ്ടി സ്വന്തം വീട്ടില്‍ നിന്നു പണം അറിയാതെ എടുത്ത് ബാധ്യത തീര്‍ത്ത പിഞ്ചുകുഞ്ഞുങ്ങളുടെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒരുപാട് കുടുംബങ്ങളില്‍ ഇതിന്റെ പേരില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. നമ്മളെ നിയന്ത്രിക്കേണ്ടത് നമ്മളാണ്. ഇപ്പോഴത്തെ യുവത്വത്തിന് ചിന്തിച്ചു കാര്യങ്ങള്‍ തീരുമാനിക്കാനുള്ള യുക്തിബോധം നഷ്ടപ്പെട്ടുപോയിരിക്കുന്നു. അതുകൊണ്ടല്ലേ പ്രണയം നിരസിച്ചതിനും മറ്റും കൊലപാതകവും ഭീഷണിയും നിരന്തരം വാര്‍ത്തകളില്‍ തെളിയുന്നത്.
സോഷ്യല്‍ മീഡിയ കൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എത്രയോ പാവപ്പെട്ട രോഗികള്‍ക്ക് ഇതുവഴി പണം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എത്രയെത്ര അനീതികള്‍ക്ക് എതിരായി നമുക്ക് ഇതിലൂടെ ശബ്ദം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഈ കാലത്ത് ആവശ്യമാണ്. നമ്മുടെ കുട്ടികള്‍ ഏത് തരത്തില്‍ ഉപയോഗിക്കുന്നു അല്ലെങ്കില്‍ നമ്മള്‍ അതിനെ എങ്ങനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു എന്നിടത്താണ് കാര്യം.
യുവത്വം മരവിച്ചുപോകാന്‍ നമ്മള്‍ വഴി ഒരുക്കരുത്. അവരാണ് നാളത്തെ ഭൂമിയെ നയിക്കേണ്ടവര്‍, പരിപാലിക്കേണ്ടവര്‍. നമ്മുടെ മക്കളെ ഇതിന്റെ കാര്യഗൗരവങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയില്ലേ? അതിനു സാധിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് വരുംതലമുറയെ തള്ളിവിടലാവും അത്. നമ്മുടെ ലോകം ഭരിക്കാന്‍ പോകുന്നത് ഇനി ടെക്നോളജി ആണ്. നല്ല രീതിയില്‍ മനസ്സിലാക്കി ഉപയോഗിച്ചാല്‍ നമുക്ക് അതിനെ നിലനിര്‍ത്താം. അല്ലെങ്കില്‍ പല തരത്തിലുമുള്ള ചതികളില്‍ പോയി പടുകുണ്ടില്‍ വീഴുമ്പോഴേ മനസ്സിലാകൂ. പൊട്ടക്കിണറ്റിലെ തവളകളാകാതെ നമ്മള്‍ നമ്മളെ തന്നെ നിയന്ത്രിക്കുക.

Back to Top