വേണം, നമുക്കൊരു ജാതി സെന്‍സസ്
ഹന്‍സല്‍ പാലക്കാട്
ജാതി സെന്‍സസ് പ്രതിപക്ഷ നിരയില്‍ നിന്നുള്ള ആവശ്യമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. വളരെ പ്രസക്തമായ ഒരാവശ്യമാണ് അത്. 1931ലെ സെന്‍സസാണ് ഇപ്പോഴും നമ്മുടെ ജാതിയടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ വിലയിരുത്താന്‍ അടിസ്ഥാനമാക്കുന്നത് എന്ന യാഥാര്‍ഥ്യം ജാതി സെന്‍സസ് എത്രത്തോളം ആവശ്യമാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
അതുകൊണ്ട് നിലവിലുള്ള സംവരണങ്ങളെ പിന്തുണയ്ക്കുന്നതിനോ വിലയിരുത്തുന്നതിനോ, അല്ലെങ്കില്‍ അവയുടെ ആവശ്യങ്ങളെ തിട്ടപ്പെടുത്തുന്നതിനോ ഉള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു സമഗ്ര കണക്കെടുപ്പ് പ്രസക്തമായി തുടരുന്നു. ജാതികളുടെ എണ്ണവും അവയുടെ പിന്നാക്കാവസ്ഥയും കണ്ടെത്തുന്നതിനുള്ള ശ്രദ്ധാപൂര്‍വമായ പ്രക്രിയ കൊണ്ട് കൃത്യമായി നിര്‍ണയിക്കപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട സുപ്രീം കോടതിക്ക് ഉത്തരം നല്‍കാനും ഇത് സര്‍ക്കാരിനെ സഹായിക്കും.
ജാതി സമൂഹത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടതാണ് എന്ന വാദം ഉയര്‍ത്തി ജാതി സെന്‍സസിനെ എതിര്‍ക്കുന്നവരുമുണ്ട്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ ഒരു മന്ത്രിക്കു പോലും ജാതിവിവേചനം നേരിടേണ്ടിവന്നതിന്റെ അനുഭവസാക്ഷ്യം കഴിഞ്ഞ ദിവസമാണ് നാം കണ്ടത്. അത്തരമൊരു സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നവരെ കണ്ടെത്തി മുന്നോട്ടുകൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാവണം. ശബാബ് വാരിക കഴിഞ്ഞ ലക്കം ജാതി സെന്‍സസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കവര്‍സ്റ്റോറി വളരെ ഉപകാരപ്രദമായി. സാമൂഹിക ക്രമത്തിലെ അസമത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം ലേഖനങ്ങള്‍ ഇനിയും വരേണ്ടതുണ്ട്.