ജാതി സെന്‍സസ് ഇന്ത്യയുടെ ഗതി മാറ്റും
സണ്ണി എം കപിക്കാട്
സെന്‍സസ് എന്ന പദ്ധതി മനുഷ്യകുലത്തിന് ആവശ്യമായി വരുന്നത് ആധുനിക രാഷ്ട്ര നിര്‍മാണ ഘട്ടത്തിലാണ്. ആ രാഷ്ട്രം എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് തീരുമാനിക്കണമെങ്കില്‍ ആ രാഷ്ട്രത്തിനകത്ത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും മതങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാറിന്റെ കയ്യില്‍ വേണം. ഈ കണക്കെടുപ്പ് ഇന്ന് ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലും നടക്കുന്നുണ്ട്. വ്യക്തമായ ഡാറ്റ ഇല്ലാത്ത ഒരു സര്‍ക്കാറിനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയില്ല. അതിന്റെ ഭാഗമായി ജനങ്ങളുടെ ആയുരാരോഗ്യം, സുരക്ഷിതത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള വിവരങ്ങളാണ് സെന്‍സസിലൂടെ സമാഹരിക്കുന്നത്.
1871 മുതല്‍ ഇന്ത്യയില്‍ ശാസ്ത്രീയമായ സെന്‍സസ് നടപ്പിലാക്കുന്നുണ്ട്. ഇപ്പോഴും പത്തു വര്‍ഷത്തിലൊരിക്കല്‍ അത് നടന്നുവരുന്നു. ആദ്യഘട്ടത്തില്‍ കൊളോണിയല്‍ ഇന്ത്യക്കകത്ത് ഭരണാധികളായിരുന്ന ബ്രിട്ടീഷുകാര്‍ നേരിട്ടുതന്നെ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും ജീവിതക്രമത്തെയും ആചാരങ്ങളെയും കുറിച്ച് അനേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ‘മലബാര്‍ മാന്വല്‍’ എന്ന ഗ്രന്ഥം ഭരണകൂടത്തിന്റെ ആവശ്യത്തിനായി സമാഹരിച്ച വിവരങ്ങളാണ്. ഇന്നത് മലബാറിനെക്കുറിച്ച് പഠിക്കാനുള്ള ആധികാരിക ഗ്രന്ഥമായി മാറിയിരിക്കുന്നു. മലബാറിന്റെ കളക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
1871 മുതല്‍ 1921 വരെ ജാതി തിരിച്ചുള്ള സെന്‍സസാണ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നത്. 1931-ലാണ് ജാതി സെന്‍സസ് വേണ്ടതില്ല എന്ന് തീരുമാനിച്ചത്. ജാതി സെന്‍സസ് നടത്തുന്നത് ജാതിയെ പ്രോത്സാഹിപ്പിക്കുകയും ജാതി നിലനില്‍ക്കാനുള്ള അവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് സാധാരണ ചരിത്രകാരന്മാരും സോഷ്യോളജിസ്റ്റുകളും വാദിക്കുന്നത്. ഒരുപടികൂടി കടന്ന്, സെന്‍സസ് ജാതി നിര്‍മിക്കുമെന്ന് വാദിക്കുന്നവര്‍ വരെ സാമൂഹിക ശാസ്ത്രകാരന്മാരില്‍ ഉണ്ടായിരുന്നു. 1920-കളിലും 1930-കളിലും ഇന്ത്യയിലെ ന്യൂനപക്ഷ, സാമുദായിക പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നതിനായി ഈ സെന്‍സസിലെ വിവരങ്ങളാണ് അവലംബിച്ചിരുന്നത് എന്നതാണ് ജാതി സെന്‍സസ് നിര്‍ത്താന്‍ കാരണമായത്. ബി ആര്‍ അംബേദ്കറുടെ ഗ്രന്ഥങ്ങളില്‍ മുംബൈ പ്രസിഡന്‍സിയുടെ നിരവധി സെന്‍സസ് കണക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതായി കാണാം. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നവര്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത വിവരങ്ങള്‍ മുന്നോട്ടുവെച്ച് സംസാരിക്കുന്ന ഒരവസ്ഥ 1930-കള്‍ വരെ ഇന്ത്യക്കകത്ത് സജീവമായിരുന്നു.
പലപ്പോഴും ഇന്ത്യയുടെ പരമ്പരാഗതമായ സാമൂഹികഘടനയെ സവര്‍ണവും സംഘടിതവുമായ സമുദായങ്ങള്‍ പലരൂപത്തില്‍ കൈവശപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതിനെ ചോദ്യംചെയ്യുന്ന വിവരങ്ങളാണ് സെന്‍സസിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. ഈ രേഖകള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങളുന്നയിക്കുന്നതുകൊണ്ടു തന്നെ അതിനെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യയില്‍ ജാതി സെന്‍സസ് വേണ്ട എന്ന തീരുമാനം വരുന്നത്.
ഇന്ത്യന്‍ ഭരണഘടന രൂപംകൊള്ളുമ്പോള്‍ 340-ാം വകുപ്പിന്റെ ഭാഗമായി ചില കമ്മീഷനുകളെ നിയോഗിച്ചു. ചില സമുദായങ്ങളെയും മതവിഭാഗങ്ങളെയും കുറിച്ച് പഠിക്കാനായിരുന്നു അത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഗവണ്‍മെന്റ് നയത്തില്‍ മാറ്റം വരുത്താമെന്നായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി വന്നത് കാകാ കലേക്കര്‍ കമ്മീഷനാണ്. 1950-കളുടെ ഒടുവിലാണ് അത് നിലവില്‍വന്നത്. പിന്നാക്ക ജാതികള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കമ്മീഷന്‍ അധ്യക്ഷനായ കാകാ കലേക്കറിനോട് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദ്യം ചെയ്യുകയാണ് നെഹ്‌റു ചെയ്തത്. ഇതിന്റെ ഭാഗമായി അധ്യക്ഷന്‍ തന്നെ റിപ്പോര്‍ട്ട് തള്ളിക്കളയുന്ന സാഹചര്യമുണ്ടായി. വര്‍ഷങ്ങളെടുത്ത് പഠിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ കമ്മീഷന്‍ തന്നെ നിഷേധിക്കുന്ന സ്ഥിതിവിശേഷം. അതിനു ശേഷമാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇത് പത്തു വര്‍ഷം രഹസ്യമായി വെച്ചു. വി പി സിംഗ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ജാതിസെന്‍സസോ ഏതെങ്കിലും വിഭാഗത്തെക്കുറിച്ചുള്ള പഠനമോ ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടന ആവശ്യപ്പെടുന്നതാണ്. ഇതിന് തെളിവാണ് ബിഹാര്‍ സര്‍ക്കാറിന്റെ ജാതി സെന്‍സസ്. ജനങ്ങളുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലല്ല ജാതി സെന്‍സസ് കൊണ്ടുള്ള ഉദ്ദേശ്യം. ഓരോ വിഭാഗവും കൈവശം വെച്ചിരിക്കുന്ന അവസരങ്ങളുടെയും അധികാരത്തിന്റെയും വിഭവങ്ങളുടെയും അളവ് എത്രയെന്ന് കണക്കാക്കുന്ന സംവിധാനമാണ് ജാതി സെന്‍സസ്.
ഇപ്പോഴുള്ള സെന്‍സസുകളില്‍ മതം തിരിച്ചുള്ള കണക്കുകളും ലഭ്യമാണ്. ജാതി തിരിച്ചുള്ള കണക്കുകള്‍ എസ് സി, എസ് ടി വിഭാഗത്തിന്റേത് മാത്രമാണ് ഉള്ളത്. അവിടെയാണ് ബീഹാര്‍ സര്‍ക്കാറിന്റെ തീരുമാനം പ്രസക്തമാവുന്നത്. നിരവധി കോടതി നടപടികള്‍ ഇതിനെതിരെ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഇത് മനുഷ്യന്റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നതായിരുന്നു. ജാതി ഒരു സ്വകാര്യമായ കാര്യമല്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഒരു ഹര്‍ജി വന്നു. അതിനെയും കോടതി തള്ളി. സെന്‍സസിന്റെ അവകാശം കേന്ദ്ര സര്‍ക്കാറിനാണെന്നും സംസ്ഥാനത്തിനല്ലെന്നുമുള്ള ഒരു വാദം വന്നിരുന്നു. ഏത് സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്താനവകാശമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.
തുടക്കം മുതലേ ജാതി സെന്‍സസ് ഒരു വിവാദമാണ്. അതിന്റെ ചരിത്രപരമായ കാരണം ബോധ്യപ്പെട്ടാല്‍ മാത്രമേ ജാതി സെന്‍സസിന്റെ പ്രാധാന്യം മനസ്സിലാവൂ. സംവരണത്തെ സംബന്ധിച്ച് ഒരു സാധാരണ മനുഷ്യന്‍ മനസ്സിലാക്കുന്നത് അത് അനധികൃതമായ ഇടപാടാണ് എന്നാണ്. പല ബുദ്ധിജീവികളും വളരെ ശാസ്ത്രീയമായി നമ്മെ ബോധ്യപ്പെടുത്തുന്നതും ഇത് ഒരു അനധികൃത തട്ടിപ്പാണെന്ന രീതിയിലാണ്.
മറ്റൊരു ബോധ്യം, സംവരണം പട്ടികജാതി പട്ടികവര്‍ഗത്തിന് മാത്രമാണുള്ളത് എന്നാണ്. ഈ രണ്ടിന്റെയും പിന്നിലെ യാഥാര്‍ഥ്യം മനസ്സിലാവാതെ സംവരണത്തിന്റെ പ്രാധാന്യം തിരിച്ചറിയില്ല. മനസ്സിലാക്കേണ്ട വസ്തുതകള്‍ എന്തെന്നാല്‍ ഇതില്‍ അനധികൃതമായി യാതൊന്നുമില്ല.
1914-ല്‍ ലക്‌നൗ പാക്ടില്‍ അലി സഹോദരന്മാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഒരു ഉടമ്പടിയില്‍ ഒപ്പിടുന്നു. ലക്‌നൗ പാക്ടില്‍ അവരാവശ്യപ്പെട്ട ഒരു കാര്യം ഇനിയുണ്ടാവാന്‍ പോവുന്ന സര്‍ക്കാറില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം നിര്‍ബന്ധമായും ഉണ്ടാവണം എന്നതായിരുന്നു. എന്നു പറഞ്ഞാല്‍ ഇവിടുത്തെ ഭൂരിപക്ഷ മതം ഈ അവസരങ്ങള്‍ മുഴുവന്‍ കയ്യടക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളായ തങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോവാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി അതിന്റെ പരിഹാരം എന്ന നിലക്ക് ആവശ്യപ്പെടുന്ന ഒരു കാര്യമാണത്.
ഞങ്ങള്‍ കൂടി സര്‍ക്കാറിന്റെ ഭാഗമാവണമെന്ന അവരുടെ ആവശ്യം കോണ്‍ഗ്രസ് സമ്മതിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിനകത്ത് പുറന്തള്ളപ്പെട്ടവരുടെ പ്രധാന മുദ്രാവാക്യം അവര്‍ക്കൊരു പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നതാണ്. അത് ഉദ്യോഗത്തിലുണ്ടാവാം, രാഷ്ട്രത്തിലാവാം. പിന്നാക്ക വിഭാഗങ്ങള്‍ സ്വത്ത് സമ്പാദിക്കുന്നത് കുറ്റമായി കാണുന്ന ആളുകളാണ് ഇവിടെയുള്ളത്. അടുത്തിടെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കല്യാണസംഘം രാത്രി കുതിരപ്പുറത്തു പോയതിന് കലാപം നടന്ന നാടാണ് നമ്മുടേത്. ആഡംബര ജീവിതം നയിക്കാനിവര്‍ക്കര്‍ഹതയില്ല എന്നതാണ് ഇതിന്റെ യുക്തി. ആദിവാസികളും പട്ടികജാതി വിഭാഗങ്ങളും സ്വത്ത് സമ്പാദിക്കാനും അധികാരത്തില്‍ വരാനും നിഷേധിക്കപ്പെട്ട വിഭാഗമാണ്.
അംബേദ്കറിന് മിലിട്ടറി ഓഫീസറായി ജോലി കിട്ടിയപ്പോള്‍ അവിടുത്തെ തൂപ്പുകാരനായ സവര്‍ണ ജാതിയില്‍പെട്ട ആള്‍ ഫയലൊക്കെ മേശപ്പുറത്ത് എറിഞ്ഞുകൊടുക്കുന്നു. പള്ളിക്കൂടത്തില്‍പോലും പോവാത്ത ആളാണീ തൂപ്പുകാരന്‍. അംബേദ്കറാവട്ടെ ഉന്നതവിദ്യാഭ്യാസമുള്ളവനും. എങ്കിലും നീയെന്നെക്കാള്‍ കുറഞ്ഞവനാണെന്നതാണ് തൂപ്പുകാരന്റെ ചിന്ത. ഇതാണ് ഇന്ത്യന്‍ മനസ്സാക്ഷി.
വസ്തുതകള്‍ പഠിക്കരുത്, ശേഖരിക്കരുത് എന്നത് ഇന്ത്യന്‍ ഭരണഘടനക്കെതിരാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ 340-ാം വകുപ്പ് പ്രകാരമാണ് സെന്‍സസ് നടത്താന്‍ നിധീഷ് കുമാര്‍ തീരുമാനിക്കുന്നത്. അത് വേണ്ടെന്നുവെക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ പറയുന്നത് നിക്ഷിപ്തമായ താല്‍പര്യമാണ്. പരമ്പരാഗതമായ അധികാര താല്‍പര്യമാണ്. അത് തിരിച്ചറിഞ്ഞ് ഇത് വേണമെന്ന് ആവശ്യപ്പെടുക. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജനാധിപത്യപരമായ ഒരു സമൂഹം, കൂടുതല്‍ പ്രാതിനിധ്യമുള്ള ഒരു സമൂഹം വളര്‍ന്നുവരുന്നതിന് സഹായകമായ നിലപാടെടുക്കാന്‍ സാധിക്കണം.
സാംസ്‌കാരിക ഇന്ത്യ വേദങ്ങളുടെ നാടാണെന്ന ആ പഴയ സങ്കല്‍പത്തെ അട്ടിമറിച്ച് ഇങ്ങനെ സംസ്‌കാരത്തിന്റെ ഇന്ത്യയെ വീണ്ടെടുക്കാനും വിവിധ ആശയങ്ങളെ ഉള്‍ക്കൊള്ളാനും കഴിയുന്ന സാഹചര്യം പുനസ്ഥാപിക്കാനും സാംസ്‌കാരികമായും രാഷ്ട്രീയപരമായും ഉന്നമനത്തിലെത്താനും നമ്മെ പ്രാപ്തരാക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് ജാതി സെന്‍സസ്. ജാതി സെന്‍സസ് നടപ്പിലാക്കണം എന്നുതന്നെ ആവശ്യപ്പെടണം. അതാവശ്യപ്പെട്ട് നടത്തപ്പെടുന്ന പ്രക്ഷോഭങ്ങളില്‍ ഐ എസ് എം പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ പങ്കാളികളാകണം. അങ്ങനെയെങ്കില്‍ മാത്രമേ സാമൂഹിക ഇടപെടലുകളിലൂടെ കൂടുതല്‍ സ്വതന്ത്രമായ ഇടങ്ങളിലേക്ക് സ്വയം പ്രവേശിക്കാന്‍ കഴിയൂ. ഇങ്ങനെയുള്ള വിശാലമായ ഐക്യത്തിലൂടെ മാത്രമേ പിന്നാക്ക ജനതയ്ക്ക് ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയൂ.
(ഐ എസ് എം സാമൂഹിക ബോധനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)
തയ്യാറാക്കിയത്:
ആയിശ ഹുദ എ വൈ