വഴികാട്ടിയായി കരിയര്‍ വഴികള്‍
റമീസ് പാറാല്‍
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍മേഖലയും പഠനമേഖലയും മാറുകയാണ്. ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന നിരവധി സംശയങ്ങള്‍ ലഘൂകരിക്കാന്‍ ഉതകുന്ന ഒരു കരിയര്‍ ഗൈഡന്‍സ് ഹാന്‍ഡ് ബുക്കാണ് പി കെ അന്‍വര്‍ മുട്ടാഞ്ചേരിയും പ്രിയതമ എം ടി ഫരീദയും ചേര്‍ന്നു തയ്യാറാക്കിയ ‘കരിയര്‍ വഴികള്‍.’ പത്താം ക്ലാസിനു ശേഷം അല്ലെങ്കില്‍ പ്ലസ്ടുവിനു ശേഷം അനുയോജ്യമായ മേഖലകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരവധി ആശങ്കകളുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു കരിയര്‍ ഗൈഡന്‍സ് പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
‘കരിയര്‍ വഴികള്‍’ വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചും അവയ്ക്ക് ആവശ്യമായ ശേഷികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവിധ കരിയര്‍ പോര്‍ട്ടലുകള്‍, പ്രവേശന പരീക്ഷകള്‍, കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. വ്യത്യസ്തമായ കോഴ്‌സുകളുടെയും പ്രവേശന പരീക്ഷകളുടെയും വിശദാംശങ്ങള്‍ മനസ്സിലാക്കി, തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും കഴിവുകള്‍ക്കുമനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ഈ ഗ്രന്ഥം വിദ്യാര്‍ഥികളെ സഹായിക്കും. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ വളരെ ലളിതമായ രീതിയില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം മികച്ച കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്.
പ്ലസ്ടു പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം മാറിവരുന്ന കാലഘട്ടത്തിലെ വിവിധ തൊഴില്‍മേഖലകളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളെക്കുറിച്ചും വേണ്ടത്ര അറിവുണ്ടാകണമെന്നില്ല. തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് കൃത്യമായ തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കളെയും ധാരാളമായി കാണാന്‍ സാധിക്കും. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം അവരവരുടെ തൊഴില്‍മേഖലകളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമുണ്ടാവുമെങ്കിലും മറ്റു മേഖലകളെ കുറിച്ച് വേണ്ടത്ര അവഗാഹം ഉണ്ടാകണമെന്നില്ല. അവിടെയാണ് ഇത്തരം പുസ്തകങ്ങളുടെ സഹായം ആവശ്യമായിവരുന്നത്.
പലപ്പോഴായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട സംശയങ്ങള്‍ക്ക് നല്‍കിയ മറുപടികളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചോദ്യോത്തര രൂപത്തിലുള്ള അവതരണം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സയന്‍സ് മേഖലയിലെ പ്രവേശന പരീക്ഷകള്‍, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് എഴുതാവുന്ന വ്യത്യസ്ത പ്രവേശന പരീക്ഷകള്‍, എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കുള്ള ഉപരിപഠന സാധ്യതകള്‍ തുടങ്ങിയവ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. യഥാസമയത്ത് കൃത്യമായ ഗൈഡന്‍സ് ലഭിക്കാത്തതുകൊണ്ട് തന്റെ അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാതെ പഠനരംഗത്തും തൊഴില്‍രംഗത്തും വേണ്ടത്ര ശോഭിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരുടെ ലോകത്ത് ‘കരിയര്‍ വഴികള്‍’ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. രചയിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.
മലയാള പത്രങ്ങളില്‍ കരിയര്‍ കോളമിസ്റ്റും വര്‍ഷങ്ങളായി കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ സേവനനിരതനുമായ പി കെ അന്‍വര്‍ മുട്ടാഞ്ചേരി ആകാശവാണി സംപ്രേഷണ വിഭാഗത്തില്‍ എന്‍ജിനീയറാണ്. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ എം ടി ഫരീദ മുക്കം ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയാണ്. വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും കരിയര്‍ ഗൈഡുമാര്‍ക്കും അധ്യാപകര്‍ക്കുമെല്ലാം പ്രയോജനപ്പെടുന്ന ഈ പുസ്തകത്തിന്റെ പ്രസാധകര്‍ യുവത ബുക്‌സ് ആണ്.