കെയര്‍ഹോമിന് കേരള സര്‍ക്കാര്‍ അവാര്‍ഡ്
കോഴിക്കോട്: ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബില്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജിന് സമീപം നടത്തിവരുന്ന കെയര്‍ഹോമില്‍ സ്ഥാപിച്ച സോളാര്‍ പദ്ധതിക്കു സര്‍ക്കാരിന്റെ 2019ലെ റിന്യൂവബ്ള്‍ എനര്‍ജി അവാര്‍ഡ് ലഭിച്ചു. ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കെയര്‍ ഹോമിന് ഒന്നാം സ്ഥാനമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് സാരഥികളായ എം കെ നൗഫലും കെ വി നിയാസും ഏറ്റുവാങ്ങി. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. ചികിത്സാ കാലയളവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കിഡ്‌നി മാറ്റിവെച്ച രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്‍കിവരുന്ന സ്ഥാപനമാണ് കെയര്‍ ഹോം.