കാമ്പസുകളിലെ ഇരുട്ടുമുറികള്‍ നമ്മെ ഭയപ്പെടുത്തുന്നില്ലേ?
എ പി അന്‍ഷിദ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും നടുമുറ്റത്തുനിന്നും സമീപത്തെ കുന്നിന്‍ മുകളില്‍നിന്നുമെല്ലാം ഉയര്‍ന്ന്, ആര്‍ത്തലച്ച്, ഓരോ മലയാളിയുടെയും കാതുകളില്‍ ജീവനുവേണ്ടിയുള്ള അവസാന പിടച്ചില്‍ പോലെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന, നാം ആരും ഇതുവരെ കേട്ടിട്ടില്ലാത്ത സിദ്ധാര്‍ത്ഥ് എന്ന 21കാരന്റെ നിലവിളി അസ്വസ്ഥപ്പെടുത്താത്ത മനസ്സുകളുണ്ടാവില്ല. സാക്ഷര കേരളം ഇന്നോളം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വിധത്തിലുള്ള അതിക്രൂരമായ റാഗിങ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്തോറും ഞെട്ടല്‍ കൂടിക്കൂടി വരികയാണ്.
കേവലം ആത്മഹത്യ മാത്രമായി ഒതുങ്ങുകയോ ഒതുക്കാന്‍ ശ്രമിക്കുകയോ ചെയ്ത ഒരു കേസില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആഴവും പരപ്പും ആരെയും അമ്പരപ്പിക്കും. അട്ടപ്പാടിയിലെ മധുവിന്റേതടക്കം ഇതുവരെ നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ടി പി ചന്ദ്രശേഖരന്റേതും അരിയില്‍ ഷുക്കൂറിന്റേതും അടക്കം നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും സാക്ഷിയായവരാണ് കേരളീയര്‍. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഭീകരമായാണ് സ്വന്തം സഹപാഠിയോട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്പസില്‍ ചെയ്തുകൂട്ടിയിരിക്കുന്നത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എങ്ങനെ മനുഷ്യര്‍ക്ക് ഇത്ര ക്രൂരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്ന ചിന്ത ഉയരാത്ത ഒരു മനസ്സുപോലുമുണ്ടാകുമെന്ന് കരുതുന്നില്ല. ശിലാഹൃദയങ്ങളെപ്പോലും അലിയിപ്പിക്കുന്നത് എന്നത് ഭംഗ്യന്തരേണ പറയാറുള്ള പ്രയോഗമാണെങ്കിലും ഇവിടെ അത് അക്ഷരാര്‍ഥത്തില്‍ സത്യമാണ്. കേസിലെ മുഴുവന്‍ പ്രതികളും നിയമത്തിനു മുന്നില്‍ എത്തിയെന്ന് മാധ്യമങ്ങള്‍ അച്ചുനിരത്തുന്നത് എന്തര്‍ഥത്തിലാണെന്ന് അറിയുന്നില്ല. കുറ്റവാളികളുടെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയും എന്നത് നീതിയിലേക്കുള്ള തുടക്കം മാത്രമാണ്. നീതി പുലരണമെങ്കില്‍ ഇനിയുമെത്രയോ വഴിദൂരം സഞ്ചരിക്കേണ്ടതുണ്ട്.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ആത്മഹത്യയാണെന്ന് പൊലീസും സര്‍വകലാശാലാ അധികൃതരും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും ശരീരത്തില്‍ കണ്ട ചില മുറിവുകളും സഹപാഠികളായ ചില വിദ്യാര്‍ഥികള്‍ ബന്ധുക്കളോട് രഹസ്യമായി പറഞ്ഞ കാര്യങ്ങളുമാണ് ഇതൊരു കൊലപാതകമാണെന്ന സംശയം ആദ്യം ജനിപ്പിച്ചത്. അന്നുതന്നെ കുടുംബം ഇക്കാര്യം ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഇത്രമേല്‍ ക്രൂരമായ ഒരു ഹിംസയാണ് നടന്നതെന്ന് അന്ന് ആരും നിനച്ചിരുന്നില്ല.
സിദ്ധാര്‍ത്ഥിന്റെ മരണത്തിനു പിന്നാലെ മര്‍ദിച്ച വിവരം തുറന്നുപറഞ്ഞാല്‍ തലവെട്ടുമെന്ന് മുഖ്യപ്രതി സിന്‍ജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാര്‍ത്ഥിന്റെ കൂട്ടുകാര്‍ വെളിപ്പെടുത്തിയെന്ന് പിതാവ് വെളിപ്പെടുത്തിയതായിരുന്നു കേസിന്റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്. ‘സിന്‍ജോയും അക്ഷയും റെഹാനും ഹോസ്റ്റല്‍ മുറിയില്‍ വച്ച് തീര്‍ത്തു കളഞ്ഞിട്ട് തൂക്കിയതാണ് അങ്കിളേ.. നിങ്ങള്‍ ഫൈറ്റ് ചെയ്യണം’ എന്നാണ് ആ കുട്ടികള്‍ പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തിയതോടെ ആത്മഹത്യയല്ല, കൊലപാതകമാണെന്ന സംശയം ബലപ്പെടാന്‍ തുടങ്ങി. പിന്നീട് ഓരോ ദിവസവും പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം നാലിടത്തായി സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചിരുന്നുവെന്നാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇവിടെയൊന്നും കോളെജ് അധികൃതര്‍ ഇടപെട്ടിരുന്നില്ല. 19 പേര്‍ ചേര്‍ന്ന് ബെല്‍റ്റ് കൊണ്ട് പലതവണ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സിദ്ധാര്‍ത്ഥിന്റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തി അവരെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് മുഖത്തടിപ്പിച്ചു.
ഒരു പെണ്‍കുട്ടിയോട് ഇഷ്ടം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ഹോസ്റ്റല്‍ നടുമുറ്റത്തു വച്ച് സംഘം ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ ആള്‍ക്കൂട്ട വിചാരണ ചെയ്തപ്പോള്‍ ആരും ചോദ്യം ചെയ്തില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വാദം. അവിടെയും ചില സംശയങ്ങള്‍ മുഴച്ചുകിടക്കുന്നുണ്ട്. മര്‍ദിച്ച് അവശനാക്കിയ സിദ്ധാര്‍ത്ഥ് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ കുളിമുറിയില്‍ പോയി ആത്മഹത്യ ചെയ്‌തെന്ന ചോദ്യമാണ് ഉയരുന്നത്. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടെന്ന കണ്ടെത്തല്‍, ബന്ധപ്പെട്ട അധികാരികള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള വിചാരണയും ശിക്ഷ വിധിക്കലുമാണ് നടന്നത് എന്ന കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിച്ചത്. യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ കണ്ടെത്തലുള്ളത്.
സര്‍വകലാശാലയില്‍ നടന്നത് പരസ്യവിചാരണയെന്നാണ് റാഗിങ് വിരുദ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചുവെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ച് നടത്തിച്ചുവെന്നും പട്ടിണിക്കിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിയായ സിന്‍ജോ ജോണ്‍ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഈ പേരുകളില്‍ ചിലത് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഒപ്പം നിന്നെന്നും ഭയം കാരണം വിദ്യാര്‍ഥികള്‍ക്ക് സത്യസന്ധമായി വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിട്ടുനിന്നു. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 85ഓളം ആണ്‍കുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായിരുന്നത്. എന്നാല്‍ ഭൂരിഭാഗം അധ്യാപകരും പെണ്‍കുട്ടികളും ഹാജരായില്ല. നാല് അധ്യാപകരും വിദ്യാര്‍ഥിനികളും മാത്രമാണ് സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്.
പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്താല്‍ പല കാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന ആരോപണം ഉയര്‍ന്നു. കൂടാതെ കാമ്പസില്‍ നേരത്തെയും സമാനമായ മര്‍ദനമുറകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ് നടന്നു. ഇതില്‍ രണ്ടു വിദ്യാര്‍ഥികളാണ് ഇരകളായത്. സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങളിലേക്കു കൂടി അന്വേഷണം നീങ്ങാന്‍ ഇടയുണ്ട്. കേസില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ച്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ രണ്ടാഴ്ചയായി കേരളത്തില്‍ തുടര്‍ച്ചയായ സമരത്തിലായിരുന്നെങ്കിലും സര്‍ക്കാര്‍ ചെവി കൊടുത്തിരുന്നില്ല. പ്രതിപക്ഷ സമരം പലഘട്ടത്തിലും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും അവസാനിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കാന്‍ ഇടയാകുകയും ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ മൗനത്തിലായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് സി ബി ഐ അന്വേഷണത്തില്‍ കുറഞ്ഞ ഒരു ആവശ്യവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഗത്യന്തരമില്ലാതെ അന്വേഷണം സി ബി ഐക്ക് കൈമാറിയതെന്നാണ് വിവരം. ഇതോടെ സംസ്ഥാന പൊലീസും വെട്ടിലാകുമെന്ന് സൂചനയുണ്ട്. കൊലപാതകമാകാനുള്ള എല്ലാ സൂചനകളും തുടക്കത്തിലേ ലഭിച്ചിട്ടും ആത്മഹത്യയാക്കിത്തീര്‍ക്കാന്‍ പൊലീസ് കാണിച്ച തിടുക്കം നേരത്തെത്തന്നെ ചര്‍ച്ചയായിരുന്നു. ആത്മഹത്യാ പ്രേരണയെന്ന ദുര്‍ബലമായ കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം കേസെടുത്തത്. ജനകീയ പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് കൊലക്കുറ്റം ചുമത്താന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ നീതി ലഭിക്കില്ലെന്ന തോന്നല്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനു മാത്രമല്ല, കേരളീയ പൊതുസമൂഹത്തിനുമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങുന്ന സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാവണം, സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയത്.
സംഘടിക്കാനുള്ള അവകാശം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും, നഷ്ടപ്പെടാന്‍ ചങ്ങലകളല്ലാതെ ഒന്നുമില്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തണലിലും സംരക്ഷണത്തിലുമായിരുന്നു ഈ ചെയ്തികളെല്ലാം എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
രണ്ട് കാരണങ്ങളാല്‍ ഈ കൊടും കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ സി പി എം നേതൃത്വത്തിനോ ആ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിനോ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഇത്രമേല്‍ ക്രൂരമായ ഒരു കൊലപാതകം ചെയ്യാന്‍ തങ്ങളുടെ കുട്ടി സഖാക്കള്‍ക്ക് പാഠവും പ്രചോദനവുമായത് മാതൃസംഘടനയായ സി പി എം ആണ് എന്നതു തന്നെയാണ് ഒന്നാമത്തെ കാരണം. ടി പി ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കെ ടി ജയകൃഷ്ണന്‍ വധം തുടങ്ങി ഒരു മനുഷ്യന്റെ ദാരുണമായ മരണത്തില്‍ എങ്ങനെ ആനന്ദം കണ്ടെത്താമെന്നത് സ്വന്തം അണികള്‍ക്ക് പറഞ്ഞുകൊടുത്തതിന്റെ പൂര്‍വ പാരമ്പര്യം സി പി എമ്മിനു മാത്രം അവകാശപ്പെട്ടതാണ്. എത്ര ക്രൂരമായ കൊലപാതകമായാല്‍ പോലും സംരക്ഷിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടിയുടെ സര്‍ക്കാറും കട്ടക്ക് കൂടെ നില്‍ക്കും എന്ന് പൂര്‍വകാല അനുഭവങ്ങളിലൂടെ അണികളെ ബോധ്യപ്പെടുത്തിയതും സി പി എമ്മിന്റെ മാത്രം സവിശേഷതയാണ്. ടി പി കേസ് പ്രതികളെ സംരക്ഷിക്കാന്‍ ഇപ്പോഴും തുടരുന്ന നിയമ പോരാട്ടവും ജയിലില്‍ പോലും പ്രതികള്‍ക്ക് ലഭിക്കുന്ന അതിരുകടന്ന സഹായങ്ങളും പരോളുകളും തൊട്ട് സിദ്ധാര്‍ത്ഥ് വധത്തില്‍ പിടിയിലായ വിദ്യാര്‍ഥി നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കോടതിയിലെത്തിയ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ഇത് തെളിയിക്കുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലറെ ഗവര്‍ണര്‍ ഇടപെട്ട് നേരത്തെ തന്നെ നീക്കിയിരുന്നു. പിന്നാലെ സര്‍വകലാശാലാ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്റും ചെയ്തിരുന്നു. എന്നാല്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഈ ക്രൂര കൃത്യത്തിന് എല്ലാ ഒത്താശയും ചെയ്യുകയും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നത് ബോധ്യപ്പെട്ടതിനാല്‍ ഇവരെക്കൂടി പ്രതിചേര്‍ക്കണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചിട്ടുണ്ട്. കേസ് സി ബി ഐക്ക് കൈമാറിയതോടെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഇനി സി ബി ഐയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്.
സിദ്ധാര്‍ത്ഥ് വധത്തിനു മുമ്പ് സമാനമായ രീതിയില്‍ കേരളം ചര്‍ച്ച ചെയ്യപ്പെട്ട, സി പി എം പ്രതിഭാഗത്തുള്ള രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവും ശുഹൈബ് വധവുമെല്ലാം. ഇതില്‍ തന്നെ സിദ്ധാര്‍ത്ഥ് വധവുമായി ഏറെ സാമ്യമുള്ളതായിരുന്നു ഷുക്കൂര്‍ വധം. 2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ എന്ന എം എസ് എഫ് പ്രവര്‍ത്തകനെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത പാടത്തിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
രണ്ടര മണിക്കൂറോളം ബന്ദിയാക്കി മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തി പാര്‍ട്ടി കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച ശേഷമായിരുന്നു അതിക്രൂരമായ കൊലപാതകം. ഷുക്കൂര്‍വധത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പി ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരായ കേസ് ഇപ്പോഴും എങ്ങുമത്താതെ തുടരുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാന്‍ രാഷ്ട്രീയത്തിനകത്തുതന്നെയുള്ള ഒത്തുതീര്‍പ്പുകളാണ് ജയരാജന്‍ അടക്കമുള്ളവര്‍ക്ക് രക്ഷയാകുന്നതെന്ന വിമര്‍ശനം നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തിലും ഇക്കാര്യം കേരളത്തിനു ബോധ്യപ്പെട്ടതാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയും വിചാരണക്കോടതി വെറുതെ വിട്ട രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടും ടി പി കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി തെല്ല് ആശ്വാസം പകരുന്നുണ്ടെങ്കിലും പി ജയരാജന്‍ അടക്കമുള്ളവരെ വെറുതെവിട്ട നടപടി കോടതി ശരിവെക്കുകയായിരുന്നു.
ടി പി കേസില്‍ അന്വേഷണം ഉന്നതരിലേക്ക് എത്തുകയും ഏതു സമയത്തും അറസ്റ്റുണ്ടാകുമെന്ന പ്രതീതി ജനിക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊടുന്നനെ മാറ്റി രമേശ് ചെന്നിത്തലയെ അവരോധിച്ചത്. ഇത് പിന്നീടുള്ള കേസിന്റെ മുന്നോട്ടുപോക്കിനെ പ്രത്യക്ഷമായിത്തന്നെ ബാധിച്ചിരുന്നു.
എത്ര ക്രൂരമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയാലും വിചാരണയും ശിക്ഷ വിധിക്കലും താഴേത്തട്ടിലെ പാര്‍ട്ടി ചാവേറുകളില്‍ ഒതുങ്ങുമെന്നും അതിനപ്പുറത്തേക്ക് അന്വേഷണം പോകില്ലെന്നുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ആത്മവിശ്വാസം കേരളത്തിന്റെ ശാപം കൂടിയാണെന്ന് പറയാതിരിക്കാനാവില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഇത്തരം രക്ഷപ്പെടലുകള്‍ക്ക് വലിയ പങ്കുണ്ട്. സമാനമായ വിഷയങ്ങള്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തിലും സംഭവിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അന്വേഷണം അതിന്റെ പ്രാരംഭ ദശയില്‍ ഉള്ളപ്പോള്‍ തന്നെ പ്രതികളെ സംരക്ഷിക്കാന്‍ ഭരണ പൊലീസ് തലങ്ങളില്‍ നടക്കുന്ന ഇടപെടലുകള്‍ നാം കാണുന്നുണ്ട്. അടുത്ത കാലത്തായി കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി മാത്രം പരിണമിച്ചുകൊണ്ടിരിക്കുന്ന സി ബി ഐയും ഈ നീക്കുപോക്കിന് നിന്നുകൊടുക്കുമോ എന്നതും കാത്തിരുന്നു കാണണം.
വിശ്വസിക്കാവുന്ന അന്വേഷണ ഏജന്‍സി എന്ന ബ്രാന്‍ഡ് നെയിം സി ബി ഐ സ്വയം കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സിദ്ധാര്‍ത്ഥ് വധത്തിന്റെ അന്വേഷണം കൂടി അവരുടെ കൈകളില്‍ എത്തുന്നത്. അതില്‍ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിന് സാക്ഷരകേരളമൊന്നടങ്കം ജാഗ്രതയോടെ നിലകൊള്ളേണ്ടതുണ്ട്. കാരണം ഇത് മറ്റു രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ ലാഘവത്തോടെ കാണാവുന്നതല്ല. സ്വന്തം മക്കളെ എങ്ങനെ ഉന്നത കലാലയങ്ങളില്‍ പഠിക്കാന്‍ വിടുമെന്ന ആധി ഓരോ രക്ഷിതാവിന്റെയും ഉള്ളില്‍ തീയായി പടര്‍ത്തുന്നതാണ് സിദ്ധാര്‍ത്ഥ് വധം. പൂക്കോട് നടക്കുന്ന സംഭവങ്ങള്‍ പുറംലോകമറിഞ്ഞു തുടങ്ങുമ്പോള്‍ ഇനിയും സിദ്ധാര്‍ത്ഥുമാര്‍ സംഭവിക്കില്ലെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ്.
കലാലയമല്ല, കൊലാലയമാണ് യഥാര്‍ഥത്തില്‍ പൂക്കോട്ടെ കുന്നിന്‍ മുകളിലുള്ളത്. മനുഷ്യന്റെ ജീവനു വേണ്ടിയുള്ള പിടച്ചിലോ നിലവിളിയോ കരളലിയിപ്പിക്കാത്ത ഒരുകൂട്ടം നരാധമന്മാരുടെ താവളം. മൃഗീയം എന്ന് പറയുന്നത് മൃഗങ്ങളെപ്പോലും അധിക്ഷേപിക്കുന്നതാകും. കാരണം ഭക്ഷണത്തിനല്ലാതെ, ക്രൂരമായ വിനോദത്തിനു വേണ്ടി മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ആക്രമിക്കാറില്ല എന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെ നമ്മള്‍ കൂടുതല്‍ ഉണരേണ്ടതുണ്ട്. റാഗിങിന്റെയും മറ്റും മറവില്‍ ക്രൂരതകള്‍ അരങ്ങേറുന്ന ക്യാമ്പസുകള്‍ പൂക്കോട് മാത്രമാണെന്ന് വിശ്വസിക്കാനും തരമില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതിന് തെളിവാണ്.
ഇത്തരം കോട്ടകള്‍ നിയമത്തിന്റെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാറുകളും നീതിപീഠങ്ങളും കാണിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മക്കളെ കലാലയങ്ങളില്‍ അയക്കാന്‍ മാതാപിതാക്കള്‍ തന്നെ ഭയപ്പെടുകയും അത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.