24 Tuesday
December 2024
2024 December 24
1446 Joumada II 22

CAA, NPR, NRC ഇവ ഒരുമിക്കുമ്പോള്‍ നമ്മുടെ പൗരത്വം എന്താകും?


സി എ എ, എന്‍ പി ആര്‍, എന്‍ ആര്‍ സി എന്നിവ പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു, ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്രമാത്രമായിരിക്കും, മുസ്‌ലിംകളെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ഈ നിയമ ഭേദഗതി മറ്റു വിഭാഗങ്ങളെയും മതസ്ഥരെയും ഏതെല്ലാം വിധേനയാണ് ബാധിക്കാനിരിക്കുന്നത് എന്നീ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് & പീസിലെ (സി ജെ പി) ഗവേഷകസംഘം തയ്യാറാക്കിയ ലേഖനം.
പൗരത്വം എന്നത് അവകാശങ്ങള്‍ക്കുള്ള അവകാശമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി, ഇന്ത്യന്‍ ദേശീയതയുടെയും പൗരത്വത്തിന്റെയും ഈ ഭരണഘടനാ അടിസ്ഥാനത്തെ ആക്രമിക്കാനും പുനര്‍നിര്‍വചിക്കാനും വ്യക്തമായ രാഷ്ട്രീയനീക്കങ്ങള്‍ നടന്നിട്ടുണ്ട്. കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെ പൗരത്വ നിയമ ഭേദഗതി പാസാക്കപ്പെടുന്നു, ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയുകയും ഇതിനെതിരെ ജനാധിപത്യപരമായി ഒന്നിക്കുകയും ചെയ്യേണ്ടതുണ്ട്. സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍ എന്നിവയെ നമ്മള്‍ ഒരുമിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
പൗരത്വം
എല്ലാ അവകാശങ്ങളോടെയും ജീവിക്കാനുള്ള അവകാശമാണ് പൗരത്വം ഉറപ്പുനല്‍കുന്നത്, കേവലം വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല. തുല്യതയോടെ ജീവിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, വിവേചനമില്ലായ്മ, ഒരുമിച്ചു കൂടാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയെല്ലാം പൗരത്വം കൊണ്ട് സാധ്യമാകുന്നു. പൗരത്വമുള്ളവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായി താമസിക്കാനുള്ള അവകാശമുണ്ട്. ങചഞഋഏഅ, ടഇ/ ടഠ/ ഛആഇ സംവരണം, പൊതുവിതരണ ശൃംഖല (ജഉട) വഴിയുള്ള റേഷന്‍ തുടങ്ങി എല്ലാ ക്ഷേമപദ്ധതികളും പൗരന്മാര്‍ക്ക് മാത്രമേ ലഭിക്കൂ. ഇന്ത്യയിലെ വിദേശികള്‍ക്ക് ജീവിക്കാനുള്ള മൗലികാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മാത്രമേ അര്‍ഹതയുള്ളൂ.
ജനനം, പിന്തുടര്‍ച്ച, രജിസ്‌ട്രേഷന്‍, ചിരകാല അധിവാസം, പ്രദേശ സംയോജനം എന്നിവയാണ് ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍. ഇന്ത്യയിലെ പൗരത്വം 1950-1987 കാലയളവില്‍ ജനനം കൊണ്ടുതന്നെ സാധ്യമാകുമായിരുന്നു. 1987നു ശേഷം, കുട്ടിയുടെ ജനനത്തിനു പുറമെ രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണമെന്ന ചട്ടം നിലവില്‍ വന്നു. 2004നു ശേഷം രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനാകണമെന്നതിനു പുറമെ മറ്റേയാള്‍ ഒരു നിലയ്ക്കും അനധികൃത കുടിയേറ്റക്കാരനാകരുതെന്നും നിയമം വന്നു. 1985ലെ അസം കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25നു മുമ്പ് അസമില്‍ പ്രവേശിച്ച വിദേശികള്‍ക്ക് പൗരത്വം നല്‍കുകയും ചെയ്യുന്നു.
എന്‍ പി ആര്‍,
എന്‍ ആര്‍ സിയുടെ
പ്രശ്‌നങ്ങള്‍

അസമില്‍ എന്‍ ആര്‍ സിയില്‍ നിന്ന് പുറത്തുപോയ 19 ലക്ഷം പേരില്‍ 70 ശതമാനവും സ്ത്രീകളാണ്. പൗരത്വം തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ നയം തീര്‍ത്തും അബദ്ധമാണെന്നാണ് അവരുടെ വാദം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഇത് സഹായിക്കില്ല എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറക്കുറേ പുരുഷന്മാര്‍ പട്ടണങ്ങളിലേക്കും മറ്റും തൊഴില്‍ അന്വേഷിച്ച് പോവുകയും പിന്നീട് കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോവുകയും ചെയ്യുന്നതാണ് രീതി. അതുകൊണ്ടുതന്നെ അസമില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണെന്ന വാദം വസ്തുതാവിരുദ്ധമാണ്.
എന്‍ ആര്‍ സിയിലേക്കുള്ള ആദ്യപടിയാണ് എന്‍ പി ആര്‍. എന്‍ പി ആര്‍ എന്നത് ഏകദേശം സെന്‍സസിന് സമാനമാണുതാനും. 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട്, 2003ലെ സിറ്റിസണ്‍ഷിപ്പ് റൂള്‍ എന്നിവയ്ക്കു കീഴിലാണ് എന്‍ പി ആര്‍ വരുന്നത്. 1948ലെ സെന്‍സസ് ആക്ടിന് കീഴിലാണ് സെന്‍സസ് വരുന്നത്.

എന്‍ പി ആറിന്റെ
രീതിശാസ്ത്രം

എന്‍ പി ആറിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഴുവന്‍ വീടുകളും കയറിയിറങ്ങും. അങ്ങനെ മുഴുവന്‍ ആളുകളുടെയും പേര്, സ്വദേശിയാണോ വിദേശിയാണോ എന്നിവയടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ശേഖരിച്ച വിവരങ്ങള്‍ ഓഫീസിലിരുന്ന് വിലയിരുത്തുകയും ‘സംശയമുള്ള പൗരന്മാരു’ടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുന്നു.
സംശയമുള്ള പൗരന്മാരോട് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ‘സംശയ’മുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരനാകാനുള്ള യോഗ്യതയുണ്ടോ എന്ന് ചര്‍ച്ച ചെയ്യുന്നു. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നു. പട്ടികയില്‍ പേര് വന്നവര്‍ക്ക് ദേശീയ പൗരത്വ കാര്‍ഡ് വിതരണം ചെയ്യുന്നു. നിങ്ങള്‍ക്ക് കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പൗരനാകാനുള്ള യോഗ്യതയില്ല എന്നര്‍ഥം.
തീര്‍ത്തും ഉദ്യോഗസ്ഥകേന്ദ്രിതവും സമയം ആവശ്യമായതുമായ പ്രക്രിയയാണ് ഇത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെ തിരഞ്ഞെടുപ്പവകാശം. അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എന്‍ ആര്‍ സിയില്‍ ഒരാളെ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍ക്കും ചോദ്യം ഉയര്‍ത്താം. വൈയക്തികമായ പ്രശ്‌നം, ജോലി സംബന്ധമായ തര്‍ക്കങ്ങള്‍, ഭാഷ, മതം, ജാതി സംബന്ധമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഈ എതിര്‍പ്പിന് കാരണമായേക്കാം. സെന്‍സസ് ആക്ട് 1948 പ്രകാരം സെന്‍സസ് ഡാറ്റ സുരക്ഷിതമായിരുന്നു. എന്നാല്‍ അത്തരമൊരു നിയമവും ചട്ടവുമൊന്നും എന്‍ പി ആറിന് ഇല്ല. സ്വാഭാവികമായും ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.
ആരെയൊക്കെ
ബാധിക്കും?

സ്ത്രീകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക (അസം എന്‍ ആര്‍ സിയുടെ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്). സ്ത്രീകള്‍ക്ക് രേഖകള്‍ ഇല്ലാതിരിക്കാനും കൈയിലുള്ള രേഖകള്‍ യോജിക്കാതിരിക്കാനുമുള്ള സാധ്യത കൂടുതലാണ്. ചില സമുദായങ്ങളില്‍ വിവാഹശേഷം യഥാര്‍ഥ പേര് തന്നെ മാറ്റുന്ന അവസ്ഥയുണ്ട്. പലയിടങ്ങളിലും സ്ത്രീകളെ സ്‌കൂളില്‍ അയക്കുന്നതും അവര്‍ക്ക് അനന്തരാവകാശം നല്‍കുന്നതും തീരെ കുറവാണ്.
സമുദായഭേദമെന്യേ, വിദ്യാഭ്യാസമില്ലാത്ത ദരിദ്രരുടെ പക്കല്‍ രേഖകള്‍ കാണില്ല. എസ് സി (ഏകദേശം 23 കോടി), എസ് ടി (12 കോടി), ഒ ബി സി (55 കോടി) വിഭാഗങ്ങള്‍ മിക്കവാറും പാവപ്പെട്ടവരാകും. അവരുടെ കൈയിലൊന്നും രേഖകളുണ്ടാവില്ല. നാടോടികളും ആദിവാസികളുമാണ് മറ്റൊരു കൂട്ടര്‍. 21 കോടി വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും എസ് സി, എസ് ടി വിഭാഗങ്ങളെപ്പോലെത്തന്നെ ആവശ്യമായ രേഖകളില്ലാതെ ജീവിക്കുന്നവരാകും. അനാഥകളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും (ഇന്ത്യയില്‍ ഏകദേശം 3.1 കോടി കുട്ടികള്‍ അത്തരത്തില്‍ ഉണ്ടെന്നാണ് യുനിസെഫ് റിപ്പോര്‍ട്ട്) പ്രതിസന്ധി നേരിടാവുന്ന മറ്റൊരു വിഭാഗമാണ്. കുടുംബത്തില്‍ നിന്ന് വിട്ട് ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍, ജനന സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ (ഇന്ത്യയില്‍ 42% അഥവാ 51.1 കോടി പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല), കുടിയേറ്റ തൊഴിലാളികള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരും പ്രതിസന്ധികള്‍ നേരിടും. അംഗവൈകല്യമുള്ളവരില്‍ മഹാഭൂരിപക്ഷവും ഉപേക്ഷിക്കപ്പെട്ടവരാകും. 2011ലെ സെന്‍സസ് അനുസരിച്ച് 2.1 കോടി ഇന്ത്യക്കാര്‍ അംഗവൈകല്യമുള്ളവരാണ്. അവരില്‍ ഭൂരിഭാഗവും നിരക്ഷരരും.
രേഖകളില്‍ പേരുവ്യത്യാസമുള്ളവരാണ് മറ്റൊരു വിഭാഗം. അക്ഷരത്തെറ്റുകള്‍ ഇന്ത്യയില്‍ പൊതുവായ പ്രശ്‌നമാണ്. അസമില്‍ ഒരു രേഖയില്‍ ടമസവലി അഹശ എന്നും മറ്റൊരു രേഖയില്‍ ടമസലി മഹശ എന്നുമായതിനാല്‍ 5 വര്‍ഷമാണ് ഒരാള്‍ക്ക് ഡിറ്റന്‍ഷന്‍ സെന്ററില്‍ കിടക്കേണ്ടിവന്നത്. പ്രളയം, കാട്ടുതീ പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ രേഖകള്‍ നഷ്ടപ്പെട്ടവരാണ് പ്രശ്‌നം നേരിടാവുന്ന മറ്റൊരു വിഭാഗം.

സി എ എ,
എന്‍ പി ആര്‍,
എന്‍ ആര്‍ സി
എന്നിവയുണ്ടാക്കുന്ന
പ്രത്യാഘാതങ്ങള്‍

കോടിക്കണക്കിന് ആളുകളാണ് ഇതുമൂലം ദുരിതത്തിലാവുക. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ കോടിക്കണക്കിന് മനുഷ്യര്‍ പൗരന്മാരല്ലാതായിത്തീരും. അവര്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കപ്പെടുകയോ പൗരന്മാരല്ലാത്ത അവസ്ഥയില്‍ ബാക്കി ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യും. (പൗരന്മാര്‍ക്ക് ലഭിക്കേണ്ട ഒരു അവകാശവും ഇവര്‍ക്ക് ലഭിക്കില്ല). ദരിദ്രരുടെ അവകാശങ്ങള്‍, അവരുടെ ശാക്തീകരണം എന്നിവ അജണ്ടയേയല്ലാത്ത സര്‍ക്കാരുകള്‍ നിലവില്‍ വരും. ജനാധിപത്യ സമൂഹങ്ങളില്‍ ക്ഷാമം ഒരു കാരണവശാലും സംഭവിക്കില്ല എന്ന തിയറിക്കാണ് അമര്‍ത്യാ സെന്നിന് നൊബേല്‍ സമ്മാനം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു.
കാരണം അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശക്തി സാധാരണക്കാര്‍ക്കുണ്ട്. അതിനാല്‍, വരള്‍ച്ചയുടെ സമയത്ത് ഈ സര്‍ക്കാരുകള്‍ ക്ഷാമം തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്ത ആള്‍ക്കൂട്ടത്തിനു വേണ്ടി ആര് ശബ്ദിക്കാനാണ്! ലോകത്ത് സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനത്തിന്റെ ആകെ സമ്പത്തിനു സമാനമാണ് കേവലം ഒമ്പത് ഇന്ത്യന്‍ അതിസമ്പന്നരുടെ സമ്പത്ത് എന്നത് ചേര്‍ത്തുവായിക്കുക. എന്‍ ആര്‍ സി വരുന്നതോടെ ദരിദ്രര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ആഘാതം വര്‍ധിക്കും. ദരിദ്രര്‍ അതിദരിദ്രരായി മാറുമെന്നു ചുരുക്കം.
‘പൗരന്മാരല്ലാത്തവര്‍’ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടുന്നതോടെ രാജ്യത്ത് വലിയ അസുഖങ്ങള്‍ പരക്കുകയും സാധാരണ ജനജീവിതത്തെ അത് ബാധിക്കുകയും ചെയ്യും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അമിതാധികാരം കേന്ദ്രീകരിക്കപ്പെടുമെന്നത് മറ്റൊരു പ്രശ്‌നമാണ്. ഓഫീസ് ക്ലാര്‍ക്ക് മുതല്‍ സാധാരണ പോലീസുകാരന്‍ വരെ ഈ ശ്രേണിയില്‍ ഉള്‍പ്പെടും.

സി എ എ
എന്തുകൊണ്ട്
വിവേചനപരമാണ്?

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് സി എ എ. മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തുന്നു. ടിബറ്റ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ സി എ എ ഒഴിവാക്കുകയാണ്. പാകിസ്താനിലെ ഹസാരകള്‍, അഹ്മദിയാക്കള്‍ എന്നിവരെയും സി എ എ ഒഴിവാക്കുന്നു. ഭരണകൂടത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരെയും മാറ്റിനിര്‍ത്തുന്നു. ഇന്ത്യന്‍ പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന ആദ്യ നിയമനിര്‍മാണമാണിത്. ഭരണഘടനയില്‍ അന്തര്‍ലീനമായ മതനിരപേക്ഷ തത്വങ്ങളെ ഇത് ലംഘിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം, നിയമത്തിനു മുന്നില്‍ തുല്യത എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണിത്. ജാതി-മത-സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവരെയും ഭരണകൂടം തുല്യമായി പരിഗണിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയ്ക്കും എതിരാണിത്. അനധികൃത കുടിയേറ്റക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് സി എ എ. സ്വാഭാവികമായ പൗരത്വം, രജിസ്‌ട്രേഷന്‍ മുഖേനയുള്ള പൗരത്വം എന്നിവ അനധികൃത കുടിയേറ്റക്കാര്‍ക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരനെന്ന് പ്രഖ്യാപിക്കപ്പെടുന്ന ഒരു മുസ്‌ലിമിന് ഇന്ത്യയില്‍ പൗരത്വം ലഭിക്കില്ല; മറ്റുള്ളവര്‍ക്ക് ലഭിക്കും.
ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധിപ്പിക്കുമ്പോള്‍ സി എ എ ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ച് ഏറെ ദോഷകരമാകും. പൗരത്വ പട്ടിക തയ്യാറാക്കുമ്പോള്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടും. അവര്‍ക്ക് സി എ എ സഹായകരമാകില്ല. അതേസമയം മുസ്‌ലിംകളല്ലാത്തവര്‍ക്ക്, തങ്ങള്‍ ബംഗ്ലാദേശില്‍ നിന്നോ പാകിസ്താനില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ കുടിയേറിയതാണെന്ന നുണ പറഞ്ഞാല്‍ പൗരത്വം കിട്ടാന്‍ സാധ്യതയുമുണ്ട്.
സി എ എ വഴി പൗരത്വം ലഭിക്കുന്ന
മുസ്‌ലിംകളല്ലാത്തവരുടെ പ്രശ്‌നങ്ങള്‍

ദേശീയ പൗരത്വ പട്ടിക (എന്‍ ആര്‍ സി) എല്ലാ മതത്തില്‍ പെട്ടവരെയും ബാധിക്കും. ഭരണകൂടം ആവശ്യപ്പെടുന്ന രേഖകള്‍ കൈവശമില്ലാത്തതുകൊണ്ട് പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടാലും സി എ എ പ്രകാരം പൗരത്വം ഉറപ്പാക്കാമെന്നാണ് മുസ്‌ലിംകളല്ലാത്തവരുടെ പ്രതീക്ഷ. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവയില്‍ ഏതെങ്കിലുമൊരു രാജ്യത്തു നിന്ന് കുടിയേറിയവരെന്ന് കള്ളം പറഞ്ഞ് പൗരത്വം നേടാനാകുമെന്ന് അവര്‍ കരുതുന്നു. ഇങ്ങനെ നുണ പറഞ്ഞു നേടിയെടുക്കുന്ന പൗരത്വം ജീവിതകാലം മുഴുവനും അരക്ഷിതത്വത്തിന് കാരണമാകാം. ഭരണകൂടം പൗരത്വത്തിന് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ ഒരു മറാഠിക്കോ തമിഴനോ മലയാളിക്കോ കഴിഞ്ഞില്ല എന്നു കരുതുക. ഇവര്‍ക്ക് ബംഗാളിയോ ഉര്‍ദുവോ പഞ്ചാബിയോ പഷ്തുവോ സംസാരിക്കാനും കഴിയില്ല എന്നും കരുതുക. അങ്ങനെയെങ്കില്‍ ഈ മറാഠിക്കോ മലയാളിക്കോ തമിഴനോ പൗരത്വം നല്‍കാന്‍ സി എ എ വഴിയും സാധിക്കില്ല. സി എ എക്ക് പിറകെ എന്‍ പി ആറും എന്‍ ആര്‍ സിയും വരുകയാണെങ്കില്‍ അത് മുസ്ലിംവിരുദ്ധം മാത്രമാകില്ല, മറിച്ച്, പട്ടികവിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ സംവരണം നിഷേധിക്കാനുള്ള ഉപാധി കൂടിയാകുമെന്ന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനു വേണ്ടി വാദിക്കുന്ന ചില സംഘടനകള്‍ ആരോപിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരനാണെന്ന് നുണ പറയേണ്ടിവന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ അത് നിങ്ങളെയും കുടുംബാംഗങ്ങളെയും എത്രത്തോളമാകും ദുര്‍ബലരാക്കുക? മറ്റുള്ളവര്‍ക്ക് നിങ്ങള്‍ക്കു മേല്‍ നല്‍കുന്ന അധികാരം എത്രത്തോളമായിരിക്കും?
എന്‍ ആര്‍ സി നടപ്പാക്കുമ്പോള്‍ പൗരനാണെന്ന് തെളിയിക്കാന്‍ വേണ്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതെവരുകയും സി എ എ വഴി പൗരത്വത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് കരുതുക. നിങ്ങള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, അയാള്‍ ഒരു അഴിമതിക്കാരന്‍ കൂടിയാണെങ്കില്‍ ലഭിക്കുന്ന അധികാരവും അവസരവും എന്തു മാത്രമായിരിക്കും? തങ്ങള്‍ മറ്റൊരു രാജ്യത്തു നിന്ന് വന്നവരാണെന്ന് ഒരു മടിയും കൂടാതെ നുണ പറയാന്‍ ആളുകള്‍ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാല്‍ തന്നെ അത് നുണയാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അവര്‍ക്ക് എന്തു സംഭവിക്കും? നുണയാണെന്ന് കണ്ടെത്തുക വളരെ എളുപ്പമാണെന്നുകൂടി ഓര്‍ക്കുക. താനൊരു അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരെങ്കിലും നുണ പറഞ്ഞാല്‍, അതോടെ അതുവരെയുള്ള അയാളുടെ ജീവിതം ഔദ്യോഗികമായി റദ്ദാക്കപ്പെടും. അതോടെ അയാളൊരു നിര്‍ധനനായ അഭയാര്‍ഥിയായി മാറും. ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതം പിന്നെയും തുടങ്ങേണ്ടിവരുമെന്ന് ചുരുക്കം.

നോക്കുകുത്തികളാകുന്ന കോടതികള്‍
കെട്ടിക്കിടക്കുന്ന കേസുകളാണ് ഇന്ത്യന്‍ കോടതികളുടെ നേര്‍ചിത്രം. സി എ എ നടപ്പാക്കുമ്പോള്‍ അര്‍ധ ജുഡീഷ്യല്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്ന ആളുകള്‍ക്ക് ഹൈക്കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും കഴിയും. ഇത് നിലവിലെ അവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം വിവരണാതീതമാണ്. സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും കോടതികള്‍ നിഷ്‌ക്രിയമാവുകയും ചെയ്യും. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വലിയതോതിലുള്ള നുഴഞ്ഞുകയറ്റ സാധ്യതയും കാണാതിരുന്നുകൂടാ.

നിയമ ഭേദഗതി
നിര്‍ത്തലാക്കാന്‍
എന്തു ചെയ്യാം?

എന്‍ ആര്‍ സി, സി എ എക്ക് എതിരെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണം സാധ്യമാക്കുക എന്നതുതന്നെയാണ് പ്രധാനം. അതിനു പുറമെ ശക്തമായ പ്രതിഷേധവും രൂപപ്പെടണം. സമാധാനത്തിന്റെ വഴിയില്‍ സമരം ചെയ്യുന്ന നിരവധി ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഇതിനു വേണ്ടി ഉപയോഗിക്കണം. ഇ-മെയിലുകളും എസ് എം എസുകളും ഫോണ്‍കോളുകളുമടക്കം ഏറ്റവും ചെറിയ മാധ്യമങ്ങള്‍ വരെ നമ്മുടെ ആയുധമാകണം. നിയമ ഭേദഗതിക്കെതിരെ രൂപപ്പെടുന്ന ഏതൊരു സംവിധാനത്തിനും ഗ്രൂപ്പുകള്‍ക്കും ആവശ്യമായ പിന്തുണ കൊടുക്കുക എന്നത് ഏറെ പ്രധാനമാണ്. നമ്മളൊരു മാധ്യമപ്രവര്‍ത്തകനാകാം, നിയമജ്ഞനാകാം, രാഷ്ട്രീയക്കാരനാകാം, സിനിമാ പ്രവര്‍ത്തകനോ ആര്‍ട്ടിസ്റ്റോ സാമൂഹിക പ്രവര്‍ത്തകനോ ആകാം, നമ്മുടെ തൊഴിലിടങ്ങള്‍ ഇതിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയണം.
സി എ എ, എന്‍ പി ആര്‍, എന്‍ ആര്‍ സി എന്നിവയ്‌ക്കെതിരെയുള്ള സമരം അനിവാര്യമാണ്. എല്ലാ ജനങ്ങളിലേക്കും നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നല്ല പാഠങ്ങള്‍ എത്തിച്ച് അവരെ ബോധവാന്മാരാക്കുന്ന ജോലി വളരെ സമയമെടുക്കുന്നതാണ്. എന്നാലും ക്ഷമയോടെ നാം നമ്മുടെ ജോലി ചെയ്തുകൊണ്ടേയിരിക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരുപാട് ചെയ്യാനാകും. നിലവിലെ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതില്‍ അവര്‍ മുന്നിലുണ്ടാകണം. സംസ്ഥാന സര്‍ക്കാരുകള്‍ എന്‍ പി ആറിനെ ഏറ്റെടുത്താല്‍ മാത്രമേ ഇത് വിജയിക്കൂ. 57 ശതമാനം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ മാത്രം എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന വിജ്ഞാപനം ഇറക്കിയാല്‍ പിന്നെ ദേശീയതലത്തിലെ എന്‍ ആര്‍ സി എന്നത് അര്‍ഥശൂന്യമാകും.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വിജയിച്ചവരാണ് നമ്മള്‍. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ഭരണഘടനയ്ക്ക് സ്വയം സമര്‍പ്പിച്ചവരാണ് നമ്മള്‍. ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സമരരീതികളിലൂടെ തന്നെ അംബേദ്കര്‍ നമുക്ക് സമ്മാനിച്ച ഭരണഘടന നാം സംരക്ഷിക്കും.
കടപ്പാട്: cjp.org.in
theaidem.com

Back to Top