20 Saturday
April 2024
2024 April 20
1445 Chawwâl 11

റബ്ബുല്‍ ആലമീന്‍

സി എ സഈദ് ഫാറൂഖി

അല്ലാഹു എന്ന സമുന്നത നാമത്തിനു ശേഷം വരുന്ന ഏറെ പ്രഭാവമുള്ള, പ്രയോഗമുള്ള, പ്രചാരമുള്ള മറ്റൊരു നാമമാണ് അര്‍റബ്ബ്. ഈ നാമത്തിന് മലയാള ഭാഷയില്‍ ധാരാളം വിവക്ഷകളുണ്ട്. അര്‍റബ്ബ് എന്ന വാക്ക് അര്‍ഥമാക്കുന്നത് ഉടമ, യജമാനന്‍, നിയന്താവ്, നാഥന്‍, പരിപാലകന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍, അനുഗ്രഹദാതാവ്, സംസ്‌കരണം നല്‍കുന്നവന്‍, ആരാധ്യന്‍ എന്നീ തരത്തിലാണ്.
സൂറതുല്‍ ഫാതിഹയിലെ വചനത്തിലൂടെയാണ് ഖുര്‍ആനില്‍ ഈ നാമം നമുക്ക് സുപരിചിതമായിത്തീരുന്നത്. അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ (സര്‍വ സ്തുതിയും സര്‍വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു). സൃഷ്ടിച്ച് ശിക്ഷണം നല്‍കി പരിപാലിക്കുക എന്ന അടിസ്ഥാനത്തില്‍ നിന്നാണ് ഈ നാമം രൂപപ്പെടുന്നത്. ഒരു വസ്തുവിന്റെ ഘട്ടംഘട്ടമായ വിവിധാവസ്ഥകളിലൂടെ അതിനെ പരിപാലിച്ചു സംരക്ഷിച്ചു വളര്‍ത്തിയെടുക്കുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
അല്ലാഹു അവനാണ് പ്രപഞ്ചത്തിന്റെ പരിപാലകന്‍. പ്രപഞ്ചത്തിന്റെ പരിപാലകനാവണമെങ്കില്‍ അതില്‍ അടിസ്ഥാനപരമായി പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, ഉടമ, നിയന്താവ് എന്നു തുടങ്ങി സര്‍വ വിധേനയുമുള്ള അതിന്റെ പരിപാലകനും അവനായിരിക്കണമെന്നുള്ളതാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാത്തവരാരും തന്നെ ഈ പ്രപഞ്ചത്തിന്റെ പരിപാലകരല്ല. ഈ പ്രപഞ്ചത്തിന്റെ ഉടമയല്ലാത്ത ഒരാളും ഈ പ്രപഞ്ചത്തിന്റെ പരിപാലകരല്ല. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരാളും ഈ പ്രപഞ്ചത്തിന്റെ നാഥനുമല്ല.
ആയതിനാല്‍ അല്ലാഹുവാണ് ഈ പ്രപഞ്ചത്തിന്റെ യഥാര്‍ഥ നാഥനും പരിപാലകനും. അവന്‍ പരിപാലകരുടെ പരിപാലകനാകുന്നു. ആരാധകരുടെ ആരാധ്യനാകുന്നു. അടിമയെയും ഉടമയെയും സര്‍വ ആരാധ്യരെയും അവന്‍ അധീനപ്പെടുത്തുന്നു. അവന്റെ പരിപാലനത്തില്‍ നിന്ന് ഒരു വസ്തുവും ഒഴിവാക്കപ്പെടുന്നില്ല. ആകാശ ഭൂമികളിലുള്ള സകലതും അവന്റെ പരിപാലനത്വത്തിന് കീഴിലാണ് നിലകൊള്ളുന്നത്. അവനാണ് അവന്റെ അനുഗ്രഹങ്ങളാല്‍ അവയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും. അവയ്ക്കനുയോജ്യമായ സൃഷ്ടിപ്പും സംവിധാനങ്ങളും തയ്യാര്‍ ചെയ്തത് ഈ പ്രപഞ്ചത്തിന്റെ നാഥനാകുന്നു.
ഓരോന്നിനും അനുയോജ്യമായ സൃഷ്ടി സ്വരൂപം അവനാണ് നല്‍കിയത്. പിന്നീട് അവ എന്തൊന്നിനാണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആ മാര്‍ഗം അവയ്ക്ക് നല്‍കുകയും ചെയ്തിരിക്കുന്നത് അവനാണ്. മഹാ അനുഗ്രഹങ്ങള്‍ നല്‍കി അവയെ ആസ്വദിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. ഈ അനുഗ്രഹങ്ങള്‍ തടയപ്പെട്ടാല്‍ ഒരു കാരണവശാലും അവയ്ക്ക് നിലനിന്നുപോകാന്‍ സാധിക്കുകയില്ല.
ഈ നാമം ധാരാളം കര്‍മഗുണ വിശേഷണങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ നാമം ഒറ്റയ്ക്ക് പ്രതിപാദിച്ചാല്‍ തന്നെ മറ്റു നാമങ്ങളിലെ ഗുണവിശേഷണങ്ങള്‍ പലതും ഇതിലടക്കം ചെയ്തതായി നമുക്ക് കാണാന്‍ സാധിക്കും. ആയതിനാല്‍ ഈ നാമത്തിന് അതിന്റെതായ പ്രഭാവമുണ്ട്. പ്രവാചകന്മാരുടെ ഹൃദയങ്ങളിലും മനസ്സുകളിലും ഇതിന് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. അല്ലാഹുവിന്റെ അടിമകള്‍ക്കും അവന്റെ ആരാധകര്‍ക്കും ബുദ്ധി വിവേകമുള്ള സര്‍വ വിശ്വാസികള്‍ക്കും ഇത് ഏറെ ഇഷ്ടപ്പെട്ട നാമമാകുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന മനോഹാരിതയുടെയും പരിപൂര്‍ണതയുടെയും ചേരുവകള്‍ കാരണമാണ് അത്രയ്ക്കത് ഇഷ്ടമായിത്തീരുന്നത്. അതിനാല്‍ ഖുര്‍ആനില്‍ വന്നിരിക്കുന്ന മിക്ക പ്രാര്‍ഥനകളുടെയും പ്രാരംഭം ഈ നാമം ഉപയോഗിച്ചുകൊണ്ടാണ് സംഭവിച്ചിട്ടുള്ളത്.
പ്രവാചക പ്രാര്‍ഥനകളും നമ്മുടെ തന്നെ പൂര്‍വ പിതാക്കളായ ആദം, ഹവ്വ തുടങ്ങിയവരുടെ പ്രാര്‍ഥനയും ഈ നാമത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അവരുടെ ജീവിതത്തില്‍ ഒരപചയം സംഭവിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹു നല്‍കിയ അറിവില്‍ നിന്നും അവരെടുത്തുപയോഗിച്ച പ്രാര്‍ഥനാ സ്വരൂപം അല്ലാഹു ഖുര്‍ആനില്‍ ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. റബ്ബനാ, ള്വലംനാ അന്‍ഫുസനാ വഇന്‍ലം തഗ്ഫിര്‍ലനാ വതര്‍ഹംനാ ലനകൂനന്ന മിനല്‍ ഖാസിരീന്‍ (ഞങ്ങളുടെ പരിപാലകനായ നാഥാ, ഞങ്ങള്‍ ഞങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കാരുണ്യം നല്‍കുകയും ചെയ്തില്ലാ എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും).
മൂസാ നബി(അ) തന്റെ പ്രാര്‍ഥനാ നിര്‍വഹണ സന്ദര്‍ഭത്തില്‍ ഇതേ വാക്ക് ഇതേ നാമമുപയോഗിച്ചാണ് നിര്‍വഹിച്ചത്. റബ്ബി ഇന്നീ ബിമാ അന്‍സല്‍ത ഇലയ്യ മിന്‍ ഖയ്‌രില്‍ ഫഖീര്‍. മൂസാ നബി(അ) പറയുന്നത് ഇങ്ങനെയാണ്. ‘എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തന്ന നന്മയ്ക്ക് ഞാന്‍ ഏതവസ്ഥയിലും ആവശ്യക്കാരനായിരിക്കും.’ മഹാനായ ഇബ്‌റാഹീം നബി(അ) തന്റെ പ്രാര്‍ഥനാവേളയിലും ഇതേ നാമമുപയോഗിച്ചുകൊണ്ടാണ് പ്രാര്‍ഥന നിര്‍വഹിക്കുന്നത്. റബ്ബനഗ്ഫിര്‍ലീ വലി വാലിദയ്യ വലില്‍മുഅ്മിനീന യൗമ യഖൂമില്‍ഹിസാബ് ഞങ്ങളുടെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ ക്കും വിശ്വാസികള്‍ക്കും വിചാരണനാളില്‍ നീ മാപ്പ് നല്‍കേണമേ.
പ്രവാചകന്‍ മുഹമ്മദ് നബി(സ) യോട് അല്ലാഹു പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചപ്പോഴും ഇതേ നാമമുപയോഗിച്ച് നിര്‍വഹിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ‘പ്രവാചകരേ നീ പറയണം, എന്റെ രക്ഷിതാവേ എന്റ രക്ഷകാ, പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം പ്രാപിക്കുന്നു’. ജ്ഞാനികളായ ആരാധകരുടെ പ്രാര്‍ഥനാ സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവിന്റെ ഈ സമുന്നത നാമത്തെയാണ് എടുത്തുപയോഗിച്ചിട്ടുള്ളത്. റബ്ബനാ ലാ തുസിഅ് ഖുലൂബനാ ബഅ്ദ ഇദ് ഹദയ്തനാ (ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്ക് സന്മാര്‍ഗം നല്‍കിയ ശേഷം അതില്‍ നിന്നും ഞങ്ങളെ നീ തെറ്റിച്ചുകളയരുതേ)
പരികാരുണികന്റെ ആരാധകരുടെ പ്രാര്‍ഥനയെ സംബന്ധിച്ച് ഖുര്‍ആന്‍ സൂചിപ്പിച്ചപ്പോഴും അവരും ഈ നാമത്തെയാണ് എടുത്തുപയോഗിച്ചതായി കാണുന്നത്. റബ്ബനാ ഹബ്‌ലനാ മിന്‍ അസ്‌വാജിനാ വദുര്‍രിയാതിനാ ഖുര്‍റത് അഅ്‌യുനിന്‍ വജ്അല്‍നാ ലില്‍മുത്തഖീന ഇമാമ. (നമ്മുടെ രക്ഷിതാവേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ നീ ഭക്തിവിശേഷമുള്ള ആളുകളുടെ നേതാക്കളാക്കേണമേ. )
തൊള്ളായിരത്തിലധികം പ്രാവശ്യം ഈ നാമം ഖുര്‍ആനില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പരിശുദ്ധ നബിചര്യയിലും ക്രമാതീതമായി ഇതിന്റെ ആവര്‍ത്തനം നമുക്ക് കാണാവുന്നതാണ്. ജ്ഞാനികളായ നബി(സ)യുടെ അനുചരന്മാരില്‍ ചിലര്‍ ഇതിനെയും അല്ലാഹുവിന്റെ മഹോന്നത നാമഗണത്തിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മഹാനായ ഇബ്‌നുഅബ്ബാസ്, അബുദ്ദര്‍ദാഅ് എന്നിവര്‍ ഇതിന് ഉദാഹരണമാണ്. അല്ലാഹുവിന്റെ സൃഷ്ടിപരിപാലകത്വം എന്ന് പറയുന്നത് ഈ നാമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിധത്തിലാണ്.
ഒന്ന്: പൊതുവായ പരിപാലനം, ഇത് സകല സൃഷ്ടികള്‍ക്കും വേണ്ടി അവന്‍ നിര്‍വഹിക്കുന്നു. അവരില്‍പെട്ട ധര്‍മികള്‍ക്കും അധര്‍മികള്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അചേതനവസ്തുക്കള്‍ക്കുപോലും അത് ലഭിക്കുന്നു. അത് സൃഷ്ടിപരവും ജീവനപരവുമാണ്. അതുപോലെതന്നെ നാഥത്വപരവും യജമാനപരവുമാണ്. നിയന്ത്രണപരവും നന്മയിലധിഷ്ഠിതവുമായ ഒന്നാകുന്നു അത്.
രണ്ട്: പ്രത്യേകമായ പരിപാലനം, ഇത് അല്ലാഹു, അവനിഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകമായി നല്‍കുന്നു. അവരുടെ ഹൃദയങ്ങളെ നന്നാക്കുന്നു. സ്വഭാവത്തെയും ജീവനെയും കര്‍മങ്ങളെയും വിശ്വാസത്തെയും പരിപോഷിപ്പിക്കുന്നു. ഇരുളുകളില്‍ നിന്നും അവരെ വെളിച്ചത്തിലേക്ക് നയിക്കുന്നു. എളുപ്പത്തിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നു. ഞെരുക്കത്തില്‍നിന്ന് അവരെ കരകയറ്റുന്നു. എല്ലാ നന്മകളിലേക്കും അവര്‍ക്ക് വഴി നല്‍കുന്നു. സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കുന്നു. എല്ലാതരം ദോഷങ്ങളില്‍നിന്നും അവരെ അവന്‍ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ഇവരുടെ അധികപ്രാര്‍ഥനയും ഈ സമുന്നതമായ നാമംകൊണ്ട് ആയിത്തീരുന്നത്.
കാരണം അവര്‍ ആവശ്യപ്പെടുന്നത്. ഈ പ്രത്യേക പരിപാലന പരിരക്ഷയാണ്. ഈ അര്‍ഥത്തിലാണ് അല്ലാഹു അര്‍റബ്ബ് (അല്ലാഹുവാണ് യഥാര്‍ഥ പരിപാലകന്‍, ഈ പ്രപഞ്ചത്തിന്റെ നാഥന്‍) എന്ന നാമത്തെ നമ്മള്‍ അറിയുന്നതും നമ്മുടെ പ്രാര്‍ഥനാ വേളകളില്‍ നമ്മള്‍ അത് ഉപയോഗിക്കുന്നതും. അല്ലാഹുവിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നാമത്തിന്റെ സവിശേഷ ഭാവങ്ങളെയും അവസ്ഥകളെയും തിരിച്ചറിയുന്നതും അതിന്റെ പേരിലാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x