9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

അല്ലാഹു വിശേഷണങ്ങള്‍, വിവക്ഷകള്‍ – സി എ സഈദ് ഫാറൂഖി

അല്ലാഹുവിനെ അറിഞ്ഞാരാധിക്കാനായി അവനെക്കുറിച്ചുള്ള ശരിയായ അറിവ് നമുക്കാവശ്യമാണ്. ആ അറിവാണ് നമ്മുടെ ആരാധനയുടെ ഭക്തിക്ക് ബലം നല്കുക.

അവന്‍റെ അറിവ്
അല്ലാഹുവിന്‍റെ അറിവിനെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണവന്‍. സകല കാര്യങ്ങളും അവന്‍ സസൂക്ഷ്മം അറിയുന്നുണ്ട്. കണ്ണിന്‍റെ കട്ടുനോട്ടം മുതല്‍ മനസില്‍ നാം ഒളിച്ചു വെച്ചിരിക്കുന്നതു വരെ അവന്‍ അറിയുന്നു. പ്രപഞ്ചത്തിലെ മുഴുവന്‍ ദൃശ്യാദൃശ്യങ്ങളും അവനു മാത്രമേ അറിയുകയുള്ളൂ. ആകാശ ഭൂമികളുള്ളതെല്ലാം വളരെ സൂക്ഷ്മമായി അറിയുന്നവനാണ് അവന്‍.

അവന്‍റെ ശേഷി
അവന്‍ എല്ലാറ്റിനും കെല്പുള്ള അജയ്യനാണ്. എല്ലാറ്റിന്‍റെയും സ്രഷ്ടാവും ഉടമയും അവന്‍ തന്നെയാണ്. ഭൗമ വാനങ്ങളിലുള്ള ഒന്നും അവനെ അതിജയിക്കാന്‍ പോന്നതല്ല. അവയൊന്നും അവനെ അശക്തമാക്കാന്‍ പോന്നതുമല്ല. സൂക്ഷ്മ പാടവത്തോടെയാണ് അവന്‍ ഓരോന്നും രൂപകല്പന ചെയ്തിരിക്കുന്നത്. ഏറെ കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമാണ് അവന്‍റെ ഓരോ സൃഷ്ടിപ്പും.

അല്ലാഹുവിന്‍റെ ജീവിതം
അവന്‍ എന്നെന്നും  സജീവമായി നിലകൊള്ളുന്ന നിത്യനാണ് . അവന്‍ സജീവനാണ്; മൃതനല്ല. മൃത്യു അവനെ ബാധിക്കുകയില്ല. അവന്‍റെ ജീവിതമാകട്ടെ സമ്പൂര്‍ണ വിശേഷങ്ങളുള്ളതാണ്. അവനാണ് സകലതും ജീവിപ്പിക്കുന്നതും, മരിപ്പിക്കുന്നതും.

അല്ലാഹുവിന്‍റെ വിചാര ഉദ്ദേശങ്ങള്‍
അവനുദ്ദേശിക്കുന്നത് അവന്‍ പ്രവര്‍ത്തിക്കുന്നു. അവന്‍റെ ഉദ്ദേശങ്ങളിലോ വിചാരങ്ങളിലോ മറ്റൊരാള്‍ക്ക് കൈകടത്തുക സാധ്യമല്ല തന്നെ. എന്ത് ഉദ്ദേശിച്ചോ അത് പൂര്‍ത്തിയാക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. അതിന് ആരുടേയും സഹായ സഹകരണങ്ങള്‍  അവന് അശേഷം ആവശ്യമില്ല.

അല്ലാഹുവിന്‍റെ ഏകത്വം
അവന്‍ സമ്പൂര്‍ണനായ ഏകനാണ്. അവന്‍റെ അധീശാധികാരങ്ങളിലൊന്നും ആര്‍ക്കും ഒരു പങ്കുമില്ല. അവന്‍റെ സവിശേഷതകളിലും സത്തയിലും സകല കഴിവുകളിലും ശേഷികളിലും അവന്‍ ഏകനാണ്.

അല്ലാഹുവിന്‍റെ ഉണ്മ, സാന്നിധ്യം, നിലനില്പ്
അവന്‍ സദാ സമീപസ്ഥനും സദാ നിലനില്പുള്ളവനുമാണ്. മറ്റൊരു സാന്നിധ്യത്തോടും അവന്‍റെ ഉണ്മക്ക് സദൃശ്യതകളില്ല. ആ സാന്നിധ്യം സുസ്ഥിരവും സുസ്ഥാപിതവുമാണ്. തുടക്കവും ഒടുക്കവുമില്ലാത്തതാണ്. എല്ലാറ്റിനും മുകളില്‍ സാന്നിധ്യമുള്ളവനാണ് അല്ലാഹു. ഔന്നത്യവും മഹത്വവും കൊണ്ട് ഉയര്‍ന്നു നില്ക്കുന്നതാണ് അവന്‍റെ സാന്നിധ്യം.

അല്ലാഹുവിന്‍റെ പഴമ
തുടക്കമോ ഒടുക്കമോ അവനില്ല. പണ്ടുപണ്ടേക്കുമുള്ള പഴക്കമാണ് അവന്‍റെ സവിശേഷത. നൂതനതയ്ക്കും സംഭവ്യതകള്‍ക്കും എതിരാണവന്‍. ഭൂമുഖത്തോ ആകാശങ്ങളിലോ അവന് സമാനതകളില്ല. അവന്‍ സകല സൃഷ്ടിപ്പില്‍ നിന്നും സൃഷ്ടികളില്‍ നിന്നും ഭിന്നനായവനാണ്.

അല്ലാഹുവിന്‍റെ സ്വയം നിലനില്പ്
അല്ലാഹു സ്വയം നിലനില്പുള്ള ഐശ്വര്യവാനാണ്. പരസഹായ മുക്തനാണവന്‍. നമ്മുടെ വാക്കോ പ്രവര്‍ത്തിയോ അവന്‍റെ നിലനില്പിനെ ബാധിക്കുകയേ ഇല്ല. അവന്‍ സ്വയമേവ നിലനില്ക്കാന്‍ യോഗ്യനും പ്രാപ്തനുമാണ്.

അല്ലാഹുവിന്‍റെ സംസാരവും വിശേഷണങ്ങളും
പരിശുദ്ധനായ അല്ലാഹു സംസാരിക്കുന്നവനാണ്. ശബ്ദമോ അക്ഷരമോ കൂടാതെ അത് നിര്‍വഹിക്കാന്‍ കെല്പുള്ളവനാണവന്‍. സൃഷ്ടി സംസാരങ്ങളോട് അതിനെ സദൃശ്യപ്പെടുത്തുക സാധ്യമല്ല. അവനുദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്ന ആരോടും, എന്തിനോടും അവന്‍ പറയുന്നു. അവനെ അറിയാന്‍  ആഗ്രഹിക്കുന്ന ആര്‍ക്കും അവനെ മനസിലാക്കിക്കൊടുക്കുന്ന സൂക്തങ്ങളാണ് ആയതുല്‍ കുര്‍സിയ്യും സൂറതുല്‍ ഇഖ്ലാസും
ആയതുല്‍ കുര്‍സിയ്യില്‍ അല്ലാഹു അവനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ കാണാം. ‘അല്ലാഹു അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെ ‘ കുര്‍സിയ്യ്’ ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (ആയതുല്‍ കുര്‍സിയ്യ്)
അവനെക്കുറിച്ച് സൂചന നല്‍കിയ മറ്റൊന്ന്
സൂറതുല്‍ ഇഖ്ലാസിലെ വചനങ്ങളാണ്. അതിങ്ങനെയാണ്.
‘പറയുക: അല്ലാഹു   അവന്‍ ഏകനാകുന്നു. അവന്‍ ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്മം നല്‍കിയിട്ടില്ല. അവന്‍ ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല.” (സൂറ 112)
അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് അവന്‍ ഇവ്വിധമാണ് വിവരിച്ചു തന്നിട്ടുള്ളത്. ആ അറിവു മുന്‍നിര്‍ത്തി അവനെ അറിഞ്ഞാരാധിക്കുന്ന നിഷ്കളങ്ക വിശ്വാസികളിലാണ് നാം ചെന്നു ചേരേണ്ടത്.

2.8 5 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x