അല്ലാഹു: പദവും പൊരുളും – സി എ സഈദ് ഫാറൂഖി
ജ്ഞാനികളില്‍ ഭൂരിപക്ഷവും അല്ലാഹു എന്നതാണ് അല്ലാഹുവിന്‍റെ സമുന്നത നാമമായി എണ്ണിയിട്ടുള്ളത്. അല്ലാഹുവിന്‍റെ നാമങ്ങളുടെ സവിശേഷതകളെക്കുറിച്ച് സൂചിപ്പിക്കുന്നതിനിടെ ഇമാം ഗസ്സാലി പറഞ്ഞിരിക്കുന്നത് അല്ലാഹുവിന്‍റെ പ്രത്യേകമായ 99 സവിശേഷ നാമങ്ങളില്‍ ഏറെ സവിശേഷമായിട്ടുള്ള നാമം അല്ലാഹു എന്നതാകുന്നു എന്നാണ്. ഇലാഹിയായ ഗുണങ്ങളും സവിശേഷതകളുമെല്ലാം ഉള്‍ക്കൊള്ളുന്ന നാമസമുച്ഛയമാണ് അല്ലാഹു എന്നത്. ഇലാഹ് എന്ന സത്തയില്‍ നിന്ന് ഒന്നും തന്നെ ആ നാമത്തില്‍ നിന്ന് അന്യമാകുന്നില്ല എന്നും ഇമാം ഗസ്സാലി പറയുന്നുണ്ട്. ഖുര്‍ആന്‍ ഏറ്റവുമധികം പ്രയോഗിച്ചിരിക്കുന്നതും അല്ലാഹ് എന്ന നാമം തന്നെയാണ് (2274 തവണ). ഖുര്‍ആനിലെ 33 വചനങ്ങളുടെ സമാരംഭം നിര്‍വഹിച്ചിട്ടുള്ളതും ഈ നാമം ഉപയോഗിച്ചാണെന്ന് കാണാന്‍ സാധിക്കും. ആ നാമത്തിന്‍റെ മഹോന്നത സ്ഥാനമാണ് ഈ വചനങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
അല്ലാഹു മറ്റു നാമങ്ങളെ ഈ നാമത്തോട് ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. അര്‍റഹ്മാന്‍, അര്‍റഹീം തുടങ്ങിയ നാമങ്ങളൊക്കെ എണ്ണിപ്പറയുന്നതു പോലും അല്ലാഹു എന്ന നാമത്തെ മുന്‍നിര്‍ത്തി, അല്ലാഹുവിന്‍റെ നാമങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. അല്ലാഹുവിന്‍റെ മുഴുവന്‍ സവിശേഷതകളും ആ നാമം ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ ആ നാമത്തില്‍ കേന്ദ്രീകൃതമായിരിക്കണം നമ്മുടെ തേട്ടങ്ങള്‍. അല്ലാഹുവേ എന്ന് അര്‍ഥമാക്കുന്ന അല്ലാഹുമ്മ എന്നുച്ചരിക്കപ്പെട്ടുകൊണ്ടാണ് അല്ലാഹു ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നത്.
ഇമാം ഹസനുല്‍ ബസ്വരി പറയുകയുണ്ടായി: “പ്രാര്‍ഥനകളുടെ ഏകോപനമാണ് അല്ലാഹുമ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.” ഒരു ആരാധകന്‍ അല്ലാഹുമ്മ എന്ന വാക്കുപയോഗിച്ച് അല്ലാഹുവോട് ചോദിച്ചാല്‍ അല്ലാഹുവിന്‍റെ എല്ലാ സമുന്നത നാമങ്ങളെയും ഉപയോഗിച്ച് പ്രാര്‍ഥിച്ചതായാണ് അതുകൊണ്ട് കണക്കാക്കുന്നത്. എല്ലാ സമുന്നത വിശേഷണങ്ങളേയും അതുള്‍ക്കൊള്ളുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അല്ലാഹു എല്ലാ ഹൃദയങ്ങളേയും നാവിനേയും ഈ നാമം സ്വീകരിക്കുന്നതില്‍ നിന്ന് പിടിച്ചു വെച്ചിട്ടുണ്ട്.
എല്ലാ കാര്യങ്ങളുടേയും അനുഗൃഹീത സമാരംഭം ഈ നാമം ഉച്ചരിച്ചുകൊണ്ടാണ് വിശ്വാസികള്‍ ആരംഭിക്കേണ്ടത്. ബിസ്മില്ലാഹ് എന്നാണ് എല്ലാ നല്ല കാര്യത്തിലും തുടക്കമായി നാം ഉച്ചരിക്കേണ്ടത്. സമുന്നതനായ അല്ലാഹുവിന്‍റെ എല്ലാ നാമങ്ങളും ഉച്ചരിച്ചുകൊണ്ട് സമാരംഭിക്കുന്നു എന്നാണ് ഇമാം സഅ്ദി ഇതിന് അര്‍ഥമായി വിശദീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ എല്ലാ നാമങ്ങളെയും നാം എടുത്തു പ്രയോഗിച്ച ഫലമാണ് ബിസ്മില്ലാഹ് എന്നുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നര്‍ഥം. ഈ നാമം സര്‍വാംഗീകൃത നാമമാണ്. അല്ലാഹു എന്ന നാമത്തിന് മറ്റൊരു ഭാഷയിലും പരിഭാഷ നിര്‍വഹിക്കുക സാധ്യമല്ല. ഭൂമിയിലെ സകലമാന ഭാഷകളിലും അല്ലാഹു എന്ന് തന്നെയാണ് ഈ നാമത്തിന് ഉപയോഗിക്കുന്നത്. മറ്റു പല നാമങ്ങള്‍ക്കും വിവര്‍ത്തനം സാധ്യമാണെങ്കിലും അല്ലാഹു എന്ന നാമത്തിന് ഒരു വിവര്‍ത്തനം സാധ്യമല്ല.
ഈ നാമം ഭൂമുഖത്തു നിന്നും വിസ്മരിക്കപ്പെട്ടു പോയാല്‍ അന്ത്യനാളിന്‍റെ ആഗമനം സംഭവിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. വിശ്വാസികളുമായി ഈ നാമം എന്തുമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട്. ഒരു വിശ്വാസി വിശ്വാസിയായിത്തീരുന്നത് രണ്ട് ശഹാദത്ത് കലിമയോടു കൂടിയാണല്ലോ. അതില്‍ ഒന്നാമത്തെ ശഹാദത്ത് കലിമയില്‍ അല്ലാഹു സാക്ഷ്യവചനത്തോട് ചേര്‍ത്തി സാക്ഷ്യപ്പെടുത്താന്‍ പറയുന്നത് ഈ നാമമാണ്. മറ്റൊരു പദവും ശഹാദത്ത് കലിമയില്‍ ചേര്‍ത്തിക്കൂടാ. അല്ലാഹുവിന് മറ്റനേകം നാമങ്ങളുണ്ടെങ്കിലും അല്ലാഹ് എന്നതിനു പകരമായി ഇവിടെ മറ്റൊരു നാമവും നമുക്ക് സ്വീകരിച്ചു കൂടാ. ഒരു വിശ്വാസിയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ ശഹാദത്ത് കലിമയില്‍ അല്ലാഹ് എന്ന നാമമാണ് പ്രയോഗിച്ചത് എന്നത് ആ നാമത്തിന്‍റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.
ശഹാദത്ത് കലിമ ഉച്ചരിച്ച ഒരാള്‍ പ്രഥമവും പ്രധാനവുമായി നിര്‍വഹിക്കേണ്ട ആരാധന നമസ്കാരമാണ്. ആ നമസ്കാര വേളയിലും ഈ നാമമാണ് ഏറെ അധികം ഉച്ചരിച്ചിരിക്കുന്നത്. തക്ബീറതുല്‍ ഇഹ്റാം തൊട്ട് പ്രാരംഭ പ്രാര്‍ഥനകളിലടക്കം നിര്‍ബന്ധ വേളകളിലധികവും ഈ നാമമാണ് നാം ആവര്‍ത്തിച്ചുച്ചരിക്കുന്നത്. പ്രാരംഭ പ്രാര്‍ഥന, ഫാതിഹ, റുകൂഅ്, സുജൂദ്, അത്തഹിയ്യാത്ത് തുടങ്ങി നമസ്കാരത്തിന്‍റെ പ്രധാന വേളകളിലെല്ലാം അല്ലാഹു എന്ന നാമമാണ് നാം ആവര്‍ത്തിച്ചുച്ചരിക്കുന്നത്. വിശ്വാസി തന്‍റെ രക്ഷിതാവിനോട് ഏറെ അടുത്തിരിക്കുന്ന നമസ്കാര വേളയിലും അല്ലാഹ് എന്ന നാമമാണ് നാം സംവേദനത്തിനായി ഉപയോഗിക്കുന്നത് എന്ന് കാണാം. നമസ്കാര ശേഷമുള്ള പ്രാര്‍ഥനകളിലും ദിക്റുകളിലും ആ നാമം തന്നെയാണ് കടന്നു വരുന്നത്.
അല്ലാഹ് എന്ന നാമം ഒരു സത്യവിശ്വാസിയുടെ ജീവിതവുമായി ഏറെ ബന്ധിതമായി നില്ക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നാമത്തിന്‍റെ പ്രഭാവത്തെക്കുറിച്ച് ഏറെ ബോധ്യമുള്ളവരായിരിക്കണം നമ്മള്‍. ഒരു വിശ്വാസി ഇത് മനസിലാക്കിക്കഴിഞ്ഞാല്‍ അവനോടുള്ള ആരാധനകള്‍ നിര്‍വഹിക്കുവാന്‍ ഏറെ താല്പര്യമുള്ളവരായി മാറും. അല്ലാഹുവിനോടുള്ള സ്നേഹം ഈ പ്രയോഗത്തിലൂടെ പരിപൂര്‍ണമായും ബോധ്യപ്പെടുത്താന്‍ അവന് സാധിക്കും. അല്ലാഹുവോടുള്ള താഴ്മയും ഇതേ നാമമുച്ചരിക്കുക വഴി ഏറെ പ്രകടമാക്കാന്‍ ഒരു വിശ്വാസിക്ക് സാധിക്കും. അവന്‍റെ ഏറ്റവും മധുരമുള്ള നാമമായി ഇതിനെ മനസിലാക്കുവാന്‍ ഒരു വിശ്വാസിക്ക് സാധിക്കും. തന്‍റെ ഹൃദയവും ഇന്ദ്രിയങ്ങളും കൊണ്ട് ഈ നാമമുച്ചരിച്ച് ഏറെ ശ്രദ്ധയോടെ അവനെ ആരാധിക്കാന്‍ ഒരു വിശ്വാസിക്ക് സാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്നുള്ള ഐശ്വര്യങ്ങളേയും അനുഗ്രഹങ്ങളേയും ആര്‍ജിച്ചെടുക്കാനും ഒരു വിശ്വാസിക്ക് ഇത് വഴി സാധ്യമാകും. ദുഖിതന്‍റെ ദുഖവും വ്യഥകളില്‍ മുങ്ങിയവന്‍റെ വ്യഥകളും കെടുതികളേയും നീക്കാന്‍ ഈ നാമം ഏറെ സഹായകമാണ്. ദുഖം നീങ്ങാനും അനുഗ്രഹങ്ങള്‍ ലഭിക്കാനും ഈ നാം ഒരു സഹായകമായ ഒന്നായി മാറും. നിലകളും പദവികളും ഉയര്‍ത്തപ്പെടും തിന്മകള്‍ നീങ്ങിപ്പോകും വിശ്വാസിയുടെ അനുഗ്രഹത്തിന്‍റെ താക്കോല്‍ തന്നെ ഈ നാമത്തിലാണ് നിലകൊള്ളുന്നത്. അല്ലാഹു എന്ന നാമത്തേക്കാള്‍ ഉന്നതമായ മറ്റൊരു നാമവുമില്ല എന്ന ബോധ്യം നമ്മില്‍ ഉടലെടുത്തു കഴിഞ്ഞാല്‍ സര്‍വതും അവനില്‍ ഭരമേല്പ്പിക്കാന്‍ നമുക്കതു മതിയാകും. ഇന്നാ ലില്ലാഹ് എന്ന വചനമാണ് നമ്മില്‍ അടിയുറക്കേണ്ടത്. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന വചനം നമുക്ക് സമാധാനത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള താക്കോല്‍ മന്ത്രമാണ്. അത് നമ്മില്‍ അടിയുറക്കട്ടെ. അല്ലാഹുവിന്‍റെ അനുഗ്രഹം നമ്മിലുണ്ടാകട്ടെ