സമാധാന ശ്രമങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന മാര്‍ഗരേഖ
ക്ലോഡിയ മഫെറ്റണ്‍ വിവ: റാഫിദ് ചെറവന്നൂര്‍
പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ സമീപകാലത്തായി വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇത്രയേറെ രാജ്യങ്ങള്‍ പല വിഷയത്തിലായി പരസ്പര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ഇതാദ്യമായാണ്. ലോകത്ത് മൊത്തത്തില്‍ നോക്കുമ്പോള്‍ ജനാധിപത്യ രീതികളും രൂപങ്ങളും ഏകാധിപത്യത്തെ അപേക്ഷിച്ച് കൂടിവരുകയാണെങ്കിലും നേര്‍വിപരീത ദിശയിലാണ് മിഡില്‍ഈസ്റ്റ് രാജ്യങ്ങള്‍ സഞ്ചരിക്കുന്നത്. ഈജിപ്തിലും തുനീഷ്യയിലുമൊക്കെ നടന്ന ഭരണവിരുദ്ധ സമരങ്ങളോടുള്ള പ്രതികരണമായാണ് ഏകാധിപത്യ രീതികള്‍ ശക്തിപ്പെടുന്നത്.
ആഭ്യന്തര കലഹങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും വലിയ തോതിലുള്ള കുടിയേറ്റത്തിലും സാമൂഹിക വിവേചനത്തിനും കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ ഏറെ പ്രസക്തമാവുന്നത്. വിശിഷ്യാ സമാധാനപാലനത്തിനും സംഘര്‍ഷ ദൂരീകരണത്തിനുമായി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുറേ മാര്‍ഗങ്ങള്‍ പുതിയ സാഹചര്യത്തില്‍ കാര്യമായ പരിഗണന അര്‍ഹിക്കുന്നു. എന്നാല്‍ പൊതുവെ ഈ വിഷയത്തിലെ ഇസ്‌ലാമിക സമീപനം തീരെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നുതന്നെ പറയാം.
നീതിയും സമാധാനവും
സമാധാനം അടിസ്ഥാനമാക്കിയ ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. എന്നാല്‍ 9/11 ആക്രമണത്തിനും ഐഎസിന്റെ ക്രൂരതകള്‍ക്കും ശേഷം ഭീകരതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ഗുണമെന്നു വിശ്വസിക്കുന്നവരാണ് ലോക ജനസംഖ്യയിലധികവും. എന്നാല്‍ ഖുര്‍ആനിക സന്ദേശങ്ങളും പ്രവാചകചര്യയും അടിത്തറയാക്കിയ ഒരു ദര്‍ശനമെന്ന നിലയില്‍ സമാധാനം ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായും നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റ ആത്യന്തിക ലക്ഷ്യമായും വര്‍ത്തിക്കുന്നു. ഇബ്‌റാഹിം കലിന്‍ ഇസ്‌ലാമിലെ സമാധാനത്തോടുള്ള സമീപനത്തെ നാലു രൂപത്തിലായി വിഭജിക്കുന്നുണ്ട്:
(1) മെറ്റാഫിസിക്കല്‍, സ്പിരിച്വല്‍.
ദൈവത്തിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്ന് സമാധാനത്തെ കുറിക്കുന്ന ‘അല്‍സലാം’ എന്ന പദമാണ്. മൗലികമായി സമാധാനത്തിന്റെ ഉറവിടമായ ദൈവം മനുഷ്യ സമൂഹത്തെ ക്ഷണിക്കുന്നതും സമാധാനത്തിന്റെ ഗേഹത്തിലേക്കാണ് (ദാറുസ്സലാം). ഋജുമനസ്‌കതയാണ് സമാധാനഗേഹത്തിലേക്കുള്ള വഴികാട്ടുന്നത്. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും സമാധാനവഴിയിലണഞ്ഞ ‘മുസ്‌ലിം’കളാണ്.
(2) ഫിലോസഫിക്കല്‍, തിയോളജിക്കല്‍.
പരമകാരുണ്യവാനും കരുണാനിധിയുമായ പടച്ചവന്റെ സൃഷ്ടിപ്പിന്റെ തന്നെ ഭാഗമാണ് സൃഷ്ടികള്‍ക്കിടയിലുള്ള സ്‌നേഹവും കാരുണ്യവും. സൃഷ്ടിപ്പില്‍ അന്തര്‍ലീനമായ ഈ നന്മകളിലേക്കുള്ള തിരിച്ചുപോക്കാണ് മനുഷ്യര്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍.
(3) മുസ്‌ലിംകളായവരും അല്ലാത്തവരുമായ ആളുകളുമായി പ്രവാചകന്‍ നിരന്തരം സമാധാനം ലക്ഷ്യമാക്കിയുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മാത്രവുമല്ല, പ്രവാചക പരമ്പരയിലെ അവസാന കണ്ണി എന്ന നിലയില്‍ ജൂത-ക്രൈസ്തവരുമായി നല്ല ബന്ധം സൂക്ഷിച്ചുപോരാനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
”സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ട് രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങള്‍ സമരം നടത്തണം.
അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ഹുജുറാത്ത്9-10).
യുദ്ധം (ഹര്‍ബ്) എന്ന പദം ഖുര്‍ആനില്‍ നാലു തവണ മാത്രമാണ് വന്നത്. പൊതുവേ വിശുദ്ധ സമരം എന്നൊക്കെ വിവര്‍ത്തനം ചെയ്യപ്പെടാറുള്ള ജിഹാദ് എന്ന പദമാകട്ടെ ഖുര്‍ആന്‍ ഉപയോഗിക്കുന്നത് നന്മക്കും തിന്മക്കുമിടയില്‍ മനുഷ്യന്‍ സ്വയം നടത്തേണ്ടുന്ന നന്മയുടെ തിരഞ്ഞെടുപ്പും അതിലെ പരിശ്രമവും സൂചിപ്പിക്കാനാണ്.
”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയില്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അല്‍ബഖറ 256).
”ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?” (യൂനുസ് 99).
”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ നിങ്ങള്‍ പരിധി വിട്ടു പ്രവര്‍ത്തിക്കരുത്. പരിധി വിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല”(അല്‍ബഖറ2).
”ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (സൂറ മാഇദ 32).
”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ, അവനതാ (നിന്റെ) ഉറ്റ ബന്ധുവെന്നോണം ആയിത്തീരുന്നു” (ഹാമീംസജദ34).
തീര്‍ത്തും അത്യാവശ്യ ഘട്ടങ്ങളില്‍ ആത്മരക്ഷയ്ക്കും പ്രതിരോധത്തിനും മാത്രമായാണ് സായുധ സമരം അനുവദിച്ചിട്ടുള്ളത്.
(4) സാമൂഹിക-സാംസ്‌കാരിക മേഖലകള്‍.
ഖുര്‍ആന്‍ പറയുന്നു: നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ചു മുന്നേറുക” (അല്‍മാഇദ48).
അതുപോലെത്തന്നെ മനുഷ്യര്‍ക്കിടയിലെ വൈജാത്യങ്ങളെയും ഖുര്‍ആന്‍ സാമൂഹികമായ ഒരു പ്രത്യേകതയായാണ് കാണുന്നത്. ”നിങ്ങള്‍ അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു”(ഹുജുറാത്ത്13).
Kadayifci Orellana (2010, p. 2125) സമാധാനസ്ഥാപനത്തിനായുള്ള ഇസ്‌ലാമിക മാര്‍ഗങ്ങളെ അഞ്ചു തലങ്ങളില്‍ സംഗ്രഹിക്കുന്നുണ്ട്: ‘തൗഹീദ്’ (ഏകനായ സ്രഷ്ടാവിന്റെ ഐക്യമുള്ള സൃഷ്ടികളാവണം മനുഷ്യര്‍). ഫിത്‌റ (സൃഷ്ടിപ്പില്‍ അന്തര്‍ലീനമായ സമാധാനം ഉയര്‍ത്തിപ്പിടിക്കുന്നത് ഓരോ മുസ്‌ലിമിന്റെയും കടമയായി). അദ്ല്‍ (നീതി. ഇത് സമാധാനത്തിന്റെ നട്ടെല്ലാണ്. കാരണം നീതിയില്ലാതെ സമാധാനം ഉണ്ടാകില്ല). അഫുവും (ക്ഷമ), റഹ്മയും(കരുണ) റഹീമും (കാരുണ്യവും).
ഈ ഘടകങ്ങള്‍ ആധുനിക കോണ്‍ഫ്‌ളിക്ട് റെസല്യൂഷന്‍ രീതിയുടെ ഭാഗമായ പോസിറ്റീവ് പീസ്, ‘ജസ്റ്റ് പീസ്’ എന്നീ ആശയങ്ങളുമായി പ്രതിധ്വനിക്കുന്നു. ‘അക്രമവും വിനാശകരമായ സാമൂഹിക ഇടപെടലുകളും കുറയ്ക്കുന്നതിനും അതേസമയം ഏതൊരു മനുഷ്യബന്ധത്തിലും നീതി ഉറപ്പാക്കുന്നതിനുമുള്ള മാര്‍ഗങ്ങളാണിവ’ (Lederach, 2005, p.182).
മനുഷ്യരും ദൈവവുമായുള്ള ബന്ധത്തിന്റെ പാരസ്പര്യത്തിലാണ് നീതി, സമത്വം, വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ ഇസ്‌ലാം നിര്‍വചിക്കുന്നത്. സന്തുലനാവസ്ഥയിലുള്ള ഒരു വ്യക്തി തന്റെ മറ്റു മനുഷ്യരുമായുള്ള ബന്ധത്തിലും സന്തുലനാവസ്ഥ പാലിക്കുന്നവനായിരിക്കും. അവകാശം, കടമ, യാഥാര്‍ഥ്യം, സത്യം എന്നീ അര്‍ഥങ്ങളിലെല്ലാം ഉപയോഗിക്കാവുന്ന ഹഖ് എന്ന പദം, മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനവും അവരുടെ അധികാരവും നിര്‍ണയിക്കുന്ന വിവിധ ബാധ്യതകളെ സൂചിപ്പിക്കുന്നു (റോസെന്‍, 2000, പേജ് 156).
അതുപോലെ മധ്യമ നിലപാട് നഷ്ടപ്പെടുമ്പോള്‍ നീതി അന്യമാവുന്നു എന്നതും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഒരു തത്വമാണ്, എന്നാല്‍ ഈ തത്വം മറ്റു മധ്യകാല ബുദ്ധിജീവികള്‍ക്കിടയിലും സാധാരണമായിരുന്നു. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന രണ്ടു കക്ഷികള്‍ മധ്യമമായ യോജിപ്പിലേക്ക് വരുന്നതിലൂടെ ഐക്യം സാധ്യമാവുന്നു. പരസ്പര ബന്ധങ്ങള്‍ സമൂഹത്തില്‍ ആശ്രിതത്വം സൃഷ്ടിക്കുകയും വ്യക്തികളെ പരസ്പരം അടുപ്പിക്കുകയും ചെയ്യുന്നു. ഭരണകൂടമാവട്ടെ നീതിപാലനത്തിലൂടെ മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു. അപ്പോള്‍ അഴിമതി നിറഞ്ഞ ഒരു ഭരണകൂടം അടിസ്ഥാനപരമായി ചെയ്യുന്നത് നീതിയിലെ വിട്ടുവീഴ്ചയാണ്. സമ്പത്തും നേട്ടവും ഒരാളിലേക്ക് ചുരുങ്ങുന്നതും അഴിമതിയുടെ അനന്തരഫലമാണ്.
ജിഹാദിന്റെ വ്യാഖ്യാനങ്ങളിലൊന്ന് അനീതിക്കും ഘടനാപരമായ അക്രമത്തിനുമെതിരായ (്യെേെലാശര ്ശീഹലിരല) പോരാട്ടമാണ് അതെന്നാണ്. അറബ് ലോകത്ത് ഘടനാപരമായ അക്രമത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാം. ആദ്യകാല മുസ്‌ലിം സമുദായം ശീഇ, സുന്നി എന്നിങ്ങനെ വിഭജിക്കപ്പെട്ടത് മുതല്‍ അധികാരത്തര്‍ക്കങ്ങള്‍ സജീവമാണ്.
ഇസ്‌ലാമിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രക്രിയയാണ് അധികാര പിന്തുടര്‍ച്ച. നേതാവിനെ വിശ്വാസത്തിന്റെ ‘സംരക്ഷകനും’ ഇസ്‌ലാമിക നിയമത്തിന്റെ നടത്തിപ്പുകാരനുമായാണ് കാണുന്നത്. ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നത് കൂടിയാലോചനയിലൂടെയും ബൈഅത്തിലൂടെയുമാണ് നടക്കേണ്ടത്. എന്നാല്‍, ഇതിന് കടകവിരുദ്ധമായ തിരഞ്ഞെടുപ്പുകളും അധികാരത്തര്‍ക്കങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. വിശിഷ്യാ, ആധുനിക കാലത്ത് ഭരണകൂടത്തിന്റെയും പരമാധികാരത്തിന്റെയും പാശ്ചാത്യ ആശയങ്ങള്‍ ഇസ്‌ലാമിലെ ഭരണസങ്കല്‍പങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതായി കാണാം.
കൊളോണിയല്‍ ഭരണത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ് പാശ്ചാത്യ ഭരണസംവിധാനങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ പാന്‍-അറബ്, പാന്‍-ഇസ്‌ലാമിക് പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതേസമയം, കൊളോണിയലിസത്തിനു ശേഷം നിലവില്‍ വന്ന പാവഭരണകൂടങ്ങളും അല്ലാതെ സ്വയംഭരണമേറ്റെടുത്ത ഭരണകൂടങ്ങളും തങ്ങളുടെ അധികാരം നിയമാനുസൃതമാക്കാന്‍ ചില ജനാധിപത്യ ഘടകങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിച്ചു. പലപ്പോഴും ജനാധിപത്യത്തിന്റെ പുറംമോടി മാത്രമാണ് ഇത്തരം സംവിധാനങ്ങളില്‍ ഉണ്ടായിരുന്നത്.
അധികാരവുമായി ബന്ധപ്പെട്ട മറ്റൊരാശയമാണ് ഇബ്‌നു ഖല്‍ദൂന്‍ മുന്നോട്ടുവച്ച അസബിയ്യ. വംശീയമോ മതപരമോ ആയ ഗ്രൂപ്പ് ബോണ്ടായി നമുക്ക് അസബിയ്യ എന്ന ആശയത്തെ വ്യാഖ്യാനിക്കാം. അതുപോലെ ഉമ്മത്ത് എന്ന പദവും ഐക്യത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കുറിക്കുന്നു. ഇത്തരം ആശയങ്ങളെ ദുര്‍വ്യാഖ്യാനിച്ചാണ് പലപ്പോഴും മര്‍ദക ഭരണകൂടങ്ങള്‍ തങ്ങള്‍ക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്തിയിരുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം ഐക്യവിരുദ്ധരായി വ്യാഖ്യാനിക്കപ്പെട്ടു. ഈ രീതി പരാജയപ്പെടുന്നത് അറബ് പ്രക്ഷോഭങ്ങളോടെയാണ്. അതോടെ ‘പൊതുജനം’ ഒരു രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവന്നു.
ഭരണകൂട വിരുദ്ധ ചര്‍ച്ചയ്ക്കുള്ള ആദ്യവേദികള്‍ പള്ളികളും മതപരമായ സമ്മേളനങ്ങളുമായിരുന്നു. മതം, ഒരു പൊതു ഏകീകൃത മൂല്യ ചട്ടക്കൂട് എന്ന നിലയില്‍, അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാറുകയാണ് അപ്പോള്‍ഉണ്ടായത്.