22 Sunday
December 2024
2024 December 22
1446 Joumada II 20

ഓര്‍മശക്തി കൊണ്ടു മാത്രം ഒരാള്‍ കേമനാവുമോ?

ആഷിക്ക് കെ പി


ഇനിയങ്ങോട്ട് പരീക്ഷകളുടെ കാലമാണ്. സ്‌കൂളുകളും കോളജുകളും പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പഠനം എന്നത് ഹൃസ്വവും പരീക്ഷിക്കല്‍ എന്നത് ദിര്‍ഘവുമായി രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കോവിഡാനന്തര വിദ്യാഭ്യാസത്തിലെ അതിശയം. സി ബി എസ് ഇ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ദീര്‍ഘവും കഠിനമേറിയതുമായ പരീക്ഷയാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ വിവിധതരം പരീക്ഷകളാല്‍ സമ്പന്നമാക്കുകയാണ് സംസ്ഥാനങ്ങള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകള്‍ സെമസ്റ്റര്‍ ആക്കിയതിന് ശേഷം അത് എങ്ങിനെ എപ്പോള്‍ എവിടെ സംഭവിക്കുന്നു എന്നത് ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാതെ പോകുന്നു. പഠനമെന്നത് പരീക്ഷകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വിവരങ്ങളൊക്കെ ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങി നില്‍ക്കുന്നു. ലോകം പുതിയ വിദ്യാഭ്യാസ രീതികളിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഡിസൈന്‍, പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ എന്നീ മൂന്നു തൊഴില്‍ ദാന മാര്‍ഗങ്ങളില്‍ നിന്ന് പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും നിര്‍മിത ബുദ്ധി കീഴടക്കി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ വിദ്യാഭ്യാസ പ്രക്രിയ എന്നത് പരീക്ഷ എന്ന ഒറ്റ അജണ്ടയില്‍ തടഞ്ഞു നില്‍ക്കുന്നു.
അതും ഒന്നും രണ്ടും വര്‍ഷം പഠിപ്പിക്കുന്നത് മുഴുവന്‍ ഓര്‍മിച്ചു വച്ചു ഒന്നോ രണ്ടോ മണിക്കൂറു കൊണ്ടു കടലാസില്‍ എഴുതുന്ന, എന്നോ ഉപേക്ഷിക്കേണ്ട ഒന്ന്. അഡ്മിഷന്‍ മുതല്‍ പഠന പ്രക്രിയയില്‍ തുടങ്ങി തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം പോലും കേവലം അറിവ്, ജ്ഞാനം എന്നിവ അളക്കാന്‍ എഴുത്തിനെയും ഓര്‍മശക്തിയെയും അടിസ്ഥാനപ്പെടുത്തുന്നു. അതിനുശേഷം വീണ്ടും ഒന്നോ രണ്ടോ വര്‍ഷം. പഴയതൊക്കെ മറന്നു വീണ്ടും കുറെ പഠിക്കുന്നു. വീണ്ടും പരീക്ഷ. ഓര്‍മയുള്ളവന്‍ ബുദ്ധിമാന്‍; വിജയി, കേമന്‍.
വിദ്യാഭ്യാസമെന്നത് കേവലം അറിവ് നിര്‍മിക്കുന്ന ശാസ്ത്രമെന്ന രീതിയില്‍ മാറുമ്പോള്‍ അതിന്റെ സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ തലം അന്യമാകുന്ന കാഴ്ച ലോകത്തെങ്ങും സംജാതമാവുന്നു. അതിന്റെ ഫലം സ്വാര്‍ഥതയായും, ഗര്‍വായും അഴിമതിയായും, ഞാനെന്ന ഒരേയൊരു ചിന്തയായും പരിണമിക്കുന്നു. എന്നിട്ടും നാം എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയകളെ ജ്ഞാനവും ചിന്തയും പ്രശ്‌ന പരിഹാരവുമെന്ന ത്രിമാന പ്രക്രിയയില്‍ വികസിപ്പിക്കാതെ പഠനം, പരീക്ഷ, ബുദ്ധിമാന്‍, മണ്ടന്‍ എന്നിങ്ങനെ വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നു?
സ്വയം തിരിച്ചറിയുകയും ചുറ്റുപാടിനെ വിജയിക്കുകയും ചെയ്യുമ്പോഴാണ് അറിവ് തിരിച്ചറിവാകുന്നത്. ചുറ്റുപാടുകളിലേക്കു ഇറങ്ങി ചെല്ലുമ്പോഴാണ് നൈതികത മനസ്സുകളിലുള്‍ച്ചേര്‍ന്നു നില്‍ക്കുക. നീതിബോധമാണ് അന്യനെ പരിഗണിക്കുക, ചുറ്റുപാടിനെ കരുതലോടെ കൈകാര്യം ചെയ്യുക എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്. ഇതില്ലെങ്കില്‍ നാം കേവലം യന്ത്രങ്ങള്‍ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളും അധ്യാപകന്‍ തൊഴിലാളിയും വിദ്യാര്‍ഥികള്‍ ചരക്കുകളും. അവരുടെ സങ്കല്പങ്ങള്‍, സ്വപ്‌നങ്ങള്‍, സര്‍ഗാത്മകത വികസിക്കേണ്ടതുണ്ട്. അതിന് നിര്‍ഭയമായി, സ്വസ്ഥമായി, അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. അതു സാധിക്കണമെങ്കില്‍ നമ്മുടെ വിദ്യാര്‍ഥികളെ ഓര്‍മ ശക്തിയില്‍, എഴുത്തില്‍, വരയില്‍ പരീക്ഷിക്കരുത്. അത് യന്ത്രങ്ങള്‍ ചെയ്യട്ടെ. അതിനപ്പുറം ഈ ലോകത്തെ, ലോകത്തിനു വേണ്ടതൊക്കെ സൃഷ്ടിച്ചെടുക്കേണ്ടതിനെക്കുറിച്ചു അവര്‍ അന്വേഷിക്കട്ടെ, അതിനുതകുന്നതായിരിക്കണം കലാലയങ്ങള്‍.
അനുഭവങ്ങളാണ് വിദ്യാഭ്യാസം. കേവലം കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിര്‍ബന്ധിച്ചു ഏല്‍പിക്കുന്നത് അല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിര്‍മാണവും വിനിമയവും മനുഷ്യനെ സ്വാര്‍ഥനും ഭീരുവും അസ്വസ്ഥനുമാക്കുവാന്‍ മാത്രമേ പ്രേരിപ്പിക്കൂ. അയാള്‍ക്ക് തന്നെക്കുറിച്ചു മാത്രമേ അപ്പോള്‍ ചിന്തിക്കാനാവൂ; തന്റെ സാമ്പത്തിനെക്കുറിച്ചും. സമ്പത്ത് കൊണ്ടു മാത്രം ആത്യന്തികമായി ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളിലും നേരിട്ടല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി എങ്കിലും അറിവ് വാങ്ങാം എന്ന സങ്കുചിത ചിന്ത മാത്രമാണ് ഇപ്പോഴും മേന്മകളായി നാം ഈ പ്രതിസന്ധി കാലത്തെ വിദ്യാഭ്യാസപ്രക്രിയകളെക്കുറിച്ച് ചിന്തിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.
കോവിഡ് അനന്തര വിദ്യാഭ്യാസ ചിന്തയില്‍ ഒരു പക്ഷെ ഏറ്റവും പ്രധാനം നമ്മുടെ കുട്ടികളെ സാമൂഹികവും ധാര്‍മികവും മാനസികവുമായി വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്നതാണ്. അങ്ങനെ കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ നമുക്ക് അവരെ നല്ല സാമൂഹിക ജീവികളും രാജ്യസ്‌നേഹികളും സ്വസ്ഥവും സന്തോഷ പ്രദവുമായ കുടുംബജീവിതം നയിക്കുന്നവരുമായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ. ഇത്തരം ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാഭ്യാസ പ്രവര്‍ത്തകരിലും ഉണ്ടാവേണ്ടതുണ്ട്.
പഴകി ദ്രവിച്ച ആശയങ്ങള്‍ അര്‍ഥമറിയാതെ ഉരുവിടുവിക്കുന്ന, തന്റെ കൊച്ചുകുട്ടിയുടെ ആംഗലേയ ഭാഷാ പാടവം മറ്റുള്ളവരെ കാണിച്ച് നിര്‍വൃതി അടയുന്ന, ഇഷ്ടമില്ലാത്തത് പഠിച്ചു സ്വാര്‍ഥരും അഴിമതിക്കാരും, ഭീരുവുമായി മാറുന്ന ജീര്‍ണിച്ച വിദ്യാഭ്യാസചിന്തകള്‍ നാം ഇപ്പോഴെങ്കിലും മാറ്റേണ്ടതുണ്ട്. വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും നേരിടാനുള്ള ഊര്‍ജം അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ഗ ശേഷികള്‍ ചെറുപ്പത്തിലെ പ്രോത്സാഹിപ്പിക്കണം. ഓരോന്നും അനുഭവിച്ചും കണ്ടും കേട്ടും സ്വയം മനസ്സിലാക്കി മുന്നേറുവാന്‍ കുട്ടികള്‍ക്ക് കഴിയണം. അവരുടെ സഹജമായ പ്രേരണകളെ കടിഞ്ഞാണിട്ട് അതിരാവിലെ അവരെ പട്ടാളക്കാരനെപ്പോലെ പറഞ്ഞയച്ചു അവസാനം സ്വാര്‍ഥനും ഭീരുവുമാക്കി മാറ്റുന്ന രീതി അവസാനിപ്പിക്കണം. വൈവിധ്യമായ പ്രകൃതി, ചുറ്റുപാടുമുള്ള ബന്ധു ജനങ്ങള്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മരങ്ങള്‍, പൂമ്പാറ്റ, മറ്റു പ്രകൃതിയിലെ ജീവീയ അജീവീയ ഘടകങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍, വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തേണ്ടതില്ലേ എന്ന ചിന്ത ഇപ്പോഴും നമുക്ക് പരിഗണനാര്‍ഹമാവാത്തതെന്തുകൊണ്ടാണ്?
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം വളര്‍ത്തി ആത്മസംയമനവും സ്വഭാവ സംസ്‌കരണവും സാമൂഹികബോധവും കൈവരുത്തി, ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള ബാധ്യതകള്‍ നിറവേറ്റാനുള്ള പ്രേരണയും പരിശീലനവും നമ്മുടെ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അതിന്റെ പ്രായോഗിക ലക്ഷ്യ പ്രാപ്തി കൈവരിക്കുകയുള്ളൂ. കേവലം പരീക്ഷ കേന്ദ്രീകൃത രീതിയില്‍ നിന്ന് നമ്മുടെ യുവ തലമുറയെ മോചിപ്പിച്ചു അവരുടെ തനതു നൈപുണികളെ ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകളില്‍ പുതിയ ആശയ രൂപീകരണത്തിനും ഒപ്പം സംരംഭകത്വ വികസനത്തിനും ഉപയുക്തമാക്കാന്‍ കഴിയണം.
ഒരു വ്യക്തിയുടെ സന്തോഷം ഒരു കുടുംബത്തിന്റെ ആനന്ദത്തിനും അത് ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനും അതിലൂടെ ആനന്ദോദ്ധീപകമായ ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും സാധ്യമാകുമ്പോഴാണ് ക്ഷേമ രാഷ്ട്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുക. അത് കൊണ്ടു തന്നെ കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ്സ് മുറിയില്‍ നിന്ന് വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സര്‍ഗാത്മകമായ ശേഷികള്‍ ആര്‍ജിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ഒരന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവട്ടെ. അവരെ ഓര്‍മ ശക്തിയെന്ന ഒരേയൊരു അളവുകോലില്‍ കേമനെന്നും പാഴെന്നും തരം തിരിക്കുന്ന പഴകി ദ്രവിച്ച ആശയങ്ങള്‍ നമുക്ക് മറക്കാം. ഈ ലോകത്തിന്റെ അതിരുകളോളം അവരുടെ ചിന്തകള്‍, സ്വപ്‌നങ്ങള്‍ വളരട്ടെ.

Back to Top