16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

പ്രവാചക നഗരമേ വിട

എന്‍ജി. പി മമ്മദ് കോയ


മദീനയില്‍ അനുവദനീയമായ കാലാവധി അവസാനിച്ചു. പുണ്യ റസൂലിന്റെ തിരു സാന്നിധ്യത്തോടും അവിടത്തെ പള്ളിയോടും വിട പറയാനുള്ള സമയമായി. അവസരം കിട്ടുമ്പോഴൊക്കെ റസൂലിനും സഹചാരികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. സാഹചര്യം അനുകൂലമായ സമയങ്ങളിലൊക്കെ റൗദയില്‍ കയറി നമസ്‌കരിച്ചിരുന്നു. നിര്‍ബന്ധ നമസ്‌കാരത്തിന്റെ ഇടവേളകളില്‍ മസ്ജിദുന്നബവിയുടെ തൂണുകളില്‍ ചാരിയിരുന്നു യദ്‌രിബിന്റെ ഇന്നു കാണുന്ന അത്ഭുതകരമായ വികസനത്തെക്കുറിച്ചും ആലോചിക്കാറുണ്ട്.
അല്ലാഹുവിന്റെ റസൂലിനെ സ്വപ്‌നത്തിലെങ്കിലും കാണാനുള്ള ഉത്ക്കടമായ ആഗ്രഹം അല്ലാഹുവിനോട് പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. മക്കയില്‍ നിന്ന് പലായനം ചെയ്തുവന്നവര്‍ക്ക് അഭയം കൊടുക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ പോലും പങ്കുവെക്കുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച അന്‍സാരികളുടെ പിന്‍ഗാമികളോട് വിടപറയുകയാണ്. അന്‍സാരികളുടെ ഉല്‍കൃഷ്ടമായ സ്വഭാവ മഹിമ ഇന്നും മദീനയിലെ തെരുവ് കച്ചവടക്കാരില്‍ പോലും കാണാനാകും!
പിന്നീട് മക്കയിലെത്തി അവിടത്തെ കച്ചവടക്കാരോട് ഇടപഴകുമ്പോഴാണ് മദീനാ നിവാസികളുടെ സ്വഭാവത്തിന്റെ നൈര്‍മല്യം മനസ്സിലാകുക. അതുകൊണ്ട് കളിപ്പാട്ടങ്ങള്‍, ആകര്‍ഷക വസ്തുക്കള്‍, കാരക്ക എന്നിവ വാങ്ങാനുദ്ദേശമുണ്ടെങ്കില്‍ കഴിയുമെങ്കില്‍ മദീനയില്‍ നിന്ന് തന്നെ വാങ്ങുന്നതാണ് നല്ലത് മേന്മയും വിലക്കുറവുമുള്ള സാധനങ്ങളും ഇടപഴകാന്‍ പറ്റിയ കച്ചവടക്കാരും മദീനയുടെ സവിശേഷതയാണ്.
അവസാനമായി റസൂലിനോട് (സ) യാത്ര പറയണം! കുറച്ചു ദിവസമായി റസൂലും സഹാബാക്കളും അവരുടെ ചരിത്രമുറങ്ങുന്ന പരിസരങ്ങളുമായിരുന്നു മനസ്സില്‍. വലിയ സങ്കടത്തോടെയാണ് ഹബീബിന് സലാം പറയാന്‍ പോയത്. തിക്കും തിരക്കും ഉന്തും തള്ളും നിറഞ്ഞൊഴുകുന്ന പുരുഷാരവമൊന്നും തടസ്സമാകുന്നില്ല. റൗദാ ശരീഫിന്റെ പുറത്ത് ജനസഞ്ചയത്തിന്റെ കൂടെ ഒഴുകുകയാണ്. ഒരിക്കല്‍ പോലും കാണാത്ത, ഒരു ചിത്രത്തിലും ഇല്ലാത്ത പുണ്യ റസൂലാണ് മനസ്സു നിറയെ.
അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ്…. അസ്സലാമു അലൈക്ക യാ ഹബീബുല്ലാഹ്…!
സത്യത്തില്‍ ആ വിട പറയല്‍ വല്ലാത്ത അനുഭവമാണ്. കണ്ണുകള്‍ നിറഞ്ഞൊഴുകും. അധരങ്ങള്‍ വിറക്കും. അക്ഷരാര്‍ഥത്തില്‍ ഏതൊരു വിശ്വാസിയും സങ്കടപ്പെട്ടു പോകും! അബൂബക്കര്‍ സിദ്ദിഖ്(റ), ഉമറിബ്‌നുല്‍ ഖത്വാബ്(റ) എന്നിവരെയും അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങി. നിറഞ്ഞു കണ്ണുകളോടും വിങ്ങുന്ന ഹൃദയത്തോടും ആ വിശുദ്ധ ഗേഹത്തിന്റെ പടികളിറങ്ങി.
‘അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദ്’. അരിപ്രാവുകള്‍ വട്ടമിട്ടു പറക്കുന്ന പച്ച ഖുബ്ബയോടും കോടികള്‍ നെഞ്ചേറ്റുന്ന മദീന മുനവ്വറയോടും യാത്ര പറയുകയായി. ”ഓ മദീനാ, തിരുനബിയുടെ പാദ പാംസുക്കള്‍ യുഗാന്തരങ്ങളോളം മാറില്‍ പുണരാന്‍ അവസരം കിട്ടിയ നീ എത്ര ഭാഗ്യവതിയാണ്…”
താമസ സ്ഥലത്ത് ലഗേജുകള്‍ കെട്ടുന്ന തിരക്കിലാണ് സഹ ഹാജിമാര്‍. ഇവ മുന്‍കൂട്ടി ബസ്സില്‍ കയറ്റേണ്ടതുണ്ട്. ഹാജിമാരെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ച് ലിസ്റ്റുണ്ടാക്കി അതില്‍ ബസ് നമ്പറും ചേര്‍ത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ കവര്‍ നമ്പര്‍ രേഖപ്പെടുത്തിയ ലിസ്റ്റ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. ബസ്സു മാറിപോകാതിരിക്കാനാണ് ഈ മുന്‍കരുതല്‍! കാരണം ഈ ലിസ്റ്റിലുളള ബസ്സിലായിരിക്കും ഓരോ ഹാജിയുടെയും ലഗേജുകള്‍! ലഗേജുകള്‍ കവര്‍ നമ്പര്‍ പരിശോധിച്ചു അതാത് നമ്പര്‍ ബസ്സില്‍ കയറ്റുന്നതും മറ്റും കെ എം സി സി യുടെയും മറ്റും വളണ്ടിയര്‍മാരാണ്. ഒരു ഹാജിയെ കൊണ്ടും ലഗേജ് ചുമക്കാനോ ബുദ്ധിമുട്ടാനോ അവര്‍ അനുവദിക്കുന്നില്ല.
ഹാന്റ് ബഗേജ് മാത്രമേ ബസ്സില്‍ അനുവദിക്കൂ! അത് മാത്രമേ കയ്യില്‍ കരുതേണ്ടതുള്ളൂ. ഏതാണ്ട് നാനൂറിലധികം കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ളതാണ്. ആവശ്യത്തിനുള്ള വെള്ളവും ഡ്രൈ ഫ്രൂട്ട്‌സും മറ്റും ഇതില്‍ കരുതണം! ദീര്‍ഘ യാത്രയാണല്ലോ. സൂക്ഷ്മതയും മുന്‍കരുതലും നല്ലതാണ്.
ഇഹ്‌റാമിനാവശ്യമായ വസ്ത്രങ്ങളും മുടിമുറിക്കാനുള്ള കത്രികയും ഒരു ജോഡി സാധാരാണ വസ്ത്രങ്ങളും ഹാന്റ് ബാഗില്‍ കരുതണം. അതുപോലെ പുറപ്പെടുന്നതിന് മുമ്പ് മദീനയില്‍ വെച്ച് തന്നെ ശാരീരിക ശുദ്ധിവരുത്തി തയ്യാറാക്കുകയും വേണം. ഒരു പ്രധാന കാര്യം, ഹജ്ജ് കമ്മിറ്റി തന്ന ബാഡ്ജും വളകളും മറ്റും സ്ഥിരമായി അണിയണം. കുളിമുറിയില്‍ പോലും അഴിച്ചുവെക്കരുത്.
ആദ്യം മദീനയിലേക്ക് വരുന്ന ഹാജിമാര്‍ ഇഹ്‌റാമില്‍ പ്രവേശിക്കേണ്ട സമയമാണിപ്പോള്‍. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന വഴിയില്‍ ഒരു മീഖാത്ത് ഉണ്ട്. ദുല്‍ഹുലൈഫ! അത് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണ്. അവിടെ വെച്ചാണ് ഇഹ്‌റാമില്‍ പ്രവേശിക്കുക! നബി(സ) ഹജ്ജ് ചെയ്യാന്‍ വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ചത് ഇവിടെ വെച്ചായിരുന്നു. അവിടേക്ക് തന്നെയാണ് ഞങ്ങളുടെയും യാത്ര.
ദുല്‍ഹുലൈഫ എന്നാണ് മുമ്പ് പേരെങ്കിലും ഇപ്പോള്‍ അബീയര്‍ അലി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അവിടെയുള്ള മീഖാത്ത് മസ്ജിദില്‍ (മസ്ജിദുശ്ശജറ) വെച്ചാണ് ഇഹ്‌റാമിലേക്ക് പ്രവേശിക്കേണ്ടത്. ഇവിടെ ശാരീരിക ശുദ്ധി വരുത്താനും വസ്ത്രം മാറാനുമൊക്കെ വിപുലമായ സൗകര്യമുണ്ടെങ്കിലും മദീനയിലെ താമസ സ്ഥലത്ത് വെച്ച് ഇവ ചെയ്യുന്നത് തിരക്ക് കുറക്കാന്‍ സഹായിക്കും.
ബസ്സ് അബീയര്‍ അലിയിലെത്തി. മസ്ജിദുശ്ശജറയുടെ വിശാലമായ പാര്‍ക്കിങ്ങില്‍ ഒരുപോലെയുള്ള അനേകം ബസ്സുകള്‍ പാര്‍ക്ക് െചയ്തിരിക്കയാണ്. തിരിച്ചു വരുമ്പോള്‍ ബസ്സ് കണ്ടുപിടിക്കാന്‍ ബസ്സ് നമ്പര്‍ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പള്ളിയിലേക്ക് പോകുമ്പോള്‍ മൊബൈല്‍ എടുക്കുന്നത് തിരക്കിനിടയില്‍ സഹയാത്രികരെ കണ്ടെത്താന്‍ സഹായിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x