28 Thursday
November 2024
2024 November 28
1446 Joumada I 26

അട്ടിമറികളില്ല; പാഠം പഠിപ്പിച്ച് ഉപതെരഞ്ഞെടുപ്പ്‌

വി കെ ജാബിര്‍


രാഷ്ട്രീയവും ജനങ്ങളുടെ പ്രശ്‌നങ്ങളും വികസനവും ചര്‍ച്ച ചെയ്യുന്നതിനു പകരം അളിഞ്ഞതും അന്തസ്സു കെട്ടതുമായ പ്രചാരണ കോലാഹലങ്ങളുടെയും ബോധപൂര്‍വം വേവിച്ചെടുത്ത വിവാദങ്ങളുടെയും കെട്ട ഗന്ധം തീര്‍ത്ത പരിസരത്തിലാണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പാലക്കാട്ടെ പ്രചാരണവും വോട്ടെടുപ്പും വോട്ടെണ്ണലും തന്നെയായിരുന്നു കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും വയനാട് ലോകസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പു അത്ര തന്നെ വാര്‍ത്തകളിലിടം പിടിച്ചില്ലെങ്കിലും അവിടെ രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഏറ്റവുമേറെ രാഷ്ട്രീയ സംവാദം നടന്നത് ഒരുപക്ഷേ, പാലക്കാടിനോട് അതിരു പങ്കിടുന്ന തൃശൂര്‍ ജില്ലയിലെ ചേലക്കര നിയമസഭാ മണ്ഡലത്തിലായിരിക്കും. രണ്ട് എം എല്‍ എമാര്‍ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
എഐസിസി ജന. സെക്രട്ടറിയും നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരിയുമായ പ്രിയങ്കാ ഗാന്ധിയുടെ കന്നി തെരഞ്ഞെടുപ്പു മത്സരം കൊണ്ടാണ് വയനാട് ശ്രദ്ധിക്കപ്പെട്ടത്. റായ്ബറേലിയില്‍ നിന്നു കൂടി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. യു ഡി എഫിന്റെ കൈയിലുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങള്‍ മികച്ച വിജയത്തോടെ സ്വന്തമാക്കിയപ്പോള്‍ എല്‍ ഡി എഫ് വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ചേലക്കര മണ്ഡലം, പ്രതികൂല സാഹചര്യത്തിലും നിലനിര്‍ത്തുകയും ചെയ്തു. അഥവാ പുറമേക്ക് അട്ടിമറികളില്ലാത്ത തെരഞ്ഞെടുപ്പു ഫലമെന്ന് ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്താം.
വിദ്വേഷത്തെ കുടഞ്ഞെറിഞ്ഞ
പാലക്കാട്

കാര്‍ഷിക സമൃദ്ധി കൊണ്ടും സവിശേഷമായ ഭൂപ്രകൃതി കൊണ്ടും ശ്രദ്ധിക്കപ്പെട്ട പാലക്കാട്ടെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നതാണ് 2024 -ലെ ഉപതെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തിയത്. കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും കെട്ടതും വിഭാഗീയത പരത്തുന്നതുമായ തലത്തിലേക്ക് ചര്‍ച്ചകള്‍ പോയതും മണ്ഡലത്തിന്റെ ദുര്യോഗമത്രെ. പക്ഷേ സാമുദായിക ചേരിതിരിവിനും ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്കും നെറിയില്ലാത്ത വിവാദങ്ങള്‍ക്കുമുള്ള കരുത്തുറ്റ തിരിച്ചടി നല്‍കി പാലക്കാട്ടുകാര്‍ ജനാധിപത്യ ബോധം തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പത്തനംതിട്ടക്കാരനുമായ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ചരിത്ര ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബി ജെ പിയിലെ സി കൃഷ്ണകുമാറിനെ 18,840 വോട്ടുകള്‍ക്കാണ് രാഹുല്‍ തോല്‍പ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 58,389 വോട്ടു നേടി. സി കൃഷ്ണകുമാര്‍ 39,549 വോട്ടും മൂന്നാം സ്ഥാനത്തുള്ള എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍ 37,293 വോട്ടുമാണ് നേടിയത്. യു ഡി എഫും എല്‍ ഡി എഫുമായി 21,096 വോട്ടിന്റെ വ്യത്യാസം.
മണ്ഡലത്തില്‍ ബി ജെ പിക്ക് എപ്പോഴും മേല്‍ക്കൈ നല്‍കാറുള്ള നഗരസഭയിലെ ബൂത്തുകളില്‍ വരെ രാഹുല്‍ വ്യക്തമായ ഭൂരിപക്ഷം നേടി. ബി ജെ പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയില്‍ അവര്‍ക്ക് ഏഴായിരത്തോളം വോട്ടിന്റെ ചോര്‍ച്ചയുണ്ടായി; കൃഷ്ണകുമാര്‍ തന്നെ മത്സരിച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തിലേറെ വോട്ടിന്റെയും! എന്‍ ഡി എയും എല്‍ ഡി എഫും തമ്മിലുള്ള വോട്ടു വ്യത്യാസം 2,256 ആയി കുറയ്ക്കാനായി എന്നതാണ് എല്‍ ഡി എഫിനുണ്ടായ നേട്ടം. ബി ജെ പി സ്ഥാനാര്‍ഥിക്ക് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ പതിനായിരത്തോളം വോട്ടു കുറഞ്ഞു. മുന്‍ എം എല്‍ എ ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ നാലു മടങ്ങിലേറെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം കണ്ടത്. ഈ വിജയം കനത്ത തിരിച്ചടി സമ്മാനിച്ചത് പ്രചാരണം നയിച്ച മന്ത്രിമാര്‍ക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനു കൂടിയാണ്. മണ്ഡലത്തില്‍ തമ്പടിച്ച് എന്‍ ഡി എ പ്രചാരണം നയിച്ചത് സുരേന്ദ്രനായിരുന്നു.

ആരോപണങ്ങള്‍ വ്യക്തിഹത്യകളിലേക്കു നീണ്ടപ്പോള്‍ സംവാദങ്ങള്‍ക്കു പകരം കള്ള പ്രചാരണങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കപ്പുറം ഇരുളിന്റെ മറവിലുള്ള കെട്ട കളികളില്‍ ഭരണപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പോലും ഭാഗഭാക്കായി. പക്ഷെ ഒന്നും ഒത്തില്ല. ബി ജെ പിയും സി പി എമ്മും സംഘടിതമായി ഏതാണ്ട് ഒരേ തരത്തിലും ഭാവത്തിലുമാണ് രാഹുലിനെയും ഷാഫി പറമ്പിലിനെയും ഒറ്റ തിരിഞ്ഞ് ആക്രമിച്ചത്.
പരസ്യ പ്രചാരണം അവസാനിച്ച ദിനത്തില്‍ സുപ്രഭാതം, സിറാജ് തുടങ്ങി മുസ്ലിം മാനേജ്‌മെന്റ് പത്രങ്ങളില്‍ കൊടുത്ത, നെടുങ്കന്‍ പരസ്യം ബൂമറാങ് പോലെ ഭരണകക്ഷിയെ തിരിഞ്ഞുകൊത്തി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ ബി ജെ പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ ഫോക്കസ് ചെയ്തായിരുന്നു പരസ്യം. സമുദായത്തെ ശരിയായി മനസ്സിലാക്കുന്നതില്‍ സി പി എം ഒരിക്കല്‍ കൂടി പരാജയപ്പെടുകയായിരുന്നു.
പാലക്കാട്ടുകാരനായ മന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന സി പി എം നേതാക്കള്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് രണ്ടു നാള്‍ക്കകം തൊട്ടുകുടാന്‍ പറ്റാത്ത ആളായി മാറിയത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പോരാളിയായി മുഖ്യമന്ത്രി പിണറായി വിജയനെയും ഭരണകക്ഷിയെയും തലേന്നുവരെ ഊക്കോടെ ട്രോളിയ നേതാവ് സീറ്റിനായി പാര്‍ട്ടി വിട്ടതില്‍ ഒര് അരുചിയും സി പി എമ്മിനു തോന്നിയില്ല. കൂടെക്കൂടുമ്പോള്‍ വിശുദ്ധവും അല്ലാത്തപ്പോള്‍ അശുദ്ധവുമാകുന്ന പ്രചാരണ തന്ത്രം ജനങ്ങള്‍ മനസ്സിലാക്കുമെന്ന് തിരിച്ചറിയാന്‍ നേതാക്കള്‍ക്കാകുമോ!
രാഷ്ട്രീയ പോരാട്ടം നയിക്കുന്നതില്‍ ആദ്യമേ തോറ്റുപോയ സി പി എമ്മിനെയും ബി ജെ പിയെയും ജനം ചെവിക്കു പിടിച്ചു തിരുത്തി. ബി ജെ പിക്കെതിരെ നില്‍ക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ശരിയായ ചോയ്‌സ് എന്ന് ജനം തീരുമാനിച്ചപ്പോള്‍ അതു മണ്ഡല ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമായി വോട്ടിംഗ് മെഷിനില്‍ പതിഞ്ഞു. അന്തസ്സറ്റ ആരോപണങ്ങളും മുദ്രാവാക്യങ്ങളും വ്യക്തിഹത്യയും ആരോപണങ്ങളും കൊണ്ട് മുഖരിതമായ പാലക്കാട്ടെ പ്രചാരണ കോലാഹലം താപമാപിനിയില്‍ ഉയര്‍ന്നു നിന്നു. ഷാഫി പറമ്പില്‍ എന്ന വ്യക്തിയെ ചുറ്റിപ്പറ്റി അസഹിഷ്ണുത പ്രചരിപ്പിച്ച സി പി എമ്മിന് ഒരിക്കല്‍ കൂടി കാലിടറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വോട്ടെടുപ്പിനു തൊട്ടുമുന്നെ പുറത്തിറക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു സമാനമായിപ്പോയി ആ പത്രപരസ്യവും. ഉത്തരവാദിത്തത്തോടെ ചെയ്ത വഷളന്‍ പരസ്യം കുപ്പത്തൊട്ടിയിലെറിയുകയായിരുന്നു പാലക്കാട്ടുകാര്‍.
വോട്ടെണ്ണലിനു ശേഷം വിജയവും പരാജയവും സ്വീകരിക്കുകയാണ് ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ രീതി. തോല്‍വി അംഗീകരിക്കുകയും പരാജയ കാരണങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിനു പകരം യു ഡി എഫ് വിജയത്തില്‍ വര്‍ഗീയ ചാപ്പ കുത്താന്‍ ശ്രമിക്കുന്നത് ഒരു തരം ഒളിച്ചോടലാണ്, ജനങ്ങളെ കൊഞ്ഞനം കുത്തലാണ്, വസ്തുതകള്‍ പരിശോധിക്കാനുള്ള സത്യസന്ധതയില്ലായ്മയാണ്.
പാലക്കാട്ടെ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ബി ജെ പി നേതാക്കളും സി പി എം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവരും കണ്ടെത്തിയ ന്യായത്തിന് ഒരേ സ്വരമായിരുന്നു. അത് യാദൃച്ഛികമാണെന്നു ഉറപ്പിച്ചു പറയാന്‍ വയ്യാത്ത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ചേലക്കര മണ്ഡലത്തിലെ മുസ്ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ മതേതര വിശ്വാസികളും പാലക്കാട്ടെ മുസ്ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയവാദികളുമാകുന്ന അത്ഭുതകരമായ രസതന്ത്രത്തിനു പിന്നിലെ കാരണം ‘ക്രിസ്റ്റല്‍ ക്ലിയര്‍’ ആയി വ്യക്തമാണ്. ബി ജെ പിക്കെതിരെ സമര്‍ഥമായ പോരാട്ടമോ പ്രചാരണമോ നടത്താന്‍ എല്‍ ഡി എഫിനു സാധിച്ചില്ലെന്നു മാത്രമല്ല, പാലക്കാട്ട് അവരുയര്‍ത്തിയ പ്രചാരണ അജണ്ടകള്‍ നാടിനു ശുഭകരമല്ല താനും. തെരഞ്ഞെടുപ്പു ഇതോടെ കഴിയും, ഇന്നാട് ഇനിയും ഇങ്ങനെയൊക്കെ മുന്നോട്ടുപോകണമല്ലോ.
ആശ്വാസം പകര്‍ന്ന്
ചേലക്കര

ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചേലക്കര മണ്ഡലം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നത് ഭരണകക്ഷിക്കും സി പി എമ്മിനും ആശ്വാസവും പ്രതീക്ഷയുമാണ്. പിണറായി സര്‍ക്കാരിനു കീഴില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി വിജയിച്ച ഏക മണ്ഡലവും ചേലക്കരയാവാനാണ് സാധ്യത. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള, ഗ്രാമങ്ങളും ചെറു ടൗണുകളും ചേര്‍ന്ന കാര്‍ഷിക സമ്പന്നമായ മണ്ഡലമാണിത്.

ചേലക്കരയില്‍ സി പി എമ്മിലെ യു ആര്‍ പ്രദീപ് 12,201 വോട്ടിന്റെ മേല്‍ക്കൈയിലാണ് കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെ തോല്പിച്ചത്. യു ആര്‍ പ്രദീപ് 64,827 വോട്ടു നേടിയപ്പോള്‍ രമ്യ ഹരിദാസ് 52,626 വോട്ടും ബി ജെ പി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ 33,609 വോട്ടും നേടി.
നല്ല രാഷ്ട്രീയ സംവാദത്തിനു വേദിയായ മണ്ഡലമാണ് ചേലക്കര. 1996-നു ശേഷം എല്‍ ഡി എഫിനെ മാത്രം തെരഞ്ഞെടുത്ത മണ്ഡലം കൂടിയാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39,000ലേറെ വോട്ട് ഭൂരിപക്ഷത്തിന് കെ രാധാകൃഷ്ണന്‍ വിജയിച്ച മണ്ഡലം. ഈ കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ എല്‍ ഡി എഫിന് 18,588 വോട്ടു കുറഞ്ഞ്, 54.41ല്‍ നിന്ന് 41.35 ശതമാനമായി വോട്ടു വിഹിതം കുറഞ്ഞിട്ടുണ്ട്.
യു ഡി എഫ് ഇതുവരെ കാണാത്ത ചിട്ടയോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നല്‍കി. രമ്യ ഹരിദാസ് കുറെക്കൂടി ഉത്തരവാദിത്തത്തോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നയിച്ചു. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ യു ഡി എഫിന് 8611 വോട്ടു കൂടുതല്‍ സമാഹരിക്കാന്‍ കഴിഞ്ഞത് ഈ പ്രവര്‍ത്തനം കൊണ്ടുകൂടിയാണ്. (28.71ല്‍ നിന്ന് 33.57 ശതമാനമായി വോട്ടു വിഹിതം ഉയര്‍ന്നു).
പാലക്കാട് പതിനായിരത്തിനടുത്ത്് വോട്ടു കുറഞ്ഞപ്പോള്‍ ചേലക്കരയില്‍ ബി ജെ പിക്ക് പതിനായിരത്തോളം വോട്ടു കൂടി എന്ന രാഷ്ട്രീയ കൗതുകത്തിനും ഉപതെരഞ്ഞെടുപ്പു സാക്ഷിയായി. മണ്ഡലത്തില്‍ ബി ജെ പി ശ്രദ്ധേയമായ തോതില്‍ വോട്ടു വിഹിതം ഉയര്‍ത്തിയിട്ടുണ്ട്. 9564 വോട്ടാണ് ഇത്തവണ എന്‍ ഡി എ സ്ഥാനാര്‍ഥി കൂടുതല്‍ നേടിയത്. (വോട്ടു വിഹിതം 15.68ല്‍ നിന്ന് 21.44 ശതമാനമായി.)
യു ആര്‍ പ്രദീപിന്റെ വ്യക്തിപ്രഭാവം, സൗമ്യ പരിവേഷം, മണ്ഡല പരിചയം തുടങ്ങിയ ഘടകങ്ങളാണ് മികച്ച വിജയം നേടാന്‍ ഇടതുമുന്നണിയെ സഹായിച്ചത്. തൊട്ടടുത്ത മണ്ഡലത്തെ അപേക്ഷിച്ച് രാഷ്ട്രീയ പ്രചാരണത്തിനാണ് മണ്ഡലം വേദിയായത്. ചേലക്കരയിലെ ഏഴു പഞ്ചായത്തുകളിലും പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിക്ക് ഈ വിജയം ആശ്വാസവും പ്രത്യാശയും പകരും. ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശപ്പെടാന്‍ മാത്രം ചേലക്കരയിലെ വിജയം എല്‍ ഡി എഫിനെ സഹായിക്കുമെന്നുറപ്പാണ്. ചേലക്കരയില്‍ പി വി അന്‍വറിന്റെ ഡി എം കെ സ്വതന്ത്ര സ്ഥാനാര്‍ഥി 3920 വോട്ട് നേടി. അന്‍വര്‍ പറഞ്ഞതുപോലെ, പിണറായിസത്തിനെതിരായ ക്രിസ്റ്റല്‍ ക്ലിയര്‍ വോട്ടുകളാണവ എന്നു വിലയിരുത്താം. ഭരണവിരുദ്ധ വികാരം വോട്ടായി മാറണമെന്നില്ലെന്നു കൂടി ചേലക്കര പഠിപ്പിക്കുന്നു.
പ്രിയങ്ക ഗാന്ധിക്ക്
രാജകീയ എന്‍ട്രി

മൂന്നു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പിന്റെ അരങ്ങത്ത് ഓടിനടക്കുന്ന സ്റ്റാര്‍ ക്യാംപയിനര്‍മാരിലൊരാളാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പുകളില്‍ നിന്നകന്നു നിന്ന, പ്രിയങ്കയുടെ നിലപാടുകളും ജനകീയ ഇടപെടലുകളും വാഗ്‌സാമര്‍ഥ്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മതേതര മുന്നണിക്കും ഏറെ ആവശ്യമുള്ള വേളയിലാണ് അവര്‍ ലോക്‌സഭയിലെത്തുന്നത്. വാചകക്കസര്‍ത്തു കൊണ്ടു ജനങ്ങളെ ആവേശഭരിതരാക്കുന്ന നരേന്ദ്ര മോദിക്കു നേരെ വരെ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിത്വമാണവര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായുള്ള സാദൃശ്യം പ്രിയങ്കയ്ക്ക് കൂടുതല്‍ സ്വീകാര്യത സമ്മാനിച്ചു.
ശക്തമായ പ്രചാരണം പോലും നടത്താന്‍ ഇടതുമുന്നണിക്കു കഴിഞ്ഞില്ലെന്നതാണ് വയനാട് തോല്‍വിയുടെ ഹൈലൈറ്റ്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,30,000 പേര്‍ വോട്ടു ചെയ്യാതിരുന്ന ഈ വര്‍ഷം പോള്‍ ചെയ്തതിന്റെ 65 ശതമാനത്തിനു മേല്‍ പിടിച്ചാണ് പ്രിയങ്ക കന്നി മത്സരം സ്വന്തമാക്കിയത്. ഭൂരിപക്ഷം 4,10,931. വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും യു ഡി എഫ് ഭൂരിപക്ഷത്തെ അതു ബാധിച്ചില്ല.

ചെയ്യപ്പെടാത്ത വോട്ടുകളെല്ലാം ബി ജെ പിയുടേതോ ഇടതുപക്ഷത്തിന്റെതോ ആണെന്നു കണക്കുകള്‍ പറയുന്നു. പ്രിയങ്ക 6,22,338 വോട്ടു നേടിയപ്പോള്‍ ഇടതു സ്ഥനാര്‍ഥി സത്യന്‍ മൊകേരി 2,11,407 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് 1,09,939 വോട്ടുകളുമാണ് നേടിയത്.
വയനാടിന്റെ ചരിത്രത്തില്‍ യു ഡി എഫിനു ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചത് 2019ല്‍ രാഹുല്‍ ഗാന്ധിക്കായിരുന്നു. അന്ന് ആകെ പോള്‍ ചെയ്തതിന്റെ 64.94 ശതമാനം വോട്ട് രാഹുലിനു ലഭിച്ചു. ഭൂരിപക്ഷം 4.31 ലക്ഷം. ഭൂരിപക്ഷം അത്ര എത്തിയില്ലെങ്കിലും പോള്‍ ചെയ്ത വോട്ടിന്റെ 65 ശതമാനത്തിനു മുകളില്‍ നേടാന്‍ ഇത്തവണ പ്രിയങ്കയ്ക്കു കഴിഞ്ഞു. എല്‍ ഡി എഫിന് 25.24 ശതമാനവും ബി ജെ പിക്കു 7.25 ശതമാനവുമാണ് നേടാനായത്.
സത്യന്‍ മൊകേരി മുമ്പു മത്സരിച്ചപ്പോള്‍ 3,52,000 നേടിയെങ്കില്‍ കഴിഞ്ഞ തവണ ആനി രാജയ്ക്ക് 2,82,000 വോട്ടാണ് ലഭിച്ചത്. ഇത്തവണ അതില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയി. ഉറച്ച പാര്‍ട്ടി അണികളുടെ വോട്ടു മാത്രമാവാം ഇക്കുറി ഇരു സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയത്. തിരുവമ്പാടി, കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ മേധാവിത്വം നേടിയാണ് പ്രിയങ്ക നാലു ലക്ഷത്തിനു മേല്‍ വോട്ടിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കയ്ക്ക് രാജകമീയമായ എന്‍ട്രിയാണ് ഈ വിജയം. ലോക്‌സഭയില്‍ പ്രതിപക്ഷ സഖ്യത്തിന് വീര്യം പകരാന്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം സഹായിക്കുമെന്നുറപ്പാണ്. അതു തന്നെയാണ് വയനാട് ഉപതെരഞ്ഞെടുപ്പ് ഉയര്‍ത്തിയ ഏക രാഷ്ട്രീയ പ്രസക്തിയും.

Back to Top