അത്യാഗ്രഹം മൂത്ത് കെണിയില്‍ വീഴുന്ന മലയാളികള്‍
റാഡോപോള്‍
മലയാളി പലപ്പോഴും പൊളിയല്ല. 5 ലക്ഷം നിക്ഷേപിച്ചാല്‍ 50,000 മാസം കിട്ടുന്ന ബിസിനസ്സുണ്ടോ? ഒരു ലക്ഷം മുടക്കിയാല്‍ മാസം 10,000 കിട്ടുമോ? ഈ രീതിയിലുള്ള അന്വേഷണങ്ങള്‍ എഫ് ബി പേജുകളില്‍ നിറയെ കാണാറുണ്ട്, മറിച്ചുള്ള വാഗ്ദാനങ്ങളും. എന്റെ അറിവില്‍ ഇത്രത്തോളം ലാഭം തരാന്‍ പറ്റുന്ന (നിയമപരമായ) ഒരു ബിസിനസ്സും നിലവിലില്ല, പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍. പരിധിയില്‍ കവിഞ്ഞുള്ള ലാഭവിഹിതം ആരെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, നേരായ രീതിയില്‍ സ്ഥിരമായി അത് നല്‍കാന്‍ കഴിയില്ല, എന്തോ ഒരപകടം പതിയിരിക്കുന്നുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ബിസിനസ്സില്‍ നിന്നുമുള്ള ലാഭം കൊണ്ടു മുടക്കുമുതല്‍ തിരിച്ചു കിട്ടണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഏഴെട്ടു വര്‍ഷമെങ്കിലുമെടുക്കും. ചിലതിനു അതിലും കൂടുതല്‍. ഓരോ സെക്ടറിനെ ആശ്രയിച്ചും അതില്‍ വ്യത്യാസം വരുമെങ്കിലും ഒരു പൊതുവായ കണക്കിങ്ങനെയാണ്. ശരാശരി റീട്ടെയില്‍ മാര്‍ജിന്‍ 10%, അതിലും വലിയ പ്രതീക്ഷ വച്ചു നടത്തുന്ന നിക്ഷേപങ്ങള്‍, നിങ്ങളെ അബദ്ധങ്ങളില്‍ ചാടിച്ചേക്കാം.
പ്രലോഭനങ്ങളില്‍ വീണു പോകാതെ പ്രായോഗികമായി ചിന്തിക്കുക. വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തിരിച്ചടവ് ആ മേഖലയില്‍ സാധ്യമാണോ? ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രം നിക്ഷേപങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ഉദാഹരണത്തിന് രണ്ടു ലക്ഷം മുടക്കിയാല്‍ മാസം 50,000 ലാഭം ലഭിക്കും എന്ന് പറഞ്ഞാല്‍ ആ ബിസിനസ്സ് തുടങ്ങാന്‍ ആകെ എന്ത് മുതല്‍ മുടക്കു വേണ്ടി വരും? (നിങ്ങള്‍ മുടക്കുന്ന പണം മാത്രമല്ല) നിലവിലെ സാഹചര്യത്തില്‍ 10 വര്‍ഷം കൊണ്ടെങ്കിലും മുടക്കു മുതല്‍ തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ആ മേഖലയിലുണ്ടോ?
ആ മേഖലയിലെ ശരാശരി ലാഭവിഹിതം എത്ര ശതമാനമാണ്, അതും വാഗ്ദാനം ചെയ്ത നിക്ഷേപ തിരിച്ചടവുമായി യോജിക്കുന്നുണ്ടോ? 50000 രൂപ നിങ്ങള്‍ക്ക് ലാഭവിഹിതം തരുമ്പോള്‍ ആ സ്ഥാപനം നടത്തികൊണ്ടു പോകാന്‍ മറ്റെന്തൊക്കെ ചെലവുകള്‍ വേണ്ടി വരും. ഉദാഹരണത്തിനു ജോലിക്കാരുടെ ശമ്പളം, വാടക, കറന്റ് ബില്ല് പോലുള്ളവ. അങ്ങനെ വേറെ ഒരു 50000 രൂപ കൂടി ചെലവ് വരുന്നുണ്ടെങ്കില്‍.
ആകെ വരുന്ന മാസാന്ത ചെലവില്‍ ഒരു ലക്ഷം രൂപ, ശരാശരി പത്ത് ശതമാനമാണ് മൊത്ത ലാഭമെങ്കില്‍ പത്തു ലക്ഷമെങ്കിലും മിനിമം മാസാന്ത വില്‍പന ഉണ്ടെങ്കിലേ ചെലവ് കണ്ടെത്താന്‍ കഴിയൂ. അത് ആ മേഖലയില്‍ സാധ്യമാണോ? പത്തു ലക്ഷം മാസാന്ത വില്‍പന വരണമെങ്കില്‍ മാസത്തില്‍ എത്ര പ്രവൃത്തി ദിനങ്ങള്‍ വേണം, എത്ര പേര്‍ പര്‍ച്ചേയ്‌സ് ചെയ്തിരിക്കണം, ദിനംപ്രതി എത്ര ബില്ലിംഗ് ഉണ്ടായിരിക്കണം എന്നതെല്ലാം പരിശോധിക്കണം. ഇത്രയും പുതിയ ഉപഭോക്താക്കളെ പുതുതായി ഉണ്ടാക്കേണ്ടതുണ്ടോ? മറ്റു വെല്ലുവിളികളും മത്സരങ്ങളും എന്തൊക്കെ എന്നെല്ലാം വിലയിരുത്തണം.
പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ പോകുന്നില്ലെങ്കില്‍, മാനേജ് ചെയ്യാന്‍ ബഫര്‍ ഫണ്ട് കരുതിയിട്ടുണ്ടോ? എത്രത്തോളം ആ സെക്ടറില്‍ പരിചയം ഉണ്ട്. ഇങ്ങനെ കുറെയധികം ചോദ്യങ്ങള്‍ സ്വയം ചോദിച്ചു, ഉത്തരം കിട്ടിയാല്‍ മാത്രം നിക്ഷേപങ്ങള്‍ നടത്തുക.
Basic ആയി പറഞ്ഞാല്‍ bu-siness is not chartiy, നിങ്ങളെ സഹായിക്കാന്‍ വേണ്ടിയല്ല ആരും സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തുന്നത്.
അതു പോലെ കേള്‍ക്കാറുള്ള പതിവ് ഡയലോഗാണ്, റിസ്‌ക് എടുക്കുന്നവനല്ലേ വിജയിച്ച ചരിത്രമുള്ളൂ, ബിസ്സിനസ്സ് റിസ്‌ക് അല്ലെ? ബിസ്സിനസ്സ് റിസ്‌ക് അല്ല, Busin-ess ല്‍ Risk ആവാം, പക്ഷെ അത് Calculated ആയിരിക്കണമെന്നാണ് അഭിപ്രായം. മണ്ടത്തരങ്ങളെ റിസ്‌ക്കുമായി കൂട്ടിക്കുഴയ്ക്കരുത്.