28 Thursday
March 2024
2024 March 28
1445 Ramadân 18

പ്രതികാര രാഷ്ട്രീയത്തിന്റെ ബുള്‍ഡോസര്‍ കൈകള്‍

എ പി അന്‍ഷിദ്


ജനാധിപത്യത്തിന്റെ കെട്ട കാലത്തിലേക്കാണോ രാജ്യം നടന്നടുക്കുന്നത്. ജനകീയ പ്രതിഷേധങ്ങളെ, ജനാധിപത്യ വിയോജിപ്പുകളെ, പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ, സര്‍ക്കാറിനെതിരെ ശബ്ദിക്കുന്ന നേതാക്കളെയെല്ലാം ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതി പരിശോധിക്കുമ്പോള്‍ ഇത്തരമൊരു ആശങ്ക സജീവമായിത്തന്നെ ഉയര്‍ന്നു വരുന്നുണ്ട്. പോലീസും സൈന്യവും കുറ്റാന്വേഷണ ഏജന്‍സികളും തൊട്ട് സകല സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വേട്ടയുടെ ടൂള്‍ ആയി മാറ്റപ്പെടുകയാണ്. ക്രിയാത്മക രാഷ്ട്രീയത്തെ പ്രതികാര രാഷ്ട്രീയം മുച്ചൂടും വിഴുങ്ങിക്കളയുന്ന വല്ലാത്തൊരു കാലം. ഫാസിസം ഏതെല്ലാം വിധത്തിലാണ് രാജ്യത്തിന്റെ പൊതുസൃഷ്ടിപ്പിനു മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് രാജ്യത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍.
ബുള്‍ഡോസര്‍ രാഷ്ട്രീയം മുതല്‍ അന്വേഷണ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വേട്ട വരെയുള്ള സംഭവങ്ങള്‍ ഇതിലെ കണ്ണികളായി വരുന്നു. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നിയമനിര്‍മാണസഭകളില്‍ ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ തൊട്ട് താഴേ തട്ടില്‍ തെരുവില്‍ അലയടിക്കുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ വരെ ആ വിയോജിപ്പിന്റെ ഭാഗമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അടുത്ത കാലം വരെയും, അടിയന്തരാവസ്ഥയുടെ ചെറിയ ഇടവേളയില്‍ ഒഴികെ ആ സൗന്ദര്യത്തെ നാം ആസ്വദിച്ചിരുന്നു. ഒറ്റപ്പെട്ട ഭരണകൂട അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടു തന്നെയാണ് ഈ ജനാധിപത്യ സൗന്ദര്യത്തെ നാം ആസ്വദിച്ചിരുന്നു എന്നു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ മാറിമറിയുകയാണ്. ഒരു കാലത്തുമില്ലാത്ത വിധം വിയോജിപ്പുകള്‍ അടിച്ചമര്‍ത്തപ്പെടുന്നു.
ഒരു കാലത്തുമില്ലാത്ത വിധം ഭരണകൂടങ്ങള്‍ നിലപാടുകളിലും തീരുമാനങ്ങളിലും മര്‍ക്കട മുഷ്ടി കാണിക്കുന്നു. സ്വന്തം അണികളെ തെരുവിലിറക്കി കായികമായി, നിയമപാലന ഏജന്‍സികളെ ഉപകരണങ്ങളാക്കി ഭരണകൂടത്തിന്റെ നേരിട്ടുള്ള മര്‍ദനമുറകളിലൂടെ എതിര്‍സ്വരങ്ങളെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ പോലും എത്ര അസഹിഷ്ണുതയാണ് ഭരണവര്‍ഗത്തില്‍ ഉളവാക്കുന്നത് എന്നതിന് തെളിവാണ് ഇതിന്റെ പേരില്‍ ചുമത്തപ്പെടുന്ന രാജ്യദ്രോഹക്കുറ്റങ്ങള്‍.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുമ്പും ശേഷവുമുള്ള കാലം എന്ന് വേര്‍തിരിക്കാവുന്ന വിധത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം അടയാളപ്പെടുത്താവുന്നതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു തൊട്ടു മുമ്പായിരുന്നു നിര്‍ഭയ കേസില്‍ രാജ്യതലസ്ഥാനം തിളച്ചുമറിഞ്ഞ പ്രതിഷേധം അരങ്ങേറിയത്. ഏതാണ്ട് ഇതേ കാലത്തു തന്നെ അണ്ണാ ഹസാരേയുടെ നേതൃത്വത്തില്‍ തുടങ്ങി, പിന്നീട് ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ ഇടം നല്‍കി, പിന്നീട് ബാബാ രാംദേവിനെപ്പോലുള്ള കള്ളനാണയങ്ങള്‍ ഹൈജാക് ചെയ്തുകളഞ്ഞ ലോക്പാല്‍ സമരത്തിന് ഇന്ത്യ വേദിയായത്. ഈ സമരങ്ങളോട് അന്ന് രാജ്യം ഭരിച്ചിരുന്നവരുടെ സമീപനവും പില്‍ക്കാലത്ത് അതിനേക്കാള്‍ ജീവല്‍പ്രധാനമായ ഒരു വിഷയത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ ഒരു വര്‍ഷത്തിലധികം തെരുവില്‍ ഉണ്ടുറങ്ങി നടത്തിയ പ്രതിഷേധത്തോട് ഇപ്പോഴത്തെ മോദി ഭരണകൂടം സ്വീകരിച്ച സമീപനവും നോക്കിയാല്‍ ഈ വ്യത്യാസം ബോധ്യപ്പെടും. കര്‍ഷക സമരത്തോടും ഷഹീന്‍ബാഗില്‍ അടക്കം നടന്ന പൗരത്വ പ്രതിഷേധങ്ങളോടും അവഗണനാ സമീപനമായിരുന്നു ഭരണകൂടം കൈക്കൊണ്ടിരുന്നത്. എങ്കില്‍ ഇന്നത് ഒരു പടി കൂടി കടന്ന് പ്രതികാര സമീപനമായി മാറിയിരിക്കുന്നു.
എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തി നിശ്ശബ്ദരാക്കുക എന്ന തന്ത്രം. യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തലല്ല ഇവിടെ നടക്കുന്നത്. നിരായുധവത്കരിക്കലാണ്, എതിര്‍ക്കാനൂള്ള ശേഷിയെ വരിയുടച്ചു കളയലാണ്. ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇ ഡി വേട്ടയുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്‍സ്റ്റന്റ് കോഫി പോലെ ഇന്‍സ്റ്റന്റ് നീതി നടപ്പാക്കുകയാണ് തങ്ങളെന്നാണ് ബുള്‍ഡോസര്‍ രാഷ്ട്രീയത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ആ ഇന്‍സ്റ്റന്റ് നീതി ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കല്‍പിച്ചു നല്‍കുന്നതും നീതിക്ക് ആധാരമായ ചേരുവകള്‍ പ്രത്യേക സ്വഭാവം ഉള്ളതാകുന്നതുമാണ് അപകടം. വ്യവസ്ഥാപിത നിയമഭരണം നിലനില്‍ക്കുന്ന രാജ്യത്ത് ചിലര്‍ക്ക് മാത്രം ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് നീതിയും മറ്റു ചിലര്‍ക്ക് ഇന്‍സ്റ്റന്റ് നീതിയും എന്നതിലാണ് അപകടം തിരിച്ചറിയേണ്ടത്. യഥാര്‍ഥത്തില്‍ പ്രതികാരത്തിന്റെ അനീതിയാണ് ബുള്‍ഡോസറുകള്‍ ആയി നിരപരാധികളുടെ ഭവനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ജീവിതോപാധികള്‍ക്കും മേല്‍ ഇടിച്ചു നിരത്തല്‍ നടത്തുന്നത്.
മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വീടുകളും കെട്ടിടങ്ങളും അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളും തിരഞ്ഞുപിടിച്ച് മധ്യപ്രദേശിലും ഡല്‍ഹിയിലും ഇപ്പോള്‍ യു പിയിലും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം നിയമവിരുദ്ധമാണ് എന്നത് തര്‍ക്കമറ്റ വിഷയമാണ്. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നതിന് രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സുപ്രീം കോടതിയുടെ മുന്‍കാല വിധികളും അനുസരിച്ച് പാലിക്കപ്പെടേണ്ട ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. നിശ്ചിത സമയത്തേക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം, കുടിയൊഴിപ്പിക്കലിന് ഇരയാകുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം എന്നതടക്കമുള്ളത് ഈ നടപടിക്രമങ്ങളില്‍ വരുന്നതാണ്. കുടിയൊഴിപ്പിക്കപ്പെടുന്നതിന് മുമ്പ് അനുയോജ്യമായ രീതിയില്‍ ഇരകളെ പുനരധിവസിപ്പിക്കണം എന്ന് യു എന്‍ നിര്‍ദേശം നിലവിലുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇതംഗീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ ഇതൊന്നും ജഹാംഗീര്‍പുരി മുതല്‍ പ്രയാഗ് രാജ് വരെ എവിടെയും പാലിക്കപ്പെട്ടിട്ടില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് അവരുടെ ഭവനങ്ങള്‍ ഇടിച്ചുനിരത്തുന്നത്. അതിനേക്കാള്‍ ഭീകര സ്വഭാവമുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നില്ലേ? സൈനിക നിയമനം കരാര്‍വല്‍ക്കരിക്കാനും സംഘ്പരിവാര്‍വല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ തന്നെ ഉദാഹരണം. പ്രവാചകനിന്ദക്കെതിരെ രാജ്യത്ത് അരങ്ങേറിയ പ്രതിഷേധങ്ങള്‍ എത്ര ജനാധിപത്യപരവും സമാധാനപരവുമായിരുന്നു എന്നതും സൈനിക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധം എത്രത്തോളം അക്രമാസക്തമാണ് എന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കെതിരെ ഇന്‍സ്റ്റന്റ് നീതിയുടെ ബുള്‍ഡോസറുകള്‍ എന്തുകൊണ്ടാണ് ഉരുളാത്തത്? ഉത്തരം കൃത്യമാണ്. നീതിയല്ല, നിയമവുമല്ല, മുസ്‌ലിം ന്യൂനപക്ഷ, ദലിത് വേട്ടയാണ് പ്രധാനം. മറ്റെല്ലാം അതിനുള്ള ഉപാധികളോ ടൂളുകളോ മാത്രമാണ്.
അഗ്നിപഥ് പ്രതിഷേധം
രാജ്യം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും അപകടകരമായ നീക്കമാണ് സൈനിക നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഒരുപാട് ഹിഡന്‍ അജണ്ടകള്‍ ഇതിനു പിന്നിലുണ്ട്. സൈനിക നിയമനത്തിലെ കരാര്‍വല്‍ക്കരണം എന്നത് പ്രത്യക്ഷത്തില്‍ തന്നെ അപകടം നിറഞ്ഞതാണ്. പ്രത്യേകിച്ച് നാലു വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിലേക്കുള്ള നിയമനങ്ങള്‍. നാലു വര്‍ഷം മാത്രം ജോലി, കുറഞ്ഞ ശമ്പളം, നാമമാത്രമായ എക്‌സിറ്റ് പാക്കേജ്, സേവനാനന്തരകാലത്ത് യാതൊരു ആനുകൂല്യങ്ങളുമില്ല. ജീവന്‍ പണയം വെച്ചു ചെയ്യേണ്ട ഒരു ജോലിക്ക് എത്ര പേര്‍ ഈ റിസ്‌ക് സാധ്യതകളെല്ലാം ഏറ്റുവാങ്ങി തയ്യാറാവും എന്ന ചോദ്യം ഒരു ഭാഗത്ത്. അഥവാ തയ്യാറായാല്‍ തന്നെ യുദ്ധമുഖത്ത് ഉള്‍പ്പെടെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അഗ്നിവീറുകള്‍ക്ക് എത്രത്തോളം ആത്മാര്‍ഥതയോടെ സേവനം ചെയ്യാനാവും. ഇനി ഒളിച്ചുകടത്തപ്പെടുന്ന അജണ്ടയാണ്. നാലു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്ന അഗ്നിവീര്‍മാര്‍ നാലിലൊന്നിനെ അവരുടെ ജോലിയിലെ മികവ് നോക്കി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യും എന്നാണ് പറയുന്നത്. ആരായിരിക്കും ഈ നാലില്‍ ഒന്ന്? ആരായിരിക്കും അവരുടെ സെലക്ഷന്‍ നിയന്ത്രിക്കുക? എന്തായിരിക്കും അതിന് മാനദണ്ഡങ്ങള്‍.
ഒറ്റ ഉത്തരമേയുള്ളൂ: പിന്‍വാതില്‍ വഴി സൈന്യത്തെ സംഘ്‌വല്‍ക്കരിക്കുക. നിയമന നടപടികളുടെ നൂലാമാലകളില്‍ നിന്ന് മാറി നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ സൈന്യത്തില്‍ തിരുകിക്കയറ്റാന്‍ ഒരിടം. അതിനുള്ള തിരക്കഥയാണ് അഗ്നിപഥില്‍ രചിക്കുന്നതും നടപ്പാക്കപ്പെടുന്നതും. ആദ്യവര്‍ഷം 45,000 അഗ്നിവീര്‍ നിയമനം എന്നാണ് കേന്ദ്രം പറയുന്നത്. നാലു വര്‍ഷം കഴിയുമ്പോള്‍ ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലില്‍ ഒന്ന്, അതായത് 12,500 പേര്‍ സൈന്യത്തിലെത്തും. ഇന്ത്യന്‍ സേനയെ മോദിക്കാലത്ത് അഗ്നിവീര്‍മാര്‍ ഹൈജാക് ചെയ്യുന്നതിന് അധിക കാലമൊന്നും കാത്തിരിക്കേണ്ടി വരില്ല എന്നത് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. രാജ്യം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിഷേധമാണ് കേന്ദ്രത്തിന്റെ അഗ്നിപഥിനെതിരെ ഉയരുന്നത്. നാലു ദിവ സത്തിനകം ഡസനിലധികം ട്രെയിനുകള്‍ക്കാണ് തീയിട്ടത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഡല്‍ഹി അടക്കം എട്ടിലധികം സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധമാണ് തുടരുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍ അടിച്ചു തകര്‍ക്കുന്നു. പോലീസ് സ്റ്റേഷനുകള്‍ക്ക് തീയിടുന്നു. സര്‍ക്കാര്‍ ബസ്സുകളും പോലീസ്‌വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു.
ബി ജെ പി ബീഹാര്‍ ഘടകം സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളിന്റെയും ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ രേണു ദേവിയുടെയും വീടുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. ബി ജെ പി എം എല്‍ എക്ക് തെരുവില്‍ കല്ലേറു നേരിടേണ്ടിവന്നു. എന്നിട്ടും ഈ അക്രമാസക്ത പ്രതിഷേധം നയിക്കുന്നവരും അതില്‍ പങ്കാളിയാകുന്നവരും നേരത്തേ പറഞ്ഞ ഭരണകൂടത്തിന്റെ ഇന്‍സ്റ്റന്റ്‌നീതിയുടെ പുറത്തുപോകുന്നു. നീതിയല്ല വിഷയം എന്നതു തന്നെ കാരണം, പകരം പ്രതികാരമാണ്. ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ, വീഴ്ചകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ, നിലപാടുകളിലെ വിയോജിപ്പുകള്‍ തുറന്നു പറഞ്ഞതിന്റെ പ്രതികാരം. ബുള്‍ഡോസര്‍ ബാബമാരും ബുള്‍ഡോസര്‍ മാമമാരും ഇന്ന് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇന്‍സ്റ്റന്റ് നീതി ഈ പ്രതികാരമാണ്.
ഇത് നിരായുധരായ, നിസ്സഹായരായ, അസംഘടിതരായ, രാഷ്ട്രീയത്തിന്റെ കായബലമോ സമ്പത്തിന്റെ സ്വാധീനബലമോ ഇല്ലാത്ത ജനതക്കു മേലുള്ള പ്രതികാര രാഷ്ട്രീയമാണ്. ഇനിയൊരിക്കലും ഭരണകൂടത്തിനെതിരെ നാവോ കൈയോ ഉയര്‍ത്താന്‍ കഴിയാത്ത വിധം രാജ്യത്തെ അധ:സ്ഥിത, പിന്നാക്ക, ന്യൂനപക്ഷങ്ങളെ വരിയുടക്കുക എന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പ്രയോഗവല്‍ക്കരണം. ഇതേ പ്രതികാര രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അടക്കമുള്ള അന്വേഷണ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രയോഗിക്കുന്നതും. ഇ ഡി എന്നത് സമീപ കാലത്തായി ഒരു അന്വേഷണ ഏജന്‍സി എന്നതില്‍ നിന്ന് രാഷ്ട്രീയവേട്ടക്കുള്ള ഭരണകൂടത്തിന്റെ ഒരു ടൂള്‍ എന്നതിലേക്ക് ചുരുങ്ങി എന്നത് ഏറെ ഖേദകരമാണ്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരമായിരിക്കാം ഒരുപക്ഷേ ഏറ്റവും ദീര്‍ഘമായ ഇ ഡി വേട്ടക്ക് ഇരയായ കോണ്‍ഗ്രസ് നേതാവ്. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ ഇ ഡി വേട്ട ഇപ്പോഴും അവസാനിച്ചിട്ടില്ല.
അന്വേഷണ ഏജന്‍സി ആസ്ഥാനങ്ങളും കോടതിമുറികളും കയറിയിറങ്ങുകയാണ് ഇരുവരും ഇപ്പോഴും. മാസങ്ങളോളം ജയിലിലും കഴിയേണ്ടിവന്നു. സംഘ് പരിവാറിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നു യഥാര്‍ഥത്തില്‍ ചിദംബരത്തിനെതിരെ നടന്നത്. അത് തിരിച്ചറിയാനോ രാഷ്ട്രീയമായി പ്രതിരോധിക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അല്ലെങ്കില്‍ എന്തൊക്കെയോ താല്‍പര്യങ്ങളുടെ പുറത്ത് കോണ്‍ഗ്രസ് മുതിര്‍ന്നില്ല എന്നതിന്റെ അനന്തര ഫലമാണ് ഇന്ന് ആ പാര്‍ട്ടി അനുഭവിക്കുന്നത്. സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ വാക്കുകള്‍ക്കു പകരം പ്രവൃത്തികൊണ്ട് നേരിട്ട ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു ചിദംബരം. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ചിദംബരം നടത്തിയ ഇടപെടലുകള്‍, അമിത്ഷാക്കെതിരായ നീക്കങ്ങള്‍… ഇതിന്റെയെല്ലാം പ്രതികാരമായിരുന്നു നികുതി വെട്ടിപ്പ് കേസില്‍ ചിദംബരത്തിന് സമ്മാനിച്ച കാരാഗൃഹവാസം.
കാര്‍ത്തി ചിദംബരത്തിനെതിരെ ഉയര്‍ന്നതിനു സമാനമോ അതിനേക്കാള്‍ ഗൗരവമുള്ളതോ ആയിരുന്നു അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍. കാര്‍ത്തി ചിദംബരം കോടതിമുറികളില്‍നിന്ന് കോടതിമുറികളിലേക്ക് പായുമ്പോള്‍ ജയ്ഷാ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഒന്നിന്റെ കിരീടം വെക്കാത്ത രാജാവായി വിലസുന്നു. ചിദംബരത്തെ വേട്ടയാടിയപ്പോള്‍ പുലര്‍ത്തിയ കുറ്റകരമായ മൗനമാണ് രാഹുലിനും സോണിയക്കും എതിരെ തിരിയാന്‍ മോദിഭരണകൂടത്തിന് ആത്മവിശ്വാസം പകരുന്നത്. കോണ്‍ഗ്രസിന്റെ ചെറുത്തു നില്‍പിന് ഇത്രയൊക്കെയേ ശക്തിയുള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞതിന്റെ ഫലം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 30 മണിക്കൂറിലധികമാണ് രാഹുല്‍ ഗാന്ധി ഇ ഡി എന്ന അന്വേഷണ ഏജന്‍സിയുടെ ചോദ്യമുറിയില്‍ ചെലവഴിക്കേണ്ടി വന്നത്.
ഇവിടം കൊണ്ടും തീര്‍ന്നിട്ടില്ല. ചോദ്യങ്ങളുടെ നിര വരാനിരിക്കുന്നതേയുള്ളൂ. വീണ്ടും ഇ ഡിക്കു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയാ ഗാന്ധി തല്‍ക്കാലം ചോദ്യം ചെയ്യലിന്റെ പടിക്കു പുറത്താണ്. എന്നാല്‍ അത് എത്ര നാളത്തേക്ക് മാത്രമായിരിക്കാം? രാഹുല്‍, സോണിയ എന്നീ വ്യക്തികളല്ല വിഷയം. സ്വാതന്ത്ര്യപൂര്‍വ കാലം മുമ്പേ തുടങ്ങിയ നെഹ്‌റുവിയന്‍ തുടര്‍ച്ചയുടെ പാരമ്പര്യ മഹിമയും തല്‍ക്കാലം മാറ്റിവെക്കാം. രാജ്യത്തെ ഏറ്റവും പ്രബലമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഏറ്റവും പ്രബലരായ രണ്ട് നേതാക്കള്‍ ഇവ്വിധം പ്രതികാര രാഷ്ട്രീയത്താല്‍ വേട്ടയാടപ്പെടുമ്പോള്‍, അത് മുന്നോട്ടു വെക്കുന്ന ആപല്‍സന്ദേശങ്ങളെ കാണാതെ പോയിക്കൂടാ.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വലിയ സംഭാവനയര്‍പ്പിച്ചിട്ടുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം, കോണ്‍ഗ്രസിന്റെ സ്വകാര്യ അഹങ്കാരവും രാഷ്ട്രീയ വൈകാരികതയും ആയിരുന്ന ആ പത്രത്തിന്റെ നിലനില്‍പിനു വേണ്ടി നടത്തിയ ചില സാമ്പത്തിക ഇടപാടുകളാണ് ഇന്ന് ഇ ഡിയുടെ സ്‌കാനിംഗ് മെഷീനില്‍ രാഹുലിനും സോണിയക്കും എതിരെ പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊതുസമ്പത്ത് വായ്പയായി വാങ്ങി തിരിച്ചടക്കാതെ രാജ്യംവിട്ട വിജയ് മല്യമാരും നീരവ് മോദിമാരും ഇന്നും വിദേശ രാജ്യങ്ങളില്‍ വിലസുകയാണ്. അവരെ സ്വരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ എവിടെയെങ്കിലും എത്തിയോ? ഇല്ല. വിവാദങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ പോയി ഒരു അറസ്റ്റ് വാറണ്ടുമായി വരും. പിന്നാലെ ഒരു ലുക്കൗട്ടും. അതിലൊതുങ്ങും നടപടികള്‍. സോണിയയോ രാഹുലോ നിയമത്തിന് അതീതരാണ് എന്ന് ഇതിന് അര്‍ഥമില്ല. എന്നാല്‍ നോട്ടുനിരോധന കാലത്ത് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ കൂടി ഒഴുകിയ ശതകോടികളെക്കുറിച്ച് ഒരു സ്‌കാനിംഗും നടക്കാത്ത രാജ്യത്ത് പ്രതികാര രാഷ്ട്രീയത്തിന്റെ സ്‌കാനിംഗുകള്‍ കൊണ്ടുപിടിച്ചുനടക്കുന്നതിലാണ് പ്രശ്‌നം. കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന് ബാധകമാകുന്ന ഇ ഡി നിയമങ്ങളും അന്വേഷണങ്ങളും അതേ സംസ്ഥാനത്തെ സിദ്ധരാമയ്യക്കോ ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ക്കോ ബാധകമാകാത്തതാണ് പ്രശ്‌നം. എന്നാല്‍ അതിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷം ഇന്നും പല കോണുകളിലായി ചിതറിത്തെറിച്ചു നില്‍ക്കുകയാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും കഴിയാത്തവിധം അനൈക്യത്തിന്റെ വഴികളില്‍ തന്നെയാണ് പ്രതിപക്ഷം. പൊതു സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷം ഒരുമിച്ചിരിക്കുന്നതു പോലും രാജ്യത്തെ ജനാധിപത്യ പ്രേമികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. എന്നാല്‍ അത് നിലനിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നു. 35000 ഇലക്ടറല്‍ വോട്ടിന്റെ കുറവാണ് എന്‍ ഡി എക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ളത്. ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡിയെ ഇ ഡിയെ കാണിച്ച് ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നതിനാല്‍ അദ്ദേഹം ബി ജെ പിയെ പിന്തുണക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 45000-ലധികം ഇലക്ടറല്‍ വോട്ടുകള്‍ ജഗന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിന് ഉള്ളതിനാല്‍ പ്രതിപക്ഷത്ത് ജയസാധ്യത ആരും കണക്കുകൂട്ടുന്നില്ല. എന്നാല്‍ പൊതുലക്ഷ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ ഐക്യപ്പെടല്‍, അത് രാജ്യം ആഗ്രഹിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന, എതിര്‍ക്കുന്നവര്‍ വേട്ടയാടപ്പെടുന്ന, ചോദ്യം ചെയ്യുന്നവരെ പ്രതികാര രാഷ്ട്രീയത്തിന്റെ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന ഈ കാലത്ത് ആ ഐക്യപ്പെടലുകള്‍ക്ക് പൊന്നും വിലയുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x