9 Friday
January 2026
2026 January 9
1447 Rajab 20

ബുള്‍ഡോസര്‍

അബ്ദുസ്സമീഹ് ആലൂര്‍


മണ്ണു മാന്താം,
കുഴിക്കാം, തറയിടാം,
തരു പിഴുതെടുക്കാം…
മഹാമാരിയെ തളയ്ക്കാന്‍
താഴ്ചയില്‍ കുഴിയെടുക്കാം…
തലയോട്ടി പൊട്ടാതെ
പൊടിയാതെ ഭുവനം നിരത്താം
ചടുലം ചുടലഭവനം എടുക്കാം….

കരയാതെ എന്‍ സഖേ,
വൃഥാ വിലാപമെന്തിനിവന്‍
ഉരുളട്ടെയെന്‍ കണ്‍തടത്തിലൂടെ,
ഹൃദയ നീര്‍ച്ചാലിലൂടെ,
സ്വപ്‌നമാളികപ്പുര പൂമുഖത്തിലൂടെ…

അരച്ചാണ്‍ ഭൂമിക്കുമവകാശമില്ലാത്തവര്‍,
ഊരും പുരികളും ചേരിയും തീര്‍ത്തവര്‍!
അധിനിവേശം ചെയ്ത ‘അന്യ പുഴുക്കളെ’
ഉന്‍മൂലനം ചെയ്കിലെന്തിനീ രോദനം!?

പിന്‍വരി:
ഇനിയും നവമികള്‍ വരും,
മണ്ണുമാന്തിയുരുളും, ബുള്‍ഡോസര്‍ ബാബമാര്‍ മാറി മാറി വരും….
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം!?
ആരാകിലെന്ത്?
(ദേശസ്‌നേഹ) മിഴിയുള്ളവര്‍ നോക്കിനിന്നിരിക്കാം…

Back to Top