ബുഖാരി – മുസ്‌ലിം ഹദീസുകളിലെ പതിരുകള്‍
പി കെ മൊയ്തീന്‍ സുല്ലമി
ഈ ലോകത്ത് മുസ്‌ലിംകള്‍ ഏറ്റവുമധികം ആദരിക്കുന്ന വ്യക്തിയാണ് നബി(സ). നബി(സ)ക്ക് അല്ലാഹു തെറ്റുകുറ്റങ്ങളില്‍ നിന്നും ചില ‘ഇസ്വ്മത്തുകള്‍’ (സംരക്ഷണം) നല്‍കിയിട്ടുണ്ട്. എങ്കില്‍ പോലും അത് ശിര്‍ക്ക്, കുഫ്‌റ്, ഹറാം എന്നിവകളില്‍ മാത്രം പരിമിതമാണ്. കാരണം മേല്‍പറഞ്ഞ തെറ്റുകുറ്റങ്ങളില്‍ നിന്നും നബി(സ)ക്ക് സംരക്ഷണം ലഭിക്കാത്ത പക്ഷം ഒരു പ്രവാചകന്റെയും പ്രവാചകത്വം ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നതല്ല. അവര്‍ ഇപ്രകാരം ആരോപണം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ‘ഇദ്ദേഹമല്ലേ ഇന്നലെ വരെ നമുക്കൊപ്പം ഈ ശിര്‍ക്കിലും കുഫ്‌റിലും ഹറാമിലും പങ്കെടുത്തിരുന്നത്. ഇവനാണോ നമ്മെ നന്നാക്കാന്‍ ഒരുമ്പെടുന്നത്.’ ഇത്തരം ചോദ്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് പ്രവാചകന്മാര്‍ക്ക് വലിയ തെറ്റുകുറ്റങ്ങളില്‍ നിന്നും കാവല്‍ നല്‍കിയത്. എന്നാലും മനുഷ്യരെന്ന നിലയിലുള്ള തെറ്റായ ചില ആഗ്രഹങ്ങളും നിരാശാ ബോധവും പ്രത്യാശയും ധാരണപ്പിശകുകളും പ്രവാചകന്മാര്‍ക്കുമുണ്ടാകാവുന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ പല സ്ഥലങ്ങളിലും അല്ലാഹു നബി(സ) യുടെ തെറ്റുകള്‍ തിരുത്തിയതായി കാണാന്‍ സാധിക്കും. ചില ഉദാഹരണങ്ങള്‍ താഴെ വരുന്നു.
നബി(സ) ഒരിക്കല്‍ ഒരു ഭാര്യയുടെ വീട്ടില്‍ നിന്നും തേന്‍ കഴിച്ചതിന്റെ പേരില്‍ മറ്റു ചില ഭാര്യമാര്‍ പ്രശ്‌നമുണ്ടാക്കി. അപ്പോള്‍ നബി(സ) തേന്‍ കഴിക്കല്‍ സ്വയം ഹറാമാക്കി. അപ്പോള്‍ അല്ലാഹു താഴെ വരുന്ന വചനം ഇറക്കി: ‘ഓ പ്രവാചകരെ, താങ്കളുടെ ഭാര്യമാരുടെ ആഗ്രഹം കാംക്ഷിച്ചുകൊണ്ട് അല്ലാഹു താങ്കള്‍ക്ക് ഹലാലാക്കിയ തേനിനെ താങ്കള്‍ എന്തിനാണ് ഹറാമാക്കുന്നത്’ (ബുഖാരി).
മുനാഫിഖുകളുടെ (കപട വിശ്വാസികളുടെ) നേതാവും ഇസ്‌ലാമിന്റെയും നബി(സ) യുടെയും ഏറ്റവും വലിയ ശത്രുവുമായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യ. ”അദ്ദേഹം മരണപ്പെട്ടപ്പോള്‍ നബി(സ) അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കാന്‍ നിന്നു. ഉമര്‍ (റ) അതിനെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘എനിക്ക് നമസ്‌കരിക്കാനും നമസ്‌കാരം ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ട്’. അപ്പോള്‍ അല്ലാഹു ഇപ്രകാരം ഖുര്‍ആന്‍ വചനമിറക്കി. ‘അത്തരക്കാരായ ഒരാളുടെ മേലും താങ്കള്‍ ഒരിക്കലും നമസ്‌കരിക്കരുത്. അവരുടെ ഖബറിങ്ങല്‍ പോലും നില്‍ക്കരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചവരും തോന്നിവാസികളായി മരണപ്പെട്ടു പോയവരുമാണ്.’ (ബുഖാരി. ഫതഹുല്‍ ബാരി 10/283).
നബി(സ)ക്കു ശേഷം സ്വഹാബികളില്‍ ഏറ്റവും ഉന്നതനായി മുസ്‌ലിംകള്‍ അംഗീകരിച്ചു പോരുന്ന വ്യക്തി അബൂബക്കര്‍(റ) ആണ്. അതുകൊണ്ടാണ് ഒന്നാം ഖലീഫയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അദ്ദേഹവും തെറ്റുകുറ്റങ്ങളില്‍ നിന്ന് സുരക്ഷിതനല്ല. അദ്ദേഹത്തെയും അല്ലാഹു പല തവണ തിരുത്തിയിട്ടുണ്ട്.
താഴെ വരുന്ന സംഭവം അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അബൂബക്കര്‍ (റ) വിന്റെ ബന്ധുവും അദ്ദേഹത്തിന്റെ ചെലവില്‍ ജീവിച്ചു പോന്നിരുന്ന വ്യക്തിയുമായിരുന്നു ‘മിസ്തഹുബ്‌നു അബാബ്’ (റ). അദ്ദേഹം അബൂബക്കര്‍(റ) വിന്റെ മകളും പ്രവാചക പത്‌നിയുമായ ആയിശ(റ) യെ കുറിച്ചുള്ള ഒരു അപവാദ പ്രചരണത്തില്‍ പങ്കെടുക്കുകയുണ്ടായി. അത് അബൂബക്കര്‍(റ) വിനെ വിഷമിപ്പിക്കുകയും അദ്ദേഹം ഇനി മിസ്തഹിന് ഞാന്‍ ഒരു സഹായവും ചെയ്യുകയില്ലെന്ന് ശപഥം ചെയ്യുകയുമുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) വിനെ തിരുത്തിക്കൊണ്ട് അല്ലാഹു ഇപ്രകാരം വചനമിറക്കുകയുണ്ടായി. ‘നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബ ബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ.’ (നൂര്‍: 22. ഇബ്‌നു കസീര്‍ 3/276). അതുപോലെ ഉമര്‍ (റ) വിനെ അല്ലാഹുവും അബൂബക്കര്‍ (റ)വും തിരുത്തിയിട്ടുണ്ട്. അത് നബി(സ)യുടെ മരണത്തെ സംബന്ധിച്ചാണ്. നബി(സ) മരണപ്പെട്ടെന്ന് കേട്ടപ്പോള്‍ ഉമര്‍(റ) വിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല അദ്ദേഹം സമനില തെറ്റി സംസാരിക്കുവാനും വാള്‍ ചുഴറ്റി ഭീതി സൃഷ്ടിക്കുവാനും ഒരുമ്പെട്ടു. അത് ശ്രദ്ധയില്‍ പെട്ട അബൂബക്കര്‍ (റ) അദ്ദേഹത്തെ തിരുത്തിക്കൊണ്ട് ഇപ്രകാരം ഓതിക്കേള്‍പ്പിക്കുകയുണ്ടായി. ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ (ദീനില്‍ നിന്നും) പിറകോട്ടു തിരിച്ചു പോകുകയോ? ആരെങ്കിലും പിറകോട്ട് തിരിച്ചു പോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തിവെക്കുകയില്ല.’ (ആലുഇംറാന്‍:144. മുഖ്തസ്വര്‍ ഇബ്‌നി കസീര്‍ (1/321, 322).
ചുരുക്കത്തില്‍ സ്വഹാബികളില്‍ ആരും തന്നെ ‘മഅ്‌സ്വൂ’മുകളായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവരെക്കാള്‍ എത്രയോ താഴ്ന്ന പട്ടികയിലും പദവിയിലും നിലകൊള്ളുന്ന പണ്ഡിതരും ഹദീസ് നിവേദകരും പാപസുരക്ഷിതരാവുക. ചിലര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബുഖാരിയും മുസ്‌ലിമും ‘മഅ്‌സ്വൂ’മുകളാണ് എന്ന നിലയിലാണ്. അവരുടെ റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിന് തുല്യമാണ് എന്നുമാണ്. അവര്‍ ഖുര്‍ആനിന് എതിര് പറയുകയില്ല എന്നൊക്കെയാണ് ഇവരുടെ ജല്‍പനം. ഇത്തരം ജല്‍പനം ഖുര്‍ആനിനും ഹദീസിനും നിരക്കുന്നതല്ല. ഖുബാരിയും മുസ്‌ലിമും സ്വിഹാഹു സിത്തയില്‍പ്പെട്ടതാണ്. സ്വിഹാഹു സിത്തയില്‍പ്പെട്ട പല ഹദീസുകളും ദുര്‍ബലവും നിര്‍മിതവുമാണെന്ന് ഹദീസുകളെക്കുറിച്ച് സാമാന്യമായ അറിവുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്തരം ഹദീസുകല്‍ ബുഖാരിയിലും മുസ്‌ലിമിലും കുറവാണെന്നു മാത്രം. ഹദീസുകള്‍ ഒരിക്കലും തള്ളിക്കളയാവതല്ല. കാരണം അത് ഖുര്‍ആനിന്റെ വിശദീകരണവും ഇസ്‌ലാമിന്റെ രണ്ടാം പ്രമാണവുമാണ്.
ഒരു ഹദീസ് ഖുര്‍ആനിനോ സുന്നത്തിനോ (സ്ഥിരപ്പെട്ട) ഇജ്മാഇനോ, സാമാന്യ ബുദ്ധിക്കോ അനിഷേധ്യമായ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കോ വിരുദ്ധമാണെങ്കില്‍ അത് തള്ളിക്കളയേണ്ടതാണ്. അത് ഇന്നവരൊക്കെ പറയണം എന്നില്ല. സ്വുബ്ഹി നമസ്‌കരിക്കും മുമ്പ് സുന്നത്ത് നമസ്‌കരിക്കാന്‍ ആയിശ(റ) നമസ്‌കരിച്ചിരുന്നു എന്ന തെളിവ് പരിശോധിക്കേണ്ടതില്ല. ആയിശ (റ) നമസ്‌കരിച്ചാലും ഇല്ലെങ്കിലും സ്വുബ്ഹിക്കു മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ സുന്നത്ത് തന്നെയാണ്. അതിന്റെ പ്രമാണം നബി ചര്യയാണ്. അതുപോലെയാണ് വിശുദ്ധ ഖുര്‍ആനും. അല്ലാഹു അരുളി: ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്നും അവതരിപ്പിക്കപ്പെട്ടതാകുന്നു അത്.’ (ഫുസ്സിലത്:42) പ്രസ്തുത സത്യത്തിനെതിരില്‍ വരുന്നതെല്ലാം തള്ളിക്കയണം എന്നു പഠിപ്പിച്ചത് ഉസ്വൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാരാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. അബൂലഹബിന് നരകത്തില്‍ പ്രത്യേക കുടിനീര്‍! സ്വഹീഹുല്‍ ബുഖാരിയിലെ 510-ാം നമ്പര്‍ ഹദീസ്. ഈ ഹദീസ് ഖുര്‍ആനിനു വിരുദ്ധമാണെന്ന് ഖുര്‍ആന്‍ തെളിവായി ഉദ്ധരിച്ചുകൊണ്ട് തന്നെ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) ഫതഹുല്‍ബാരി 11/404 ല്‍ രേഖപ്പെടുത്തി. അല്ലാഹു പേരെടുത്തു പറഞ്ഞ് ശപിക്കുകയും നരകത്തില്‍ കിടന്ന് കത്തി എരിയും എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുകയും നബി(സ)യെ ഈ ദുനിയാവില്‍ വെച്ച് ഏറ്റവുമധികം ദ്രോഹിക്കുകയും ചെയ്ത വ്യക്തിക്ക് നരകത്തില്‍ ഇളവ്!. നബി(സ) സംരക്ഷിച്ച അബ്ദുല്‍ മുത്തലിബ്, അബൂത്വാലിബ് എന്നിവര്‍ക്കൊന്നും നരകത്തില്‍ പ്രത്യേക ജ്യൂസ് ഇല്ല. ഈ ഹദീസ് ഖുര്‍ആന്‍ വിരുദ്ധമാണെന്നു പറഞ്ഞത് ഇബ്‌നു ഹജര്‍ (റ) ആണ്. ഇമാം മാലിക്(റ) ലോകത്ത് അറിയപ്പെടുന്ന പണ്ഡിതനല്ലേ? സ്വഹീഹുല്‍ ബുഖാരിയിലെ 1855-ാം നമ്പര്‍ ഖുര്‍ആനിന് വിരുദ്ധമാണെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം രേഖപ്പെടുത്തുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിക്കു വേണ്ടി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തി ഹജ്ജു കര്‍മം നിര്‍വഹിക്കല്‍ ഖുര്‍ആന്‍ വിരുദ്ധമാണ് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത് (ഫത്ഹുല്‍ ബാരി 5/511 നോക്കുക). അതുപോലെ ലോകാവസാനം എന്നാണെന്ന് അതിന്റെ സമയമോ ദിവസമോ അല്ലാഹുവോ റസൂലോ ആര്‍ക്കും തന്നെ അറിയിച്ചു കൊടുത്തിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ അല്ലാഹു അക്കാര്യം അറിയിച്ചിട്ടുണ്ട്. ‘തീര്‍ച്ചയായും ലോകാവസാനത്തിന്റെ അറിവ് അല്ലാഹുവിന്റെ അടുക്കല്‍ മാത്രമാകുന്നു. ‘(ലുഖ്മാന്‍: 34) സൂറത്ത് നാസിആത്തില്‍ അല്ലാഹു അരുളി: ‘ആ അന്ത്യ സമയത്തെപ്പറ്റി അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ താങ്കളോട് ചോദിക്കുന്നു. താങ്കള്‍ക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ പര്യവസാനം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താങ്കള്‍.’ (നാസിആത്:42-45) നബി(സ)യും ഖുര്‍ആന്‍ തെളിവാക്കിക്കൊണ്ട് അപ്രകാരമാണ് പഠിപ്പിച്ചത്. അവിടുന്ന് പറഞ്ഞു: ‘അഞ്ച് കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമേ അറിയൂ.’ പിന്നീട് സൂറത്ത് ലുഖ്മാനിലെ 34-ാം വചനമായ ‘തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്’എന്ന് തുടങ്ങുന്ന വചനം ഓതിക്കേള്‍പ്പിച്ചു (ബുഖാരി). മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ‘ജിബ്‌രീല്‍(അ) നബി(സ)യോട് ചോദിക്കുകയുണ്ടായി, അന്ത്യസമയം എപ്പോഴാണ്?’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘ചോദിക്കപ്പെടുന്നവന്‍ ആ വിഷയത്തില്‍ ചോദിച്ചവനെക്കാള്‍ അറിവുള്ളവനല്ല’ (ബുഖാരി, മുസ്‌ലിം). ചുരുക്കത്തില്‍ അന്ത്യദിനം എന്നാണെന്ന് മലക്കിനെപ്പോലും അല്ലാഹു അറിയിച്ചിട്ടില്ല. അപ്പോള്‍ അന്ത്യദിനം വെള്ളിയാഴ്ചയാണെന്ന ഹദീസും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ വിരുദ്ധമായി വന്ന മറ്റൊരു ഹദീസും ശ്രദ്ധിക്കുക. ‘നൈല്‍ നദിയും യൂഫ്രട്ടീസ് നദിയുമെല്ലാം സ്വര്‍ഗത്തില്‍ നിന്നും ഉള്ള നദികളാണ്’ (സ്വഹീഹു മുസ്‌ലിം: 9/193). ഈ ഹദീസും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. കാരണം സ്വര്‍ഗത്തിലുള്ള ഒരു വസ്തുവും ദുനിയാവിലുള്ളവര്‍ക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല എന്നാണ് നബി(സ) വിശുദ്ധ ഖുര്‍ആന്‍ തെളിവാക്കിക്കൊണ്ട് സ്വഹാബത്തിനെ പഠിപ്പിച്ചത്. അത് ശ്രദ്ധിക്കുക: ‘അല്ലാഹു അരുളി: എന്റെ സജ്ജനങ്ങളായ അടിമകള്‍ക്ക് ഒരു കണ്ണും കാണാത്തതും ഒരു കണ്ണും കേള്‍ക്കാത്തതുമായ പ്രതിഫലങ്ങളാണ് ഞാന്‍ ഒരുക്കി വെച്ചിട്ടുള്ളത്’. പിന്നീട് ഓതിക്കേള്‍പ്പിച്ചു: ‘എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല’ (ബുഖാരി, മുസ്‌ലിം). രണ്ടാമത്തെ കാരണം: യൂഫ്രട്ടീസ് നദിയിലൂടെയും നൈല്‍ നദിയിലൂടെയും ഒഴുകിവരുന്നത് അശുദ്ധ ജലവും മ്ലേച്ഛവസ്തുക്കളുമാണ്. ‘സ്വര്‍ഗത്തിലൂടെ ഒഴുകുന്നത് ശുദ്ധജലവും പാലിന്റെയും തേനിന്റെയും നദികളും ആസ്വാദ്യകരമായ മറ്റു പാനീയങ്ങളുമാണ്’ (മുഹമ്മദ്: 16) ചുരുക്കത്തില്‍ ഇവിടെ ആരും ഹദീസ് നിഷേധിക്കുന്നില്ല. ഹദീസുകള്‍ നിഷേധിക്കല്‍ ഹദീസ് പ്രമാണമല്ല എന്ന് പറയലാണ്. അതിന്റെ ആളുകള്‍ മര്‍ഹും ചേകനൂര്‍ മൗലവിയുടെ അനുയായികളാണ്. ഹദീസ് നിഷേധിക്കണം എന്നല്ല പറഞ്ഞത്. ഉസ്വൂലുല്‍ ഹദീസിന്റെ നിബന്ധനയൊക്കാത്ത ഹദീസുകള്‍ മുന്‍ഗാമികളായ നമ്മുടെ പണ്ഡിതന്മാര്‍ ചെയ്തതുപോലെ അതൊരു ചര്‍ച്ചയാക്കാതെ മാറ്റിവെച്ചാലും മതി. അല്ലാഹു അഅ്‌ലം. .