ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെച്ച് ഡോക്ടര്‍മാര്‍
ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. കുഞ്ഞുങ്ങളില്ലാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ശുഭാപ്തിവിശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഓക്‌സ്ഫഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ചരിത്രനേട്ടം സ്വന്തമാക്കിയത്. 25 വര്‍ഷമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കല്‍ സര്‍ജന്‍ പ്രഫ. റിച്ചാര്‍ഡ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. യുവതിയുടെ 40 വയസ്സുള്ള സഹോദരിയാണ് ഗര്‍ഭപാത്രം ദാനം ചെയ്തത്. ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് ഗര്‍ഭപാത്രം തുന്നിച്ചേര്‍ത്തത്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതിയുടെ സഹോദരി. ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാനാണ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയക്കു മുമ്പേ തന്നെ യുവതിയുടെ അണ്ഡവും ബീജവും ചേര്‍ന്ന ഭ്രൂണം സൂക്ഷിച്ചുവെച്ചിരുന്നു. ജന്മനാ തന്നെ പൂര്‍ണമായി വികസിക്കാത്ത ഗര്‍ഭപാത്രമായിരുന്നു യുവതിക്ക്. എന്നാല്‍ അണ്ഡാശയങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. മാറ്റിവെച്ച ഗര്‍ഭപാത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓരോ ദിവസവും യുവതിയുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഡോക്ടമാരുടെ സംഘം അറിയിച്ചു. സ്റ്റിറോയ്ഡുകളുടെ പിന്‍ബലത്തോടെയാണ് ടിഷ്യൂ റിജക്ഷന്‍ ഉള്‍പ്പെടെയുള്ള അപകടസാധ്യതകളെ അതിജീവിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായ ശേഷം ഇങ്ങനെ മാറ്റിവയ്ക്കുന്ന ഗര്‍ഭപാത്രം നീക്കം ചെയ്യും.