ബ്രിട്ടനില്‍ കറുത്ത വംശജരെ ഉന്നത മന്ത്രിസ്ഥാനങ്ങളില്‍ നിയമിച്ച് ലിസ് ട്രസ്

ബ്രിട്ടനിലെ പുതിയ ലിസ് ട്രസ് സര്‍ക്കാരില്‍ ഉന്നത മന്ത്രിപദവികളില്‍ നിന്ന് വെള്ളക്കാര്‍ പുറത്ത്. സുപ്രധാന കാബിനറ്റ് പദവികളില്‍ കറുത്ത വംശജരെ നിയമിച്ചാണ് ലിസ് ചരിത്രം കുറിച്ചത്. ധനകാര്യ സെക്രട്ടറിയായി ക്വാസി കെവാര്‍ടെങിനെയാണ് നിയമിച്ചത്. 1960-കളില്‍ ഘാനയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ജയിംസ് ക്ലെവെര്‍ലി ആണ് വിദേശകാര്യ സെക്രട്ടറി. സിയറ ലിയോണില്‍ നിന്നാണ് ക്ലെവെര്‍ലിയുടെ അമ്മ ബ്രിട്ടനിലെത്തിയത്. പിതാവ് വെള്ളക്കാരനാണ്. ഇതോടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനായി ക്ലെവെര്‍ലി. ഇന്ത്യന്‍ വംശജയായ സുയെല്ല ബ്രവര്‍മാന്‍ ആണ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്. പ്രീതി പട്ടേലിനു ശേഷം ആഭ്യന്തര സെക്രട്ടറിയാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഇവര്‍. പോലീസ്, കുടിയേറ്റം എന്നിവയുടെ ചുമതലയാണ് സുയെല്ലക്ക്. മന്ത്രിസഭയില്‍ മാറ്റം വന്നെങ്കിലും ബ്രിട്ടനിലെ ബിസിനസ്, ജുഡീഷ്യറി, സിവില്‍ സര്‍വീസ്, സൈനിക മേഖലകളില്‍ ഇപ്പോഴും വെള്ളക്കാരുടെ ആധിപത്യം തന്നെയാണ്. ആറു ശതമാനം മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വനിതകളില്‍ നിന്നുമുള്ള പ്രാതിനിധ്യം.
