കോവിഡ് വാക്‌സിനെടുത്താല്‍ എയ്ഡ്‌സ് വരും; ബ്രസീല്‍ പ്രസിഡന്റിനെതിരെ അന്വേഷണം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ എയ്ഡ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോയുടെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ഒക്‌ടോബറില്‍ വിവിധ സമൂഹമാധ്യമങ്ങളിലെ ലൈവ് ബ്രോഡ്കാസ്റ്റിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. വാക്‌സിന്‍ സ്വീകരിക്കാന്‍ ബോല്‍സനാരോ വിസമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വാക്‌സിന്‍ വിരുദ്ധ പ്രസ്താവനകളിറക്കുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്ബുക്കും യൂട്യൂബും അദ്ദേഹത്തിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി. നേരത്തേ സെനറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി കോവിഡ്, പ്രതിരോധം, വാക്‌സിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബോല്‍സൊനാരോ ഒമ്പത് കുറ്റകൃത്യങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്‌സാഡ്ര ഡി മോറസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒക്‌ടോബറില്‍ കമ്മിറ്റി 1300 പേജ് വരുന്ന റിപ്പോര്‍ട്ട് ബ്രസീല്‍ പ്രോസിക്യൂട്ടര്‍ ജനറലിന് കൈമാറിയിരുന്നു.
