13 Saturday
December 2025
2025 December 13
1447 Joumada II 22

ബോംബുകള്‍ മുളയ്ക്കുന്ന കേരളം

അബ്ദുറഹീം കൊയിലാണ്ടി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേക്കും ബോംബ് പൊട്ടിത്തുടങ്ങിയിട്ടുണ്ട് കേരളത്തില്‍. കൊലപാതക രാഷ്ട്രീയത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബോംബ് നിര്‍മാണത്തിനിടെ പരിക്കു പറ്റിയ വാര്‍ത്തകളും നാംകേട്ടു.
ബോംബും മറ്റ് ആയുധങ്ങളും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. മറ്റെല്ലാ ആയുധങ്ങള്‍ക്കും മറ്റെന്തെങ്കിലും ഉപയോഗം പറയാം: തോക്ക് വന്യമൃഗങ്ങളെ പേടിച്ചാണെന്ന് പറയാം, കത്തി കറിക്കരിയാനാണെന്നു പറയാം. അമേരിക്കയിലൊക്കെ തോക്ക് കൈയില്‍ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി തന്നെ പൗരന്മാര്‍ക്കുണ്ട്, ആത്മരക്ഷയ്ക്കാണത്രേ. നമ്മുടെ നാട്ടിലും പല വീടുകളിലും തോക്കുണ്ട്. പക്ഷേ, പരസ്യമായി ഒരിക്കലും ഉപയോഗിക്കാറില്ല.
ബോംബ് അതുപോലെയല്ല, ഒരു ന്യായവും പറയാനില്ല. ടെറര്‍ സൃഷ്ടിക്കാനുള്ള ആയുധം, അല്ലെങ്കില്‍ ടെററിസ്റ്റുകള്‍ക്കു മാത്രം ഉപയോഗമുള്ള ആയുധം, അതാണ് ബോംബ്. എങ്ങനെ നിര്‍വചിച്ചാലും ബോംബ് ഉണ്ടാക്കിക്കുന്നവരും ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും ടെററിസ്റ്റുകളാണ്, അതില്‍ എന്തെങ്കിലും തര്‍ക്കം ഏതെങ്കിലും രാജ്യക്കാര്‍ക്ക് ഉണ്ടാകുമെന്നു തോന്നുന്നില്ല. നിയമവാഴ്ച നിലനില്‍ക്കുന്ന മറ്റേതൊരു രാജ്യത്തും ഒരു സിവിലിയന്‍ ബോംബുണ്ടാക്കുന്നതിനിടെ പിടിക്കപ്പെട്ടാല്‍ പിന്നെയയാള്‍ സൂര്യപ്രകാശം കാണില്ല.
ബോംബ് നിര്‍മാണത്തിനിടയ്ക്ക് കേരളത്തില്‍ മുഴുവന്‍ അപകടങ്ങള്‍ നടക്കുന്നുണ്ട്. പലരുടെയും കൈകള്‍ ചിതറിപ്പോകുന്നു, ചിലര്‍ മരിക്കുന്നു, ചില വീടുകള്‍ തകരുന്നു, ബോംബ് തിന്നാന്‍ ശ്രമിച്ച പട്ടി സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.
മിക്കതിലും സംഘ്പരിവാര്‍ ബന്ധമുള്ളവരാണ് പ്രതികള്‍. കണ്ണൂരില്‍ സിപിഎമ്മുകാരും ബോംബ് ഉണ്ടാക്കുന്നുണ്ട്. ഇവര്‍ രണ്ടു കൂട്ടരുമല്ലാതെ മറ്റാരും ബോംബ് ഉണ്ടാക്കുന്നുമില്ല. ചിലയിടത്ത് പിടികൂടുന്ന സ്ഫോടകവസ്തുക്കളുടെ തൂക്കം ഗസ്സയില്‍ വര്‍ഷിക്കുന്ന ബോംബിനേക്കാള്‍ മുകളിലാണ്, എണ്ണൂറു കിലോ, ആയിരം കിലോ, 1400 കിലോ ഒക്കെ. ചിലയിടത്ത് പിടികൂടിയതില്‍ ജലാറ്റിന്‍ സ്റ്റിക്ക് ഒക്കെയുണ്ട്, വേറെ ലെവല്‍.
ഇത്രയും കേസ് ഉണ്ടായിട്ടും ഒരാളെ പോലും ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായോ യുഎപിഎ ചുമത്തിയതായോ അറിയില്ല. നൂറു ബോംബുകള്‍ ഉണ്ടാക്കുന്നതിനിടയില്‍ ഒരാള്‍ക്ക് അപകടം പറ്റുമെന്ന് കണക്കാക്കിയാല്‍ പോലും കേരളത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ബോംബുകള്‍ പലയിടത്തായി ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്ന് ന്യായമായും അനുമാനിക്കാം. അതൊക്കെ എവിടെ എപ്പോള്‍ പൊട്ടുമെന്ന് അതിന്റെ ആസൂത്രകര്‍ക്കേ അറിയൂ.
മുമ്പ് താനൂരില്‍ ബോംബ് ഉണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ചു തിരുവനന്തപുരത്തുകാരനായ ശ്രീകാന്ത് എന്ന ആര്‍എസ്എസ്സുകാരന്‍ മരിച്ചപ്പോള്‍ അന്നത്തെ എസ്പി ഉമ്മന്‍ കോശി ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’ എന്നു പറഞ്ഞതുപോലെ കേരളത്തെയും ദൈവം രക്ഷിക്കുമായിരിക്കും.

Back to Top