29 Friday
March 2024
2024 March 29
1445 Ramadân 19

ബ്ലാക്ക് മുസ്‌ലിം പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ വിമോചന രാഷ്ട്രീയവും

ഹിശാമുല്‍ വഹാബ്‌


‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന അപേക്ഷാ വാചകം ഒരു മുദ്രാവാക്യമായി മാറിയത് കഴിഞ്ഞ വര്‍ഷം ജോര്‍ഡ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തിനു കാരണമായ പോലീസ് അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ടു കൂടിയാണ്. ഈ മുദ്രാവാക്യം വിവിധ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലനില്‍ക്കുന്ന രാഷ്ട്രീയ-നിയമ സംവിധാനങ്ങള്‍ വംശീയതയുടെ വാഹകരാവുമ്പോള്‍ കൊളോണിയല്‍ കാലഘട്ടത്തിലെ അടിമത്തത്തിന്റെ തുടര്‍ച്ചയായാണ് ബ്ലാക്ക് ജനത അതിനെ കാണുന്നത്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ഫ്രഞ്ച് കോളോണിയല്‍ ഭരണകൂടത്തിനെതിരെ പോരാടിയ തത്വചിന്തകന്‍ ഫ്രാന്റ്‌സ് ഉമര്‍ ഫാനോണ്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. ‘ഞങ്ങള്‍ സമരം ചെയ്യുന്നത്, പല കാരണങ്ങളാലാണെങ്കിലും അടിസ്ഥാനപരമായി ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും കഴിയുന്നില്ല എന്നതുകൊണ്ടാണ്’. അതിനാല്‍ തന്നെ സമകാലിക ലോകവ്യവസ്ഥയുടെ ശ്രേണീകൃതമായ അടിച്ചമര്‍ത്തല്‍-വിവേചന നയങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മാര്‍ഗങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ കറുത്ത ജനതക്കിടയില്‍ വിപുലമായി നടക്കുന്നുണ്ട്.
ബ്ലാക്ക് മുസ്‌ലിം ജീവിതത്തെയും അനുഭവങ്ങളെയും അമേരിക്കന്‍ വന്‍കരയിലെ രാഷ്ട്രീയ പരിസരത്തു നിന്നാണ് വിശകലനം ചെയ്യാറുള്ളത്. ട്രാന്‍സ്-അറ്റ്‌ലാന്റിക് അടിമ വ്യാപാരത്തിന്റെ ആരംഭ കാലത്താണ് അവിടങ്ങളില്‍ ആഫ്രിക്കന്‍ മുസ്‌ലിംകളെ വ്യാവസായിക-കൃഷി മേഖലകളില്‍ ജോലിക്കായി കൊണ്ടുവരുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിന് അമേരിക്കയില്‍ അഞ്ഞൂറ് വര്‍ഷത്തോളമുള്ള ചരിത്രമുണ്ട്. 1528 ലാണ് എസ്തവാനികോ-ദ-മൂര്‍ എന്നറിയപ്പെട്ട മുസ്‌ലിമിനെ അടിമയാക്കി ആദ്യമായി എത്തിക്കുന്നത്.
പിന്നീട് 1865ല്‍ എബ്രഹാം ലിങ്കണ്‍ ഭരണകൂടം അടിമവ്യാപാരം ഔദ്യോഗികമായി നിരോധിക്കുന്നതു വരെ തുടര്‍ന്ന പശ്ചിമ ആഫ്രിക്കന്‍ വംശജരുടെ മേലുള്ള അധിനിവേശങ്ങളും മനുഷ്യത്വ രഹിത കുറ്റകൃത്യങ്ങളും വംശഹത്യകളും അടിമത്തവും ലോകചരിത്രത്തിലെ തന്നെ ഭീതിതമായ ഒരേടാണ്. ആ കാലയളവില്‍ 10 മുതല്‍ 12 വരെ ദശലക്ഷം ആഫ്രിക്കക്കാരെ അടിമകളാക്കി അമേരിക്കയിലേക്കും യൂറോപ്പിലേക്കും അയച്ചിട്ടുണ്ട്. പിന്നീടവര്‍ കാലങ്ങളായി വെള്ള-വംശീയതക്കും വിവേചനത്തിനും ഇരയായി മാറുകയും നീഗ്രോ, നിഗ്ഗര്‍, കാപ്പിരി എന്നീ പേരുകളില്‍ അരികുവത്ക്കരിക്കപ്പെടുകയും ചെയ്തു.
അടിമത്ത നിരോധനത്തിനു ശേഷവും നിലനിന്ന വര്‍ണവിവേചന നയങ്ങളില്‍ പ്രധാനമായ ജിം ക്രോ(ഖശാ ഇൃീം) നിയമങ്ങള്‍ ‘വിഭിന്നര്‍, പക്ഷേ തുല്യര്‍’ എന്ന തത്വത്തിനെ അടിസ്ഥാനമാക്കി കറുത്ത വര്‍ഗക്കാരെ പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലൊക്കെ വേര്‍തിരിച്ചു നിര്‍ത്തി. വെള്ള-വംശീയതയും ഇതേ ബോധ്യങ്ങളാലാ ണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ‘ഇന്ത്യക്കാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’ എന്ന ബോര്‍ഡുകള്‍ പൊക്കിയത്. വെള്ള വംശീയതയുടെ അനീതികള്‍ക്കെതിരെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ‘ആഫ്രിക്കന്‍-അമേരിക്കന്‍’, ‘ബ്ലാക്ക് ദേശീയത’ തുടങ്ങിയ സംജ്ഞകള്‍ ഉപയോഗിച്ച് കറുത്ത വര്‍ഗക്കാരുടെ സംഘടിതശ്രമങ്ങള്‍ അമേരിക്കയില്‍ ശക്തിയാര്‍ജിച്ചത്.
1920കള്‍ മുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ വ്യാപകമായ തലത്തില്‍ ഇസ്‌ലാം ആശ്ലേഷണം നടന്നിട്ടുണ്ട്. അടിമത്ത വ്യവസ്ഥയുടെ ഭാഗമായി അതിന് ദൈവശാസ്ത്ര പിന്‍ബലം നല്‍കിയ ചര്‍ച്ച് മേധാവികളെ വിമര്‍ശിച്ചുകൊണ്ട് ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു. ഇസ്‌ലാം മുന്നോട്ടുവെച്ച സമത്വത്തിന്റെ ആദര്‍ശങ്ങള്‍, വ്യക്തിഗത-ദൈവബോധത്തെയും പ്രവൃത്തികളെയും മനുഷ്യ മഹത്വത്തിന്റെ ആധാരങ്ങളായി വിശേഷിപ്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദി(സ)ന്റെ അനുചരന്മാരില്‍ പ്രമുഖരായ പേര്‍ഷ്യക്കാരനായിരുന്ന സല്‍മാന്‍(റ), ഗ്രീക്കുകാരനായിരുന്ന സുഹൈബ്(റ), എത്യോപ്യക്കാരനായിരുന്ന ബിലാല്‍(റ) എന്നിവര്‍ അടിമ ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കു ശേഷം ഇസ്‌ലാമില്‍ ആകൃഷ്ടരായവരാണ്. ആഫ്രോ-അമേരിക്കന്‍ ജനത ഈ സ്വഹാബിമാരെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തുവെച്ചതിന്റെ തെളിവാണ് 1975-81 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ ബിലാലിയന്‍ ന്യൂസ്’ എന്ന പത്രം.
അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ആരംഭ സൂക്തമായ ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടു’ എന്ന അനുഭവ പരിസരത്തില്‍ കേവലം ഉപരിപ്ലവമായ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് കടന്നുവന്ന വിവിധ സംഘടനകള്‍ ഇസ്‌ലാമിന്റെ സമത്വ-ആദര്‍ശത്തെ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, ബ്ലാക്ക് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച മുന്‍ഗണനകള്‍ പലപ്പോഴും സംവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങളില്‍ പ്രമുഖമായത് മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നടന്ന അഹ്മദിയ്യാ പ്രസ്ഥാനം, 1925ല്‍ നോബ്ള്‍ ഡ്രൂ അലി രൂപം നല്‍കിയ മൂറിഷ് സയന്‍സ് ടെമ്പ്ള്‍, 1930 ഫര്‍ദ് മുഹമ്മദ് സ്ഥാപിച്ച് പിന്നീട് എലിജാ മുഹമ്മദ് നേതൃത്വം നല്‍കിയ നാഷന്‍ ഓഫ് ഇസ്‌ലാം എന്നിവയാണ്.
അവസാനം സൂചിപ്പിച്ച രണ്ട് പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ തങ്ങള്‍ക്ക് ആത്മീയ പരിവേഷം കല്പിക്കുകയും ഒരുവേള തങ്ങള്‍ ദൈവത്തിന്റെ പ്രവാചകരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എലിജാ മുഹമ്മദ് കറുത്തവരാണ് ഭൂമിയിലെ ആദ്യത്തെ ജനതയെന്നും, പിന്നീട് അവരെ പൈശാചിക ശക്തികളായ വെള്ളക്കാര്‍ അടിമകളും ക്രൈസ്തവരുമാക്കി മാറ്റുകയുമാണ് ചെയ്തതെന്ന് വാദിച്ചു. അതിനാല്‍ തന്നെ, കറുത്ത ജനത ഒരു സംഘടിത ശക്തിയായി മാറി നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ കീഴില്‍ വിമോചനം നേടണമെന്ന് എലിജാ ആഹ്വാനം ചെയ്തു. കറുത്തവരുടെ വിമോചകനായി ദൈവം അയച്ചതാണ് എന്ന എലിജായുടെ പരിവേഷം ഈ പ്രസ്ഥാനത്തിന്റെ വ്യാപനത്തിലേക്ക് നയിച്ചു.
ബ്ലാക്ക് മുസ്‌ലിംകളുടെ പ്രധാനപ്പെട്ട നേതാവായി മാറിയ മാല്‍ക്കം എക്‌സ് എന്നറിയപ്പെട്ട അല്‍ഹാജ് മാലിക് ശഹബാസ് നാഷന്‍ ഓഫ് ഇസ്‌ലാമിലൂടെയാണ് ഇസ്‌ലാമിന്റെ വിമോചന പാഠങ്ങള്‍ അറിയുന്നത്. അവരുടെ മിനിസ്റ്റര്‍ (പ്രചാരകന്‍) ആയി മാറിയ മാല്‍കം കറുത്ത വംശജരുടെ സംഘടിത ശക്തിയിലും വിമോചന-വിരുദ്ധ പോരാട്ടത്തിലും തന്റെ പ്രഭാഷണങ്ങളിലൂടെ വലിയ പങ്കുവഹിച്ചു. 1950 കളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മുന്നോട്ടു വെച്ച സംയോജനത്തിന്റെയും സംയമനത്തിന്റെയും നയങ്ങളില്‍ അധിഷ്ഠിതമായ പൗരാവകാശ പ്രസ്ഥാനത്തെ വിമര്‍ശിച്ചു കൊണ്ട് മാല്‍കം മുന്നോട്ടു വന്നു. കറുത്ത വര്‍ഗക്കാര്‍ സ്വാംശീകരിച്ച വെള്ള വംശീയതയുടെ അവജ്ഞയെയും സ്വയം കുറ്റപ്പെടുത്തലിന്റെയും നീക്കുപോക്കിന്റെയും ഭാഷയെ കടന്നാക്രമിച്ചു കൊണ്ട്, വിപ്ലവം, വിമോചനം, സ്വത്വ-നിര്‍മാണം, പ്രതിരോധം തുടങ്ങിയ ആശയങ്ങളെ മാല്‍ക്കം പ്രചരിപ്പിച്ചു.
‘സ്വയം പ്രതിരോധം ഹിംസയല്ല, വിവേകമാണ്’, ‘പാട്ടുപാടുന്നത് നിര്‍ത്തി, ഊര്‍ജ്വസ്വലരായി പ്രവര്‍ത്തിക്കുക’, ‘ഏത് വിധേനയും വിമോചനം നേടുക’ തുടങ്ങിയ പ്രസ്താവനകള്‍ ആഫ്രോ-അമേരിക്കന്‍ പ്രസ്ഥാനങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കുകയും ‘ബ്ലാക്ക് പാന്തേഴ്‌സ്’ തുടങ്ങിയ പ്രതിരോധ സംഘങ്ങളുടെയും പൊതുസംസ്‌കാരത്തിന്റെയും പ്രധാന ഭാഗമായി മാറുകയും ചെയ്തു. 1960-70 കാലഘട്ടങ്ങളില്‍ പ്രധാന ബ്ലാക്ക് മുസ്‌ലിം പ്രസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും മുഖ്യധാരാ ഇസ്‌ലാമിക ധാരകളിലേക്ക് അവര്‍ അടുക്കുകയും ചെയ്തു.
മാല്‍ക്കം നടത്തിയ ഹജ്ജ് യാത്രയും പശ്ചിമേഷ്യന്‍ സന്ദര്‍ശനവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയ ദിശ കാണിക്കുവാന്‍ കാരണമായി. ‘മക്കയില്‍ നിന്നുള്ള കത്തുകള്‍’ എന്നറിയപ്പെട്ട സമാഹാരത്തില്‍ മാല്‍ക്കം എഴുതി ‘അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്…. വെള്ളക്കാരുടെ മനസ്സില്‍ നിന്നും വെള്ള വംശീയ ബോധത്തെ ഇസ്‌ലാം നീക്കം ചെയ്തിരിക്കുന്നു’. പിന്നീട് മടങ്ങിയെത്തിയ മാല്‍ക്കം നാഷന്‍ ഓഫ് ഇസ്‌ലാമില്‍നിന്നും രാജിവെക്കുകയും, മുസ്‌ലിം മോസ്‌ക്, എന്ന മതസംഘടനയും ഓര്‍ഗനൈസേഷന്‍ ഓഫ് ആംഗ്ലോ അമേരിക്കന്‍ യൂനിറ്റി എന്ന വിശാല സഖ്യവും രൂപീകരിക്കുകയും ചെയ്തു.
അതേസമയത്ത്, മാല്‍ക്കമിന്റെ പ്രേരണയാല്‍ ഇസ്‌ലാം സ്വീകരിച്ച ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദ് അലി നാഷന്‍ ഓഫ് ഇസ്‌ലാമില്‍ തുടര്‍ന്നു. എലിജായുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ വാലസ് ഡി മുഹമ്മദ് അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിന്റെ ആശയധാരയിലേക്ക് പ്രസ്ഥാനത്തെ കൊണ്ടുവന്നു. പക്ഷെ, അദ്ദേഹത്തോടെതിര്‍ത്തു കൊണ്ട് കടന്നുവന്ന ലൂയിസ് ഫറാഖാനും നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതൃത്വത്തില്‍ സജീവമാണ്.
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ വിമോചനത്തിന്റെ ആശയങ്ങളുമായി കടന്നുവന്ന ബ്ലാക്ക് മുസ്‌ലിംകള്‍ ഇന്ന് അമേരിക്കന്‍ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിത്യസാന്നിധ്യമാണ്. 1960 കള്‍ മുതല്‍ വര്‍ധിച്ച പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകളുടെ അമേരിക്കന്‍ കുടിയേറ്റം വിവിധ തലങ്ങളിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പൗരാവകാശ മുന്നേറ്റങ്ങളില്‍ മറ്റു സമാന ഗ്രൂപ്പുകളുമായി ചേര്‍ന്നുകൊണ്ട് വര്‍ണവിവേചനം, ഇസ്‌ലാമോഫോബിയ, യുദ്ധ രാഷ്ട്രീയം, അധിനിവേശം, കുടിയേറ്റ വിരുദ്ധത എന്നിവയ്‌ക്കെതിരെ പോരാടുവാന്‍ സജീവമായി ബ്ലാക്ക് മുസ്‌ലിംകള്‍ രംഗത്തുണ്ട്. ഹിപ്-ഹോപ് തുടങ്ങിയ നൂതന വ്യാപക കലാമാധ്യമങ്ങളുപയോഗിച്ച് തങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ബ്ലാക്ക് മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ വിമോചന പാഠങ്ങള്‍ക്ക് പുതിയ അര്‍ഥതലങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x