21 Thursday
November 2024
2024 November 21
1446 Joumada I 19

ബി ജെ പിയെ കാത്തിരിക്കുന്നതെന്താവും?

അന്‍വര്‍ ഷാ തിരൂര്‍

വലിയ പ്രതീക്ഷയിലാണ് ബി ജെ പി തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങിയത്. എന്നാല്‍, ഇന്ന് അത്ര തെളിഞ്ഞ അവസ്ഥയല്ല അവര്‍ക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ബി ജെ പിയുടെ അവകാശവാദങ്ങളെല്ലാം തെറ്റിപ്പോകുന്ന സാഹചര്യമാണുള്ളത്. 400-ലേറെ സീറ്റുകളില്‍ വിജയിക്കുമെന്ന് പറഞ്ഞിടത്ത്, കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ പോലും നിലനിര്‍ത്താനാകില്ലെന്നും ചിലയിടങ്ങളില്‍ തിരിച്ചടി നേരിടുമെന്നുമുള്ള ബോധ്യത്തിലേക്ക് ബി ജെ പി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സെസാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിച്ചത്. ഇപ്പോള്‍, ബി ജെ പിയും സംവരണം എന്ന വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എസ് സി, എസ് ടി, ഒ ബി സി സംവരണം തങ്ങള്‍ക്കു മാത്രമേ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് ബി ജെ പി ഇപ്പോള്‍ പറയുന്നത്.
അധികാരത്തിലുള്ള പാര്‍ട്ടികള്‍ക്ക് പണം കൊടുത്ത്, അതുപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച് വീണ്ടും അധികാരത്തിലെത്തിച്ച്, ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടിയായിരുന്നു ഇലക്ടറല്‍ ബോണ്ട്. അതിലെ അഴിമതിയുടെ പ്രശ്നം മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ, മറിച്ച് ഏകപാര്‍ട്ടി മേധാവിത്വത്തിലൂടെ ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി കൂടി ഇതിനെ കാണണം. അതിന് നേതൃത്വം കൊടുത്തത് ബി ജെ പിയും കോര്‍പറേറ്റ് ശക്തികളുമാണ് എന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഇലക്ടറല്‍ ബോണ്ട് ഉയര്‍ന്നുവന്നതോടെ, കോര്‍പറേറ്റ് അഴിമതിയുടെ വിഷയം രാജ്യത്താകെ ബി ജെ പിക്കെതിരായ കാമ്പയിനായി മാറി.
പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ ബി ജെ പി നടത്തിയ മറ്റൊരു നീക്കമായിരുന്നു, മുന്‍ മുഖ്യമന്ത്രിമാരെയും എം പിമാരെയുമെല്ലാം പ്രലോഭിപ്പിച്ച് തങ്ങള്‍ക്കൊപ്പം കൊണ്ടുവരിക എന്നത്. നീതീഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരെയും കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന നിരവധി എം പിമാരെയും തങ്ങളോടൊപ്പം കൊണ്ടുവന്നു. വഴങ്ങാത്ത നേതാക്കളെ- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും ജയിലിലടച്ചു. അതിനായി ഇ ഡിയെയും സി ബി ഐയെയും ദുരുപയോഗിച്ചു. ഇതെല്ലാം, ഈ രാജ്യത്ത് ഭാവിയില്‍ ജനാധിപത്യഭരണം ഉണ്ടാകില്ലെന്നും ഏകാധിപത്യത്തിലേക്കാണ് മോദി പോകുന്നത് എന്നും അതിന് അനുവദിച്ചുകൂടാ എന്നുമുള്ള ബോധ്യത്തിലേക്ക് വന്‍ തോതില്‍ ആളുകളെ എത്തിച്ചിട്ടുണ്ട്.
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗമായ ജുഡീഷ്യറി എടുക്കുന്ന നിര്‍ണായക നിലപാടുകള്‍ ജനങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിക്കുന്നുണ്ട്. സുപ്രീംകോടതി നരേന്ദ്രമോദിയുടെ സര്‍ക്കാരിനൊപ്പമല്ല, സര്‍ക്കാര്‍ സമീപനങ്ങളെ സുപ്രീംകോടതി പോലും അംഗീകരിക്കുന്നില്ല എന്ന രൂപത്തിലേക്ക്, ചില സമീപകാല വിധികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സര്‍ക്കാരാണ് മോദിയുടേത് എന്ന് ചിന്തിച്ചിരുന്ന സമ്പന്ന- മധ്യ വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ പോലും ഒരു വീണ്ടുവിചാരമുണ്ടാക്കാന്‍ ജുഡീഷ്യറിയുടെ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ 93 സീറ്റുകളുടെ കുറവുണ്ടായി. ആ 93 സീറ്റുകളിലും 2019-ല്‍ പരസ്പരം മത്സരിച്ചിരുന്ന സീറ്റുകളിലും ഐക്യമുണ്ടായി എന്നത് ഏറെ പ്രധാനമാണ്.
ഉത്തരേന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശക്തികളെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ബി ജെ പി ഭരണം നടപ്പിലാക്കിയ വര്‍ഗീയ ഏകാധിപത്യ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലം വരേണ്ടത്. അങ്ങനെ സംഭവിക്കുന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ ശക്തി തെളിയിക്കുന്ന വിധത്തില്‍ മുന്നോട്ടുവരും.

Back to Top