ബി ജെ പി തന്ത്രങ്ങളെ മുളയിലേ നുള്ളണം
അമീന്‍ അബ്ദുല്ല
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. ബി ജെ പി രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും നല്കിയത്. പ്രത്യേകിച്ച്, ബംഗാള്‍ സമ്മാനിച്ചത് കനത്ത തിരിച്ചടിയാണ്. ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്ന് ഉറച്ചു പറഞ്ഞ അവര്‍ മമതയുടെ തേരോട്ടത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.
പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ നീക്കങ്ങളിലൂടെ ബംഗാളില്‍ ഇനിയൊരു ചുവട് മുന്നോട്ടുവെക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ ബി ജെ പി സംസ്ഥാനത്ത് വലിയൊരു കലാപത്തിന് കോപ്പ് കൂട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ബംഗാളില്‍ ഹിന്ദുക്കള്‍ കൂട്ടമായി വേട്ടയാടപ്പെടുന്നു എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മരണഭയത്താല്‍ ഹിന്ദുക്കള്‍ ബംഗാളില്‍ നിന്നും പലായനം ചെയ്യുകയാണെന്ന രീതിയില്‍ വ്യാജ വീഡിയോകളും ഫോട്ടോകളുമടക്കം ചേര്‍ത്താണ് സംഘപരിവാര്‍ വൃത്തങ്ങളുടെ പ്രചാരണം.
ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെയും കൊലപാതകങ്ങളെയുമാണ് സംഘപരിവാര്‍ മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ബംഗാളില്‍ മറ്റൊരു ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാന്‍, ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കിരകളായി രാജ്യത്ത് ആയിരക്കണക്കിന് മുസ്‌ലിംകളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സംഘപരിവാര്‍ തന്ത്രങ്ങളെ രാജ്യം ഒന്നിച്ചുനിന്ന് എതിര്‍ക്കേണ്ടത് അനിവാര്യതയാണ്.