19 Tuesday
November 2024
2024 November 19
1446 Joumada I 17

മകള്‍ കടിച്ച ആപ്പിള്‍

സി കെ റജീഷ്‌


അച്ഛനും മകളും നടക്കാനിറങ്ങിയതാണ്. വഴിയരികില്‍ ആപ്പിള്‍ വില്പനക്കാരനെ കണ്ടു. അച്ഛന്‍ രണ്ട് ആപ്പിളുകള്‍ വാങ്ങി മകള്‍ക്ക് കൊടുത്തിട്ടു പറഞ്ഞു: ഒരെണ്ണം അച്ഛന് തരണം. പെട്ടെന്ന് തന്നെ അവള്‍ രണ്ട് ആപ്പിളിലും കടിച്ചു. മകളുടെ മര്യാദകേട് അച്ഛന് ഇഷ്ടമായില്ല. സങ്കടം ഉള്ളിലൊതുക്കി അച്ഛന്‍ ഒരു ഭാഗത്തേക്ക് മാറി നിന്നു. സമയം വൈകാതെ അവള്‍ അച്ഛന് നേരെ ഒരു ആപ്പിള്‍ നീട്ടി. ”ഇത് കഴിച്ചോളൂ. ഇതിനാണ് കൂടുതല്‍ മധുരം. ഏതിനാണ് മധുരം കൂടുതലെന്ന് നോക്കാനാണ് ഞാന്‍ കടിച്ചത്.”
ഓരോരുത്തരുടെയും തനത് രീതിക്കനുസരിച്ചാണ് സ്നേഹത്തെ ഓരോരുത്തരും പ്രകടിപ്പിക്കുന്നത്. സ്വന്തം ശൈലികള്‍ക്കനുസരിച്ച് മറ്റുള്ളവര്‍ സ്നേഹം കാണിക്കാതിരിക്കുമ്പോള്‍േ നാം പെട്ടെന്ന് വിധിയെഴുതും. അവരുടെ ഉള്ളിലൊളിപ്പിച്ച ആ സ്നേഹത്തിന്റെ ആഴമറിയാന്‍ അല്പം നാം അവധാനത കാണിക്കേണ്ടി വരും.
സ്വന്തം ശരികള്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ക്കെല്ലാം അതിന്റേതായ ആഴവും അര്‍ഥവും നാം കാണും. മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ വൈകാരികമായി പ്രതികരിച്ചാല്‍ കലഹങ്ങളിലേക്ക് അത് വഴിതുറക്കും. എന്നാല്‍ മറ്റൊരാളുടെ വൈകാരികത ഉള്‍ക്കൊള്ളാനുള്ള സാവകാശം നാം കാണിച്ചാലോ? അത്രമേല്‍ എന്നെ സ്നേഹിക്കുന്നയാളെ ഞാന്‍ തെറ്റിദ്ധരിച്ചല്ലോ എന്ന പശ്ചാത്താപമായിരിക്കും നമുക്കുണ്ടാവുക. തെറ്റിദ്ധാരണയാണ് സ്നേഹത്തെ തകര്‍ക്കുന്ന വില്ലന്‍. ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു (49:12) എന്ന് ഖുര്‍ആന്‍ സഗൗരവത്തില്‍ ഉണര്‍ത്തുന്നുണ്ട്.
സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലാണ് ബന്ധത്തിന്റെ ഊഷ്മളത. പെരുമാറ്റത്തിലൂടെ അത് പ്രതിഫലിക്കുമ്പോഴേ സന്തോഷം കളിയാടൂ. ഓരോരുത്തരുടെയും അറിവനുഭവങ്ങളാണ് പെരുമാറ്റത്തിന്റെ രീതി നിര്‍ണയിക്കുന്നത്. എല്ലാവരുടെയും എല്ലാ പെരുമാറ്റങ്ങളെയും ഒരേ തുലാസില്‍ അളക്കാനാകില്ല. മറ്റൊരാളുടെ മനസ്സറിഞ്ഞ് പെരുമാറിയാല്‍ തന്നെ സ്നേഹത്തിന്റെ ആഴമറിയാന്‍ കഴിയും. അപ്പോള്‍ നമുക്ക് ആരുടെയും സ്നേഹപ്രകടനത്തെ വിലകുറച്ച് കാണാനാകില്ല.
സ്നേഹം ഉള്ളിലൊതുക്കേണ്ട ഒന്നല്ല, തനത് ഭാവങ്ങളിലൂടെ പ്രകടിതമാവേണ്ട വികാരമാണത്. സമ്പന്നമായ സ്നേഹത്തിന്റെ ഉടമകളായ ചിലരെ കാണാം. പക്ഷേ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ പിശുക്കരായിരിക്കും. സ്നേഹപ്രകടനത്തിന് നല്ലൊരു വാക്ക് മതിയാവും. നബിതിരുമേനി പറഞ്ഞതും അതു തന്നെയാണ്. നീ നിന്റെ സഹോദരനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ വിവരം അയാളെ നീ അറിയിക്കുക.’
നാം ബന്ധപ്പെടുന്ന എല്ലാവരുടെയും മനസ്സില്‍ സ്നേഹം കോരിയിടാന്‍ നമുക്കാവുന്നുണ്ടോ? എങ്കില്‍ സ്നേഹത്തിന്റെ ഒരു കരുതല്‍ ശേഖരം നമുക്കുണ്ടാവും. സ്നേഹത്തിന്റെ കണക്കിലേക്ക് ഇങ്ങനെ ദിവസേന നാം ചേര്‍ത്തിവെക്കുന്ന കൊച്ചു നിക്ഷേപങ്ങളായിരിക്കും ബാങ്ക് കൗണ്ടിലെ പണത്തേക്കാളേറെ സന്തോഷം നല്‍കുന്നത്. അതിന് ആദ്യം വേണ്ടത് സമ്പന്നമായൊരു മനസ്സാണ്. സ്നേഹം കൊണ്ട് സമ്പന്നമായ മനസ്സിന്റെ ഉടമകള്‍ക്ക് ഉള്‍ക്കനമുള്ള നന്മയുടെ വഴികള്‍ ഉദാരമായിരിക്കും. എപ്പോഴും എവിടെയും സേവനത്തിന്റെയും സുകൃതത്തിന്റെയും ഇടം കണ്ടെത്തുന്നവര്‍ സ്നേഹത്തിന്റെ മാസ്മരികത അനുഭവിച്ചറിഞ്ഞവരാണ്.
സ്നേഹത്തിന്റെ സവിശേഷ സാന്നിധ്യമാവാന്‍ ഉള്ള വഴികളെ നാം തേടിപ്പിടിക്കുകയാണ് വേണ്ടത്. ടോള്‍സ്റ്റോയി എഴുതിയത് പോലെ ‘സന്തോഷം ലഭിക്കാനുള്ള മാര്‍ഗമൊരു ചിലന്തിയെപ്പോലെ നാലുപാടും സ്നേഹത്തിന്റെ പശപശപ്പുള്ള വലയെറിഞ്ഞ് ആളുകളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക’ എന്നതാണ്.

Back to Top